കണ്ണൂർ:അക്ഷയ ഇ കേന്ദ്രങ്ങൾ എന്ന പേരിൽ അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ ഈ മാസം 26 ന് അടച്ചിടും.ഇ ഗവേണൻസ് സർവീസുകൾ അക്ഷയയിലൂടെ മാത്രം നടപ്പാക്കുക,അക്ഷയ സെന്ററുകൾക്ക് സബ്‌സെന്ററുകൾ അനുവദിക്കുക,വ്യാജ ജനസേവന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുക,ആധാർ ഫണ്ട് വിനിയോഗം വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി 26 ന് ഐ.ടി മിഷൻ മാർച്ചും നടക്കും.
ആറളത്ത് വീണ്ടും കാട്ടാന ശല്യം;ചെക്ക് ഡാമും തെങ്ങുകളും നശിപ്പിച്ചു
ആറളം:ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം.കഴിഞ്ഞ ദിവസം ഫാമിന്റെ അതിർത്തിയിലെ ആനമതിൽ തകർത്ത കാട്ടാനക്കൂട്ടം ഫാമിന്റെ അധീനതയിലുള്ള ചെക്ക് ഡാം നശിപ്പിച്ചു.പ്രദേശത്തെ ഏഴു തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി.തെങ്ങുകൾ വീണു ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.നേരത്തെ നാല് ആനകളടങ്ങിയ ഒരു കൂട്ടം ഫാമിനകത്ത് മാസങ്ങളായി താവളമടിച്ചിരുന്നു.ഇവയെ കൂടാതെ രണ്ടു ആനകളും കൂടി ഫാമിലേക്ക് പ്രവേശിച്ചു.കഴിഞ്ഞ ദിവസം ആനമതിൽ തകർത്ത ഭാഗത്തു കൂടിയാണ് പുതിയ സംഘം ഫാമിനകത്തേക്ക് പ്രവേശിച്ചത്.ഫാമിന്റെ ഒന്നാം ബ്ലോക്കിൽ പൂർണ്ണമായും രണ്ടാം ബ്ലോക്കിൽ ഭാഗികമായും ജലസേചന സൗകര്യം നൽകുന്ന ചെക്ക് ഡാം ആണ് നശിപ്പിക്കപ്പെട്ടത്.ഇതോടെ ജലസേചന സൗകര്യം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.ആറളം വന്യജീവി സങ്കേതത്തെ ജനവാസ മേഖലയുമായി വേർതിരിക്കുന്ന ആനമതിൽ തകർന്നതോടെ ആദിവാസികൾ ഭീതിയിലാണ് കഴിയുന്നത്.പുനരധിവാസ മേഖലയിൽ കാടുമൂടി കിടക്കുന്ന പ്രദേശത്ത് പകൽ സമയത്ത് നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം രാത്രിയോടെ ഫാമിലേക്ക് പ്രവേശിക്കും.ജനവാസ മേഖലയിൽ ഇറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ഒരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. ഇതോടെ രാത്രി വീടിനുള്ളിൽ പോലും സുരക്ഷിതമായി കഴിയാൻ സാധിക്കുന്നില്ല എന്നാണ് ആദിവാസികൾ പറയുന്നത്.
ഐ.വി ശശിയുടെ ശവസംസ്‌കാരം ഇന്ന് വൈകുന്നേരം ആറു മണിക്ക് ചെന്നൈയിൽ
കൊച്ചി:പ്രശസ്ത സംവിധായകൻ ഐ.വി ശശിയുടെ ശവസംസ്‌കാരം ഇന്ന് വൈകുന്നേരം ആറു മണിക്ക് ചെന്നൈയിൽ നടക്കും.സാലിഗ്രാമം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം ആറുമണിക്ക് പൊരൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കും.അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഐ.വി ശശി ചൊവ്വാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്.പ്രശസ്ത നടി സീമയാണ് ഭാര്യ. അനി,അനു എന്നിവർ മക്കളാണ്.മകളെ കാണാൻ ചൊവ്വാഴ്ച വൈകിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന്
യു.എസ്:യു എസ്സിലെ ടെക്‌സാസിൽ കാണാതായ ഷെറിൻ മാത്യൂസ് എന്ന കുട്ടി മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചതുമൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണെന്നു കുട്ടിയുടെ വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ വെളിപ്പെടുത്തൽ.പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി.തുടർന്ന് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു .പാൽ കുടിക്കാത്തതിനാൽ കുട്ടിയെ പുറത്തു നിർത്തിയിരുന്നു എന്നും കുറച്ചുനേരം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിയെ കാണാതായി എന്നുമാണ് വെസ്ലി ആദ്യം പൊലീസിന് മൊഴി നൽകിയത്.ഹൂസ്റ്റണിൽ വെസ്ലിയും കുടുംബവും താമസിക്കുന്ന സ്ഥലത്തു നിന്നും ഒരുകിലോമീറ്റർ അകലെനിന്നും ഷെറിന്റെത് എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിരുന്നു.മൃതദേഹത്തിൽ കുട്ടിക്ക് ക്രൂരമായ പീഡനങ്ങൾ ഏറ്റതിന്റെ അടയാളങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.മൂന്നാഴ്ച മുൻപാണ് വെസ്ലി മാത്യു-സിനി ദമ്പതികളുടെ മകൾ ഷെറിനെ കാണാതായത്.ബീഹാറിലെ അനാഥാലയത്തിൽ നിന്നും ഇവർ എടുത്തു വളർത്തിയ കുട്ടിയാണ് ഷെറിൻ.
