ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറെ ജില്ലയിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ടു പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.ലൈസൻസില്ലാതെ പ്രവർത്തിച്ച പടക്ക നിർമാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിർമാണശാല ഉടമയുടെ മകനും സ്ഫോടനത്തിൽ മരിച്ചു.സ്ഫോടനം നടക്കുമ്പോൾ 12 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.ബുധനാഴ്ച രാവിലെ റൂർക്കലയിലും പുരിയിലും സമാനമായ അപകടമുണ്ടായി. റൂർക്കലയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുരിയിലെ പിപ്പിലിയിലുണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.ഇവരുടെ കാഴ്ച ശക്തി നഷ്ട്ടപ്പെട്ടു.
കീഴാറ്റൂരില്‍ വയല്‍ ഒഴിവാക്കി ബൈപ്പാസ് നിർമിക്കാൻ ധാരണ
കണ്ണൂർ:വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ ജനകീയ സമരം നടന്ന കീഴാറ്റൂരില്‍ വയല്‍ ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മിക്കാന്‍ ധാരണ.കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.തീരുമാനം ദേശീയപാത അതോറിറ്റിയെ അറിയിക്കും.അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റി ആണ്.തീരുമാനത്തിൽ പൂര്‍ണ തൃപ്തി ഇല്ല,എങ്കിലും നിർദേശം അംഗീകരിക്കുന്നതായി സമരസമിതി അറിയിച്ചു.വിദഗ്ധ സംഘം ഇന്ന് കീഴാറ്റൂരില്‍ സന്ദര്‍ശനം നടത്തി.വയല്‍ ഒഴിവാക്കികൊണ്ടുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആരായുന്നതിനായാണ് പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ധ സംഘത്തെ നിയോഗിച്ചത്. പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം സമരസമിതി നേതാക്കള്‍ അടക്കമുള്ളവരുമായി കലക്ടറേറ്റില്‍ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.
കല്യാശ്ശേരിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഡിജിറ്റൽ ക്ലാസ് റൂം സ്ഥാപിക്കും;ടി.വി. രാജേഷ് എംഎൽഎ
കണ്ണൂർ: കല്യാശേരിയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ 60 ലക്ഷം രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഡിജിറ്റൽ ക്ലാസ്റൂം സ്ഥാപിക്കുമെന്നു ടി.വി. രാജേഷ് എംഎൽഎ പറഞ്ഞു.ഇതിലൂടെ തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽനിന്നുള്ള ക്ലാസുകൾ ഇവിടെ ലഭ്യമാക്കാനാവും. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്‍റെ ബഹുസ്വരാധിഷ്ഠിത ഇന്ത്യൻ ദേശീയത സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അക്കാദമിയിൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ 30 ലക്ഷം രൂപ അനുവദിക്കാനുള്ള നിർദേശം ജില്ലാ പഞ്ചായത്ത് അംഗീകരിച്ചതായും എംഎൽഎ അറിയിച്ചു. കല്യാശേരി അക്കാദമിയിൽ പ്രിലിമിനറി പരീക്ഷാ പരിശീലനം ആരംഭിക്കാൻ കഴിയണം. നിലവിൽ ഫൗണ്ടേഷൻ കോഴ്സുകളാണുള്ളത്.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു 50 ശതമാനം സംവരണമുള്ള കേരളത്തിലെ ആദ്യത്തെ സിവിൽ സർവീസ് അക്കാദമിയാണ് കല്യാശ്ശേരിയിലേത്.ഡോർമിറ്ററിയും കാന്‍റീനുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഇവിടേക്ക് മിടുക്കരായ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളെ കണ്ടെത്തി എത്തിക്കാൻ പ്രൊമോട്ടർമാരും ജനപ്രതിനിധികളും ശ്രദ്ധിക്കണം. എട്ടാം ക്ലാസ് മുതൽ പരിശീലനം നൽകി പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളിൽ നിന്നു സിവിൽ സർവീസുകാർ ഉയർന്നുവരണമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കണമെന്നും ടി.വി രാജേഷ് എംഎൽഎ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാംപ്രതി ആയേക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാംപ്രതി ആയേക്കുമെന്നു സൂചന.നിലവിൽ പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്.ആക്രമിച്ച ആളും ആക്രമണത്തിന് നിർദേശം നൽകിയ ആളും തമ്മിൽ വ്യത്യാസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കുറ്റകൃത്യം നടത്തിയത്.കൃത്യം നടത്തിയവർക്ക് നടിയോട് വ്യക്തിവൈരാഗ്യം ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഈ അവസരത്തിൽ ഇതിനായി ഗൂഢാലോചന നടത്തിയ ദിലീപിനെ ഒന്നാം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.നാളെ എ ഡി ജി പി ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ നിർണായക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നും 35 പവൻ സ്വർണം കവർന്ന മലയാളി യുവതി പോലീസ് പിടിയിൽ
