ആലുവ:ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.അർധരാത്രി മെട്രോ നിർമാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ചത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.ഒരാൾ ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.മറ്റൊരാളുടെ നില അപകടകരമായി തുടരുന്നു. ടാങ്കർ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഇടിച്ച ലോറി നിർത്താതെ പോയി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.അപകടത്തിൽപെട്ട നാലുപേരും ഉത്തർപ്രദേശ് സ്വദേശികളാണ്.
ചേർത്തല കെവിഎം ആശുപത്രിയിൽ നിരാഹാരമനുഷ്ഠിക്കുന്ന നഴ്സിനെ അറസ്റ്റ് ചെയ്യാൻ ശ്രമം;പോലീസും സമരക്കാരും തമ്മിൽ സംഘർഷം
ആലപ്പുഴ:ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്‍പില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന നഴ്സിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘവും സമരം ചെയ്യുന്ന നഴ്സുമാരും തമ്മില്‍ സംഘര്‍ഷം. തര്‍ക്കത്തിനൊടുവില്‍ നഴ്സ് ആന്‍ ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റി. നഴ്സുമാർക്കെതിരെയുള്ള പ്രതികാര നടപടി പിന്‍വലിക്കുന്നതിനും നിയമപ്രകാരമുള്ള ശമ്പളം ലഭിക്കുന്നതിനുമായി ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്‌സുമാർ 53 ദിവസമായി സമരം തുടരുന്നു.രാവിലെ 10 മണിയോടെയാണ് പൊലീസ് സമരപ്പന്തലിലെത്തി നിരാഹാരമനുഷ്ഠിക്കുന്ന ആന്‍ ഷെറിനെ അറസ്റ്റു ചെയ്യുകയാണെന്നറിയിച്ചത്. എന്നാല്‍ അറസ്റ്റ് അനുവദിക്കില്ലെന്ന് നഴ്സുമാര്‍ പറഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. നഴ്സുമാരുടെ സമ്മതമില്ലാതെ അറസ്റ്റു ചെയ്യാനനുവദിക്കില്ലെന്നും പുരുഷന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍ കയറരുതെന്നും പറഞ്ഞ് നാട്ടുകാരും സമരക്കാരെ പിന്തുണച്ചതോടെ പൊലീസ് പിന്‍വാങ്ങി. ചേര്‍ത്തല സി ഐയും എസ് ഐയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പിന്നീട് സമരക്കാരോട് സംസാരിക്കുകയും എസ്ഐ ആന്‍ ഷെറിനെ അറസ്റ്റ് ചെയ്ത് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നേഴ്സ് ആശ നിരാഹാര സമരം ആരംഭിച്ചു.
ഹർത്താൽ പ്രഖ്യാപനം;രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
എറണാകുളം:ഈ മാസം 16 ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ സമർപ്പിച്ച ഹർജിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ചെന്നിത്തല ഹൈക്കോടതിയിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർത്താലിനെ കുറിച്ച് ജനങ്ങൾക്ക് ഭയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഹർത്താൽ ദിനത്തിൽ ജോലി ചെയ്യുന്നവരെ ആരും തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.ഹർത്താൽ മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ തടയാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
ബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി
കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി.രണ്ടുപേരെ രക്ഷപ്പെടുത്തി.ബേപ്പൂരിൽ നിന്നും 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്.മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്.
കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോട്ടയം:കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.കോട്ടയത്തിനും ഏറ്റൂമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.വൈകാതെ സർവീസ് പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.ദീർഘദൂര ട്രെയിനുകൾ പോലും മുന്നറിയിപ്പില്ലാതെ പിടിച്ചിട്ടിരിക്കുകയാണ്.മുൻകൂട്ടി അറിയിക്കാതെ റയിൽവെയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കെ.എസ് ശബരീനാഥൻ എംഎൽഎയുടെ കാറിനു നേരെ ആക്രമണം
വിതുര:കെ.എസ് ശബരീനാഥൻ എംഎൽഎയുടെ കാറിനു നേരെ ആക്രമണം.ഇന്ന് ഉച്ചയ്ക്ക് വിതുര ജംഗ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ പെരിങ്ങമ്മല സ്വദേശിയായ സിദ്ദിഖിനെ പോലീസ് പിടികൂടി.ഇയാൾ മനസികരോഗിയാണെന്നു പോലീസ് അറിയിച്ചു. വിതുരയിൽ ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ശബരീനാഥ് ഉച്ചയ്ക്ക് ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തു പാർക്ക് ചെയ്തിരുന്ന കാർ സിദ്ധിക്ക് അടിച്ചു തകർക്കുകയായിരുന്നു. കാറിന്റെ ഗ്ലാസുകൾ തകർന്നു.ഇയാളെ നാട്ടുകാർ ഇടപെട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.മാനസിക രോഗ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച് തിരിച്ചു വരും വഴി ഇയാൾ ബന്ധുക്കളുടെ പിടിയിൽ നിന്നും രക്ഷപെട്ട് ഓടുകയായിരുന്നു.
ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി
അലഹബാദ്:പ്രമാദമായ ആരുഷി കൊലക്കേസിൽ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.കേസിൽ ആരുഷിയുടെ മാതാപിതാക്കളെ സിബിഐ കുറ്റക്കാരായി പ്രഖ്യാപിച്ചിരുന്നു.ഇതിനെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും നൂപുർ തൽവാറും നൽകിയ അപ്പീലിലാണ് വിധി.2013 ഇൽ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2008 മെയിലാണ് 14 കാരിയായ ആരുഷിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തൊട്ടടുത്ത ദിവസം തന്നെ വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹവും വീട്ടിലെ ടെറസിൽ കണ്ടെത്തുകയായിരുന്നു.മകളും വീട്ടുവേലക്കാരനും തമ്മിലുള്ള അവിഹിത ബന്ധം അറിഞ്ഞ പിതാവ് ആരുഷിയെയും വേലക്കാരൻ ഹേംരാജിനെയും കൊലപ്പെടുത്തി എന്നതായിരുന്നു കേസ്.
എസ് ബി ഐ യിൽ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി നീട്ടി
മുംബൈ:എസ് ബി ഐ യിൽ ലയിച്ച അസ്സോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി നീട്ടി.ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.നേരത്തെ സെപ്റ്റംബർ 30 വരെ ആയിരുന്നു അസ്സോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകളുടെ കാലാവധി.പുതിയ ചെക്ക് ബുക്കുകൾക്ക് എത്രയും വേഗം അപേക്ഷിക്കണമെന്നു എസ് ബി ഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പലർക്കും പുതിയ ചെക്ക് ബുക്കുകൾ ലഭിച്ചിരുന്നില്ല.ഇതേ തുടർന്നാണ് എസ്‌ബിഐ കാലാവധി നീട്ടിയത്.ഓൺലൈൻ,മൊബൈൽ ബാങ്കിങ്,എടിഎം എന്നിവ വഴി ചെക്ക് ബുക്കുകൾക്ക് അപേക്ഷിക്കാം.
കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് കോളറ സ്ഥിതീകരിച്ചു
കോഴിക്കോട്:കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് കോളറ സ്ഥിതീകരിച്ചു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പശ്ചിമ ബംഗാളില്‍നിന്നും ഒരാഴ്ച്ച മുമ്പ് വന്ന തൊഴിലാളികള്‍ക്കാണ് കോളറ പിടിപെട്ടത്.വയറിളക്കം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. മാവൂരില്‍ നേരത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ പിടിപെട്ടിരുന്നു. മിഠായി തെരുവിലും, നരികുനിയിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് കോളറ പിടിപെട്ടത്. പുതുതായി കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്കു പരിക്ക്
കേളകം:കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്.കേളകം തുള്ളൽ സ്വദേശി മണലുമാലിൽ രവിയുടെ ഭാര്യ ഷീബ ( 39)യ്ക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തുള്ളലിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഷീബയുൾപ്പെടെ നാലുപേരടങ്ങുന്ന സംഘം നീർക്കുഴി കുഴിക്കുന്നതിനിടെ പൊന്തക്കാട്ടിൽനിന്നും ഓടിയെത്തിയ കാട്ടുപന്നി ഷീബയെ കുത്തിവീഴ്ത്തുകയായിരുന്നു. മറ്റുള്ളവർ ബഹളംവച്ച് പന്നിയെ പിന്നീട് തുരത്തി.ആറളം വന്യജീവി സങ്കേതത്തിൽനിന്നാണ് വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത്. ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ അനുവദിച്ചെങ്കിലും ഇതു നടപ്പാക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.