കണ്ണൂർ:കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഇന്ന് മുതൽ ഒക്ടോബർ 31 വരെ ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി.ട്രാക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്.എന്നാൽ 16,23,30 എന്നീ തീയതികളിൽ നിയന്ത്രണം ഉണ്ടാവില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പൂർണ്ണമായും സർവീസ് നിർത്തിവെക്കും.മംഗളൂരു-കോഴിക്കോട് പാസഞ്ചർ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കും.മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ കണ്ണൂരിലും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ഷൊർണൂരിലും സർവീസ് അവസാനിപ്പിക്കും.നാഗർകോവിലിൽ നിന്നും മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകിയോടും.
പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അദ്ധ്യാപിക മരിച്ചു
എറണാകുളം:പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അദ്ധ്യാപിക മരിച്ചു.15 വിദ്യാർത്ഥികൾക്കും മൂന്നു അദ്ധ്യാപകർക്കും പരിക്കേറ്റു.വേങ്ങൂർ സാന്തോം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കാസർകോഡ്:ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്തെ ദാമോദരൻ-ശാന്ത ദമ്പതികളുടെ മകൻ കെ.വി ഷിജിത്ത്(20) ആണ് മരിച്ചത്.നീലേശ്വരം ശങ്കരാചാര്യ ഇൻസ്ടിട്യൂട്ടിലെ അക്കൗണ്ടിംഗ് വിദ്യാർത്ഥിയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുദൈവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ നാട്ടുകാർ കരിവെള്ളൂരിൽ വെച്ചാണ് പിടികൂടിയത്.സംഭവത്തിൽ ഹെസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും
തളിപ്പറമ്പ്:സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും. ജയിലിനായി നിർദേശിക്കപ്പെട്ട സ്ഥലം റെവന്യൂ വിഭാഗം അളന്നു തിട്ടപ്പെടുത്തി ജയിൽ വിഭാഗത്തിന് കൈമാറി.കുറ്റ്യേരി വില്ലേജിൽ രണ്ടു സർവ്വേ നമ്പറുകളിലായി കിടക്കുന്ന 8.75 ഏക്കർ സ്ഥലമാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാനന്ദന് കൈമാറിയത്. കേരളത്തിലെ മാതൃക ജയിലായിരിക്കും തളിപ്പറമ്പിൽ സ്ഥാപിക്കുക.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടൊപ്പം തടവുകാർക്ക് കൂടുതൽ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.മേശയും കസേരകളും ഉള്ള ഡൈനിങ്ങ് ഹാൾ,ബാത്ത് അറ്റാച്ചഡ് സെല്ലുകൾ,സെല്ലുകളിൽ ഫാൻ തുടങ്ങിയ സൗകര്യമാണ് ഇവിടെ ഒരുക്കുക.300 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്.രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് ഏഴു മീറ്റർ ഉയരത്തിൽ ചുറ്റുമതിലും മതിലിനു മുകളിൽ വൈദ്യുതിവേലിയും ഉണ്ടായിരിക്കും.ഡൽഹിയിലെ തീഹാർ,തെലങ്കാനയിലെ ഹൈദരാബാദ് സെൻട്രൽ ജയിൽ എന്നിവിടങ്ങളിലുള്ള സൗകര്യങ്ങളാണ് ഇവിടെയും ഒരുക്കുക. 20 കോടി രൂപയാണ് പ്രാഥമിക ചിലവായി കണക്കാക്കുന്നത്.പയ്യന്നൂർ,തളിപ്പറമ്പ് കോടതിയിൽ നിന്നുള്ള തടവുകാർക്ക് പുറമെ ആറ് മാസം വരെ ശിക്ഷ വിധിക്കുന്നവരെയും ഇവിടെ പാർപ്പിക്കും.കണ്ണൂർ ജയിലിന്റെ മാതൃകയിൽ ഭക്ഷ്യോത്പന്ന നിർമാണ ശാലയും ഇവിടെ ആരംഭിക്കും.സെൻട്രൽ ജയിലിൽ ശിക്ഷ തടവുകാരെ മാത്രം പാർപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് ജയിൽ ഇല്ലാത്ത എല്ലാ താലൂക്കിലും പുതിയ ജയിൽ നിർമിക്കാൻ തീരുമാനിച്ചത്.
