മൂന്നാർ:ദേവികുളം സബ്‌കളക്റ്റർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായാണ് സബ്‌കളക്റ്റർ വി.ആർ പ്രേംകുമാറും ഗൺമാനും രക്ഷപ്പെട്ടത്.മൂന്നാർ മറയൂർ റോഡിലായിരുന്നു അപകടം.കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ കാർ പൂർണമായും തകർന്നു.കളക്റ്ററും ഗൺമാനും മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.ചിന്നാറിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ഇവർ.നിസാര പരിക്കേറ്റ ഇരുവരെയും ടാറ്റ ടീ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
കനത്ത മഴ;വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മാനന്തവാടി:കനത്ത മഴമൂലം വയനാട് ജില്ലയിലെ പ്രൊഫഷണൽ സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.പുതിയ വാദങ്ങളും ആരോപണങ്ങളും ഉൾക്കൊള്ളുന്ന പുതിയ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ഈ വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
മഹാരാഷ്ട്രയിൽ തുരന്തോ എക്സ്പ്രസ് പാളം തെറ്റി
മഹാരാഷ്ട്ര:മഹാരാഷ്ട്രയിൽ ട്രെയിൻ പാളം തെറ്റി.കല്യാണിനു സമീപമാണ് നാഗ്പൂർ-മുംബൈ തുരന്തോ എക്സ്പ്രസ് പാളം തെറ്റിയത്.എൻജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. നിരവധിപ്പേർക്ക് പരിക്കേറ്റു.രക്ഷാപ്രവർത്തനം തുടരുകയാണ്.കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബസുകളും മറ്റും അയച്ചതായി റെയിൽവേ അറിയിച്ചു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.അറസ്റ്റിലായി അൻപതാം ദിവസമാണ് ദിലീപിന്റെ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയുന്നത്.രാവിലെ 10.30 ഓടെ വിധി പറയുമെന്നാണ് സൂചന.ദിലീപിന് ജാമ്യം കിട്ടിയാൽ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് താരത്തിന്റെ ഫാൻസ് അസോസിയേഷനുകൾ പ്ലാൻ ചെയ്തിരിക്കുന്നത്.
റാം റഹീമിന് ശിക്ഷ വിധിച്ചതിന് പിന്നാലെ അക്രമം
ചണ്ഡീഗഡ്:ബലാത്സംഗകേസില്‍ ഗുര്‍മീത് റാം റഹീം സിങിന് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ ദേര സച്ചയുടെ ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയിലടക്കം അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് സൈന്യം വിവിധ പ്രദേശങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ശിക്ഷാവിധി പുറത്തുവരുമ്പോള്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്.എന്നാല്‍ കോടതി നടപടി പുരോഗമിക്കുമ്പോള്‍ തന്നെ റാം റഹീമിന്‍റെ ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ അനുയായികള്‍ ആക്രമണം ആരംഭിച്ചു. സിര്‍സയില്‍ രണ്ട് വാഹനങ്ങള്‍ ദേര സച്ചാ പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. വിധി വന്നശേഷം ഫുല്‍ക്കയില്‍ രണ്ട് ബസ്സുകള്‍ കൂടി പ്രവര്‍ത്തകര്‍ തീയിട്ടുനശിപ്പിച്ചു.അക്രമം ആരംഭിച്ചതോടെ ദേര ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഫോണ്‍ ബന്ധം അധികൃതര്‍ വിച്ഛേദിച്ചു.വിധി അംഗീകരിക്കണമെന്നും ആക്രമണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഉന്നതതലയോഗത്തിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ബെംഗളൂരുവിൽ ഒൻപതു വയസ്സുകാരിയെ അമ്മ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കെറിഞ്ഞു കൊന്നു
ബെംഗളൂരു:ബെംഗളൂരുവിൽ ഒൻപതു വയസ്സുകാരിയെ അമ്മ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കെറിഞ്ഞു കൊന്നു.ബെംഗളൂരു ജെ.പി നഗറിൽ താമസിക്കുന്ന സ്വാതി സർക്കാർ എന്ന യുവതിയാണ് മകളായ അഷിക സർക്കാരിനെ കൊലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് സ്വാതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയെ താഴേക്ക് വലിച്ചെറിഞ്ഞ ഇവർ താഴെയിറങ്ങി രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ മുകളിലേക്ക് കൊണ്ടുപോയി വീണ്ടും വലിച്ചെറിയുകയായിരുന്നു.സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച സ്വാതിയെ നാട്ടുകാർ ചേർന്ന് കെട്ടിയിടുകയായിരുന്നു.സംഭവത്തെ കുറിച്ച് ചോദിച്ച പോലീസുകാരുടെ ഇവർ തട്ടിക്കയറി.തന്റെ മകളെ എന്തും ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നും അത് ചോദിയ്ക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളതെന്നും ഇവർ പോലീസിനോട് ചോദിച്ചു.ഇവർ മുൻപും കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിയാൻ ശ്രമിച്ചിട്ടുണ്ടെന്നു അയൽവാസികൾ പറഞ്ഞു.
ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു
മുംബൈ:2016 നവംബർ 8 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അസാധുവാക്കിയ ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ തിരിച്ചു വരുന്നു.പുതിയ രൂപത്തിലുള്ള നോട്ടുകൾ ഈ വർഷം അവസാനത്തോടെ വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായാണ് ദേശീയ മാധ്യമമായ ഡി എൻ എ റിപ്പോർട് ചെയ്യുന്നത്.പുതിയ നോട്ടിന്റെ രൂപകൽപ്പന സംബന്ധിച്ച പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ നോട്ടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആർ.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഡി എൻ എ റിപ്പോർട്ട് ചെയ്യുന്നു.ആർ ബി ഐക്ക് കീഴിലുള്ള മൈസൂരിലെയും പശ്ചിമ ബംഗാളിലെയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
അടുത്തിലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 25 പേർക്കു പരുക്ക്
വടകരയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു
വടകര:മുക്കാളിയിൽ പട്ട്യാട്ട് അണ്ടർബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു.കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മൻസിലിൽ സറീന(39),മകൾ തസ്‌നി(18) എന്നിവരാണ് മരിച്ചത്.അണ്ടർബ്രിഡ്ജിൽ വെള്ളം കയറിയതിനാൽ മുകളിൽ റെയില്പാളത്തിലൂടെ നടന്ന ഇരുവരെയും ഹാപ്പ-തിരുനെൽവേലി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെ വീട്ടിൽ നിന്നും മുക്കാളിയിലേക്ക് പോകുമ്പോഴാണ് സംഭവം.പാളത്തിന് ഇരുവശത്തും കാടായതിനാൽ തീവണ്ടിയുടെ മുന്നിൽ നിന്നും ഇരുവർക്കും പെട്ടെന്ന് മാറിനിൽക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണം.