തിരുവനന്തപുരം: സഹപാഠികളോട് വഴക്കിട്ടെന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ സ്വകാര്യ സ്കൂളിലാണ് നടപടി.അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്പെൻഡ് ചെയ്തത്. അതേസമയം, കുട്ടിയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും സ്കൂളിലെ രക്ഷാകർതൃ സമിതി യോഗം ചേർന്നാണ് നടപടിയെടുത്തതെന്നും കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് പറഞ്ഞതെന്നും സ്കൂൾ പ്രൻസിപ്പാൾ അറിയിച്ചു.ഇക്കാര്യം അറിയിച്ചപ്പോൾ കുട്ടിയെ സസ്പെൻഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടുവെന്നും ഇത് തർക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് സസ്‌പെൻഡ് ചെയ്തു എന്ന നോട്ടീസ് നൽകിയതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടിയോട് അധ്യാപകർ ഈ നടപടി സ്വീകരിച്ചതെന്നും കുട്ടിയെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്നുൾപ്പെടെ മാറ്റിനിർത്തിയിരുന്നുവെന്ന് പിതാവും ആരോപിച്ചു.
തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി.രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാകില്ല.ജനം തീയേറ്ററുകളിൽ എത്തുന്നത് വിനോദത്തിനാണെന്നും കോടതി നിരീക്ഷിച്ചു.തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധിതമാക്കിയും ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു.ഇതിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പുതിയ നിർദേശം.ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ഉയർന്നു വന്നിരുന്നു. തീയേറ്ററിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ പോലീസ് കേസെടുക്കാൻ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല ചാമ്പ്യന്മാർ
കോട്ടയം:അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 258 പോയിന്റുമായി എറണാകുളം ജില്ല ഒന്നാമതെത്തി.184 പോയിന്റ് നേടിയ പാലക്കാട് ജില്ലാ രണ്ടാംസ്ഥാനത്തും 110 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി.75 പോയിന്റ് നേടിയ കോതമംഗലം മാർ ബേസിൽ സ്കൂളാണ് സ്കൂളുകളിൽ ഒന്നാമതെത്തിയത്.63 പോയിന്റുമായി കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ രണ്ടാമതും 57 പോയിന്റുമായി പാലക്കാട് പറളി സ്കൂൾ മൂന്നാമതുമെത്തി.
തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടൻ ദിലീപ്
കൊച്ചി:ജാമ്യത്തിൽ ഇറങ്ങിയത് മുതൽ താൻ സുരക്ഷാ ഭീഷണി നേരിടുന്നതായി നടൻ ദിലീപ്.എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഇവരുമായി കൂടിയാലോചന മാത്രമാണ് നടന്നതെന്നും താരം വ്യക്തമാക്കി.സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ ഏജൻസിയിലെ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും അവർ ആയുധ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ,സുരക്ഷാ ഏജൻസിയുടെ ലൈസൻസ് തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണസംഘം ഞായറാഴ്ചയാണ് ദിലീപിന് നോട്ടീസ് നൽകിയത്.കൂടാതെ ദിലീപ് സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കോലത്തുവയലിൽ സഹകരണ കൺസ്യൂമർ സ്റ്റോറിനും വായനശാലയ്ക്കും നേരെ അക്രമം
കല്യാശ്ശേരി:കോലത്തുവയലിൽ സഹകരണ കൺസ്യൂമർ സ്റ്റോറിനും വായനശാലയ്ക്കും നേരെ അക്രമം.സ്റ്റോറിന് പുറത്ത് സൂക്ഷിച്ചിരുന്ന ഉപ്പ് നിറച്ചിരുന്ന ചാക്കുകൾ നശിപ്പിക്കുകയും ഉപ്പുപൊടി സമീപത്താകെ വിതറുകയും ചെയ്തിരുന്നു.സ്റ്റോറിന്റെ വരാന്ത,മുറ്റം,വായനശാലയുടെ വരാന്ത,ഗോവണി,സിപിഎം കൊടിമര മണ്ഡപം എന്നിവയിലെല്ലാം ഉപ്പ് വാരിവിതറിയ നിലയിലാണ്.സാമൂഹ്യവിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്.സംഭവത്തിൽ വായനശാല അധികൃതരും സഹകരണ സ്റ്റോർ ഭാരവാഹികളും പരാതി നൽകി.
പാലയാട് ക്യാമ്പസിലെ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകന്റെ ബൈക്കും തകർത്തും
തലശ്ശേരി:കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകന്റെ ബൈക്ക് തകർത്തു.നിയമവിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി ജോയൽ വർഗീസിന്റെ ബൈക്കാണ് തകർത്തത്.ജോയൽ താമസിക്കുന്ന പാലയാട് ഹോമിയോ ഡിസ്പെന്സറിക്ക് സമീപത്തുള്ള ഗോകുലം എന്ന വീട്ടിൽ ബൈക്കെടുക്കാനായി പോയ ജോയലിന്റെ കൂട്ടുകാരാണ് വീട്ടുമുറ്റത്ത് ബൈക്ക് തകർത്തതായി കണ്ടത്.ജോയലിന്റെ സഹോദരൻ നിഖിലിന്റെ ഉടമസ്ഥതിയിലുള്ളതാണ് ബൈക്ക്.20000 രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.
