കണ്ണൂർ:രാജ്യത്തെ ഒൻപതു മാസം മുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ഒക്ടോബർ മൂന്നുമുതൽ മീസിൽസ്-റൂബെല്ല വാക്‌സിനുകൾ നൽകി തുടങ്ങും.ഇതിനായി ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.സ്കൂളുകളിൽ നിന്നും കുത്തിവെയ്‌പ്പെടുക്കാൻ സാധിക്കാത്ത കുട്ടികൾക്കായി പിന്നീടുള്ള ആഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വെച്ച് വാക്‌സിനേഷൻ നൽകും.ജില്ലയിൽ 5,93,129 കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഡോക്റ്റർമാരുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂളുകളിൽ വെച്ചാണ് കുത്തിവെയ്‌പ്പ്നൽകുക.ഇതിനായി ഡോക്റ്റർമാർക്കുള്ള ട്രെയിനിങ് പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം ഈ മാസം അവസാനം പൂർത്തിയാകും.
തലശ്ശേരിയിൽ 120 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി
തലശ്ശേരി:തലശ്ശേരിയിൽ 120 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി.ചൊവ്വാഴ്ച പുലർച്ചെ തലശ്ശേരി കടൽപ്പാലത്തിനു സമീപത്തെ ഗോഡൗണിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.സംഭവത്തിൽ മുഴപ്പിലങ്ങാട് ഗവ.ഹൈസ്കൂളിന് സമീപം റാബി ഹൗസിൽ കെ.കെ നൗഫലിനെ അറസ്റ്റ് ചെയ്തു.8276 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.പ്ലാസ്റ്റിക് സഞ്ചിയിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ഇവ.കണ്ണൂർ,തലശ്ശേരി എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്കാണ് ഇവ എത്തിച്ചു കൊടുക്കുന്നത്.ഹാൻസ്,കൂൾ ലിപ്,ചൈനി ഖൈനി,ജ്യൂസി മിനി സ്റ്റഫ്,മധു,പാൻ പരാഗ് എന്നിവയാണ് പിടികൂടിയത്.കൂൾ ലിപ്പാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്.മംഗളൂരുവിൽ പായ്‌ക്കറ്റിന് ആറു രൂപയ്ക്ക് ലഭിക്കുന്ന പുകയില ഉത്പന്നങ്ങൾ ഇവിടെയെത്തിച്ച് 50 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.പുകയില വിൽപ്പന കൂട്ടാനായി ഇവയോടൊപ്പം സമ്മാനക്കൂപ്പണും വിതരണം ചെയ്യുന്നു.സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണാണ് ഇവയോടൊപ്പമുള്ളത്.ഒരു പൗച്ച് വാങ്ങുന്നവർക്കാണ് കൂപ്പൺ നൽകുക.വാങ്ങിയവയിൽ കൂപ്പണിലുള്ള നമ്പറുണ്ടെങ്കിൽ പുകയില ഉത്പന്നങ്ങൾ സമ്മാനമായി ലഭിക്കും.
എ ടി എമ്മിൽ നിന്നും കീറിയ നോട്ടുകൾ കിട്ടി
കണ്ണൂർ:നടാൽ സ്വദേശിയായ വീട്ടമ്മയ്ക്ക് എ ടി എമ്മിൽ നിന്നും കിട്ടിയത് കീറിയ നോട്ടുകൾ.ഇന്നലെ രാവിലെയാണ് ഉഷ താഴെചൊവ്വയിലെ ഇന്ത്യ എ ടി എമ്മിൽ നിന്നും ഏഴായിരം രൂപയെടുത്തത്.ഇതിൽ 500 രൂപയുടെ 9 നോട്ടുകൾ കീറിയതായിരുന്നു.സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചവയായിരുന്നു ഇവ.ബാങ്കിന്റെ സീൽ പതിച്ചവയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.പണം മാറിയെടുക്കാനാകാതെ വീട്ടമ്മ ബാങ്കുകൾകയറിയിറങ്ങി.ഇന്ത്യ എ ടി എം ഏതു ബാങ്കിന്റേതാണെന്നു കണ്ടെത്താനാകാത്തതായിരുന്നു കാരണം.എ ടി എമ്മിൽ നിന്നും പണം പിൻവലിച്ചപ്പോൾ മൊബൈലിൽ ഒരു മെസേജ് വന്നിരുന്നു.അതിൽ ഉണ്ടായിരുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബാങ്കുമായി ബന്ധപ്പെടാനായിരുന്നു നിർദ്ദശം.ഒടുവിൽ ഫെഡറൽ ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇന്ത്യ എ ടി എം എന്ന് കണ്ടെത്തി.ഉടൻ തന്നെ പണവുമായി ഉഷ അവിടെ എത്തുകയും ബാങ്ക് പണം മാറ്റി നൽകുകയും ചെയ്തു.
