പരിയാരം ഖാദി സെന്ററിൽ നിന്നും ഒരുലക്ഷം രൂപയുടെ തുണി മോഷ്ടിച്ചു

keralanews cloth worth one lakh rupees stolen from pariyaram khadi center

പരിയാരം:പരിയാരം ചുടലയിലെ ഖാദി സെന്ററിൽ നിന്നും ഒരുലക്ഷം രൂപയുടെ തുണി മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.മുണ്ടുകളും സാരികളും ബെഡ്ഷീറ്റുകളുമടക്കം ഒരുലക്ഷം രൂപയുടെ തുണികൾ മോഷണം പോയി.കെട്ടിടത്തിന്റെ പിൻഭാഗത്തെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്.പരിയാരം മെഡിക്കൽ കോളേജ് പോലീസ് പരിശോധന നടത്തി.കൂടുതൽ അന്വേഷണത്തിനായി വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.ഇത് മൂന്നാം തവണയാണ് ഇവിടെ കവർച്ച നടക്കുന്നത്.

നടുവിൽ മൈലംപെട്ടി കൂളിപ്പുനത്ത് ഉരുൾപൊട്ടൽ

keralanews landslip in mailampetti koolippunam

നടുവിൽ:നടുവിൽ മൈലംപെട്ടി കൂളിപ്പുനത്ത് ഉരുൾപൊട്ടൽ.ഇന്നലെ പെയ്ത കനത്ത മഴയിലാണ് ഉരുൾപൊട്ടലുണ്ടായത്.നിരവധി കൃഷിയിടങ്ങൾ നശിച്ചു.കൂളിപ്പുനത്ത് നിന്നും മൈലംപെട്ടിയിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്നു.ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.ഉരുൾ പൊട്ടിയുണ്ടായ മലവെള്ളത്തിന്റെ ഒരുഭാഗം മൈലംപെട്ടി സ്കൂളിന്റെ മുറ്റത്തുകൂടിയാണ് ഒഴുകിയത്.സ്കൂളിന്റെ മതിൽ തകർന്നിട്ടുണ്ട്.റോഡ് തകർന്നതിനാൽ വാഹങ്ങൾക്ക് പോകാൻ സാധിക്കുന്നില്ല.അതുകൊണ്ടു തന്നെ  കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സാധിച്ചിട്ടില്ല.

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു

keralanews two more nominations are withdrawn

മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു.ഇതോടെ മത്സരരംഗത്തുള്ളവരുടെ എണ്ണം ആറായി.സ്വതന്ത്ര സ്ഥാനാർഥികളായി അബ്ദുൽ മജീദ്,ഇബ്രാഹിം എം.വി എന്നിവരാണ് പത്രിക പിൻവലിച്ചത്.അടുത്ത മാസം 11 നാണ് തിരഞ്ഞെടുപ്പ്.

നടിയെ ആക്രമിച്ച കേസ്;ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പോലീസ്

keralanews actress attack case dileep tried to influence the witnesses

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പോലീസ്.കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇതിന് തെളിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.പ്രോസിക്യൂഷൻ വാദം ഇന്ന് നടക്കാനിരിക്കെയാണ്‌ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന വിവരം പൊലീസിന് ലഭിച്ചിരിക്കുന്നത്.ഇവയെല്ലാം കണക്കിലെടുത്ത് ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുമെന്നാണ് റിപ്പോർട്.

പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില

keralanews record price for tomato in pakisthan

ഇസ്ലാമാബാദ്:പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില.ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതോടെയാണ് ഇതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം 300 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ആഭ്യന്തര വിപണിയിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.ഇന്ത്യയിൽ നിന്ന് എല്ലാവർഷവും തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്.എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ അതിർത്തിയിൽ കണ്ടയ്നറുകൾ കടത്തി വിടുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിതരണം നിലയ്ക്കാൻ ഇടയാക്കിയത്.ബലൂചിസ്ഥാനിൽ നിന്നും സിന്ധ് പ്രവിശ്യയിൽ നിന്നുമാണ് ഇപ്പോൾ തക്കാളിയും ഉള്ളിയും രാജ്യത്തെത്തുന്നത്.ഇന്ത്യയിൽ നിന്നും ഇനി പച്ചക്കറികൾ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികൾ പറയുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം

keralanews prosecution argument today in dileeps bail application

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി പ്രോസിക്യൂഷന്റെ വാദം കേൾക്കും.ഇന്നലെ പ്രതിഭാഗം വാദം പൂർത്തിയായിരുന്നു.അന്വേഷണ സംഘം ഒക്ടോബർ എട്ടിന് മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപിന് ജാമ്യം  അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദമാകും പ്രോസിക്യൂഷൻ ഉയർത്തുക.ഇതിനു പുറമെ നടനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനും സാധ്യതയുണ്ട്. കേസുമായി സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘം അറിയിക്കുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന പരാതി.തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ.ബി.രാമൻ പിള്ള വാദിച്ചു.ഈ വാദങ്ങളെ ഒക്കെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷൻ നടത്തുക.ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടിൽ തന്നെയാണ് അന്വേഷണ സംഘം.

സൗദിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

keralanews malayali nurse found dead in saudi

സൗദി:സൗദി അൽ ഖസീം മേഖലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം കൂത്താട്ടുകുളം കോലത്തേൽ കെ.വി മത്തായിയുടെ മകൾ ജിൻസിയെയാണ്(26) തിങ്കളാഴ്ച്ച രാവിലെ  ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ പത്തുമണിവരെ ഹോസ്റ്റലിൽ കൂട്ടുകാരികളോടൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമുറിയിൽ കയറി.കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പമുള്ളവർ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.തുടർന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ചു.പോലീസിന്റെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മുഖം കുത്തിയ നിലയിൽ മരിച്ചു കിടക്കുന്നതു കണ്ടത്.രാസ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ആയിക്കര കടപ്പുറത്ത് ഐസിട്ട് മീൻ വിൽക്കുന്നതായി പരാതി

keralanews complaint against unauthorised selling of fish in ayikkara harbour

കണ്ണൂർ:ആയിക്കര കടപ്പുറത്ത് ഐസിട്ട് മീൻ വിൽക്കുന്നതായി പരാതി.ഇത് കാരണം ഉപഭോക്താക്കൾക്ക് പുതിയ മീനിന് പകരം ഐസിട്ട പഴയ മീൻ വാങ്ങേണ്ടി വരുന്നതായാണ് പരാതി.കടലിൽ നിന്നും പിടിച്ചെടുത്തു നേരിട്ട് എത്തിക്കുന്ന മീൻ മാത്രമേ കടപ്പുറത്തു വിൽക്കാൻ പാടുള്ളൂ എന്നാണ് ഫിഷറീസ് വകുപ്പിന്റെ നിർദേശം.ഈ നിർദേശം ലംഘിച്ചു കൊണ്ടാണ് ഇവിടെ ഐസിട്ട മൽസ്യ വിൽപ്പന നടക്കുന്നത്. മാർകെറ്റിനകത്ത് മാത്രമേ ഐസിട്ട മീൻ വിൽക്കാൻ അനുമതിയുള്ളൂ.ഇതിനായി കോർപറേഷൻ ഉടമസ്ഥതയിൽ ആധുനിക സൗകര്യത്തിലുള്ള മാർക്കറ്റും നിലവിലുണ്ട്.ഇത്തരത്തിൽ ആയിക്കര മാർകെറ്റിൽ വിറ്റു തീരാത്ത മീനാണ് കടപ്പുറത്തെത്തിച്ചു വില്പന നടത്തുന്നതെന്നാണ് മൽസ്യവില്പനക്കാരുടെ പരാതി. ഐസിട്ട മീൻ വിലകുറച്ച് വിൽക്കുന്നത് കാരണം കടലിൽ നിന്ന് നേരിട്ടെത്തിക്കുന്ന മീൻ വാങ്ങാൻ ആളില്ലാതാകുന്നതായി മൽസ്യത്തൊഴിലാളികൾ പറയുന്നു.ഇതിനെതിരെ പരമ്പരാഗത ചെറുതോണി മത്സ്യബന്ധന തൊഴിലാളി സംരക്ഷണ സമിതി ഫിഷറീസ് വകുപ്പിനും സിറ്റി പൊലീസിനും പരാതി നൽകി

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ നിന്നും വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കി

keralanews the suspension of 33 students in malabar medical college cancelled

കോഴിക്കോട്:ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകാത്തതിന്റെ പേരിൽ മലബാർ മെഡിക്കൽ കോളേജിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തു.വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.കെഎസ് യു, എസ്എഫ്ഐ ,എം എസ് എഫ്,എ ബി വി പി എന്നീ സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. ആദ്യമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ഗേറ്റിന് മുന്നില്‍ ശക്തമായി പ്രതിഷേധിച്ചു.വിദ്യാർഥിസംഘടനകളുമായി നടത്തിയ ചർച്ചയിൽ ബാങ്ക് ഗ്യാരന്റി ഇല്ലാത്തതിന്റെ പേരിൽ ആരെയും പുറത്താക്കിയിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതർ സ്വീകരിച്ചത്.നിയമനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസില്‍ ഹാജരാവാമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇക്കാര്യം രേഖാമൂലം എഴുതി നൽകണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.ഇതിനെ തുടര്‍ന്ന് ഇക്കാര്യം പ്രിന്‍സിപ്പാള്‍ എഴുതി നല്‍കി.ഇതോടെ സമരവും അവസാനിച്ചു.

സോളാർ കേസ്;മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയിരുന്നെന്ന് സോളാർ കമ്മീഷൻ

keralanews solar case report says chief ministers office made mistake

തിരുവനന്തപുരം:സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു വീഴ്ച പറ്റിയിരുന്നു എന്ന് സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്.മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നതായാണ് സൂചന. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്.കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത.എസ്.നായരും മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗത്തെ ഉപയോഗിച്ചു.മുൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ബിജു രാധാകൃഷണനിലും സരിതയിലും മാത്രം ഒതുങ്ങി നിന്നുള്ള അന്വേഷണമാണ് നടത്തിയത്.ഇവർ തട്ടിയെടുത്ത പണത്തെ കുറിച്ച് അന്വേഷണം നടത്തിയില്ല.കേസ് സംബന്ധിച്ച ഇന്റലിജൻസ് എ ഡി ജി പിയുടെ റിപ്പോർട് സർക്കാർ പൂർണ്ണമായും അവഗണിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.