നടൻ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്

keralanews dileep created false medical record

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി റിപ്പോർട്ട്.ദിലീപിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ രേഖയുണ്ടാക്കിയതെന്ന് ഡോക്റ്റർ പൊലീസിന് മൊഴിനൽകി.നാലു ദിവസം ചികിത്സ നേടിയതായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.പക്ഷെ ഇതേസമയം ദിലീപ് സിനിമ ചിത്രീകരണത്തിൽ ആയിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്റ്ററിന്റെയും നഴ്സിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നു എന്ന് വരുത്തി തീർക്കാനായിരുന്നു ദിലീപിന്റെ നീക്കം.

മലമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയിലായി

keralanews hunters arrested with the meat of deer

ഇരിട്ടി:മലമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയിലായി.ആറളം പഞ്ചായത്തിലെ വിയറ്റ്നാം പരിപ്പ്‌തോടിൽ നിന്നാണ് ഒരു ക്വിന്റൽ മലമാനിന്റെ ഇറച്ചിയുമായി നാലംഗ സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടിയത്.ഇവരിൽ നിന്നും ലൈസൻസില്ലാത്ത ഒരു തോക്കും പിടിച്ചെടുത്തു.ഇവർ ഇറച്ചി കടത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം ആറളം ഫാമിൽ നിന്നും മലമാനിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നായാട്ടു സംഘത്തെ കണ്ടെത്താൻ വനം വകുപ്പ്,കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളുടെ സംയുക്ത പരിശോധനയിലാണ് നായാട്ടു സംഘം പിടിയിലായത്.ആറളംവനത്തിൽ വെച്ചാണ് തോക്കുപയോഗിച്ച് ഇവർ മലമാനിനെ വെടിവെച്ചത്.ഇതിനു ശേഷം ഇതിനെ ചെറു കഷണങ്ങളാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുമ്പോഴാണ് വനം വകുപ്പ് അധികൃതർ പിടികൂടിയത്.സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ ഓടി  രക്ഷപ്പെട്ടു.എടപ്പുഴയിലെ ജോസഫ് മാത്യു,പുത്തൻപുരയ്ക്കൽ ഷിജു ജോർജ്,കുന്നേക്കമണ്ണിൽ വിനോദ് ആന്റണി,ആറളം പുതിയങ്ങാടിയിലെ കെ.ജി ഷൈജു എന്നിവരാണ് പിടിയിലായത്.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലമാനിന്റെ അറുത്തുമാറ്റിയ തലയും മറ്റ് ശരീരാവശിഷ്ടങ്ങളും പരിപ്പുതൊട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെടുത്തു.

താഴെചൊവ്വ,നടാൽ റെയിൽവേ മേൽപ്പാലം പണി ഉടൻ ആരംഭിക്കും

keralanews thazhechovva nadal railway overbrige construction will start soon

കണ്ണൂർ:താഴെചൊവ്വ,നടാൽ റെയിൽവേ മേൽപ്പാലം പണി ഉടൻ ആരംഭിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഉടൻ പണി തുടങ്ങണമെന്ന് ശ്രീമതി എം.പി യോഗത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സേതുഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകരിച്ചവയാണ് ഈ രണ്ടു മേൽപ്പാലങ്ങളും.പാപ്പിനിശ്ശേരി അടിപ്പാത,താവം റെയിൽവേ മേൽപ്പാലം,തലശ്ശേരി-വളവുപാറ റോഡ്,എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.പാപ്പിനിശ്ശേരി അടിപ്പാതയുടെ നിർമാണത്തിന് ആവശ്യമായ എൻ ഓ സിക്കുള്ള അപേക്ഷ റെയിൽവേക്ക് ഉടൻ നൽകും. പണിയുടെ മാറ്റത്തിനുള്ള അംഗീകാരം ലഭിക്കാത്തതാണ് താവം പാലം പണി പൂർത്തീകരിക്കാനുള്ള തടസ്സമെന്ന് കെ.എസ്.ടി.പി അധികൃതർ വിശദീകരിച്ചു.

പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

keralanews man arrested with ganja in pappinisseri

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി കടവ് റോഡിൽ കഞ്ചാവുമായി യുവാവ് പിടിയിലായി.എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ചിറക്കൽ സ്വദേശി കെ.വിജിലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.1150 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്.കോടതി ഇയാളെ റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ ഇവർ ബൈക്കുപേക്ഷിച്ചു ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.പിന്നാലെ ഓടിയ എക്‌സൈസ്  സംഘം വിജിലിനെ പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെട്ടത് മൻസൂർ എന്നയാളാണെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു.ആന്ധ്രായിൽ നിന്നും സ്ത്രീകളെ ഉപയോഗിച്ചാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ജില്ലയിലെ  വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.കഴിഞ്ഞ മാസം ഈ കണ്ണിയിൽപെട്ട ഒരു സ്ത്രീയെ എക്‌സൈസ് സംഘം കണ്ണപുരത്തു വെച്ച് പിടികൂടിയിരുന്നു.ആ സമയത്ത് വിജിലും മൻസൂറും സ്ത്രീയുടെ കൂടെ ഉണ്ടായിരുന്നെങ്കിലും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.അഞ്ചുവർഷം മുൻപ് വളപട്ടണത്ത് അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊലചെയ്യപ്പെട്ട കേസിലെ പ്രതികൂടിയാണ് രക്ഷപ്പെട്ട മൻസൂർ.

ചെറുപുഴ കാനംവയലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

keralanews the crops have been destroyed by the wild elephants in cherupuzha

ചെറുപുഴ:ചെറുപുഴ കാനംവയലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.കർണാടക വനത്തിൽ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് കാനംവയൽ ഇടക്കോളനിയിലെ കൃഷിയിടത്തിൽ വ്യാപക നാശം വരുത്തിയത്.ചൊവ്വാഴ്ച രാത്രി കോളനിയിലെത്തിയ കാട്ടാനക്കൂട്ടം കമുക്,തെങ്ങ്,വാഴ, റബ്ബർ തുടങ്ങിയവ നശിപ്പിച്ചു. പതിനാലുകുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ഇതിൽ ഏഴുകുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്.ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ ഒരതിര് കർണാടക ഫോറെസ്റ്റും മറുവശം കാര്യങ്കോട് പുഴയുമാണ്.ഇവിടെ കാട്ട് മൃഗങ്ങളിൽ നിന്നും രക്ഷനേടാൻ സ്ഥാപിച്ച സൗരോർജവേലികൾ കാടുകയറി നശിച്ച നിലയിലാണ്.

ഇരുപതുലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു

keralanews banned currency worth 20lakhs seized

കണ്ണൂർ:വാഹനത്തിൽ കടത്തുകയായിരുന്ന ഇരുപതുലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി.പുതുച്ചേരി രെജിസ്ട്രേഷനുള്ള കാറിൽ നിരോധിത കറൻസിയുമായി ഒരു സംഘം പോകുന്നുണ്ടെന്ന വിവരം കണ്ണൂർ ഡിവൈഎസ്പി സദാനന്ദന് ലഭിക്കുകയായിരുന്നു.തലശ്ശേരി ഭാഗത്തേക്കാണ് കാർ പോയതെന്നായിരുന്നു വിവരം.പിന്നീട് ഈ വാഹനത്തെ എടക്കാട് വെച്ച് കണ്ണൂർ സിറ്റി സി.ഐ കെ.വി പ്രമോദൻ കണ്ടെത്തി.സി.ഐ പ്രമോദന്റെ നേതൃത്വത്തിലുള്ള സംഘം കാറിനെ പിന്തുടരുകയായിരുന്നു.കതിരൂർ ആറാംമൈലിലെ ഒരു വീട്ടിൽ വെച്ച് പണം കൈമാറുന്നതിനിടെ പോലീസ് ഈ സംഘത്തെ പിടികൂടി.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിത നോട്ടുകളായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. സംഭവത്തിൽ റസാഖ് ശങ്കരനെല്ലൂർ,ഫൈസൽ മൗവ്വേരി,അജേഷ് ചൊക്ലി,തയൂബ്‌ റഷീദ് ആറാംമൈൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരുകോടി രൂപ കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.എന്നാൽ ഇവരിൽ നിന്നും 20 ലക്ഷം രൂപയാണ് കണ്ടെടുത്തത്.ബാക്കി പണത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി

keralanews actor dileep visited sabarimala

പത്തനംതിട്ട:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി.ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്.സോപാനത്തും മാളികപ്പുറത്തും ദർശനം നടത്തിയ ശേഷം മേൽശാന്തിയെ കണ്ടതിനു ശേഷമാണ് ദിലീപ് മടങ്ങിയത്.സഹോദരൻ അനൂപ്,സഹോദരി ഭർത്താവ്,ഗണേഷ് കുമാറിന്റെ പി.എ എന്നിവരോടൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്.അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.ഇതിന്റെ മുന്നോടിയായി അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗവും ഇന്ന് ചേരുന്നുണ്ട്.

