കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം മജിസ്‌ട്രേറ്റിനു മുന്പാകെയാണ് റിമി രഹസ്യമൊഴി നൽകിയത്.നേരത്തെ അന്വേഷണ സംഘം റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇത് ഉറപ്പിക്കാനാണ് ഇപ്പോൾ സെക്‌ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുൻപിൽ മൊഴി രേഖപ്പെടുത്തുന്നത്.ഇങ്ങനെ നൽകുന്ന മൊഴി കേസിൽ തെളിവായി അംഗീകരിക്കും. ദിലീപ്,കാവ്യാ എന്നിവരുമായി റിമി ടോമിക്ക് അടുത്ത ബന്ധമാണുള്ളത്.ജൂലൈ 27 ന് റിമി ടോമിയെ ഫോണിൽ വിളിച്ചു അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെ കുറിച്ചാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത് എന്നാണ് റിമി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.ദിലീപുമായി റിമിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നതരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘത്തെ ചോദിച്ചറിഞ്ഞതായാണ് സൂചന.നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി ദിലീപുമായും കാവ്യയുമായും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിലാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്
കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്.പേപ്പട്ടിയാണ് കടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.നായയെ ഇനിയും പിടികൂടിയിട്ടില്ല.വടകര റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ആദ്യമായി നായയുടെ കടിയേറ്റിരിക്കുന്നത്.പിന്നീട് 12 കിലോമീറ്ററോളം ഓടിയ നായ നിരവധിപേരെ കടിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.മൂന്നും നാലും വയസ്സുള്ള കുട്ടികൾക്കടക്കമാണ് പരിക്കേറ്റിരിക്കുന്നത്.ഇപ്പോഴും ആളുകൾ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിനാൽ കടിയേറ്റവരുടെ കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ല.
ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ദിലീപ്
കൊച്ചി:ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ദിലീപ്.നിലവിൽ ഒരു സംഘടനയുടെയും നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്നു ദിലീപ് വ്യക്തമാക്കി.ഇത് സംബന്ധിച്ച് ഫിയോക്കിന്റെ ഭാരവാഹികൾക്ക് ദിലീപ് കത്തുനല്കി.സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ദിലീപ് പറഞ്ഞു.നേതൃസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.
സർവീസ് വയർ ബൈക്കിനു മുകളിൽ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റു
മട്ടന്നൂർ:മട്ടന്നൂർ വായന്തോട്ടിൽ സർവീസ് വയർ ബൈക്കിനു മുകളിൽ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റു.മുഖത്തും കഴുത്തിനും പരുക്കേറ്റ മണ്ണൂരിലെ കെ.സന്ദീപിനെ (27) കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വായാന്തോട് വൈദ്യുത ലൈനിൽ നിന്നു സമീപത്തെ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയ സർവീസ് വയറാണ് പൊട്ടിവീണത്. റോഡിനു കുറുകെ കെട്ടിയ വയർ ബൈക്കിന് മുകളിൽ വീഴുകയും സന്ദീപിന്റെ കഴുത്തിൽ കുടുങ്ങുകയുമായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞു.കണ്ണൂർ ഭാഗത്തുനിന്നു വർക്‌ഷോപ്പിലേക്ക് ജോലിക്ക് വരുന്നതിനിടെയായിരുന്നു അപകടം.രാവിലെ സർവീസ് വയർ നിലത്തു വീണതിനെ തുടർന്ന് യാത്രക്കാർ ഇത് വലിച്ചു കെട്ടിയതിനു ശേഷം കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചിരുന്നു.എന്നാൽ ഇതിനിടെയാണ് വീണ്ടും ബൈക്കിനു മുകളിൽ പൊട്ടിവീണ് അപകടമുണ്ടായത്.പൊട്ടിവീണ സർവീസ് വയർ കെ.എസ്.ഇ.ബി ജീവനക്കാരെത്തി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. …
മാടായി കോളജിലെ സംഘർഷം;12 പേർക്കെതിരേ കേസെടുത്തു
പഴയങ്ങാടി: മാടായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരേ കേസെടുത്തു.ആറ് കെഎസ്‌യു പ്രവർത്തകർക്കും ആറ് എസ്എഫ്ഐ പ്രവർത്തകർക്കുമെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.സംഘർഷത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് കോളജ് അടച്ചിട്ടിരിക്കുകയാണ്. കോളജ് തുറന്നു പ്രവർത്തിപ്പിക്കുന്നതുമായിബന്ധപ്പെട്ടും അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി പോലീസിന്‍റെ ആഭിമുഖ്യത്തിൽ അടുത്ത ദിവസം സർവകക്ഷിയോഗം വിളിച്ചു ചേർക്കുമെന്ന് എസ്ഐ പി.ബി.സജീവ് അറിയിച്ചു.
