കൊച്ചി:എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന കാരായി രാജൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു.തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് കാരായി രാജൻ പങ്കെടുത്തത്.കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.എന്നാൽ ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകാനുമതി വാങ്ങിയിരുന്നെന്നാണ് കാരായിയുടെ നിലപാട്.
പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം;മരുമകളുടെ സുഹൃത്ത് പിടിയിൽ
പാലക്കാട്:വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.ഇവരുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂർ സ്വദേശി സുദർശനെയാണ് പോലീസ് പിടികൂടിയത്.പാലക്കാട് കെഎസ്ആർറ്റിസി ബസ്സ് സ്റ്റാൻഡിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.കോട്ടായിൽ പുളയ്‌ക്കൽ പറമ്പിൽ സ്വാമിനാഥൻ,ഭാര്യ പ്രേമകുമാരി എന്നിവരെ ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം നടന്ന വീട്ടിൽ ഇവരെ കൂടാതെ ഇവരുടെ മകന്റെ ഭാര്യ ഷീജയുമുണ്ടായിരുന്നു.രാവിലെ പാലുമായി എത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ നിലയിൽ ഷീജയെ ആദ്യം കണ്ടത്.അവശനിലയിലായ ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇവരുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന് സംശയം പ്രകടിപ്പിച്ചു.വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. കേസിന്‍റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പുറമേ വെള്ളിയാഴ്ച പത്തുമണിക്കു മുൻപ് നാദിർഷ പോലീസിനു മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11 ന്
മലപ്പുറം:എംഎൽഎ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വേങ്ങര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11 ന് നടക്കും. വോട്ടെണ്ണൽ 15 ന് നടക്കും.ഈ മാസം 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.വിവിപാറ്റ് സംവിധാനം ഉപയോഗിച്ചാണ് വോട്ടെടുപ്പ്.ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25 നാണ് നിയമസഭാംഗത്വം രാജിവെച്ചത്.
ഐ എസ് ഭീകര സംഘടനയിൽ ചേർന്ന കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ:ഐ എസ്സിൽ ചേർന്ന മലയാളി മരിച്ചതായി റിപ്പോർട്ട്.കണ്ണൂർ കൂടാളിയിലെ സിജിൻ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന ഭീകര സംഘടനയിൽ ചേർന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിതീകരിച്ചിരുന്നു.കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.ഐ എസിന്റെ കേരളാ തലവൻ എന്നറിയപ്പെടുന്ന ഷജീർ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകർഷിക്കാനുമായി മലയാളത്തിൽ രണ്ട് വെബ്സൈറ്റുകൾ തുടങ്ങിയത് ഷജീറാണ്.ഇയാൾ അഡ്മിനായ അൻഫറുൽ ഖലീഫ,അൽ മുജാഹിദുൽ എന്നീ സൈറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല. നടന്‍റെ അഭിഭാഷകരാണ് ഈ വിവരം അറിയിച്ചത്. ദിലീപ് ജുഡീഷൽ കസ്റ്റഡിയിൽ 60 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇന്ന് നടനും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപ് ജാമ്യ ഹർജി സമർപിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് വിവരം.നാദിർഷയ്ക്ക് ജാമ്യം നൽകുന്നത് തടയാൻ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന വാദമുഖങ്ങൾക്കൂടി പഠിച്ച ശേഷമാകും ദിലീപ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുകയെന്നാണ് സൂചന. ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം കോടതി മുൻപാകെ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ന് ജാമ്യാപേക്ഷ സമർപിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ബാർകോഴ കേസ്;ഹൈക്കോടതി വിജിലൻസിന് അന്ത്യശാസനം നൽകി
കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി വിജിലൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം എന്ന് കോടതി വിജിലൻസിന് കർശന നിർദേശം നൽകി.തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയേ സമീപിച്ചത്. നേരത്തെ, അന്വേഷണം എന്തായി എന്ന് അറിയിക്കണമെന്നും പുതിയ തെളിവുകൾ ഉണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിനു ശേഷവും തെളിവുകൾ ഹാജരാക്കാത്തതിനേത്തുടർന്നാണ് കോടതിയുടെ അന്ത്യശാസനം.
എം ജി ആറിന് ആദരമായി നൂറു രൂപയുടെ നാണയം പുറത്തിറക്കും
ന്യൂഡൽഹി:ചരിത്രത്തിലാദ്യമായി നൂറു രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെയും പ്രശസ്ത ഗായിക ഡോ.എം.എസ് സുബ്ബലക്ഷ്മിയുടെയും സ്മരണാർത്ഥമാണ് നാണയം പുറത്തിറക്കുന്നത്.ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ടു.ഇരുവരുടെയും സ്മരണാർത്ഥം റിസേർവ് ബാങ്ക് അഞ്ച്,പത്ത് രൂപകളുടെ നാണയങ്ങളും പുറത്തിറക്കും.
കണ്ടൈനർ ലോറി ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി 20 പേർക്ക് പരിക്ക്
തൃശൂർ: ആമ്പല്ലൂരിൽ ബസ് കാത്ത് നിന്നവർക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ട് യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു
കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു. കാരാളിപ്പറമ്പിൽ രമേശനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് രമേശനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ അടിയന്തിര വൈദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തി കണ്ടെടുത്തതായും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.