കാഞ്ഞങ്ങാട് സ്കൂട്ടറിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്കൂട്ടറിൽ ബസ്സിടിച്ച് കല്ലുകെട്ട് തൊഴിലാളി മരിച്ചു.പയ്യന്നൂർ സ്വദേശിയും മടിക്കൈ മലപ്പച്ചേരി ഉമിച്ചിയിൽ താമസക്കാരനുമായ പി.വി ഭാസ്കരനാണ്(56) മരിച്ചത്.ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മടിക്കൈ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഉമ്മിച്ചിയിലെ കെ.ടി സതീശനെ(40) ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാസ്കരൻ ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടറിൽ കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഓമനയാണ് മരിച്ച ഭാസ്കരനറെ ഭാര്യ.മക്കൾ;ഷൈനി,നിഷ.
സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി.2018 മാർച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.നേരത്തെ ഇത് 2017 ഡിസംബർ 31 വരെയായിരുന്നു.സുപ്രീം കോടതിയിൽ ആധാർ സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.ആധാർ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടപ്പെടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധിതമാക്കിയതിനെതിരായുള്ള എല്ലാ ഹർജികളും കോടതി ഒക്ടോബർ 30 നു പരിഗണിക്കും.
ഐ.എസ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു മലയാളികൾ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ:പാക്കിസ്ഥാൻ തീവ്രവാദ സംഘടനയായ ഐ എസ്സുമായി ബന്ധമുള്ള മൂന്നുപേരെ കണ്ണൂരിൽ അറസ്റ്റ് ചെയ്തു.വളപട്ടണം,ചക്കരക്കൽ സ്വദേശികളാണ് പിടിയിലായത്.ഐ എസ് സംഘടനയിൽ ചേർന്ന ഇവർ തുർക്കിയിലായിരുന്നു.നാട്ടിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്
ചാലക്കുന്നിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ
ചാല:ചാലക്കുന്നിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി.ഈ പ്രദേശങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്.തിങ്കളാഴ്ച്ച രാത്രിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.25 ഗ്രാം മയക്കുമരുന്നുമായാണ് ഒരാൾ പിടിയിലായത്.എക്‌സൈസ് സംഘത്തെ കണ്ട ഒരു സംഘം കടന്നു കളഞ്ഞതായും സംശയിക്കുന്നു.മറ്റു ജില്ലയിലെ രെജിസ്ട്രേഷൻ ഉള്ള വാഹങ്ങളും ഇവിടെ ഉണ്ടായിരുന്നു.ഇതും ഉടനെ തന്നെ കടന്നു കളഞ്ഞു.രാത്രിയിൽ മയക്കുമരുന്നുമായി ഇവിടെയെത്തുന്ന സംഘം ആവശ്യക്കാർക്കും ഏജന്റുമാർക്കും ഇത് കൈമാറുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ നടക്കുന്ന മയക്കുമരുന്ന് വിൽപ്പന രക്ഷിതാക്കളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
സ്കൂട്ടർ യാത്രക്കാരന്റെ മൂന്നരലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി
പാനൂർ:സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി മൂന്നര ലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പാറാട്-ചെറുവാഞ്ചേരി റോഡിൽ മീത്തലെ കുന്നോത്ത്പറമ്പ് ചേരിക്കൽ കിടാരിയിലാണ് സംഭവം.മൽസ്യ വ്യാപാരിയായ ഷറഫുദീന്റെ പണമാണ് കവർന്നത്.ഇയാൾ പാനൂരിലെ മീൻകടയിൽ നിന്നും ശേഖരിച്ച രണ്ടുലക്ഷം രൂപയും,പാറാട്ടെ കടയിൽ നിന്നും വാങ്ങിയ ഒരുലക്ഷം രൂപയും കയ്യിലുണ്ടായിരുന്ന 50,000 രൂപയുമാണ് തട്ടിപ്പറിച്ചതെന്നാണ് പരാതി.ചെറുവാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഷറഫുദീനെ കാറിലെത്തിയ രണ്ടുപേരും മുഖം മൂടി ധരിച്ചു ബൈക്കിലെത്തിയ മൂന്നുപേരും ചേർന്ന് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം പണം കവരുകയായിരുന്നു.കാർ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