കാഞ്ഞങ്ങാട് തീവണ്ടിക്കുനേരെ വീണ്ടും കല്ലേറ്
കാസർകോഡ്:കാഞ്ഞങ്ങാട് തീവണ്ടിക്കുനേരെ വീണ്ടും കല്ലേറ്.തിങ്കളാഴ്ച വൈകുന്നേരം മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ എസ്-2 കോച്ചിന്റെ ശൗചാലയത്തിന്റെ ജനൽഗ്ലാസ്സ് തകർന്നു.കാഞ്ഞങ്ങാടിനും കോട്ടിക്കുളത്തിനും ഇടയിലാണ് സംഭവം.കഴിഞ്ഞ ദിവസം പൊസോട്ട് പുതുച്ചേരി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു.ഇതേ തുടർന്ന് ആർ.പി.എഫിന്റെ നേതൃത്വത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
മാഹിപ്പള്ളി തിരുനാൾ ഇന്ന് കൊടിയേറും
മാഹി:മാഹി സെന്റ് തെരേസാസ് പള്ളിയിലെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ഇന്ന് കൊടിയേറും.രാവിലെ 11.30 ന് ഇടവക വികാരി ഫാദർ ഡോ.ജെറോം ചിങ്ങാന്തറ പള്ളിയങ്കണത്തിൽ തിരുനാൾ പതാക ഉയർത്തും.പിന്നീട് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന അമ്മ ത്രേസ്സ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കും.14,15 തീയതികളിലാണ് തിരുനാളിന്റെ പ്രധാന പരിപാടികൾ നടക്കുക.14 ന് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതലയെ സ്വീകരിച്ച് ദേവാലയത്തിന് അകത്തേക്ക് ആനയിക്കും.തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ ദിവ്യബലി നടക്കും. ഏഴുമണിക്ക് അമ്മ ത്രേസ്സ്യായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും നടക്കും.15 ന് പുലർച്ചെ രണ്ടുമണി മുതൽ ഏഴുമണിവരെ ദേവാലയത്തിനു മുന്നിൽ ശയനപ്രദക്ഷിണവും നടക്കും.പള്ളി പരിസരത്ത് പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടെന്നും വാഹന പാർക്കിങ് സൗകര്യം കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ടെന്നും ആഘോഷകമ്മിറ്റി അറിയിച്ചു.14,15 തീയതികളിൽ പ്രത്യേക ട്രെയിൻ സർവീസും ഉണ്ടാകും.
പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതി
കണ്ണൂർ:പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതി.റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള നാണയം വാങ്ങാൻ പല സ്ഥാപനങ്ങളും മടിക്കുന്നതായാണ് പരാതി.ചില സ്വകാര്യ ബസ് ജീവനക്കാർ,കെ.എസ്.ഇ.ബി,ടെലികോം തുടങ്ങിയ ഓഫീസുകൾ,ബാങ്കുകൾ ഉൾപ്പെടെയുള്ള ചില ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പത്തു രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടികാണിക്കുന്നത്.കഴിഞ്ഞ ദിവസം പത്തു രൂപനാണയം നൽകിയ വിദ്യാർത്ഥിയോട് സ്വകാര്യ ബസിലെ കണ്ടക്റ്റർ തട്ടിക്കയറിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.അതുപോലെ കഴിഞ്ഞ ദിവസം മലയോരത്തെ കെ.എസ്.ഇ.ബി ഓഫീസിൽ പണമടയ്ക്കാനായി 200 രൂപയുടെ പത്തുരൂപ നാണയങ്ങൾ കൊണ്ടുവന്ന സ്ത്രീയോട് കൗണ്ടറിലെ ജീവനക്കാരൻ നാണയത്തിനു പകരം നോട്ടുമായി വരാൻ നിർദേശിച്ചിരുന്നു.റിസർവ് ബാങ്ക് പിൻവലിക്കുകയോ നിരോധിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ എന്തുകൊണ്ടാണ് പത്തുരൂപ നാണയം സ്വീകരിക്കാത്തത് എന്നതിന് ഇവർക്കാർക്കും കൃത്യമായ മറുപടിയില്ല .
