വളപട്ടണം ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ

Hands in Handcuffs

കണ്ണൂർ:വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.ബാങ്കോക്കിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ തളിക്കാവ് സ്വദേശി കെ.പി മുഹമ്മദ് ജസീൽ(43) ആണ് പിടിയിലായത്.ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.തുടർന്ന് കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണസംഘത്തിന്റെ ചുമതലയുള്ള കണ്ണൂർ  ഡിവൈഎസ്പി പി.പി സദാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.വളപട്ടണം സഹകരണ ബാങ്കിലെ അക്കൗണ്ടന്റായിരുന്നു ജസീൽ.മന്ന ശാഖാ മാനേജരുടെ ചുമതലയും ഇയാൾക്കായിരുന്നു. ഇക്കാലയളവിലാണ് ഇയാൾ കോടികളുടെ ക്രമക്കേട് നടത്തിയത്.2016 ലെ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് തട്ടിപ്പിന്റെ യഥാർത്ഥ കണക്കുകൾ പുറത്തു വന്നത്.വളപട്ടണം ബാങ്കിൽ പണയം വെച്ച 76 ഇടപാടുകാരുടെ അഞ്ചുകിലോ സ്വർണം ഇയാൾ മറ്റു ബാങ്കുകളിൽ പണയം വെച്ചിരുന്നു.വ്യാജരേഖകൾ ചമച്ച് വായ്‌പ്പയിലും ക്രമക്കേട് നടത്തി.ജസീലിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ടി.എം.വി മുംതാസിനെയടക്കം 22 പേരെ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ ബന്ധുക്കളടക്കം 26 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.പ്രതിയുടെ ഭാര്യാപിതാവ് ഉൾപ്പെടെ നാലുപേർ ഇനിയും പിടിയിലാകാനുണ്ട്.തട്ടിപ്പ് പുറത്തായതിന് ശേഷം ദുബായിലേക്ക് കടന്ന ഇയാൾ കുറേക്കാലമായി ബാങ്കോക്കിലാണ്.ഇവിടെ ആയുർവേദ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ വിൽപ്പനയും റിയൽ എസ്റ്റേറ്റ് വ്യാപാരവും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവും നടത്തുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ ബാങ്കോക്ക് പൊലീസിന് ഇന്റർപോൾ വഴി ഇയാൾ നടത്തിയ തട്ടിപ്പിന്റെ വിശദമായ റിപ്പോർട് നൽകിയിരുന്നു.കൂടാതെ അവിടെയുള്ള വിവിധ മലയാളി സമാജങ്ങളുമായും ബന്ധപ്പെട്ടു.തുടർന്ന് സെപ്റ്റംബർ അഞ്ചിന് ഇന്റർപോൾ ഇയാളെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിൽ തടവിലാക്കി.പിന്നീട് അവിടുത്തെ ഇന്ത്യൻ എംബസിയുമായി ഡിവൈഎസ്പി ബന്ധപ്പെടുകയും അവിടെ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിക്കുകയും ചെയ്തു.കേന്ദ്ര രഹസ്യാന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്.

നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി

keralanews nadirsha appeared for questioning

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി.ആലുവ പോലീസ് ക്ലബിലാണ് നാദിർഷയെ ചോദ്യം ചെയ്യുന്നത്.കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്ക് നാദിർഷ പണം കൈമാറിയതു സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നുവെന്നാണു വിവരം. ഇതിനു സാക്ഷികളായവരെ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. ദിലീപ് അറിയിച്ചതനുസരിച്ചാണെങ്കിലും പണം കൈമാറിയത് എന്തിനാണെന്നു നാദിർഷയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണു സൂചന.ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുക. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്നു നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു.ഇതിനു ശേഷം വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. ചോദ്യം ചെയ്തതിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന നിലപാടാകും സംഘം സ്വീകരിക്കുക. കേസിൽ സാക്ഷിയാകാൻ നാദിർഷ ഒരുങ്ങിയില്ലെങ്കിൽ പ്രതിയാക്കിയേക്കുമെന്നാണു വിവരം. എന്നാൽ, ഇതുസംബന്ധിച്ച് വ്യക്തത നൽകാൻ അന്വേഷണ സംഘം തയാറായിട്ടില്ല.ദിലീപിന്‍റെ ഉറ്റ സുഹൃത്തായ നാദിർഷ സാക്ഷിയായാൽ അതു കേസിന് ബലമേകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനാലാണു കേസിന്‍റെ അവസാനഘട്ടത്തിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ സംഘം ഒരുങ്ങുന്നത്. നാദിർഷ പണം നൽകിയതു സംബന്ധിച്ച സുനിയുടെ മൊഴി കഴിഞ്ഞ ദിവസമാണു പുറത്തുവന്നിരുന്നത്.

