തൃശൂർ:ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.പുലർച്ചെ ഒരുമണിയോടെ ദേശീയപാതയിൽ ചാലക്കുടി ഹൈവേയിലായിരുന്നു അപകടം.കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വർഷ എം ബി എ വിദ്യാർത്ഥികളായ ബിമൽ സെബാസ്റ്റ്യൻ(23),ക്രിസ്റ്റി മാത്യു ഫിലിപ്പ്(24) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ബ്ലെൻസൻ.പി.വർഗീസ്(26) നെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിക്കറ്റ് സർവകലാശാല ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് കാർ ലോറിക്ക് പിന്നിലിടിച്ചത്.
രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ:രണ്ടരക്കോടിയുടെ അസാധുനോട്ടുകളുമായി അഭിഭാഷകൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.രണ്ടു കാറുകളിലായി എത്തിയ ഇവരിൽ നിന്നും ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു.അഞ്ചു തിരുവനന്തപുരം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്.തിരുവനന്തപുരം സ്വദേശി കണ്ണൻ കൃഷ്‌ണകുമാറാണ് പിടിയിലായ അഭിഭാഷകൻ.
കെ.ജനചന്ദ്രൻ വേങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയാകും
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും.പാർട്ടി ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്. സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയർന്നു വന്നിരുന്നുവെങ്കിലും അവർ താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
മലബാർ സിമന്റ് അഴിമതി;വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
പാലക്കാട്:മലബാർ സിമന്റ്സ് അഴിമതി കേസിൽപ്പെട്ട വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.2004-08 കാലഘട്ടത്തിൽ സമ്പാദിച്ച 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.മലബാർ സിമെന്റ്സിന് ലാമിനേറ്റഡ് ബാഗ് വാങ്ങിയതിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ,മകൻ നിതിൻ എന്നിവരുൾപ്പെടെ പതിനൊന്നു പേർക്കെതിരെ വിജിലൻസ് തൃശൂർ വിജിലൻസ് കോടതിയിൽ കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള റഷീദ് പാക്കേജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ലാമിനേറ്റഡ് ബാഗുകൾ ഇറക്കുമതി ചെയ്തത്.ബാഗൊന്നിന് പത്തു രൂപ എന്ന ക്രമത്തിലായിരുന്നു ഇറക്കുമതി. ഇതിൽ 2.25 കോടി രൂപ രാധാകൃഷ്‌ണൻ കൈപറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഒരു മലയാളി കൂടി ഐ എസ്സിൽ ചേർന്നതായി സ്ഥിതീകരണം
കോഴിക്കോട്:ഒരു മലയാളി കൂടി ഐ എസ്സിൽ ചേർന്നതായി സ്ഥിതീകരണം.മലപ്പുറത്തു നിന്നും കാണാതായ നജീബ് എന്ന യുവാവാണ് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതായി തന്റെ മാതാവിന് സന്ദേശം അയച്ചിരിക്കുന്നത്.ഇനി തന്നെ കാത്തിരിക്കേണ്ടെന്നും താൻ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ടെലിഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തിൽ പറയുന്നു.താൻ അയച്ച സന്ദേശം പോലീസിന് നൽകരുതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് താൻ അവസാനമായി അയക്കുന്ന സന്ദേശമാണെന്നും പോലീസിനെ അറിയിച്ചാൽ നിങ്ങൾക്ക് തന്നെയാണ് കുഴപ്പമെന്നും മെസേജിൽ പറയുന്നു.എന്നാൽ തങ്ങൾ ഇന്ത്യക്കാരാണെന്നും ഇവിടെ ജീവിക്കാനാണ് ഇഷ്ട്ടപ്പെടുന്നതെന്നും പലായനം ചെയ്യാൻ ആവശ്യപ്പെട്ട നജീബിന് മാതാവ് മറുപടി നൽകി. കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതിയാണ് ഇയാൾ രാജ്യം വിട്ടത്.നജീബിന്റെ തിരോധാനത്തെ കുറിച്ച് എൻഐഎ അന്വേഷിച്ചു വരികയാണ്.