മാഹി തിരുനാളിന് കൊടിയിറങ്ങി
മാഹി:മാഹി സെന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ ‘അമ്മ ത്രേസ്യയുടെ തിരുനാളിന് ഇന്നലെ കൊടിയിറങ്ങി.പതിനായിരക്കണക്കിന് ആളുകളാണ് തിരുനാളിനായി എത്തിയത്. സമാപന ദിവസമായ ഇന്നലെ ഉച്ചയോടെ വിശുദ്ധ ‘അമ്മ ത്രേസ്യയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടന്നു.ഇതിനു ശേഷം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച രൂപം ഇടവക വികാരി ഡോ.ജെറോം ചിങ്ങത്തറയുടെ കാർമികത്വത്തിൽ രഹസ്യ അറയിലേക്ക് മാറ്റി.
തലശ്ശേരി-ഇരിട്ടി റൂട്ടിൽ 12 കെഎസ്ആർടിസി ചെയിൻ സർവീസുകൾക്ക് അനുമതി
കണ്ണൂർ:കണ്ണൂർ ജില്ലയിൽ 12 കെഎസ്ആർടിസി ചെയിൻ സർവീസുകൾക്ക് അനുമതി നൽകി.ഇരിട്ടി-തലശ്ശേരി റൂട്ടുകളിലായിരിക്കും ഇവ സർവീസ് നടത്തുക.15 മിനിറ്റ് ഇടവിട്ടായിരിക്കും ബസുകൾ ഓടുക.മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിട്ടിയിലേക്ക് ബസുകൾ അനുവദിച്ചത്.ജില്ലയിൽ അൻപതോളം സർവീസുകൾ തുടങ്ങാനുള്ള നിർദേശം വിവിധ ഡിപ്പോകൾ വഴി കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്.പുതിയ ബസുകൾ അനുവദിക്കുന്ന മുറയ്ക്കാകും സർവീസുകൾ തുടങ്ങുക.നവംബർ മാസം പകുതിയോടെ ശബരിമല മണ്ഡല കാലത്തിന്റെ ഭാഗമായി പുതിയ 100 ബസുകൾ കെഎസ്ആർടിസി ഇറക്കുന്നുണ്ട്.ഇതോടെ കൂടുതൽ ബസുകൾ മലബാർ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. തലശ്ശേരിയിൽ നിന്നും സർവീസ് തുടങ്ങുന്ന മുറയ്ക്ക് പുതിയ ബസ്സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും.ചുരുങ്ങിയത് മൂന്നു ട്രാക്കെങ്കിലും കെഎസ്ആർടിസിക്ക് വേണ്ടിവരുമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഒരു ട്രാക്ക് മാത്രമാണ് കെഎസ്ആർടിസിക്ക് ഉള്ളത്.
കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്ര കണ്ണൂരിൽ
കണ്ണൂർ:സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതയാത്രയ്ക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം.ശനിയാഴ്ച്ച കാസർകോടുനിന്നാരംഭിച്ച ജനജാഗ്രത യാത്ര ഞായറാഴ്ച ചട്ടഞ്ചാലിൽ നിന്നാണ് പര്യടനം തുടങ്ങിയത്.കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിൽ എൽഡിഎഫ് നേതാക്കളായ പി.ജയരാജൻ,പി.സന്തോഷ് കുമാർ,വി.രാജേഷ് പ്രേം,കെ.കെ.ജയപ്രകാശ്,വി.വി. കുഞ്ഞികൃഷ്ണൻ,സി.വി ശശീന്ദ്രൻ തുടങ്ങിയവർ കോടിയേരിയെ സ്വീകരിച്ചു.യാത്ര തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് ശ്രീകണ്ഠപുരത്ത് നിന്നാരംഭിച്ച് മട്ടന്നൂർ,പിണറായി,പാനൂർ,തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം ആറുമണിക്ക് കണ്ണൂരിൽ എത്തിച്ചേരും.ചൊവ്വാഴ്ച പേരാവൂർ മണ്ഡലത്തിൽ ഇരിട്ടിയിലെ പരിപാടിക്ക് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
കർണാടകയിൽ 100 സിസിയിൽ കുറവുള്ള ബൈക്കുകളിൽ ഇനി മുതൽ പിൻസീറ്റുയാത്രയില്ല
ബെംഗളൂരു:കർണാടകയിൽ 100 സിസിയിൽ കുറവുള്ള ബൈക്കുകളിൽ ഇനി മുതൽ പിൻസീറ്റുയാത്ര അനുവദിക്കില്ല.ഇതിനായി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് കർണാടക സർക്കാർ.അതേസമയം സ്ത്രീകൾ ഉപയോഗിക്കുന്ന മിക്ക ഇരുചക്ര വാഹനങ്ങളും 100 സിസിയിൽ കുറവാണ്.അതിനാൽ വിലക്കുപരിധി 50 സിസിയിലേക്ക് കുറയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.100 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹങ്ങളിൽ പിൻസീറ്റ് യാത്ര നിരോധിച്ചു കർണാടക സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങൾക്കായിരിക്കും നിയമം ബാധകമായിരിക്കുകയെന്നും നിലവിലുള്ള വാഹനങ്ങളെ ഈ നിയമം ബാധിക്കില്ലെന്നും ട്രാൻസ്‌പോർട് കമ്മീഷണർ ബി.ദയാനന്ദ പറഞ്ഞു.