തിരുവനന്തപുരം:എൻ സി പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയൻറെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി നേതാവ് സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു.മരണത്തിനു തൊട്ടുമുന്പായി സുൾഫിക്കർ മയൂരി ഉഴവൂരിനോട് അതിരൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചു നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു.പാർട്ടിയിലെ മറ്റൊരു നേതാവിനെ വിളിച്ചു ഉഴവൂരിനെ കുറിച്ച് മോശമായി സംസാരിച്ച സുൾഫിക്കർ ഉഴവൂരിനെ നേരിട്ട് വിളിച്ചും മോശമായി സംസാരിച്ചു. സുൽഫിക്കറിനെതിരെ വധഭീഷണി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട് ഉടൻ സർക്കാരിന് കൈമാറുമെന്നാണ് സൂചന.
സുബൈർ വധം;നാലുപേർ പോലീസ് പിടിയിൽ
തലശ്ശേരി:ബിജെപി ഉള്ളാൾ മണ്ഡലം കമ്മിറ്റി നിർവാഹക സമിതിയംഗം ഉള്ളാൾ സ്വദേശി സുബൈറിനെ(39) കൊലപ്പെടുത്തിയ കേസിൽ നാലുപേർ പോലീസ് പിടിയിലായി.ഇന്നലെ വൈകുന്നേരം തലശ്ശേരി നഗരമധ്യത്തിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.ഉള്ളാൾ തലപ്പാടി സ്വദേശികളായ നിസാമുദ്ധീൻ(23),മുഹമ്മദ് മുസ്തഫ(21),അബ്ദുൽ റഹ്മാൻ സുഹൈൽ(22),ഹസൻ താജുദ്ധീൻ(24) എന്നിവരാണ് പിടിയിലായത്.നേരത്തെ വധശ്രമക്കേസുകളിൽ പ്രതികളാണിവർ.ഒക്ടോബർ നാലിനാണ് സുബൈർ കൊല്ലപ്പെട്ടത്.നിസ്ക്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും പുറത്തിറങ്ങിയ സുബൈറിനെ ഇവർ ആക്രമിക്കുകയായിരുന്നു.സുബൈറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇല്യാസിനു അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.ഈ പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നവർക്കെതിരെ സുബൈർ പോലീസിൽ പരാതി നൽകിയിരുന്നു.ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്;ഡ്രൈവർക്ക് പരിക്ക്
കാസർകോഡ്:മാവിനക്കട്ടയിൽ കെ എസ് ആർ ടി സി ബസിനു നേരെ ഉണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണം നടന്നത്.കോഴിക്കോട് താമരശ്ശേരി സ്വദേശി ശശിധരനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കല്ലേറിൽ തകർന്ന ബസിന്റെ മുൻ വശത്തെ ചില്ല് തുളച്ചു കയറിയാണ് ഇയാൾക്ക് പരിക്കേറ്റത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.മാവിനക്കട്ടയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
കണ്ണൂരും കാസർകോട്ടും തീവണ്ടികൾക്ക് നേരെ കല്ലേറ്
കണ്ണൂർ:കണ്ണൂരും കാസർകോട്ടും തീവണ്ടികൾക്ക് നേരെ വീണ്ടും കല്ലേറ്.മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്,ഗാന്ധിധാം എക്സ്പ്രസ് എന്നിവയ്ക്കുനേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ രണ്ടു യാത്രക്കാർക്ക് പരിക്കേറ്റു.ഉച്ചയ്ക്ക് ഒന്നരമണിയോടെ കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയിലാണ് ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.കല്ലേറിൽ നാമക്കൽ സ്വദേശി സുബ്രഹ്മണ്യന്(50) കണ്ണിനു പരിക്കേറ്റു.വൈകിട്ട് ഏഴുമണിയോടെ ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയിലാണ് ഗാന്ധിധാം എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.വാഷ് ബേസിനിൽ മുഖം കഴുകിക്കൊണ്ടിരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി സുജാറാമിനാണ് കാലിനെ പരിക്കേറ്റത്.രണ്ടു സംഭവങ്ങളിലും റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം:രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും.കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായാണ് രാഷ്‌ട്രപതി കേരളത്തിലെത്തുന്നത്.രാവിലെ 9.30 ഓടെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും.തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻ ടി പി സി ഹെലിപാഡിലെത്തി അവിടെ നിന്നും റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലെത്തും.രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.
ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം
ന്യൂഡൽഹി:ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം.ദിവസേനയുള്ള ഇന്ധന വില നിശ്ചയിക്കൽ പിൻവലിക്കുക,പെട്രോളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ ഈമാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
മുംബൈയിൽ എണ്ണ ടാങ്കറുകളിൽ വൻ അഗ്നിബാധ
മുംബൈ:മുംബൈയിലെ ബുച്ചർ ഐലന്റിലുള്ള എണ്ണ ടാങ്കറുകളിൽ വൻ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് ഭാരത് പെട്രോളിയം കോപ്പറേഷന്റെ എണ്ണ ടാങ്കറുകളിൽ തീപിടുത്തമുണ്ടായത്.അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.അഗ്നിശമന സേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു അധികൃതർ വ്യക്തമാക്കി.മിന്നലാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ഈമാസം നടക്കുന്ന ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കില്ല
കണ്ണൂർ:ഈമാസം നടക്കുന്ന ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.വൻകിട ചരക്കു വാഹനങ്ങളുടെ ഉടമകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ട്രേഡ് യൂണിയനുകൾ ചരക്ക് വാഹന ഉടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ തേടുകയോ ചെയ്തിട്ടില്ലെന്ന് ബസ് ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രെഷറർ കെ.ജയരാജൻ പറഞ്ഞു.സമരത്തിൽ കേരളത്തിലെ ബസ്,ഓട്ടോ,ടാക്സി തൊഴിലാളികളും വാഹന ഉടമകളും പങ്കെടുക്കില്ല.ചരക്ക് വാഹന ഉടമകൾ സമരം നടത്തുന്നത് ജി എസ് ടി നടപ്പാക്കിയതിലെ പ്രശ്ങ്ങൾ പരിഹരിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന,പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന തുടങ്ങിയവയ്‌ക്കെതിരെയാണ്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ വാഹന ഉടമകളും തൊഴിലാളികളും പ്രക്ഷോഭം നടത്താൻ ആസൂത്രണം ചെയ്യുന്നുണ്ട്.
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി
ബെംഗളൂരു:സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ബെംഗളൂരു സിവിൽ കോടതി കുറ്റമുക്തനാക്കി. ബെംഗളൂരുവിലെ പ്രമുഖ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ നിന്നാണ് ഉമ്മൻ ചാണ്ടി കുറ്റവിമുക്തനാക്കപ്പെട്ടത്.കേസിൽ അഞ്ചാം പ്രതിയായിരുന്നു ഉമ്മൻ ചാണ്ടി.എന്നാൽ കുരുവിള നൽകിയ പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും കാണിച്ചു ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.നേരത്തെ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ പിഴയടക്കണമെന്നു കോടതി വിധിച്ചിരുന്നു.എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസിൽ തന്റെ ഭാഗം കേൾക്കണമെന്നും ഉമ്മൻചാണ്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഇത് കോടതി അംഗീകരിക്കുകയായിരുന്നു.തുർന്നാണ് ഉമ്മൻചാണ്ടി തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ഹർജി നൽകിയത്.
സ്വകാര്യ ബസ് സംഘടനകൾ ആശിർവാദ് ആശുപത്രി റോഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു
കണ്ണൂർ:ആശീർവാദ് ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ.റോഡ് ഗതാഗത യോഗ്യമാക്കാത്ത പക്ഷം ഒക്ടോബർ 13 മുതൽ റോഡ് ബഹിഷ്കരിക്കുമെന്നും മെയിൻ റോഡിലൂടെ സർവീസ് നടത്തുമെന്നും സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു.പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസുകൾ ആശിർവാദ് ആശുപത്രിക്കു മുന്നിലൂടെ വരുന്നതു മൂലമുണ്ടാകുന്ന സമയനഷ്ടം,ഇന്ധന നഷ്ടം,അപകട സാധ്യത എന്നിവ പരിഹരിക്കാൻ ഉടനടി നടപടിയെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.പഴയ ബസ് സ്റ്റാൻഡിൽ പുനർ നിർമിച്ച കംഫർട്ട് സ്റ്റേഷൻ പണി പൂർത്തിയായിട്ടും ഉപയോഗിക്കാൻ തുറന്നു കൊടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മേയർക്ക് നിവേദനം നല്കിയിട്ടുണ്ട്.