കണ്ണൂരിൽ ട്യൂഷനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ
തളിപ്പറമ്പ്:വീട്ടിൽ ട്യൂഷനെത്തിയ പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഹൈസ്കൂൾ ഹെഡ് മാസ്റ്റർ അറസ്റ്റിൽ.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവത്തിൽ കെ.പി.വി സതീഷ്‌കുമാറിനെയാണ്(55) ഇന്ന് രാവിലെ തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ പി.എ ബിനു മോഹൻ അറസ്റ്റ് ചെത്ത്.പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ മാസം ഇരുപത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.അരോളി ഗവ.ഹൈസ്കൂൾ അധ്യാപകനാണ് ഇയാൾ.പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്നലെ തന്നെ എഫ് ഐ എ രജിസ്റ്റർ ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് സ്വകാര്യബസ് പണിമുടക്ക്
തിരുവനന്തപുരം:ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു.കിഴക്കേക്കോട്ട ബസ്സ്റ്റാൻഡിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സമരം.പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകൾ അധിക സർവീസുകൾ നടത്തുന്നുണ്ട്.
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് സമർപ്പിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് സമർപ്പിക്കും.ഗൂഢാലോചന,ബലാൽസംഗം തുടങ്ങിയ കുറ്റങ്ങളായിരിക്കും ദിലീപിനെതിരെ ചുമത്തുക.അതിനിടെ കേസിലെ മുഖ്യതെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.അതിനാൽ തന്നെ മൊബൈൽ ഫോൺ ഇല്ലാതെയാകും കുറ്റപത്രം സമർപ്പിക്കുക.ഇതിനായി പോലീസ് നിയമോപദേശം തേടി.മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നത് താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിയമോപദേശമെന്നാണ് സൂചന.കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും.വിചാരണ നടക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
മുംബൈയിൽ കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈ:മുംബൈയിൽ കനത്ത മഴ.40 മുതൽ 130 മില്ലി മീറ്റർ വരെ രേഖപ്പെടുത്തിയ മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി.മഴയെ തുടർന്ന് മുംബൈ നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് ഒരു റൺവേ തുറന്നതായി റിപ്പോർട്ടുകളുണ്ട്.ഇന്നലെ 7 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.183 യാത്രക്കാരുമായി പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് ആശങ്കയ്ക്കിടയാക്കി.അടുത്ത 24 മണിക്കൂറിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയ നിലയിലാണ്.അഞ്ചോളം ട്രെയിനുകളും റദ്ദാക്കി.പല ട്രെയിനുകളും നിയന്ത്രിത വേഗപരിധിയിലാണ് ഓടുന്നത്.
എറണാകുളം പുത്തൻകുരിശിൽ കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരനടക്കം രണ്ടുപേർ മരിച്ചു
കൊച്ചി: പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പോലീസുകാരൻ ഉൾപ്പടെ രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസ് ടെലികമ്മ്യൂണിക്കേഷൻസ് സ്റ്റേഷനിലെ സിപിഒ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ് (40), എൽദോയുടെ ഭാര്യാപിതാവ് എബ്രഹാം (60) എന്നിവരാണ് മരിച്ചത്. എൽദോയുടെ ഭാര്യ ജിൻസി (35) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.പോലീസ് ഉദ്യോഗസ്ഥനായ എൽദോ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു.ഈ സമയത്ത് എതിരെ വന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊച്ചിയിൽ കപ്പൽച്ചാലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി
കൊച്ചി:ഫോർട്ട് കൊച്ചിക്കു സമീപം കപ്പൽ ചാലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി.നീതിമാൻ എന്ന ബോട്ട് ആണ് മുങ്ങിയത്.ബോട്ടിലുണ്ടായിരുന്ന ആറു തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകളിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.എൻജിൻ തകരാറിനെ തുടർന്ന് ബോട്ട് കടലിൽ അകപ്പെടുകയായിരുന്നു.മറ്റു ബോട്ട് ഉപയോഗിച്ച് ഈ ബോട്ടിനെ കരക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് കപ്പൽ ചാലിൽ മുങ്ങുകയായിരുന്നു. ഇതോടെ ഇതിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ദിവസേന ചരക്കു കപ്പൽ ഉൾപ്പെടെ നിരവധി കപ്പലുകൾ കടന്നു പോകുന്ന ഒരു മാർഗമാണിത്.
എച് 1 ബി വിസ അമേരിക്ക പുനഃസ്ഥാപിച്ചു
വാഷിംഗ്‌ടൺ:എച് 1 ബി വിസ അമേരിക്ക പുനഃസ്ഥാപിച്ചു.അഞ്ച് മാസങ്ങൾക്ക് മുൻപ് വിസ നൽകുന്നതിൽ യു.എസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.അപേക്ഷകരുടെ എണ്ണം വർധിച്ചതാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണം എന്നായിരുന്നു അധികൃതരുടെ വിശദീകരണം.ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വിസ നൽകുന്നതിനുള്ള നിയന്ത്രണം പിൻവലിക്കുകയാണെന്നും 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള ഐ ടി പ്രൊഫെഷനലുകൾ ഉൾപ്പെടെ നിരവധിപേർ അമേരിക്കയിൽ തൊഴിൽ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നതിന് എച് 1 ബി വിസകളാണ്.