കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ കണ്ണൂര്‍ ജില്ലയില്‍ മൂന്നു ദിവസങ്ങളിൽ പര്യടനം നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ.എ.ഡി.മുസ്തഫ അറിയിച്ചു.നവംബര്‍ രണ്ടു മുതല്‍ നാലു വരെയാണു ജില്ലയിലെ പര്യടനം.രണ്ടിനു വൈകുന്നേരം അഞ്ചു മണിക്ക് പയ്യന്നൂര്‍, ആറുമണിക്ക് തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. മൂന്നിനു രാവിലെ പത്തുമണിക്ക് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലിലും നാലുമണിക്ക് തലശ്ശേരിയിലും സ്വീകരണം നൽകും.വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളുടെ സംയുക്തസ്വീകരണം കണ്ണൂരിലും നടക്കും.നാലാം തീയതി രാവിലെ 11ന് ഇരിക്കൂര്‍ മണ്ഡലത്തിലെ സ്വീകരണസമ്മേളനം ശ്രീകണ്ഠപുരത്തും ഉച്ചകഴിഞ്ഞു മൂന്നിന് പേരാവൂര്‍ മണ്ഡലത്തിലെ സ്വീകരണം ഇരിട്ടിയിലും നടക്കും. വൈകുന്നേരം നാലിന് മട്ടന്നൂരിലും അഞ്ചുമണിക്ക് കൂത്തുപറമ്പിലും നല്‍കുന്ന സ്വീകരണത്തിനുശേഷം യാത്ര വയനാട് ജില്ലയിലേക്ക് കടക്കും.
കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം,മറ്റൊരു പ്രവർത്തകന്റെ സ്കൂട്ടർ തകർത്തു
കണ്ണൂർ: കുറുവ അവേരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം.മറ്റൊരു പ്രവർത്തകന്റെ സ്കൂട്ടർ തകർത്തു.അവേര കോളനിയിൽ ഇന്നു പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബിജെപി പ്രവർത്തകനായ ഹരീഷ് ബാബുവിന്‍റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. കല്ലേറിൽ വീടിന്‍റെ രണ്ടു ജനൽ ചില്ലുകൾ തകർന്നു. കോളനിയിലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്‍റെ സീറ്റ് കുത്തികീറിയ നിലയിലാണ്. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു ബിജെപി ആരോപിച്ചു.ബിജെപി ജില്ലാ നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംഭവത്തിൽ ഇന്നു വൈകുന്നേരം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മാഹിയിൽ ഈ മാസം 14 നും 15 നും ഗതാഗത നിയന്ത്രണം
മാഹി:മാഹി സെന്റ് തെരേസാസ് പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങളായ 14,15 തീയതികളിൽ മാഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.തലശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാഹി സെമിത്തേരി റോഡ് വഴി എ.കെ കുമാരൻ മാസ്റ്റർ റോഡ്,മാഹി റെയിൽവേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കത്തെ ദേശീയ പാതയിലെത്തണം.വടകരയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും മാഹി ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് താഴങ്ങാടി,ടാഗോർ പാർക്ക് വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കണം.ഈ ദിവസങ്ങളിൽ മാഹി ആസ്പത്രി കവല മുതൽ സെമിത്തേരി റോഡ് ജംഗ്ഷൻ വരെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.ഇതേ ദിവസം മാഹി ടൗണിലുള്ള മുഴുവൻ മദ്യശാലകളും അടച്ചിടാനും നിർദേശമുണ്ട്.പോക്കറ്റടി,മോഷണം എന്നിവ തടയുന്നതിന് എസ്പിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഷാഡോ ടീം പ്രവർത്തിക്കുന്നുണ്ട്.ക്രമസമാധാന പാലനത്തിനും ട്രാഫിക്ക് നിയന്ത്രണത്തിനുമായി പുതുച്ചേരിയിൽ നിന്നും പ്രത്യേക സേനാംഗങ്ങളെ എത്തിക്കും.കൂടാതെ കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ്,ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും ലഭ്യമാക്കും.
പലഹാരമെന്ന വ്യാജേന വിദേശത്തേക്ക് കഞ്ചാവ് കൊടുത്തയച്ച പ്രതി അറസ്റ്റിൽ
കുമ്പള:വിദേശത്തുള്ള സുഹൃത്തിന് നല്കാൻ പലഹാരമെന്ന വ്യാജേന കഞ്ചാവ് കൊടുത്തയച്ച കേസിൽ യുവാവ് അറസ്റ്റിൽ.കൊടിയമ്മയിലെ ബന്തിന്റടി വീട്ടിൽ സൂപ്പിയെയാണ്(36) കുമ്പള എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്.ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം.ആദ്യമായി ഖത്തറിലേക്ക് പോവുകയായിരുന്ന കൊടിയമ്മയിലെ മുഹമ്മദ് ഷെരീഫ് എന്നയാളുടെ കയ്യിൽ സുഹൃത്തിനു കൊടുക്കാനുള്ള പലഹാരം എന്ന വ്യാജേന സൂപ്പി കഞ്ചാവ് കൊടുത്തയക്കുകയായിരുന്നു.ഖത്തറിലെത്തിയ ഷെരീഫിനെ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.നാല് കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.അതിനു ശേഷം ഖത്തറിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് ഷെരീഫ്.ഷെരീഫിന്റെ ഭാര്യ മുംതാസ് കുമ്പള പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂപ്പിയെ പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നാളുകൾ ചേർന്നാണ് തന്റെ ഭർത്താവിനെ കുടുക്കിയതെന്നാണ് മുംതാസിന്റെ പരാതി.മറ്റു രണ്ടുപേരെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.