ജില്ലയിലെ പാചകവാതക സമരം ഒത്തുതീർന്നു

A worker loads domestic LPG cylinder on a truck in Jammu *** Local Caption *** A worker loads domestic LPG cylinder on a truck in Jammu on Thursday.. The Prime Minister-appointed Kirit Parikh committee on February 03 recommended complete decontrol of the petrol and diesel prices and favoured a hike of Rs. 100 a domestic LPG cylinder. Express PHOTO BY AMARJEET SINGH.

കണ്ണൂർ:ജില്ലയിലെ പാചകവാതക തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. കളക്റ്ററുടെ സാന്നിധ്യത്തിൽ ഏജൻസി ഉടമകളും തൊഴിലാളി യൂണിയനുകളും നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.തൊഴിലാളികൾക്ക് പരിധിയില്ലാതെ മൊത്ത ശമ്പളത്തിന്റെ 15.65 ശതമാനം ബോണസ് നല്കാൻ ധാരണയായതിനെ തുടർന്നാണ് സമരം ഒത്തുതീർന്നത്. മുടങ്ങിപ്പോയ പാചകവാതക വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും.ഇരുപതു ശതമാനം ബോണസ്  നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. എന്നാൽ ബോണസ് നിയമപ്രകാരമുള്ള 7000 രൂപ പരിധി നിശ്ചയിച്ച് 14.5 ശതമാനം നൽകാമെന്നായിരുന്നു ഉടമകളുടെ നിലപാട്.രണ്ടു വിഭാഗവും തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടർന്ന് നേരത്തെ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.പിന്നീട് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്റ്റർ പ്രശ്നത്തിൽ ശക്തമായി ഇടപെടുകയായിരുന്നു. മൊത്തം ശമ്പളത്തിന്റെ 15.65 ശതമാനം എന്ന നിർദേശം മുന്നോട്ട് വെച്ചത് കളക്റ്ററായിരുന്നു.ഇത് ഉടമകൾ അംഗീകരിച്ചു.ബോണസിനു പരിധി നിശ്ചയിക്കരുത് എന്ന തൊഴിലാളികളുടെ ആവശ്യം കൂടി അംഗീകരിച്ചതോടെ സമരം ഒത്തുതീർന്നു.കഴിഞ്ഞ വർഷം 16.5 ശതമാനം ബോണസായിരുന്നു നൽകിയത്.ഒരു ശതമാനത്തോളം കുറവ് ഇത്തവണ ഉണ്ടായെങ്കിലും തുകയിൽ കുറവ് വരുത്തിയില്ല.കഴിഞ്ഞ വർഷത്തേക്കാൾ ശമ്പളത്തിൽ വർധന ഉണ്ടായതിനാലാണിത്.

സൗദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്കുളള നിരോധനം പിന്‍വലിച്ചു

keralanews the ban on internet calls in saudi has been withdrawn

റിയാദ്: സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനുള്ള നിരോധനം പിന്‍വലിച്ചു. നിരവധി സൗജന്യ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ടെങ്കിലും നിയമപരമായി ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.ബുധനാഴ്ച മുതല്‍ ഇത് ബാധകമല്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ അറിയിച്ചു.മൊബൈല്‍ ആപ്പുകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിൽ പതിനാലുകാരനും പന്ത്രണ്ടുകാരിയും വിവാഹിതരായി

keralanews 14year old boy and 12year old girl got married in wayanad
സുൽത്താൻ ബത്തേരി: വയനാട്ടിൽ ആദിവാസികളായ പന്ത്രണ്ടുകാരിയും പതിന്നാലുകാരനും വിവാഹിതരായി. നെന്മേനി പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഒരു ആദിവാസി കോളനിയിലാണ് ശൈശവ വിവാഹം നടന്നത്. പണിയ സമുദായത്തിൽപ്പെട്ട ഇരുവരും ഒരേ കോളനിവാസികളാണ്.പരസ്പരം ഇഷ്ടത്തിലായ ഇരുവർക്കും ബന്ധുക്കൾ ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകുകയായിരുന്നുവെന്നാണ് വിവരം. ചടങ്ങുകളൊന്നുമില്ലാതെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഇതേ കോളനിയിൽ ഏതാനുംമാസം മുമ്പ് 16 വയസ്സുകാരി വിവാഹിതയായിരുന്നു.പണിയവിഭാഗത്തിൽ, പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ ഇഷ്ട്ടപ്പെട്ടാൽ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെൺകുട്ടി ഋതുമതിയായിക്കഴിഞ്ഞാൽ ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കാമെന്നാണ് സമുദായത്തിലെ കീഴ്വഴക്കം. കോളനിയിൽ ആശാവർക്കർ എത്തിയപ്പോഴാണ് ശൈശവ വിവാഹവിവരം പുറത്തറിയുന്നത്.തുടർന്ന് ഈ വിവരം വാർഡംഗത്തെ അറിയിച്ചു. ബുധനാഴ്ച വാർഡ് ജാഗ്രതാ സമിതിക്കും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.വാർഡ് ജാഗ്രതാ സമിതിക്ക് ലഭിച്ച പരാതിയിൽ, ബന്ധപ്പെട്ട അധികാരികളെ ഉടൻ വിവരമറിയിക്കും. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ടി.ഡി.ഒ. പറഞ്ഞു.

