കാസർകോഡ്:ഉത്തരക്കടലാസിൽ ചോദ്യങ്ങൾ ആവർത്തിച്ചതിനു അധ്യാപികമാരുടെ മർദനമേറ്റ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.എന്നാൽ തങ്ങൾ മർദിച്ചിട്ടില്ലെന്നും ഡസ്റ്റർ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപികമാർ പറയുന്നു.ഉപ്പള മണിമുണ്ടയിലെ അബ്ദുൽ ഖാദർ-മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയുമായ ആയിഷ മെഹ്‌നാസ്(11) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസിൽ ചില ചോദ്യം അതേപടി എഴുതിവെച്ചതിനെ തുടർന്നാണ് കുട്ടിയെ രണ്ട് അധ്യാപികമാർ ചേർന്ന് ക്ലാസ്സിൽ വെച്ച് മർദിച്ചതെന്നാണ് ആക്ഷേപം.മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റ് അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നിരുന്നു.എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം സംഭവം നടന്ന സ്കൂളിന് അംഗീകാരമില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.സംഭവം ഒതുക്കി തീർക്കാൻ രാഷ്ട്രീയ ഇടപെടൽ നടന്നിരുന്നതായും ഇവർ ആരോപിക്കുന്നു.അതിനിടെ വീട്ടുകാർ പരാതിയില്ലെന്നും പോസ്റ്റ്മോർട്ടം വേണ്ടെന്നും പോലീസിനെ അറിയിച്ചിരുന്നു.എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുട്ടിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അതേസമയം മെഹ്നാസിന് അപസ്മാര രോഗമുള്ളതായി ബന്ധുക്കളും സ്കൂൾ അധികൃതരും പറയുന്നു.അദ്ധ്യാപിക ഡസ്റ്റർ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം
നാദിർഷയിൽ നിന്നും പണം വാങ്ങിയതായി പൾസർ സുനിയുടെ മൊഴി
കൊച്ചി:നടിയെ അക്രമിക്കുന്നതിനു തൊട്ടു മുൻപ് സംവിധായകനും നടനുമായ നാദിർഷയിൽ നിന്നും പണം വാങ്ങിയതായി പൾസർ സുനി.തൊടുപുഴയിലെ സിനിമ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് പൾസർ സുനി വെളിപ്പെടുത്തിയത്.ദിലീപ് പറഞ്ഞിട്ടാണ് പണം കൈപ്പറ്റിയതെന്നും സുനി മൊഴി നൽകി.നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി പണം വാങ്ങിയതായാണ് സുനിയുടെ മൊഴി.സുനി തൊടുപുഴയിലെത്തിയതിനു മൊബൈൽ ടവർ ലൊക്കേഷൻ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.ദിലീപിന്റെ നിർദേശ പ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിർഷയ്ക്ക് ഇക്കാര്യത്തിൽ അറിവുള്ളതായി സ്ഥിതീകരിച്ചിട്ടില്ല.പണം വാങ്ങിയോ എന്ന കാര്യം സ്ഥിതീകരിക്കാനാണ് പോലീസ് നാദിർഷയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
നഴ്സുമാരുടെ സമരം ഇരുപത്തിമൂന്നാം ദിനം; കൂടുതല്‍ പേരെ പിരിച്ചുവിടുമെന്ന് കെ.വി.എം ആശുപത്രി
ആലപ്പുഴ:മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ച് നഴ്സുമാരെ പിരിച്ചുവിട്ട ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുൻപിൽ നഴ്സുമാരുടെയും രക്ഷിതാക്കളുടെയും മെഴുകുതിരി പ്രദക്ഷിണം. രണ്ടുമന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടും പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കാന്‍ ആശുപത്രി അധികൃതർ തയ്യാറായില്ല. കരാര്‍ അവസാനിക്കുന്നതിനനുസരിച്ച് കൂടുതല്‍ നഴ്സുമാരെ പിരിച്ചുവിടുമെന്നും ആശുപത്രി മാനേജ്‌മെന്റ്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നേഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ച ശേഷം തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും ലംഘിക്കുന്ന നടപടി പിന്‍വലിച്ച് പിരിച്ചുവിട്ട രണ്ട് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമരം ചെയ്യുന്ന നഴ്സുമാരെ സന്ദര്‍ശിച്ച സംസ്ഥാന മന്ത്രിമാര്‍ തന്നെ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. ആദ്യം തോമസ് ഐസകും പിന്നീട് പി തിലോത്തമനും ചര്‍ച്ച നടത്തി. പക്ഷേ നിലപാടില്‍ നിന്ന് ആശുപത്രി മാനേജ്മെന്റ് പിറകോട്ടു പോയില്ലെന്ന് മാത്രമല്ല, കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 22 നേഴ്സുമാരെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണമെങ്കില്‍ ഇതില്‍ 4 പേരെ മാത്രം നിലനിര്‍ത്താമെന്നാണ് പി തിലോത്തമനുമായുള്ള ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റ് മുന്നോട്ടുവെച്ച ഒത്തു തീര്‍പ്പ് ഫോര്‍മുല.പ്രാദേശികമായി നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു ഒത്തു തീര്‍പ്പ് വ്യവസ്ഥയ്ക്കും വഴങ്ങില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്.