വാനിന്റെ ടയറിനടിയിൽ പെട്ട് ബോംബ് പൊട്ടി ഡ്രൈവർക്ക് പരിക്കേറ്റു
കണ്ണൂർ:പാനൂർ തെക്കേ ചെണ്ടയാട് വാനിന്റെ ടയറിനടിയിൽ പെട്ട് ബോംബ് പൊട്ടി ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കൊല്ലമ്പറ്റ ഭഗവതി ക്ഷേത്ര പരിസരത്താണ് സംഭവം.അപകടത്തിൽ ഡ്രൈവർ കണ്ണവം സ്വദേശി റിജിൽ നിവാസിൽ രാധാകൃഷ്ണന്റെ(45) ചെവി അടഞ്ഞു പോവുകയായിരുന്നു.ഇദ്ദേഹം തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി.മരം കയറ്റാനായി വരികയായിരുന്ന പിക് അപ്പ് വാനാണ് അപകടത്തിൽപെട്ടത്.ക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡിൽ കുറ്റിക്കാടുള്ള ഭാഗത്തുകൂടി വാഹനത്തിന്റെ ടയർ കയറിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.പൊട്ടാതെ കിടന്ന മറ്റൊരു ബോംബ് പോലീസ് കസ്റ്റഡിയിലെടുത്തു.
സോളാർ കേസിൽ പ്രത്യേക അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കും
തിരുവനന്തപുരം:വിവാദമായ സോളാർ കേസിൽ തുടരന്വേഷണത്തിനായി വിജിലൻസ്, ക്രിമിനൽ അന്വേഷണ ഉത്തരവുകൾ ഇന്നിറങ്ങും.പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാലുടൻ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ മാനഭംഗമടക്കമുള്ള കേസെടുക്കും.നിലവിലുള്ള അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.എന്നാൽ സോളാർ കേസിൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളുണ്ട്.വിചാരണയിലേക്ക് കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിർദേശം.അതിനാൽ ഈ കേസുകളുടെ കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും എത്ര കേസുകൾ രജിസ്റ്റർ ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.എന്നാൽ നിലവിൽ ഇതിന്റെ ഉത്തരവ് ഇറങ്ങിയിട്ടില്ല.
വേങ്ങര ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി.ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.വേങ്ങര മണ്ഡലത്തിൽ പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.വോട്ടിങ് സമാധാനപരമായിരുന്നു.വൈകിട്ട് ആറുമണി വരെയായിരുന്നു പോളിംഗ്.ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്ക് കാണാൻ പറ്റുന്ന സംവിധാനമായ വിവി പാറ്റ് എല്ലാ ബൂത്തുകളിലും ഒരുക്കിയിരുന്നു.വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഓ കോളേജിലെ സ്ട്രോങ്ങ് റൂമിലെത്തിക്കും.ഞായറാഴ്ചയാണ് വോട്ടെണ്ണൽ.
നവംബർ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്
തിരുവനന്തപുരം:നവംബർ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്.ജി എസ് ടി അപാകതകൾ പരിഹരിക്കുക,വാടക കുടിയാൻ നിയമം പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.അന്നേ ദിവസം സെക്രട്ടേറിയറ്റിനു മുൻപിൽ 24 മണിക്കൂർ ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പെട്രോൾ പമ്പ് സമരം പിൻവലിച്ചു
ന്യൂഡൽഹി:ദിവസേനയുള്ള ഇന്ധന വില പുതുക്കി നിശ്ചയിക്കലിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പ് ഉടമകൾ നടത്താനിരുന്ന സമരം പിൻവലിച്ചു.ഒക്ടോബർ 13 ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്.
കേരളാ ബാങ്ക് ചിങ്ങം ഒന്നിന് നിലവിൽ വരും
തിരുവനന്തപുരം:ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരളാ ബാങ്ക് അടുത്ത വർഷം ചിങ്ങം ഒന്നിന് നിലവിൽ വരും.മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.ബാങ്ക് തുടങ്ങുന്നതിന് ആർ ബി ഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേർന്നാണ് കേരളാ ബാങ്ക് രൂപീകരിക്കുക.ജീവനക്കാരുടെ പുനർവിന്ന്യാസം,നിക്ഷേപ-വായ്‌പ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങിയ ബാങ്കിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ബിസിനസ് പോളിസി ആർ ബി ഐക്ക് നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.