കണ്ണൂർ:താഴെ ചൊവ്വയിൽ കാർ സർവീസ് സെന്ററിൽ തീപിടുത്തം.നാലു കാറുകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.താഴെ ചൊവ്വ-കാപ്പാട്,ചക്കരക്കൽ റോഡിലെ സർവീസ് സെന്ററിലാണ് തീപിടുത്തമുണ്ടായത്.ചെറിയ തോതിൽ സ്ഫോടനവുമുണ്ടായി.സ്ഫോടനശബ്ദം കേട്ട സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.കണ്ണൂരിൽ നിന്നും രണ്ടും തലശ്ശേരിയിൽ നിന്നും ഒന്നും യുണിറ്റ് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.ഇവർക്കൊപ്പം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പാചക വാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു
ന്യൂഡൽഹി:പാചക വാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു.സബ്‌സിഡിയുള്ള സിലിണ്ടറിന് ഒന്നര രൂപയാണ് വർധിപ്പിച്ചത്.സെപ്റ്റംബർ ഒന്നിന് ഏഴുരൂപയിലധികം വർധിപ്പിച്ചതിനു ശേഷമുള്ള ആദ്യ വർധനവാണിത്.മെയ് മുപ്പതിന് ശേഷം ഇത് അഞ്ചാം തവണയാണ് പാചകവാതക വില വർധിക്കുന്നത്.എല്ലാ മാസവും സിലിണ്ടറിന് നാലുരൂപ വീതം വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം മെയ് മുപ്പതിന് അനുമതി നൽകിയിരുന്നു.വിമാന ഇന്ധനത്തിന് ആറുശതമാനവും വില വർധിപ്പിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരിൽ തുടക്കമാകും
കണ്ണൂർ:കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരിൽ തുടക്കമാകും.പയ്യന്നൂരിൽ പ്രത്യേകം തയ്യാറാക്കിയ വാടിക്കൽ രാമകൃഷ്‌ണൻ നഗറിൽ രാവിലെ പത്തു മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കുമ്മനം രാജശേഖരന് പതാക കൈമാറി യാത്ര ഉൽഘാടനം ചെയ്യും.ചടങ്ങിൽ ഒ.രാജഗോപാൽ എംഎൽഎ അധ്യക്ഷനായിരിക്കും.വൈകുന്നേരം മൂന്നു മണിക്ക് പയ്യന്നൂരിലെ ഗാന്ധി പ്രതിമയിൽ അമിത്ഷാ പുഷ്പഹാരം അർപ്പിക്കും.തുടർന്ന് യാത്ര ആരംഭിക്കും.ഉൽഘാടന വേദിക്ക് സമീപം മാർക്സിസ്റ്റുകാർ നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കണ്ണൂർ ജില്ലയിൽ അക്രമത്തിൽ കൊല്ലപ്പെട്ട ആർഎസ്എസുകാരുടെ ഛായാചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തും.17 ന് തിരുവനന്തപുരത്താണ് ജനരക്ഷായാത്ര സമാപിക്കുക.
ചാലക്കുടിയിൽ റിയൽഎസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ
തൃശൂർ:ചാലക്കുടിയിൽ റിയൽഎസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ചക്കര ജോണി എന്ന ജോണി പിടിയിൽ.ഇയാൾക്കൊപ്പം കൂട്ടാളിയായ രഞ്ജിത്തും പിടിയിലായിട്ടുണ്ട്. പാലക്കാട്ടു നിന്നും ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്.ഇവരെ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു.പിടിയിലായ ജോണിക്ക് മൂന്നു രാജ്യങ്ങളിലെ വിസ ഉണ്ടെന്നും ഇയാൾക്ക് കോടികളുടെ സമ്പാദ്യമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റർപോളിന്റെ സഹായം തേടാനുമുള്ള നീക്കങ്ങൾ പോലീസ് നടത്തിവരികയായിരുന്നു. റിയൽഎസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകക്കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ റിയൽഎസ്റ്റേറ്റ് ഇടപാടിലെ തർക്കങ്ങളാണെന്നു പോലീസ് പറയുന്നു.ഇതുമായി ബന്ധപ്പെട്ട നാലുപേർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വെട്ടേറ്റ തമിഴ്നാട്ടുകാരന് മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിച്ചു
മലപ്പുറം:കുറ്റിപ്പുറത്ത് വെച്ച് വെട്ടേറ്റ തമിഴ്നാട്ടുകാരന് മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെട്ടതായി പരാതി.കുറ്റിപ്പുറത്ത് വെച്ച് തമിഴ്‍നാട്ടുകാരനായ രാജേന്ദ്രന്റെ കാൽപ്പാദം മറ്റൊരു തമിഴ്നാട്ടുകാരൻ വെട്ടുകയായിരുന്നു.അറ്റുതൂങ്ങിയ കാൽപാദവുമായി രാജേന്ദ്രനെ ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിച്ചില്ല.പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പണമില്ലാത്തതിനാൽ അവിടെയും പ്രവേശിപ്പിച്ചില്ല.തുടർന്ന് ഇയാളെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് ഡയറക്റ്റർ ഡോ.ആർ.എൽ സരിത അധ്യക്ഷയായ സമിതി കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽകോളേജ് ആശുപത്രികളിൽ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ
തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ നല്കാൻ തീരുമാനം.ഒരു ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഇതിൽ ഏറെപ്പേരും നേരത്തെ ബിപിഎൽ പട്ടികയിൽ ഉണ്ടായിരുന്നവരാണ്. മാസവരുമാനം 25000 രൂപയിൽ താഴെ ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇവർക്ക് നാലുചക്ര വാഹനമോ ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഉണ്ടാകാൻ പാടില്ല.ക്ലാസ് ഫോർ തസ്തികയിൽ നിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്നവരെയും 5000 രൂപയ്ക്ക് താഴെ പെൻഷൻ വാങ്ങുന്നവരെയും 10000 രൂപയ്ക്ക് താഴെ സ്വാതന്ത്യ പെൻഷൻ വാങ്ങുന്നവരെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക.
കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും
കൊച്ചി:കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് പുരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുക. ഇരുവരും ചേർന്ന് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തിന് ശേഷം പുതിയ പാതയിലൂടെ യാത്ര ചെയ്ത ചെയ്യും. തുടര്‍ന്ന് ടൗൺ ഹാളിൽ ഉദ്ഘാടനച്ചടങ്ങും നടക്കും.അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാവും.നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി മെട്രോ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.അഞ്ച് സ്റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗത്ത് ഉള്ളത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് സ്റ്റേഷനുകള്‍.വ്യത്യസ്തവും ആകര്‍ഷകവുമായ തീമുകളും ഡിസൈനുകളുമാണ് ഉപയോഗിച്ചാണ് അഞ്ച് സ്റ്റേഷനുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്
കാസർകോഡ് കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം
കാസർകോഡ്:കാസർകോഡ് പെരിയയിൽ കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം.16 ലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്.എന്നാൽ പണം നഷ്ട്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ വാദം.ബാങ്ക് രേഖകൾ പ്രകാരം 20 ലക്ഷം രൂപ എ ടി എമ്മിൽ നിറച്ചിരുന്നു.ഇതിൽ നാലു ലക്ഷം രൂപ ഉപഭോക്താക്കൾ പിൻവലിച്ചിരുന്നു.ബാക്കി പണം ക്യാഷ് ബോക്സിൽ ഉണ്ടെന്നാണ് കരുതുന്നത്.വിദഗ്ദ്ധ സംഘം പരിശോധന നടത്തിയാൽ മാത്രമേ പണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ.മോഷ്ട്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ച രണ്ടുപേരാണ് ദൃശ്യങ്ങളിൽ ഉള്ളത്.സംഭവസ്ഥലത്തു വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി വരികയാണ്.
സ്വകാര്യ ബസ് ഉടമകളായ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം:സ്വകാര്യ ബസ് ഉടമകളായ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി മാനേജ്‌മന്റ്.ഇതിന്റെ ഭാഗമായി സ്വകാര്യ ബസ് ഉടമകളായ 17 കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഇപ്പോൾ ജോലി ചെയ്യുന്ന ഡിപ്പോകളിൽ നിന്നും ദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റി.ജീവനക്കാർ സ്വന്തം ഉടമസ്ഥതയിലുള്ള ബസുകൾക്ക് വേണ്ടി കെ എസ് ആർ ടി സി ഷെഡ്യുളുകൾ അട്ടിമറിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്നാണിത്.കെ എസ് ആർ ടി സി യിലെ ചില ജീവനക്കാർ സ്വന്തം ഉടമസ്ഥതയിലുള്ള ബസുകൾക്കും മറ്റു സമാന്തര സർവീസുകൾക്കുമായി കെ എസ് ആർ ടി സി സർവീസുകൾ അട്ടിമറിക്കുന്നു എന്ന ഏകക്ഷേപം ഉണ്ടായതിനെ തുടർന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാൻ എം.ഡി രാജമാണിക്യം തന്നെ നേരിട്ട് രഹസ്യാന്വേഷണം നടത്തി.അന്വേഷണത്തിൽ ആരോപണം ശരിയാണെന്നു കണ്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.കെ എസ് ആർ ടി സി യെ ലാഭത്തിലാക്കാൻ പൂർണ്ണമായും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന രാജമാണിക്യം കെ എസ് ആർ ടി സി യെ തകർക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു
റിയാദ്:സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു.മലപ്പുറം മങ്കട സ്വദേശി അജിത്,കണ്ണൂർ പയ്യന്നൂർ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.വെളളിയാഴ്ച പുലർച്ചെ സൗദി-ദുബായ് അതിർത്തിയിലെ സാൽവയിലാണ് അപകടമുണ്ടായത്.നാലു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു.രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ സൗദിയിലെ അൽ അഹ്‌സ,സൽവ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബഹ്‌റിനിൽ നിന്നും യുഎഇ യിലേക്ക് പോവുകയായിരുന്നു ഇവർ.മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.