ടോക്യോ:പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസ് തീരത്ത് കപ്പൽ മുങ്ങി.കപ്പലിലുണ്ടായ ഇന്ത്യക്കാരായ പതിനൊന്ന് ജീവനക്കാരെ കാണാതായി.ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.കപ്പലിൽ 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.അപകടത്തിൽപെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് 15 ജീവനക്കാരെ രക്ഷപ്പെടുത്തിയത്.കപ്പൽ പൂർണ്ണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു.മൂന്നു ബോട്ടുകളും രണ്ടു വിമാനങ്ങളും കാണാതായ ഇന്ത്യക്കാർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.
മാൻകൊമ്പും ആമകളെയും കടത്താൻ ശ്രമിച്ച നാലുപേർ പിടിയിൽ
കാസർകോഡ്:മാൻകൊമ്പും സംരക്ഷിത ഇനത്തിൽപ്പെട്ട ആമകളെയും കടത്താൻ ശ്രമിച്ച നാലുപേരെ കാസർകോഡ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്‌ദീൻ,മൊഗ്രാൽ പുത്തൂരിലെ വി.ഇമാം അലി,മായിപ്പാടിയിലെ കരീം,മൊഗ്രാൽ കൊപ്ര ബസാറിലെ ബി.എം ഖാസിം എന്നിവരാണ് പിടിയിലായത്.മൂന്നു മാൻ കൊമ്പുകളും 11 കരയാമകളെയും ഇവരിൽ നിന്നും പിടിച്ചെടുത്തു.ഇന്ന് ഉച്ചയോടെ കുമ്പളയ്ക്കടുത്ത് നിന്നാണ് രണ്ട് ആൾട്ടോ കാറുകളിൽ മാൻകൊമ്പുകളും ആമകളുമായി സഞ്ചരിച്ച പ്രതികളെ പിടികൂടിയത്.ഇവ മുംബൈയിലേക്ക് കടത്താനായിരുന്നു ഇവരുടെ തീരുമാനം.
കോഴിക്കോട് ജില്ലയിൽ കനത്ത മഴ;കക്കയം വാലിയിൽ ഉരുൾപൊട്ടി
കോഴിക്കോട്:ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ.മഴയിൽ കക്കയം ഡാമിലേക്ക് പോകുന്ന വഴിയിൽ ഉരുൾപൊട്ടലുണ്ടായി.ഡാമിലെ ഉദ്യോഗസ്ഥരും ഡാം സന്ദർശിക്കാനെത്തിയെ വിനോദസഞ്ചാരികളും ഉരുൾപൊട്ടലിൽ കുടുങ്ങി. യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത് മാത്രമേ ഡാം പരിസരത്ത് അകപ്പെട്ടുപോയവരെ തിരിച്ചെത്തിക്കാൻ കഴിയുകയുള്ളൂ.കക്കയം വാലിയിൽ നിർമാണം പുരോഗമിക്കുന്ന വൈദ്യുതി നിലയത്തിൽ വെള്ളം കയറിയിട്ടുണ്ട്.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം:ദീപാവലിക്ക് ശബ്ദമേറിയ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾക്ക് പകരം പ്രകാശം പരത്തുന്നതും വർണാഭമായതുമായ പടക്കങ്ങൾ ഉപയോഗിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.125 ഡെസിബെലിൽ കൂടുതൽ ശബ്ദമുള്ള പടക്കങ്ങൾ,മാലപ്പടക്കങ്ങൾ,ഏറുപടക്കങ്ങൾ എന്നിവയുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചു.രാത്രി പത്തുമണി മുതൽ രാവിലെ ആറുമണി വരെ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കരുത്.ആശുപത്രികൾ,കോടതികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ 100 മീറ്റർ പരിസരത്ത് പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചു
കോഴിക്കോട്:വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചു.നവംബർ ഒന്ന് മുതൽ നിരോധനം നിലവിൽ വരും.കോഴിക്കോട്-വയനാട് ജില്ലാ കളക്ടർമാരും ജനപ്രതിനിധികളും ചേർന്നാണ് തീരുമാനമെടുത്തത്.ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതടക്കം പതിവായതോടെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിക്കാൻ തീരുമാനിച്ചത്.ചുരം റോഡ് വീതികൂട്ടാനും സിസിടിവി സ്ഥാപിക്കാനും റോഡ് വൈദ്യുതീകരിക്കാനും ചുരത്തിലെ പരസ്യബോർഡുകൾ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്.
നാദാപുരത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
കോഴിക്കോട്:നാദാപുരത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം ഭരണഘടനാ ബെഞ്ചിന് വിട്ടു
തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്‍റെ സാധുതകൾ പരിശോധിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടത്.സ്ത്രീകളുടെ മൗലിക അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. കേസിൽ ദേവസ്വം ബോർഡിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്.അതേസമയം സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു
കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ നാലു തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽപ്പെട്ട ബോട്ടിനുള്ളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ പുറത്തെടുക്കാൻ കോസ്റ്റ്ഗാർഡ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.ബുധനാഴ്ച രാത്രിയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്.മുനമ്പത്തു നിന്നും മൽസ്യബന്ധനത്തിനെത്തിയ ബോട്ട് അജ്ഞാത കപ്പൽ ഇടിച്ച് തകരുകയായിരുന്നു.കുളച്ചൽ സ്വദേശി ആന്റോയുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.തമിഴ്നാട് കുളച്ചൽ സ്വദേശികളായ ബോട്ടുടമ ആന്റോ,രമ്യാസ്,തിരുവനന്തപുരം സ്വദേശികളായ ജോൺസൻ,പ്രിൻസ് എന്നിവരെയാണ് കാണാതായത്.അപകടം നടന്ന ഉടൻ തമിഴ്നാട് സ്വദേശികളായ കാർത്തിക്,സേവ്യർ എന്നിവരെ ഒരു മൽസ്യബന്ധനബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പി.സി ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കോഴിക്കോട്:കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തിൽ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെതിരെ കേസെടുക്കാൻ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു.ചാനൽ ചർച്ചകളിൽ നടിയുടെ പേര് വെളിപ്പെടുത്തുകയും നടിയെ ആക്ഷേപിച്ചു സംസാരിക്കുകയൂം ചെയ്തതിനെതിരെ ആണ് കേസെടുക്കാൻ നിർദ്ദശം നൽകിയിരിക്കുന്നത്. ഗിരീഷ് ബാബു എന്ന വ്യക്തി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഇത്തരം കേസുകളിൽ ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്ന നിയമം പി.സി ജോർജ് ലംഘിച്ചു.നടിയെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു എന്നതെല്ലാമാണ് ഗിരീഷ് ബാബു നൽകിയ പരാതിയിലുള്ളത്. നേരത്തെ ഇത് സംബന്ധിച്ച് ഗിരീഷ് ബാബു പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തില്ല.തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്ഥാപിക്കുന്നത്. ഭരണഘടനാ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള വിശദമായ ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിലെ ഭരണഘടനാ പ്രശ്നമായിരിക്കും പരിശോധിക്കുക.