ദിലീപ് നാളെ ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കും.രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.കേസിലെ പ്രധാന തെളിവെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നല്കണമെന്നാകും ദിലീപ് ആവശ്യപ്പെടുക.മൂന്നാമത്തെ ജാമ്യാപേക്ഷ ദിലീപിനെ സംബന്ധിച്ച് നിർണായകമാണ്.കുറ്റപത്രം സമർപ്പിക്കപ്പെട്ടു കഴിഞ്ഞാൽ താരത്തിന് പിന്നെ വിചാരണ തടവുകാരനായി കഴിയേണ്ടി വരും.അറസ്റ്റിലായി 60 ദിവസം പൂർത്തിയായിരിക്കെ 90 ദിവസം പൂർത്തിയാകും മുൻപ് കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത തള്ളുകയാണ് പോലീസിന്റെ ലക്‌ഷ്യം.ജാമ്യം തേടി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യം ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടാനാകും.ഗണേഷ് കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടതും താരത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തതുമെല്ലാം ദിലീപിനെതിരെ പ്രോസിക്യൂഷന് ഉപയോഗിക്കാനാകും എന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ട്രെയിനിൽ കടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
മഞ്ചേശ്വരം:ട്രെയിനിൽ കടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് റെയിൽവേ സംരക്ഷണ സേന പിടികൂടി.തിങ്കളാഴ്ച രാത്രി ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന എഗ്മോർ എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്റിൽ വലിയ ബാഗുകളിൽ ആറു ബോക്സുകളിലായി സൂക്ഷിച്ച നിലയിലാണ് 13.7 കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.റെയിൽവേ സംരക്ഷണ സേനയിലെ എസ്.ഐ വി.കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പിടിച്ചെടുത്ത കഞ്ചാവ് പിന്നീട് കാസർകോഡ് എക്‌സൈസിന് കൈമാറി. തമിഴ്‌നാട്ടിൽ നിന്നും മംഗളൂരുവിലേക്കാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി റെയിൽവേ സംരക്ഷണ സേന വ്യക്തമാക്കി.രാത്രികാലങ്ങളിൽ വരുന്ന ട്രെയിനുകളിൽ കാസർകോഡ് ജില്ലയിലേക്ക് കർണാടകയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ പരിശോധന നടത്തിയത്.
