ബിജെപി പ്രവർത്തകൻ രമിത്ത് കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

keralanews charge sheet will be submitted today in connection with the murder of bjp worker ramith

തലശ്ശേരി:ബിജെപി പ്രവർത്തകനും ഡ്രൈവറുമായിരുന്ന പിണറായി ഓലയമ്പലത്തെ രമിത്ത്(26) കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും.തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുന്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.സിപിഎം പിണറായി ഏരിയ കമ്മിറ്റിയംഗം ഉൾപ്പെടെ 15 പ്രതികളുള്ള കേസിൽ ഒൻപതുപേരാണ്  അറസ്റ്റിലായിട്ടുള്ളത്. ആറുപേർ ഒളിവിലാണ്.രമിത്തിന്റെ അമ്മ നാരായണി,സഹോദരി എന്നിവർ കേസിൽ സാക്ഷികളാണ്.2016 ഒക്ടോബർ 12 നാണ് ഓലയമ്പലത്തെ പെട്രോൾ പമ്പിന് സമീപത്തുള്ള വീട്ടിനു മുൻപിൽ വെച്ച് രമിത്തിനെ കൊലപ്പെടുത്തിയത്.സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ കുഴിച്ചാൽ മോഹനൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് രമിത്തിന്റെ കൊലപാതകം.ചാവശ്ശേരിയിൽ ബസിൽ വെച്ച് കൊല്ലപ്പെട്ട ഡ്രൈവറും ബിജെപി പ്രവർത്തകനുമായ കൃഷ്ണകൃപയിൽ ചോടോൻ ഉത്തമന്റെ ഏകമകനാണ് രമിത്ത്.

കരാറുകാർ നടത്തിവരുന്ന സമരം പിൻവലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് നിർദേശം

keralanews district panchayath recommends to withdraw the strike by contractors

കണ്ണൂർ:ജില്ലയിലെ കരാറുകാർ നടത്തിവരുന്ന സമരം പിൻവലിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുമരാമത്തു വകുപ്പ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് അഭ്യർത്ഥിച്ചു.ജി എസ് ടി ബാധകമാണെന്ന കാര്യം ടെൻഡർ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കരാറുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി.ജി എസ് ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കരാറുകാർക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചിട്ടും സമരം തുടർന്നുകൊണ്ടുപോകുന്നത് ന്യായീകരിക്കാനാകില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.മണൽ,കരിങ്കല്ല്, ചെങ്കല്ല്  തുടങ്ങിയ നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് 15 ക്വാറികൾക്ക് ജില്ലയിൽ പ്രവർത്തനാനുമതി നൽകിയതായും യോഗം അറിയിച്ചു.ഈ മാസം അവസാനത്തോടെ ക്വാറികൾ പ്രവർത്തനക്ഷമമാകും.

പാലയാട് സർവകലാശാല ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം,കെഎസ്‌യു വനിതാ നേതാവിന്റെ പല്ലിടിച്ചിളക്കി

keralanews ksu sfi conflict in palayad university campus

തലശ്ശേരി:കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.പെൺകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരും രണ്ടാം വർഷ നിയമവിദ്യാർത്ഥികളുമായ ഗുരുവായൂർ ചിറ്റിലപ്പള്ളി സ്വദേശിനി സി.ജെ സോഫി(19),കാഞ്ഞങ്ങാട് സ്വദേശി ഉനൈസ്(19),ഇരിട്ടി സ്വദേശി ജോയിൽ(19) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കെഎസ്‌യു തൃശൂർ ജില്ലാ സെക്രെട്ടറിയും പാലയാട് ക്യാംപസ് യുണിറ്റ് സെക്രെട്ടറിയുമായ സോഫിയുടെ മുൻവശത്തെ പല്ല് ഇളകിയ നിലയിലാണ്.അക്രമികൾ മരക്കഷ്ണം കൊണ്ട് മുഖത്തടിച്ചപ്പോഴാണ് പല്ല് ഇളകിയതെന്നു സോഫി പറഞ്ഞു.കെഎസ്‌യു യുണിറ്റ് പ്രസിഡന്റായ ഉനൈസിന്റെ പരിക്ക് ഗുരുതരമായതിനാൽ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.അക്രമം തടയാനെത്തിയ അമൽ റാസിഖ്,സലിൽ എന്നീ വിദ്യാർത്ഥികൾക്കും പരിക്കേറ്റതിനെ തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരും ഒന്നാംവർഷ നിയമവിദ്യാർത്ഥികളുമായ പ്രിയേഷ്,മിഥുൻ,രണ്ടാം വർഷ നിയമവിദ്യാർത്ഥികളായ സിൻസി,ആദർശ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ ഒൻപത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ധർമടം പോലീസ് കേസെടുത്തു. എസ്എഫ്ഐക്കെതിരെ ക്ലാസ്സിലെ ബെഞ്ചിൽ എഴുതി എന്നാരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരായ ഫവാസ്,ഷാസ് എന്നിവരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.ഇതിൽ പ്രതിഷേധിക്കാൻ കൂട്ടംകൂടി നിന്ന കെഎസ്‌യു പ്രവർത്തകർക്ക് നേരെയാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്.സംഭവത്തെ തുടർന്ന് പാലയാട് ക്യാംപസ് നിയമവിഭാഗം പഠന കേന്ദ്രം പത്തുദിവസത്തേക്ക് അടച്ചു.

നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ ഇല്ലാതാക്കണമെന്ന് ഹൈക്കോടതി

keralanews high court to stop mandatory conversion centers

കൊച്ചി:നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ ഇല്ലാതാക്കണമെന്ന് ഹൈക്കോടതി നിർദേശം.ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പൂട്ടിക്കാൻ പോലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.മതപരിവർത്തന കേന്ദ്രങ്ങൾ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.മിശ്ര വിവാഹങ്ങളെ സമൂഹം പ്രോത്സാഹിപ്പിക്കണമെന്നും പ്രണയത്തിനൊടുവിൽ നടക്കുന്ന മിശ്രവിവാഹത്തെ ലവ് ജിഹാദായും ഖർ വാപസിയായും വ്യാഖ്യാനിക്കുന്നത് നടുക്കമുണ്ടാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.താൻ വിവാഹം ചെയ്ത ശ്രുതി എന്ന പെൺകുട്ടിയെ വിട്ടുകിട്ടാൻ കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ്‌ കോടതിയുടെ പരാമർശം. അനീസുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തൃപ്പൂണിത്തുറയിലുള്ള യോഗ കേന്ദ്രത്തിൽ താമസിപ്പിച്ച് തന്നെ നിർബന്ധിച്ചിരുന്നതായി ശ്രുതി കോടതിയിൽ മൊഴി നൽകിയിരുന്നു.ശ്രുതിയെ കണ്ടെത്താനുള്ള വാറന്റ് ചോദ്യം ചെയ്ത് ശ്രുതിയുടെ അച്ഛനമ്മമാരായ കണ്ണൂർ മണ്ടൂരുള്ള രാജനും ഗീതയും സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചു.24 വയസ്സുള്ള തന്റെ മകളെ 2017 മെയ് 16 മുതൽ കാണാതായെന്ന് കാണിച്ചു ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.ഹൈക്കോടതിയിൽ ഹർജിയും നൽകി.ശ്രുതി മതംമാറി അനീസിനെ വിവാഹം ചെയ്തെന്ന് പോലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഹർജി തീർപ്പായി.

അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം

keralanews 61st state school athletic meet starts today

പാല:അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം.രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.മേളയുടെ ഔദ്യോഗിക ഉൽഘാടനം വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കായികമേളയിൽ ആദ്യ സ്വർണ്ണം പാലക്കാട് നേടി.ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ പി.എൻ അജിത്താണ് റെക്കോർഡോടെ സ്വർണ്ണം നേടിയത്.കോതമംഗലം മാർ ബേസിൽ സ്കൂളിലെ ആദർശ് ഗോപിക്കാണ് വെള്ളി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം കോതമംഗലം മാർ ബേസിലിലെ അനുമോൾ തമ്പി മേളയിലെ രണ്ടാം സ്വർണ്ണം നേടി.മേളയിലെ മൂന്നാം സ്വർണ്ണം ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിലെ സൽമാൻ നേടി.ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ പി.ചാന്ദിനിക്കാണ് സ്വർണ്ണം.

