തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ പാടില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം. നിലവറതുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളോട് സഹകരിക്കില്ലെന്ന് അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് പറഞ്ഞു. അതേസമയം സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഗോപാൽ സുബ്രഹ്മണ്യത്തിന്‍റെ ശ്രമം. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്ന് ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്‍റെ വാദം.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സ്നേഹവീട് കൈമാറി
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് അത്താണിയാകാൻ അമ്പലത്തറയിൽ നിർമിച്ച സ്നേഹവീട് നടൻ സുരേഷ് ഗോപി എംപി നാടിന് സമർപ്പിച്ചു.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സാന്നിധ്യത്തിലാണ് സ്നേഹവീട് സമർപ്പണം നടന്നത്. കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മനുഷ്യജീവൻ ഹനിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മറിച്ച് കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇക്കാര്യം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിർമല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ നടപടികളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുൻപെത്തി സൂപ്പർസ്റ്റാർ സുരേഷ് ഗോപി സംഘാടകരെയും ആരാധകരെയും അത്ഭുതപ്പെടുത്തി. നെഹ്റു കോളജ് സാഹിത്യവേദിയാണ് 40 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നതിന് മുൻകൈയെടുത്തത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കും
തിരുവനന്തപുരം:നീറ്റ് ലിസ്റ്റിൽ നിന്നും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് സർക്കാർ നൽകും.അതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും.തുടർന്ന് നടക്കുന്ന സ്പോട് അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്നവർക്കും ഈ സഹായം ലഭിക്കും.കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസിന്റെ പേരിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചാൽ അത്തരം മാനേജ്മെന്റുകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
മുംബൈയിൽ കനത്ത മഴ;ഗതാഗതം സ്‌തംഭിച്ചു
മുംബൈ:കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു.കേരളത്തിൽ നിന്നും കൊങ്കൺ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ഇപ്പോൾ തുടരുന്ന മഴ അടുത്ത ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ അധികൃതർ നൽകുന്ന വിവരം.
നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു
മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുമേനോൻ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോൻ മറ്റൊരു കാറിൽ വീണ്ടും യാത്ര തിരിച്ചു.
വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
കൽപ്പറ്റ:പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ.മണ്ണിനടിയിൽപെട്ട രണ്ടുപേരിൽ ഒരാൾ മരിച്ചു.മുട്ടിൽ സ്വദേശി ഹസ്സൻകുട്ടിയാണ് മരിച്ചത്.മുണ്ടേരി സ്വദേശിയായ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശം
വാഷിങ്ടൺ:അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹൂസ്റ്റണിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായാണ് വിവരം.ഹൂസ്റ്റണിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ നില ഗുരുതരം.ടെക്‌സാസിലെ എ ആൻഡ് എം സർവകലാശാല വിദ്യാർത്ഥികളായ ശാലിനി,നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. വൈദ്യുതിയും വാർത്ത വിനിമയ സംവിധാനങ്ങളും തകരാറിലാണ്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാർവി മലയാളി കുടുംബങ്ങളെയും കനത്ത ദുരിതത്തിലാഴ്ത്തി.വെള്ളപ്പൊക്കം ഏതാനും ദിവസം കൂടി തുടരുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ മുഴുവൻ തെളിവുകളും ലഭിച്ചതിനു ശേഷം മാത്രമേ കുറ്റപത്രം സമർപ്പിക്കൂ ;ഡിജിപി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം മുഴുവൻ തെളിവുകളും ലഭിച്ചതിനു ശേഷം മാത്രമേ സമർപ്പിക്കുകയുള്ളൂ എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തിൽ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തുമെന്നും ബെഹ്‌റ അറിയിച്ചു.എന്നാൽ മെമ്മറി കാർഡും ഫോണും കിട്ടിയില്ലെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായി കഴിഞ്ഞതായാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
വയനാട്ടിൽ മണ്ണിടിച്ചിൽ;മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങി
കൽപ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട്ടിലെ പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. സംഭവത്തിൽ മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടതായാണ് സൂചന.ഒരാളെ രക്ഷപ്പെടുത്തി.സ്ഥലത്ത് രക്ഷാപ്രവർത്തങ്ങൾ തുടരുകയാണ്.
മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
കണ്ണൂർ: കുടിയാൻമല കൈരളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.പുലിക്കുരുമ്പ തണ്ടത്തിൽ അഗസ്തി(84) ആണ് മരിച്ചത്.മകൻ ബേബിയെ പോലീസ് അറസ്റ്റ് ചെയ്തു.കുടുംബ പ്രശ്നമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന.മദ്യപിച്ച് വീട്ടിലെത്തിയ ബേബി പിതാവുമായി കലഹിക്കുകയും പ്രകോപിതനായ ഇയാൾ അഗസ്തിയെ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ അഗസ്തിയെ അയൽവാസികൾ എത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കുടിയാന്മല പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.