കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 ലെ മിസ് കേരള അന്‍സി കബീര്‍(25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്(26) എന്നിവരാണ് മരിച്ചത്.എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെടുകയായിരുന്നു.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്കുന്ന വിവരം.തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്.ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും; നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്
തിരുവനന്തപുരം: നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്.സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൻ ഹിൽ സ്കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും 10,പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിൽ എത്തുന്നത്. 10 ലക്ഷത്തോളം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങളിൽ പൂർത്തിയായി കഴിഞ്ഞു.സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാകും ക്ലാസുകൾ സംഘടിപ്പിക്കുക. ഇത് സാദ്ധ്യമാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടക്കുക.
സ്കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.ആദ്യ രണ്ട് ആഴ്ച ക്ലാസുകളിൽ ഹാജർ ഉണ്ടാകില്ല. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുകയോ, നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്ന കുട്ടികൾ ക്ലാസിൽ എത്തരുത്. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരോട് ഓൺലൈൻ ക്ലാസ് തുടരാനാണ് സർക്കാർ നിർദ്ദേശം.
കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് ഡീലേഴ്സ് അസോസിയേഷൻ ആസ്ഥാന മന്ദിരവും വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് വ്യാപാരസമുച്ചയവും കോൺഫെറൻസ് ഹാളും ഉൽഘാടനം ചെയ്തു
കണ്ണൂർ:ജില്ലയിലെ പൊതുമേഖലാ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ കീഴിലുള്ള നൂറ്റമ്പതോളം വരുന്ന ഡീലർമാരുടെ കൂട്ടായ്മ കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരവും അസോസിയേഷന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഡീലേഴ്സ് വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ വ്യാപാരസമുച്ചയവും കോൺഫെറൻസ് ഹാളും ഇന്ന് (31.10.2021) കാലത്ത് 10 മണിക്ക് ബഹുമാനപ്പെട്ട രാജ്യസഭംഗം ശ്രീ ഡോ. വി ശിവദാസൻ എംപി ഔപചാരികമായി ഉൽഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ കെ വി സുമേഷ് എം ൽ എ ആദ്യ വിൽപ്പന നടത്തി.അതോടൊപ്പം കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം കാൺപൂർ ഐഐടിയിൽ ഉപരിപഠനം നടത്തുന്ന പയ്യന്നൂർ പെട്രോൾ പമ്പ് ജീവനക്കാരനായ ശ്രീ രാജഗോപാലിന്റെ മകൾ കുമാരി ആര്യ രാജഗോപാലിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദനങ്ങൾ അർപ്പിച്ചു.ചടങ്ങിൽ ലീഗൽ സർവീസസ് സൊസൈറ്റി ചെയർമാൻ സജി എം, കെ ഡി പി ഡി എ മുൻ പ്രസിഡണ്ട് ശ്രീ കെ ഹരീന്ദ്രൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ ഷൈജു വി കെ എന്നിവർ ആശംസ അർപ്പിച്ചു. കെ ഡി പി ഡി എ ജനറൽ സെക്രെട്ടറി ശ്രീ എം അനിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഈ രംഗത്തേക്ക് പുതിയ റീറ്റെയ്ൽ ഔട്ട്ലറ്റുകളുടെ വർധിച്ച രീതിയിലുള്ള കടന്നു വരവും സൃഷ്ട്ടിച്ച വിൽപ്പന മാന്ദ്യം മൂലം ഡീലർമാർക്കുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിൽക്കുക എന്ന ലക്ഷ്യത്തോടെ ഡീലേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ദൈനംദിന ആവശ്യമായി വരുന്ന അനുബന്ധ ഉൽപ്പന്നങ്ങൾ ട്രസ്റ്റ് വ്യാപാര സമുച്ചയത്തിൽ നിന്നും ഇനി മുതൽ ലഭ്യമാകും.കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം വിവിധ ഇൻഷുറൻസ് പരിരക്ഷകൾ, ഐടി റിട്ടേൺസ്, അക്കൗണ്ട് ഓഡിറ്റ് എന്നിവയ്ക്കുള്ള സൗകര്യം ഡീലർമാർക്ക് ലഭ്യമാകും.ഡീലർമാരുടെ വ്യാപാര മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് അസോസിയേഷൻ പരിഹാരങ്ങൾ കണ്ടെത്തുന്നതോടൊപ്പം ട്രേഡിങ് റിലേറ്റഡ് ആയിട്ടുള്ള എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക വഴി ഡീലേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവർക്ക് ഒരു അഡീഷണൽ റവന്യു ഇതുവഴി ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഇ. എം ശശീന്ദ്രൻ (ചെയർമാൻ) കെ വി രാമചന്ദ്രൻ(സെക്രെട്ടറി) കെ വി സുദൻ(ട്രഷറർ) എന്നിവരാണ് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ.ടി വി ജയദേവൻ (പ്രസിഡണ്ട്) , എം അനിൽ(സെക്രെട്ടറി), സി ഹരിദാസ്(ട്രഷറർ) എന്നിവർണ് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങൾ:കെ എം നൗഫൽ, ജിതിൻ ശശീന്ദ്രൻ, ശ്രീജിത്ത് മേപ്പയിൽ, കെ ഹരീന്ദ്രൻ, വി വി രാജൻ, സി കെ രാജേഷ്, കെ രജിലാൽ, കെ ഹമീദ് ഹാജി, സി ആർ രാജേന്ദ്രൻ, കെ പി അയൂബ്, എം ആർ രാജൻ, അനീഷ്, ടി ആർ ബിജു, ഡോ. എം വിശ്വനാഥൻ, പ്രേമരാജൻ, എൻ കെ ബിജു, കെ കെ സുരേന്ദ്രൻ, അരുൺ കുമാർ, എ സജിത, ബിന്ദു സജീവൻ.