തമിഴ്‌നാട് പോലീസുകാരന്‍ തളിപ്പറമ്പ് സ്‌റ്റേഷനില്‍ മര്‍ദനം
തളിപ്പറമ്പ്: കേസിന്‍റെ ആവശ്യത്തിനായി തമിഴ്‌നാട് മധുര സിറ്റി പോലീസ് സ്‌റ്റേഷനിൽ നിന്നെത്തിയ പോലീസുകാരനു തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മധുര സിറ്റി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.സദാശിവത്തിനാണു മര്‍ദനമേറ്റത്. മധുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്നു നല്‍കിയ വാറണ്ട് സംബന്ധിച്ചു നേരിട്ടു കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണു സദാശിവം തളിപ്പറമ്പിലെത്തിയത്.തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇദ്ദേഹം റിസര്‍വേഷനില്ലാതെ ട്രെയിനിലെത്തിയതിനാല്‍ അല്‍പനേരം ഉറങ്ങാന്‍ സൗകര്യം തരുമോയെന്നു അന്വേഷിച്ചു. ഇതുപ്രകാരം ജിഡി ചാര്‍ജിലുള്ള പോലീസുകാരന്‍ സ്‌റ്റേഷന്‍റെ മുകള്‍നിലയില്‍ പോലീസുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഉറങ്ങാന്‍ അനുമതി നല്‍കി. രാവിലെതന്നെ മുകള്‍നിലയില്‍ നിന്നും തമിഴ്‌നാട് പോലീസുകാരന്‍റെ നിലവിളികേട്ടു ഞെട്ടിയ മറ്റു പോലീസുകാര്‍ എത്തിയപ്പോഴാണ് എഎസ്‌ഐ ഇദ്ദേഹത്തെ മര്‍ദിക്കുന്നതു കണ്ടത്. തന്‍റെ ടര്‍ക്കി ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ചാണ് എഎസ്‌ഐ സദാശിവത്തെ മര്‍ദിച്ചതെന്നാണ് ആക്ഷേപം. സ്റ്റേഷനിലെ മറ്റു പോലീസുകാര്‍ ഇടപെട്ടാണ് എഎസ്‌ഐയുടെ മര്‍ദനത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ചു വിശദീകരണം തേടിയതായി അറിയുന്നു.
കാവ്യാമാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു
കൊച്ചി:നടി കാവ്യാമാധവന്റെ കൊച്ചിയിലുള്ള വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു.വില്ലയിലെ സുരക്ഷാ ജീവനക്കാരനാണ് രജിസ്റ്റർ നശിച്ചുവെന്നു വ്യക്തമാക്കിയത്.വെള്ളം വീണു രജിസ്റ്റർ നശിച്ചുവെന്നാണ് ജീവനക്കാരൻ പറഞ്ഞത്.കാവ്യയുടെ വില്ലയിൽ താൻ പോയിട്ടുണ്ടെന്ന് പൾസർ സുനി നേരത്തെ വ്യക്തമാക്കിയിരുന്നു.അവിടുത്തെ സന്ദർശക രെജിസ്റ്ററിൽ താൻ പേരും ഫോൺ നമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീസിനെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് രെജിസ്റ്റർ നശിച്ചുവെന്നു ജീവനക്കാരൻ വ്യക്തമാക്കിയത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.രജിസ്റ്റർ മനപ്പൂർവ്വം നശിപ്പിച്ചതാണോ എന്നും പരിശോധിക്കുമെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
റോഡ് ശരിയല്ലെങ്കിൽ മന്ത്രിയെ നേരിട്ട് വിളിക്കാം
തിരുവനന്തപുരം:റോഡുകളെ പറ്റിയുള്ള പരാതി ഇനി മുതൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ നേരിട്ട് വിളിച്ചു പറയാം.18004257771 എന്ന ടോൾ ഫ്രീ നമ്പറിൽ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലരവരെ മന്ത്രിയെ നേരിട്ട് വിളിക്കാം.അവധി ദിനങ്ങളിലൊഴികെ രാവിലെ ഒൻപതര മുതൽ രാത്രി ഏഴര വരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌ക്കരിച്ച പരാതി പരിഹാര സെൽ വ്യാഴാഴ്ച മന്ത്രി ഉൽഘാടനം ചെയ്യും.പരാതി സ്വീകരിച്ചാൽ വിളിച്ചയാളിന്റെ ഫോൺ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ എഴുതിവെയ്ക്കും.പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോൺ നമ്പർ നൽകും.ഈ ഉദ്യോഗസ്ഥൻ പരാതി പരിഹരിച്ച ശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കിൽ കാരണവും അറിയിക്കും.കേരളത്തിലെ പതിനാറ് റോഡുകൾ നന്നാക്കാനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 215 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
കൊല്ലം:നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.നീണ്ടകര ചെറുപുഷ്പ്പം യാഡിന് സമീപം പടന്നയിൽ വീട്ടിൽ ജെയിംസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.നീണ്ടകര തീരത്തു നിന്ന് അരനോട്ടിക്കൽ മൈൽ അകലെ കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്.മൂന്നു തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.മൂന്നുപേരെയും മറ്റു വള്ളക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയിംസിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോസ്റ്റൽപോലീസ് കേസെടുത്തു.
മലപ്പുറത്ത് മൂന്ന് കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. സംഭവവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകൾ കണ്ടെതിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.