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു

keralanews seven including four malayalees died in an accident in tamilnadu

തമിഴ്നാട്:കടലൂരിന് സമീപം രാമനാഥത്തു കാറപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.ഇവർ സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പ്രകാശ്,സഹോദരൻ പ്രദീപ്,പ്രകാശിന്റെ ഭാര്യ പ്രിയ,ജോഷി,തമിഴ്നാട് സ്വദേശികളായ മിഥുൻ,ശരവണൻ,ഡ്രൈവർ ശിവ എന്നിവരാണ് മരിച്ചത്.പ്രകാശ് ചെന്നൈ ബിൽറൂത് ആശുപത്രിയിൽ റേഡിയോളോജിസ്റ്റും പ്രിയ ചിന്താമണി ആശുപത്രിയിൽ നഴ്സുമാണ്.പ്രകാശിന്റെ അമ്മയുടെ സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ.

ഐസ്ക്രീം പാർലറിൽ വൻ തീപിടുത്തം

keralanews fire in an icecream parlour in kanjangad

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തിലെ ഐസ്ക്രീം പാർലറിൽ തീപിടുത്തം.ബസ്സ്റ്റാൻഡ് പരിസരത്തെ കൂൾ ലാൻഡ് ബേക്കറി ആൻഡ് ഐസ്ക്രീം പാർലറിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് രാവിലെ എട്ടുമണിയോട് കൂടി ഐസ്ക്രീം പാർലറിന്റെ അടച്ചിട്ട ഷട്ടറിലൂടെ പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേന കടയുടെ പൂട്ട് തകർത്ത് അകത്തു കയറി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കടയിലെ രണ്ടു ഫ്രീസറുകൾ കത്തിനശിച്ചു.ഫ്രീസറിൽ നിന്നുള്ള ഷോർട് സർക്യുട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്

keralanews cricketer yuvaraj singh has been charged with domestic violence case

ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും സഹോദരനും അമ്മയ്ക്കുമെതിരേ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് പരാതി.യുവരാജിന്‍റെ സഹോദരൻ സൊരാവർ സിംഗിന്‍റെ ഭാര്യയും ബിഗ് ബോസ് ടിവി ഷോ മത്സരാർഥിയുമായിരുന്ന അകാൻഷ ശർമയാണ് പരാതി നല്‍കിയത്.ഭർത്താവിന്‍റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.പരാതി പ്രകാരം ഗുഡ്ഗാവ് പോലീസ് യുവരാജിനും മാതാവിനും സഹോദരനും നോട്ടീസ് അയച്ചു.ഭർത്താവും ഭർത്യമാതാവും ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചുവെന്നും സമ്പത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അകാൻഷയുടെ പരാതി. തന്നെ ഇവർ പീഡിപ്പിക്കുന്നതിനെതിരെ യുവരാജ് പ്രതികരിക്കാതെ കണ്ടുനിന്നതിനാണ് അദ്ദേഹത്തിനെതിരേയും പരാതി നൽകിയിരിക്കുന്നത്. യുവരാജിന്‍റെ ഇളയ സഹോദരനായ സൊരാവറും അകാൻഷയും തമ്മിലുള്ള വിവാഹം 2014-ലാണ് നടന്നത്.ബിഗ്‌ബോസ് ഷോ നാലുമാസം പൂർത്തിയായപ്പോൾ തന്റെ വിവാഹം ആണെന്ന് അറിയിച്ച് അകാൻഷ ഷോയിൽ നിന്നും പിന്മാറിയിരുന്നു.പിന്നീട് ഇവരുടെ ബന്ധത്തിൽ താളപ്പിഴകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം അകാൻഷ വിവാഹ മോചന കേസ് ഫയൽ ചെയ്തിരുന്നു.ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.