തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം
തിരുവനന്തപുരം:ഓണത്തിരക്കിനിടെ തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം.കിഴക്കേകോട്ടയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്.അപകട കാരണം വ്യക്തമല്ല.കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ചു.അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആറളം ഫാമിൽ സമരം തുടരുന്നു; എംഡിയുടെ വാഹനം തടഞ്ഞു
കാഞ്ഞിരപ്പള്ളിയിൽ അധ്യാപകൻ ഓടിച്ച കാറിടിച്ച് അധ്യാപിക മരിച്ചു
കാഞ്ഞിരപ്പള്ളി:ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയിൽ അധ്യാപകൻ ഓടിച്ചിരുന്ന കാറിടിച്ച് അധ്യാപിക മരിച്ചു.ആനക്കല്ല് സെന്‍റ് ആന്‍റണീസ് സ്കൂളിലെ അധ്യാപിക ലിൻസി ചെറിയാൻ (46) ആണ് മരിച്ചത്.വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അധ്യാപികയ്ക്ക് ദുരന്തമുണ്ടായത്.റോഡിലൂടെ നടക്കുകയായിരുന്ന അധ്യാപികയെ ചിറക്കടവ് സെന്‍റ് ഇഫ്രേംസ് സ്കൂളിലെ അധ്യാപകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലിൻസിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിടിച്ച് മറിഞ്ഞു. കാറോടിച്ചിരുന്ന അധ്യാപകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിൻസി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മഞ്ഞപ്പള്ളി ഐക്കര വീട്ടിൽ സാബുവിന്‍റെ ഭാര്യയാണ് ലിൻസി. മകൻ ലിബിൻ സെന്‍റ് ആന്‍റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി
മുംബൈ: ദക്ഷിണമുംബൈയിലെ ഭെൻഡി ബസാറിൽ 117 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32ആയി. 35 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ 10 പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. പാക്മോഡിയ സ്ട്രീറ്റിലെ ഹുസൈനി ബിൽഡിംഗാണ് വ്യാഴാഴ്ച രാവിലെ 8.30ന് തകർന്നത്.ഇടുങ്ങിയതും തിരക്കേറിയതുമായ പാതയോരത്താണ് കെട്ടിടം തകർന്നുവീണത്. ഇതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഒൻപതു കുടുംബങ്ങൾ ഹുസൈനി ബിൽഡിംഗിൽ ഉണ്ടായിരുന്നു. കെട്ടിടത്തിൽ കുട്ടികളുടെ പ്ലേ സ്കൂൾ ഉണ്ടായിരുന്നെങ്കിലും അപകട സമയത്ത് കുട്ടികൾ സ്ഥലത്തില്ലായിരുന്നു.
മഹാത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലിപെരുന്നാൾ
തിരുവനന്തപുരം:ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകല്പനയനുസരിച്ച് ബലി നല്കാൻ തീരുമാനിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്.സുഗന്ധം പൂശി പുതുവസ്ത്രമണിഞ്ഞ് ആത്മസംസ്ക്കരണത്തിന്റെ പരിമളവുമായി വിശ്വാസികൾ ഇന്ന് ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേരും. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധമണ്ണിൽ തീർത്ഥാടനം നടത്തും.ജീവിതത്തിലിന്നോളം പറ്റിയ തെറ്റുകൾക്ക് അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരുകൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിക്കും.ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.
ബാറുകളുടെ ദൂരപരിധി കുറച്ചു
തിരുവനന്തപുരം:കേരളത്തിൽ ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധിയാണ് സർക്കാർ കുറച്ചത്.നിലവിലുള്ള 200 മീറ്റർ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചത്.ഫോർ സ്റ്റാർ മുതലുള്ള ബാറുകൾക്കാണ് ഈ ഇളവ് ബാധകം.കഴിഞ്ഞ മാസം 29 നാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസഫ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ദൂരപരിധി കുറയ്ക്കണമെന്ന നിർദേശം സർക്കാരിന് എക്‌സൈസ് വകുപ്പിൽ നിന്നുമുണ്ട്.ഈ സാഹചര്യത്തിൽ ഫോർ സ്റ്റാർ,ഫൈവ് സ്റ്റാർ,ഹൈറിറ്റേജ് അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ മാറ്റി സ്ഥാപിച്ച ബാറുകൾക്ക് ദൂരപരിധി ഒരു തടസ്സമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിളവ് നൽകിയത്. ഇതോടെ സംസ്ഥാനത്തു കൂടുതൽ ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
നടിക്കു പരാതിയില്ല; ജീൻ പോൾ ലാലിനെതിരായ കേസ് റദ്ദാക്കി
കൊച്ചി: സംവിധായകൻ ജീൻ പോൾ ലാലിനെതിരായ നടിയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദു ചെയ്തു. പരാതിയില്ലെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ചാണു ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്. ജീൻ പോളിനെ കൂടാതെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണു കേസിലെ പ്രതികൾ.പ്രതിഫലം നൽകിയില്ലെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ചെന്നും ആരോപിച്ചു യുവനടി നൽകിയ പരാതിയിൽ ജീൻപോൾ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ കോടതിയിൽ, തനിക്കു പരാതിയില്ലെന്നും സന്ധിസംഭാഷണങ്ങളിലൂടെ പ്രശ്നം ഒത്തുതീർപ്പായെന്നും യുവനടി അറിയിച്ചെങ്കിലും കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് പോലീസ് നിലപാടെടുത്തു.
കെ.എസ്.ആർ.ടി.സി ബസ്സ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ബംഗളൂരു: കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാണ്ഡ്യ സ്വദേശി അബ്ദുള്ളയാണ് അറസ്റ്റിലായത്. കൊള്ളയടിക്കപ്പെട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞു. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. പ്രദേശത്ത് വാഹനങ്ങൾ കൊള്ളയടിക്കുന്ന വൻ സംഘത്തിലെ കണ്ണിയാണ് അബ്ദുള്ളയെന്നാണു പോലീസ് നൽകുന്ന സൂചന.ബുധനാഴ്ച വൈകിട്ട് കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസാണ് കൊള്ളയടിക്കപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ മൈസുരുവിനും ബംഗളുരുവിനും ഇടയിലെ ചിന്നപട്ടണയ്ക്കു സമീപമായിരുന്നു സംഭവം. പ്രാഥമിക കൃത്യം നിർവഹിക്കാനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തി പുറത്തിറങ്ങിയപ്പോൾ നാലംഗം കൊള്ളസംഘം ബസിലേക്ക് ഇരച്ചുകയറുകയായിരുന്നു.യാത്രക്കാരുടെ കഴുത്തിൽ അരിവാൾവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു.
പി.ജയരാജനെതിരായുള്ള കുറ്റപത്രം കോടതി മടക്കി
കൊച്ചി: ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കൊച്ചിയിലെ സിബിഐ കോടതിയാണ് കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം മടക്കിയത്. യുഎപിഎ ചുമത്തിയാണു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയരാജനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണു കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കുന്നത്. 1999-ൽ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണു ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ മുഖ്യപ്രതിയായ വിക്രമന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ, തെളിവു നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.