കാൽ നൂറ്റാണ്ടിനു ശേഷമാണ് പാല സംസ്ഥാന സ്കൂൾ  കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.പാലായിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമിച്ചതിനു ശേഷം ആദ്യം നടക്കുന്ന സംസ്ഥാന മീറ്റുകൂടിയാണിത്.പ്രായക്രമത്തിൽ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയിലാണ് ഇത്തവണ മുതൽ സ്കൂൾ കായികമേള നടക്കുന്നത്.ഇതിനു മുൻപ് പഠിക്കുന്ന ക്ലാസ്സിനനുസരിച്ചായിരുന്നു കുട്ടികളെ തരം തിരിച്ചിരുന്നത്.

നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു

keralanews building collapses in nagapattanam and eight died

തമിഴ്‍നാട്:നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു.നാഗപട്ടണം ജില്ലയിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിൽ ഉറങ്ങുകയായിരുന്ന ട്രാൻസ്‌പോർട് ബസ് ജീവനക്കാർക്കാണ് പരിക്കേറ്റത്.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.

മുരുകന്റെ മരണം;മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

keralanews murukans death mistake happens from the side of medical college

കൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ചപറ്റിയെന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.റിപ്പോർട്ട്  അന്വേഷണ സംഘം  ഹൈക്കോടതിയിൽ സമർപ്പിച്ചു. ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മുരുകന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും പോലീസ് സമയം ചോദിച്ചിരിക്കുകയാണ്.കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു.ഓഗസ്റ്റ് ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.മെഡിക്കൽ കോളേജ് അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുരുകൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.

പെരുമ്പാവൂരിൽ നിന്നും 120 കിലോ കഞ്ചാവ് പിടികൂടി

keralanews 120kg of ganja seized from perumbavoor

പെരുമ്പാവൂർ:പെരുമ്പാവൂരിൽ നിന്നും 120 കിലോ കഞ്ചാവ് പിടികൂടി.സംഭവത്തിൽ മൂന്നുപേർ പോലീസ് പിടിയിലായി.അടിമാലി കമ്പിളിക്കണ്ടം സ്വദേശി വിനോദ്,കാഞ്ഞിരപ്പള്ളി സ്വദേശി ജോബി,തൃശൂർ സ്വദേശി മാത്യു എന്നിവരാണ് പോലീസ് പിടിയിലായത്.ആന്ധ്രായിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.ഇടുക്കിയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ഇവർ പോലീസ് പിടിയിലായത്.ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാനും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഈ വാനിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.സമീപകാലത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

നഴ്സുമാരുടെ ശമ്പള വർധന ശുപാർശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം

keralanews the minimum wages committee approves the reccomendation of the salary increase for nurses

തിരുവനന്തപുരം:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള ശുപാർശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം.എന്നാൽ ആശുപത്രി മാനേജ്‌മെന്റുകൾ ഈ തീരുമാനത്തിനോട് യോജിച്ചിട്ടില്ല.ഇക്കാര്യത്തിൽ വിജ്ഞാപനം  പുറപ്പെടുവിക്കാൻ ലേബർ കമ്മീഷണർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും.ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധനവ് നടപ്പിലാക്കാനാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

കോഴിക്കോട് കടലുണ്ടിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു

keralanews two persons died in boat accident in kozhikode kadalundi

കോഴിക്കോട്:കോഴിക്കോട് കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു.പറയന്റവിട വീട്ടിൽ അനീഷ്,വള്ളിക്കുന്ന് എണ്ണാകുളത്തിൽ നികേഷ് എന്നിവരാണ് മരിച്ചത്.കടലുണ്ടി വാവുത്സവം കാണാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു രണ്ടുപേരും.പുഴയിൽ ഫൈബർ ബോട്ടിൽ യാത്ര ചെയ്യവേ ബോട്ട് മറിയുകയായിരുന്നു.രണ്ടുപേർക്ക് മാത്രം കയറാൻ പറ്റിയ ബോട്ടിൽ ആറുപേർ കയറിയതാണ് ബോട്ട് മറിയാൻ കാരണം.ബോട്ടിലുണ്ടായിരുന്ന മറ്റു നാലുപേരെ മൽസ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.മരിച്ച രണ്ടുപേർക്കും നീന്തൽ അറിയില്ലായിരുന്നു.മൃതദേഹനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.