ജനരക്ഷാ യാത്ര ഇന്ന് മമ്പറത്ത് നിന്നും പര്യടനം തുടരും
കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് മമ്പറത്ത് നിന്നും പര്യടനം തുടരും.മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.ഇന്ന് മമ്പറം മുതൽ തലശ്ശേരി വരെയാണ് പദയാത്ര.എന്നാൽ ജനരക്ഷായാത്ര പിണറായിയിലെത്തുമ്പോൾ കടകൾ അടച്ചിടാൻ സിപിഎം നിർദേശം നൽകിയതായി ബിജെപി ആരോപിച്ചു.എന്നാൽ ഈ ആരോപണം സിപിഎം നിഷേധിച്ചു.കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ബോർഡുകൾ സിപിഎം പിണറായിയിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.ബിജെപിയുടെ ഫാസിസിസ്റ്റ് മുഖം തുറന്നുകാട്ടാനാണ് ഇതെന്നാണ് സിപിഎം പറയുന്നത്.വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന പൊതു യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രസംഗിക്കും.രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീടും അമിത് ഷാ സന്ദർശിക്കും.
ഡോക്ട്ടർമാർക്ക് ഏകീകൃത രെജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്തും
തിരുവനന്തപുരം:ആധാർ മാതൃകയിൽ രാജ്യത്തെ ഡോക്ട്ടർമാർക്ക് ഏകീകൃത രജിസ്‌ട്രേഷൻ നമ്പർ(യുണിക് പെർമനന്റ് രെജിസ്ട്രേഷൻ നമ്പർ)ഏർപ്പെടുത്താൻ തീരുമാനം.ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ് യു.പി.ആർ.എൻ ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.ഇതോടെ രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഡോക്റ്റർമാർ വീണ്ടും പുതിയ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.അതാതു സംസ്ഥാനത്തെ കൗൺസിലുകളിലാണ് ഡോക്റ്റർമാർ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ അംഗീകൃത ഡോക്റ്റർമാരുടെ കണക്കെടുക്കാനാകും.ഇവരുടെ വിവരങ്ങളും യോഗ്യതകളും വിരൽത്തുമ്പിൽ ലഭ്യമാകും.യു.പി.ആർ.എൻ നിലവിൽ വന്നാൽ ഡോക്റ്റമാർക്ക് പി.ജി,സൂപ്പർ സ്പെഷ്യലിറ്റി തുടങ്ങിയ അധിക യോഗ്യതകൾ പിന്നീട് ഓൺലൈൻ വഴി ചേർക്കാൻ അപേക്ഷിക്കാനാകും.സർട്ടിഫിക്കറ്റുകൾക്കും ഓൺലൈൻവഴി അപേക്ഷിക്കാം.എന്നാൽ പുതിയ സംവിധാനം നമ്പറിൽ മാത്രം ഒതുക്കരുതെന്നാണ് ഡോക്റ്റർമാരുടെ ആവശ്യം.ഇത് വഴി ഏതു സംസ്ഥാനത്തും പ്രാക്ടീസ് ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനുമുള്ള അവസരം ലഭിക്കണം.കേരളത്തിൽ ഈ സംവിധാനം എപ്പോൾ നിലവിൽ വരും എന്നതിനെപ്പറ്റി തീരുമാനം ആയിട്ടില്ലെന്ന് ഐ.എം.എ സംസ്ഥാന പ്രെസിഡന്റും ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ വൈസ് പ്രസിഡന്റ് ഡോ.ജി.വി പ്രദീപ് കുമാർ പറഞ്ഞു.