തളിപ്പറമ്പിലെ മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ മരണം;അഭിഭാഷകയും ഭർത്താവും അറസ്റ്റിൽ
കണ്ണൂർ:തളിപ്പറമ്പിലെ മുൻ സഹകരണ ഡെപ്യൂട്ടി റെജിസ്ട്രർ പി.ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയും ഭർത്താവും അറസ്റ്റിൽ.തൃശൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.മനപ്പൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്.ബാലകൃഷ്ണന്റെ സംരക്ഷണാവകാശം ഏറ്റെടുത്തു സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു.ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വല്ലാർപാടം ടെർമിനലിൽ നിന്നും രക്തചന്ദനം പിടികൂടി
കൊച്ചി:വല്ലാർപാടം തുറമുഖത്തു നിന്നും അനധികൃതമായി കയറ്റി അയക്കാൻ ശ്രമിച്ച രണ്ട് കണ്ടൈനർ രക്തചന്ദനം കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിൽ പിടികൂടി.മുംബൈ സ്വദേശിയുടേതാണ് ചരക്കെന്നാണ് സൂചന.കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
മദ്യപിച്ച് വാഹനമോടിച്ച 40 സ്കൂൾ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
കൊച്ചി:മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച 40പേരെ അറസ്റ്റ് ചെയ്തു. കൊച്ചി റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരിൽ നടന്ന മിന്നല്‍ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തിയത്. കൊച്ചി റേഞ്ചിന് കീഴില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. രാവിലെ 6.30 മുതല്‍ 9 മണിവരെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 52 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതുമടക്കം ഇരുനൂറില്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിയമനലംഘനം നടത്തിയവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുക്കുന്നതിന് പുറമേ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ഐ ജി പറഞ്ഞു.സ്കൂളുകള്‍ നേരിട്ട് നടത്തുന്ന വാഹനങ്ങളടക്കം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഡൽഹിയിൽ മലയാളി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായി
ന്യൂഡൽഹി:ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ മലയാളി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികളെ കാണാതായി.ഡൽഹി കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ ഇരുവരെയും ഇന്നലെ രാത്രി എട്ടുമണി മുതലാണ് കാണാതായത്.ഇന്നലെ വൈകുന്നേരം ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായാണ് ഇരുവരും താമസസ്ഥലത്തുള്ള കടയിലേക്ക് പോയത്.വളരെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.കുട്ടികൾ കടയിൽ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എന്നാൽ ഇവർ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കോഴിക്കോട് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്:തൊണ്ടയാട്-രാമനാട്ടുകര ബൈപാസിൽ അജ്ഞത വാഹനം ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.കിനാലൂർ മഠത്തിൽ കോവിലകം ഭാസ്കരന്റെ മകൻ വൈഷ്ണവ്(22),സുഹൃത്ത് കിനാലൂർ തോടത്തിൽ ഹൗസിൽ ശിവദാസന്റെ മകൻ വിപിൻദാസ്(24) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ 2.45 ന് മാമ്പുഴ പാലത്തിനു സമീപത്താണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.പരിക്കേറ്റ ഇവരെ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.വിപിൻദാസിന്റെ അമ്മയുടെ തൃശ്ശൂരുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
സ്വകാര്യ ഏജൻസിയുടെ സുരക്ഷ;ദിലീപ് നൽകിയ വിശദീകരണം തൃപ്തികരമെന്ന് പോലീസ്
കൊച്ചി:സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയെന്ന വിഷയത്തിൽ നടൻ ദിലീപ് നൽകിയ വിശദീകരണം തൃപ്തികമാണെന്നു ആലുവ റൂറൽ എസ് പി എ.വി ജോർജ്. ഏതൊരു ഏജൻസിക്കും ലൈസൻസുണ്ടെങ്കിൽ ആയുധങ്ങൾ കൊണ്ടുവരാവുന്നതാണ്. അക്കാര്യം പോലീസിനെ അറിയിക്കണമെന്ന് മാത്രമേ ഉള്ളൂ എന്നും പോലീസിൽ നിന്നും ദിലീപ് സുരക്ഷാ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.വി ജോർജ് വ്യക്തമാക്കി.ജാമ്യത്തിലിറങ്ങിയതിനു ശേഷം തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണ് ദിലീപ് നൽകിയ വിശദീകരണം.ഏജൻസിയുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തതതെന്നും ദിലീപ് വ്യക്തമാക്കി