രാമലീലയുടെ റിലീസിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് ഹൈക്കോടതി

keralanews can not give police protection for the release of ramaleela

കൊച്ചി: വിവാദങ്ങളെ തുടർന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാൻ അണിയറക്കാർ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ ജയിൽ റിലീസിന് കാത്തുനിൽക്കാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്‍റെ സംവിധായകൻ നവാഗതനായ അരുണ്‍ ഗോപിയാണ്. 14 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്ത് സച്ചിയാണ്. പ്രയാഗ മാർട്ടിനാണ് നായിക. സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, രാധിക ശരത്കുമാർ, വിജയരാഘവൻ, മുകേഷ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

കാരായി രാജന് സിബിഐ കോടതിയുടെ ശാസന

keralanews cbi court criticized karayi rajan

കൊച്ചി: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ഫസൽ വധക്കേസ് പ്രതി കാരായി രാജനെ സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു തലശേരിയിൽ പൊതുചടങ്ങിൽ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന.രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കണ്ണൂരിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയായിരുന്നു കോടതി നേരത്തെ രാജന് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് സിബിഐ കോടതിയെ സമീപിച്ചത്.അതേസമയം രാജന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്.അതേസമയം രാജന് തിരുവനന്തപുരത്ത് താമസിക്കുവാൻ നൽകിയ അനുവാദം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് പാർട്ടി നേതൃത്വത്തിലുള്ള പ്രസിൽ ജോലി ചെയ്യുന്നതിനുവേണ്ടി കോടതി നേരത്തെ ജാമ്യത്തിൽ ഇളവ് അനുവദിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്;ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തി

keralanews actress attack case liberty basheers statement recorded

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.  ആലുവ പൊലീസ് ക്ലബിലെത്തിയാണ് മൊഴിയെടുത്തത്.ദിലീപിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബർട്ടി ബഷീർ.തനിക്കെതിരെ ലിബർട്ടി ബഷീറും മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസിൽ കുടുക്കിയതെന്നു ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താൻ മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണങ്ങളുടെ വിവരങ്ങളും പോലീസ് തന്നോട് അന്വേഷിച്ചു എന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി.

ബുള്ളറ്റ് ട്രെയിൽ പദ്ധതിക്കു തുടക്കം കുറിച്ചു

keralanews the bullet train project started

അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തുടക്കം കുറിച്ചു. മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023ൽ പൂർത്തികരിക്കാനാണ് ഉദേശിക്കുന്നത്.508 കിലോമീറ്റർ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 81 ശതമാനം ചെലവ് ജപ്പാൻ വഹിക്കും. ഇത് 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാർ. ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഏഴ് മണിക്കൂർ യാത്രയ്ക്ക് രണ്ട് മണിക്കൂർ മതിയാകും. മണിക്കൂറിൽ 320-350 കിലോമീറ്ററാണ് ട്രെയിന്‍റെ വേഗം.

ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കി

keralanews dileep again filed bail application

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.റിമാൻഡിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെണ് ചൂണ്ടി കാട്ടിയാണ് ജാമ്യപേക്ഷ.ഹരജിയില്‍ ഈ മാസം 16 ന് വാദം കേള്‍ക്കും.ദിലീപ് ഹൈക്കോടതിയിൽ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ഇത്തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.അറുപതു ദിവസത്തോളമായി താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.നടിയുടെ നഗ്ന ചിത്രം  പകർത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റം.ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും ദിലീപ് ജാമ്യ ഹർജിയിൽ അങ്കമാലി കോടതിയെ അറിയിച്ചു.