അമൃതാനന്ദമയി മഠത്തിൽ അമേരിക്കൻ പൗരന് ക്രൂരമർദനം
കൊല്ലം:അമൃതാനന്ദമയി മഠത്തിൽ അമേരിക്കൻ പൗരന് ക്രൂരമർദനം.മഠത്തിലെ അന്തേവാസിയായ മരിപോ സപ്പോട്ടോ എന്ന യുവാവിനാണ് മർദനമേറ്റത്.ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം അമൃതാന്ദമയി മഠത്തിൽ നടന്ന അമ്മയുടെ ജന്മദിനാഘോഷങ്ങളിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്തിരുന്നു. ഇതിനായി നടന്ന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയയുടനെ കൂടെ വന്നവരും വാഹനവും മടങ്ങുകയായിരുന്നു.ഐസിയുവിലാക്കിയ യുവാവിന്റെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ടെന്നു അധികൃതർ പറഞ്ഞു.എന്നാൽ മാനസിക അസ്വസ്ഥതകളെ തുടർന്നാണ് യുവാവിനെ കരുനാഗപ്പള്ളി ആശുപത്രിയിൽ കൊണ്ടുവന്നതെന്നും പിന്നീട് ഇയാൾ അക്രമാസക്തനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.രണ്ടു കൈകളും കയറുപയോഗിച്ച് കെട്ടിയ പാടുകളും യുവാവിന്റെ ശരീരത്തിലുണ്ട്.ഇതിനു മുൻപും ഇതേ രീതിയിലുള്ള മർദ്ദനങ്ങൾ അമൃതാനന്ദമയി മഠത്തിൽ നിന്നും റിപ്പോർട് ചെയ്തിട്ടുണ്ട്.2012 ആഗസ്റ്റിൽ ബീഹാർ സ്വദേശിയായ സത്നാംസിങ് എന്ന യുവാവ് ഇവിടെ മർദ്ദനമേറ്റ് മരിച്ചിരുന്നു.
ഗോരഖ്പൂർ ആശുപത്രിയിൽ വീണ്ടും ശിശുമരണം
ഗോരഖ്പൂർ:ഗോരഖ്പൂർ ബി ആർ ഡി മെഡിക്കൽ കോളേജിൽ വീണ്ടും ശിശുമരണം.24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരണപ്പെട്ടത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമാണ് ഗോരഖ്പൂർ.പത്തു നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടത്.ജപ്പാൻജ്വരം മൂലമാണ് മരണം സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാത്ത ഒരാഴ്ചക്കിടെ 63 കുട്ടികൾ മരണപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ കുട്ടികൾ മരിച്ചത് ഓസ്ക്സിജൻ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ല എന്ന് അധികൃതർ വ്യക്തമാക്കി.രോഗം മൂർച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു അതിനാലാണ് മരണം സംഭവിച്ചതെന്നും അധികൃതർ പ്രതികരിച്ചു.
കണ്ണൂരിലെ അക്രമം;12 ബിജെപി പ്രവർത്തകരുടെ പേരിൽ നരഹത്യ കുറ്റത്തിന് കേസ്
കണ്ണൂർ:കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ബിജെപി പ്രവർത്തകരുടെ പേരിൽ പോലീസ് നരഹത്യകുറ്റത്തിന് കേസെടുത്തു.പാനൂരിൽ ഇന്നലെ നടന്ന അക്രമത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റിരുന്നു.ഇതിൽ പതിമൂന്നുപേരും സിപിഎം പ്രവർത്തകരാണ്.ഒരു ബിജെപി പ്രവർത്തകനും പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പാനൂരിൽ പുരോഗമിക്കുകയാണ്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.സ്ഥലത്തു പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂർ:കലാമണ്ഡലത്തിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഹോസ്റ്റലിൽ വെച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്.ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മന്ത്രി എംഎം മണിയുടെ സഹോദരൻ മരണപ്പെട്ടു
കോട്ടയം:മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം സനകൻ(56) അന്തരിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രണ്ടു ദിവസം മുൻപ് പത്താംമൈലിൽ നിന്നും കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയിൽ ഒരു ചായക്കടയിൽ കയറി ചായകുടിച്ചിരുന്നു. ചായക്കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതായി. തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാത്രി വെള്ളത്തൂവലിനു സമീപം വഴിയരുകിൽ സനകനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അലവിലിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം
കണ്ണൂർ:അലവിലിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം.ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പാട്യം സ്മാരക മന്ദിരത്തിന്റെ ചുമരിലും ജനാലകളിലുമാണ് കരിഓയിൽ ഒഴിച്ചത്.സംഭവത്തിൽ വളപട്ടണം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് അലവിൽ ടൗണിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.