തലശ്ശേരി:ബെംഗളൂരുവിൽ നിന്നും 35 പവൻ സ്വർണം കവർന്ന മലയാളി യുവതി പോലീസ് പിടിയിൽ.തലശ്ശരി ടെംപിൾ ഗേറ്റ് പുതിയ റോഡിലെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിച്ചിരുന്ന തനൂജയെയാണ്(24) കേരളാ -കർണാടക പോലീസ് സംയുക്തമായി പിടികൂടിയത്.കവർച്ച ചെയ്ത സ്വർണ്ണം തലശ്ശേരി,കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിൽ നിന്നും കണ്ടെടുത്തു. കർണാടക ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് തനൂജ സ്വർണ്ണം മോഷ്ടിച്ചത്.കഴിഞ്ഞ ഓഗസ്റ്റിലാണ് തനൂജ ഇവരുടെ വീട്ടിൽ ജോലിക്കെത്തിയത്. സെപ്റ്റംബർ 28 മുതൽ തനൂജയെ ഇവിടെ നിന്നും കാണാതായി.തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും സ്വർണ്ണം കളവുപോയതായി കണ്ടെത്തി. ഇതേതുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിൽ യുവതി നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.പിന്നീട് തൊട്ടടുത്ത് താമസിച്ചിരുന്ന യുവാവുമായി തനൂജയ്ക്കുണ്ടായ പ്രണയം കണ്ടെത്തിയ പോലീസ് യുവതി കേരളത്തിൽ ഉണ്ടെന്നു കണ്ടെത്തി.തുടർന്ന് കർണാടക പോലീസ് കേരള പോലീസിന്റെ സഹായം തേടി.പോലീസിന്റെ നിർദേശ പ്രകാരം യുവാവ് തനൂജയെ വിളിച്ചു.താൻ വടകരയിൽ ഉണ്ടെന്നു യുവതി പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷിച്ചെത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.ഇതിനിടയിൽ യുവതിക്ക് തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.ഇയാളിൽ നിന്നാണ് യുവതിയുടെ ടെംപിൾ ഗേറ്റിനു സമീപത്തെ താമസസ്ഥലം കണ്ടെത്തിയത്.തുടർന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു ബംഗളൂരുവിലേക്ക് കൊണ്ടുപോയി.പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ ബാങ്ക് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ് കേസ്;പ്രതി ഷഡാനനനെ പോലീസ് അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്:ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പുകേസിലെ പ്രതി ബാങ്ക് അപ്രൈസർ ഷഡാനനനെ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പു കേസിൽ പോലീസ് അന്വേഷണം ആരംഭിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഷഡാനനൻ.തളിപ്പറമ്പ് ശാഖയിലെ മാനേജരും അസിസ്റ്റന്റ് മാനേജറുമടക്കം മൂന്നുപേർ പ്രതിയായ കേസിൽ ആദ്യം അറസ്റ്റിലാകുന്ന ആളാണ് ഷഡാനൻ.ഒളിവിൽ കഴിയുന്നതിനിടെ കയ്യിലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് ഇയാൾ കണ്ണൂർ ജില്ലാ ബാങ്കിൽ നിന്നും തനിക്ക് കിട്ടാനുള്ള പണത്തിനായി എത്തിയതായിരുന്നു.മേലുദ്യോഗസ്ഥൻ സ്ഥലത്തില്ലെന്നു മനസ്സിലായ ഇയാൾ തിടുക്കത്തിൽ പോകാൻ ശ്രമിക്കുന്നതിനിടെ ബാങ്കിലെ മറ്റു ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു.തുടർന്ന് ജീവനക്കാർ ഇയാളെ തടഞ്ഞു വെയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു.സ്ഥലത്തെത്തിയ തളിപ്പറമ്പ് സിഐ പി.കെ സുധാകരൻ ഇയാളെ അറസ്റ്റ് ചെയ്തു.അതേസമയം മുക്കുപണ്ട തട്ടിപ്പ് അറിഞ്ഞിരുന്നില്ല എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.അസിസ്റ്റന്റ് മാനേജർ രമ പറഞ്ഞതുപോലെ എല്ലാം ചെയ്തുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇയാളെ പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പള്ളി കോമ്പൗണ്ടിലെ കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു
കാഞ്ഞങ്ങാട്:അതിഞ്ഞാൽ പള്ളി കോമ്പൗണ്ടിലെ കെട്ടിടത്തിന് മുകളിൽ കയറിയ മൂന്നു മതപഠന വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളായ വാഹിദ്(23),റംഷീദ്(23),കണ്ണൂർ സ്വദേശി ജാസിർ(22) എന്നിവരെ മംഗലാപുരം യേനെപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ വാഹിദിന്റെ നില ഗുരുതരമാണ്.വാഹിദിനാണ് ആദ്യം ഷോക്കേറ്റത്.വാഹിദിന്റെ നിലവിളി കേട്ടെത്തിയ ജാസിറിനും റംഷീദിനും കെട്ടിടത്തിന്റെ മുകളിൽ കെട്ടിക്കിടന്ന വെള്ളത്തിൽ നിന്നാണ് ഷോക്കേറ്റത്.പള്ളിവളപ്പിനകത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിൽ നിന്നാണ് ഷോക്കേറ്റത്.ശൗചാലയകെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും ഒരാൾപൊക്കം പോലും കടന്നു പോകുന്ന വൈദ്യുതി കമ്പികൾക്കില്ല.ഇവ മാറ്റണമെന്ന് അതിഞ്ഞാൽ ജമാഅത് കമ്മിറ്റി കെഎസ്ഇബിക്ക് നേരത്തെ പരാതി നൽകിയിരുന്നു.