കോട്ടയം ഭാരത് ആശുപത്രിയിൽ സമരം നടത്തിയ എല്ലാ നഴ്സുമാരെയും പിരിച്ചുവിട്ടു
കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയില്‍ സമരത്തിനിറങ്ങിയ മുഴുവന്‍ നഴ്സുമാരെയും മാനേജ്മെന്റ് പിരിച്ച് വിട്ടു. ഹൈക്കോടതി ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമരം ആശുപത്രിക്ക് മുന്‍പില്‍ നിന്നും മാറ്റി.ഇതേ തുടര്‍ന്ന് കോട്ടയം നഗരമധ്യത്തിലാണ് ഇപ്പോള്‍ ഇവര്‍ സമരം നടത്തുന്നത്.കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചിട്ട് 50 ദിവസം പിന്നിട്ടു.എന്നാല്‍ മാനേജ്മെന്റ് യാതൊരു വിധ ഒത്തു തീർപ്പിനും തയ്യാറാകുന്നില്ല.അടുത്ത ദിവസം തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാാണ് യുഎന്‍എയുടെ തീരുമാനം.
കളക്റ്ററേറ്റിലെ മോഷണം;രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്,പേരാവൂർ സ്വദേശികളാണ് പിടിയിലായത്.ഇവർ ഈയിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരവധി കേസിലെ പ്രതികളുമാണെന്നാണ് സൂചന.മോഷണ സമയത്ത് കളക്റ്ററേറ്റിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല.കണ്ണൂർ ടൌൺ സിഐ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സംഭവത്തെ തുടർന്ന് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.
ആറളത്ത് ചുഴലിക്കാറ്റിൽ എട്ടുവീടുകൾ തകർന്നു
ഇരിട്ടി:ആറളം ഉരുപ്പുംകുണ്ട് മേഖലയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.എട്ടു വീടുകൾ ഭാഗികമായി തകർന്നു.ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു.ഉരുപ്പുംകുണ്ട്-പന്നിമൂല റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്.ഏകദേശം ഒന്നര മിനിറ്റ് മാത്രമാണ് ശക്തമായ കാറ്റ് വീശിയതെന്ന് നാട്ടുകാർ പറയുന്നു.ഇതിനുള്ളിൽ കൂറ്റൻ മരങ്ങൾ ഉൾപ്പെടെ നിലംപൊത്തി.വീടുകളുടെ മേൽക്കൂരയുടെ ഷീറ്റുകൾ മീറ്ററുകൾ ദൂരെ പാറിപ്പോയി.ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെയും വില്ലേജ് ഓഫീസർ സി.ഡി മഹേഷിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു.ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന മരങ്ങൾ മുറിച്ചു മാറ്റിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആധാർ നമ്പർ നൽകാത്തവർക്ക് ഇനി മുതൽ റേഷൻ ഇല്ല
തിരുവനന്തപുരം:ആധാർ നമ്പർ നൽകാത്ത ഉപഭോക്താക്കൾക്ക് ഇനി മുതൽ റേഷൻ നൽകില്ലെന്ന് അധികൃതർ.ഈ മാസം മുപ്പതു വരെയാണ് ആധാർ നൽകാനുള്ള അവസാന സമയം.ഇതിനുള്ളിൽ ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.ആധാർ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷൻ സാധനങ്ങൾ നൽകാവൂ എന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാനത്ത് ഇതിനോടകം തന്നെ റേഷൻ കടകളിൽ നിന്നും എല്ലാവരുടെയും ആധാർ നമ്പർ സ്വീകരിച്ചിട്ടുണ്ട്. ആധാർ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും ലഭ്യമാക്കും.റേഷൻ കാർഡിൽ ഉൾപെട്ടവരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിലൂടെ പൊതുവിതരണ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും ഇത് വഴി റേഷൻ സാധനങ്ങളുടെ ചോർച്ചയും ദുരുപയോഗവും തടയാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ഇരിക്കൂറിൽ എ ടി എം കൗണ്ടറിൽ മോഷണശ്രമം
കണ്ണൂർ:ഇരിക്കൂറിൽ എ ടി എം കൗണ്ടറിൽ മോഷണ ശ്രമം.കാനറാ ബാങ്കിന്റെ ഇരിക്കൂറിലെ എ ടി എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്.എ ടി എം കൗണ്ടർ തകർത്ത നിലയിലാണ്.പണം നഷ്ടപ്പെട്ടിട്ടില്ല.ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം നടന്നതെന്നാണ് കരുതുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.