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും;ആദ്യഘട്ടത്തില്‍ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും.പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടുഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.അധ്യാപകരില്ലാത്തയിടങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതിനൽകി. ലോവർ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളമണ് തിങ്കളാഴ്ച ആരംഭിക്കുക. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളേ പാടുള്ളൂ.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളേ പാടുള്ളൂ ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) സ്കൂളിൽ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതിൽത്തന്നെ തുടരണം.ആദ്യഘട്ടത്തിൽ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക.ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് തുടരും.വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ പ്രവർത്തികൾ ഇനി മുതൽ പി ഡബ്ല്യൂ ഡി ക്ക് കീഴിൽ
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ പ്രവർത്തികൾ ഇനി മുതൽ പി ഡബ്ല്യൂ ഡി ക്ക് കീഴിൽ ആയിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.മെഡിക്കൽ കോളേജിലെ പ്രവർത്തികളിൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതായി പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിനു ശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.യോഗത്തിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ ഡോ.അജയകുമാർ കെ സ്വാഗതം പറഞ്ഞു.മുൻ എംഎൽഎ ടി വി രാജേഷ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറി പി കെ ശബരീഷ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി കെ മനോജ്, ആർഎംഒ ഡോ. സരിൻ എസ് എം, എആർഎംഒ ഡോ. മനോജ് കെ പി, പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് എ, എക്സിക്യൂട്ടീവ് എൻജിനീയർ കെ ജിഷാ കുമാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(സിവിൽ) സി സവിത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(ഇലക്ട്രിക്കൽ) വിഷ്ണുദാസ്, മെഡിക്കൽ കോളേജ് അക്കൗണ്ട്സ് ഓഫീസർ അനിൽകുമാർ എം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു; ജലനിരപ്പ് കുറയാത്തതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി വര്‍ധിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. 30 സെന്റിമീറ്ററാണ് ഉയർത്തിയത്.കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്. ഒരു ഷട്ടര്‍ കൂടി തുറന്നതോടെ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെ ഇടുക്കി റിസര്‍വോയറിലെത്തി. കുറഞ്ഞ ശക്തിയില്‍ വെള്ളമൊഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍. ചെറുതോണിയുടെ ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവരില്ലെന്ന് ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്താൻ തമിഴ്നാട് സമ്മതിച്ചത് ആശാവഹമായ കാര്യമാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ താഴെചൊവ്വ ബൈപ്പാസില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കണ്ണൂർ: താഴെചൊവ്വ ബൈപ്പാസില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ചെങ്കല്‍ ലോറിയും മാലിന്യ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.മാലിന്യ ലോറി ക്ളീനര്‍ ഇടുക്കി കരുണാപുരം കമ്പം മേട്ടിലെ പി.വി ഷാജിയാണ് (56)മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ പുറത്തേക്ക് തെറിച്ചു വീണു തലയിടിച്ചു മരിക്കുകയായിരുന്നു. ലോറിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.തളിപ്പറമ്പിൽ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസില്‍ നിര്‍ത്തിയിട്ട മാലിന്യ ലോറിയില്‍ ഇടിക്കുകയായിരുന്നു.മാലിന്യ ലോറിയിലുണ്ടായിരുന്ന ഏറ്റൂമാനൂര് സ്വദേശികളായ സനീഷ്(26) സതീഷ്(32) എന്നിവരെ നിസാരപരിക്കുകളോടെ ജില്ലാശുപത്രിയിലും ചെങ്കല്‍ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു
ആലപ്പുഴ : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു.ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പിൽ ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. കുതിരപ്പന്തി ഷണ്മുഖവിലാസം അമ്പലത്തിനു സമീപം വൈകുന്നേരം 4.30ന് ബൈക്കില്‍ മകന് അജ്മലിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍:അജ്മല്‍, ഇസാന
ഫേസ്ബുക്ക് കമ്പനി ഇനി മുതൽ ‘മെറ്റ’; പുതിയ പേര് പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും ഫേസ്ബുക്ക് കമ്പനി ഇനി മുതല്‍ അറിയപ്പെടുക. വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള മേഖലകളിലേക്ക് കടക്കുന്നതിനാലാണ് ഇങ്ങനൊരു മാറ്റമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. അതേസമയം, ഈ പേര് മാറ്റം വ്യക്തിഗത പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവക്ക് ബാധകമല്ല ഇവയുടെ ഉടമസ്ഥരായ കമ്പനിയുടെ പേരാണ് മാറ്റുകയെന്ന് അധികൃതര്‍ അറിയിച്ചു.ഫേസ്ബുക്ക് ഇന്‍കോര്‍പറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക .മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രമിങ്ങ് വെര്‍ച്വല്‍ കോണ്‍ഫറെന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുക എന്നതാണ് മെറ്റാവേഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതയും സുരക്ഷയും മെറ്റാവേസില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരുന്ന രണ്ട് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.