കൂത്തുപറമ്പിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൂത്തുപറമ്പ്:കൂത്തുപറമ്പിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.2014 ജൂലൈ ഒന്നിനാണ് കൂത്തുപറമ്പ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്ന കെ.പി സുനിൽ കുമാറിന്റെ വീടിനുനേരെ ബോംബേറുണ്ടായത്.സുനിൽകുമാറിന്റെ മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ വീടിനു നേരെ സ്റ്റീൽ ബോംബുകളും പെട്രോൾ ബോംബും എറിയുകയായിരുന്നു.ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചുമരിനും വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ പറ്റുകയും ചെയ്തിരുന്നു.അക്രമം നടന്ന് മൂന്നു വർഷമായിട്ടും കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ സുനിൽ കുമാറിന്റെ ഭാര്യ പ്രസീത മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.കേസന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സുനിൽ കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ ഒൻപതുപേർ പത്താംതരം തുല്യത പരീക്ഷയെഴുതും
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ ഒൻപതുപേർ പത്താംതരം തുല്യത പരീക്ഷയെഴുതും.വ്യഴാഴ്‌ചയാണ് പരീക്ഷ നടക്കുക.കണ്ണൂർ മുനിസിപ്പൽ സ്കൂളാണ് പരീക്ഷ കേന്ദ്രം .അയൂബ്,സിജോ,മണികണ്ഠൻ,ഗിരീഷ്,സുനിൽകുമാർ,രാജേഷ്,സന്തോഷ്,റിന്റോ,അമീർ എന്നിവരാണ് പരീക്ഷയെഴുതുന്നത്.ജയിലിൽ നിന്നും പരീക്ഷയെഴുതുന്നവർക്ക് സാക്ഷരതാ മിഷൻ പൂർണ്ണമായ ഫീസിളവ് അനുവദിക്കുന്നുണ്ട്.കൗസർ ചാരിറ്റബിൾ ട്രസ്റ്റ്,ജീസസ് ഫ്രറ്റെണിറ്റി എന്നീ സംഘടനകളാണ് ഇവർക്കാവശ്യമായ പഠനോപകരണങ്ങൾ നൽകുന്നത്.കഴിഞ്ഞ കുറെ വർഷങ്ങളായി പത്താംതരം തുല്യത പരീക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിന് നൂറു ശതമാനം വിജയമാണ്.
പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
ചക്കരക്കൽ:പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം.ഭൂഉടമകളുടെ അനുവാദമില്ലാതെയാണ് അവരുടെ സ്ഥലത്ത് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്.പൈപ്പ് ലൈൻ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പർ മുൻപ് വില്ലജ് ഓഫീസുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷ ഭൂവുടമകളും ഇതറിഞ്ഞിട്ടില്ല.വീടുകൾക്ക് സമീപത്തുകൂടിയാണ് ചിലയിടങ്ങളിൽ പൈപ്പ് ലൈൻ കടന്നുപോകുന്നത്.ഇത് അപകട സാധ്യത വർധിപ്പിക്കുന്നു തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് പ്രതിഷേധം.പുറവൂർ,കാഞ്ഞിരോട് ഭാഗങ്ങളിൽ കുറെ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. അതേസമയം കനത്ത പോലീസ് കാവലിൽ പറവൂരിൽ ചൊവ്വാഴ്ച വാതക പൈപ്പ് ലൈൻ പണി തുടങ്ങി.പണി തടയാനെത്തുന്ന സമരക്കാരെ നേരിടാൻ കണ്ണൂർ സി.ഐ രത്നാകരന്റെ നേതൃത്വത്തിൽ ചക്കരക്കൽ എസ്‌ഐ മാരായ ബിജു,കനകരാജൻ,അനിൽകുമാർ തുടങ്ങിയവരും 40 ഓളം പോലീസുകാരും സ്ഥലത്തുണ്ട്.നാട്ടുകാരുടെ ആശങ്കയകറ്റാൻ ഏതു സമയം വന്നാലും കൃത്യമായ വിവരങ്ങൾപറഞ്ഞുകൊടുക്കുമെന്ന് ഗെയിൽ മാനേജർ പി.ഡി അനിൽകുമാർ വ്യക്തമാക്കി.