ഹാജി റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കോർപറേഷൻ ഓഫീസ് ഉപരോധിച്ചു
കണ്ണൂർ:മുനീശ്വരൻ കോവിലിനു സമീപം ഹാജി റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കോർപറേഷൻ ഓഫീസ് ഉപരോധിച്ചു.സി ഐ ടി യു,എസ് ടി യു,ഫുഡ് ഗ്രൈൻ മെർച്ചന്റസ് അസോസിയേഷൻ,ബനാന മർച്ചന്റ് അസോസിയേഷൻ,വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് ഉപരോധത്തിൽ പങ്കെടുത്തത്.കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ ഓടയിൽ നിറഞ്ഞതോടെ നിരവധി പരാതികൾ തൊഴിലാളി സംഘടനകളും പരിസരവാസികളും ഉയർത്തിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ കോർപറേഷൻ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.സംഭവത്തിൽ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹർത്താലുൾപ്പെടെയുള്ളവ നടത്തുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.തുടർന്ന് പ്രശ്നത്തിന് ഉടൻ പരിഹാരം കാണാം എന്ന കോർപറേഷൻ സെക്രെട്ടറിയുടെ ഉറപ്പിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു പോവുകയായിരുന്നു.
തലശ്ശേരി ബ്രെണ്ണൻ കോളേജിൽ എബിവിപി ജില്ലാ കൺവീനർക്ക് മർദനമേറ്റു
തലശ്ശേരി:തലശ്ശേരി ഗവ.ബ്രെണ്ണൻ കോളേജിൽ എബിവിപി ജില്ലാ കൺവീനർക്ക് മർദനമേറ്റു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി പി.പി പ്രിജുവിനാണ് മർദനമേറ്റത്.ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാമ്പസിനുള്ളിൽ വെച്ച് ഒരു സംഘം വിദ്യാർത്ഥികളാണ് പ്രിജുവിനെ മർദിച്ചത്.ബോധരഹിതനായി വീണ പ്രിജുവിനെ ഏറെനേരത്തിനു ശേഷം ധർമടം പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിനു പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്ന് എബിവിപി ആരോപിച്ചു.
ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കും
കണ്ണൂർ:ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടർവൽക്കരിക്കും.ഇനി മുതൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. ഇതിനായി ഒരു ഏകീകൃത സംവിധാനം നിലവിൽ വരുന്നു.ഭൂമി സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന്റെ ഉൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ഭൂമി സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള അപേക്ഷ ഫോറം കലക്റ്റർ മിർ മുഹമ്മദലി മന്ത്രിക്ക് കൈമാറി.ഭൂനികുതി ഓൺലൈനായി അടയ്ക്കുന്നതിന്റെ ജില്ലാതല ഉൽഘാടനവും മന്ത്രി നിർവഹിച്ചു.വിവര ശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലയിലെ നാലു താലൂക്കുകളിലെ രണ്ടു വീതം വില്ലേജുകളിൽ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും.നാറാത്ത്,വലിയന്നൂർ,പെരന്തളം, പെരിന്തട്ട,പന്ന്യന്നൂർ,പാനൂർ, കീഴൂർ,തില്ലങ്കേരി എന്നീ വില്ലേജുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക.പങ്കെടുക്കുന്നവർ വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷ ഫോമുകൾ പൂരിപ്പിച്ചു നൽകണം.ഇതിനൊപ്പം ഭൂനികുതി അടച്ച രശീതിയുടെ പകർപ്പും സമർപ്പിക്കണം.ക്യാമ്പിലേക്ക് വരുമ്പോൾ ഭൂമിയുടെ ഒറിജിനൽ രേഖയും(രേഖ പണയത്തിലാണെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്),ആധാർ കാർഡും കൊണ്ടുവരണം.ഒരു വില്ലേജിലെ ഒരു ദേശത്തിന്റെ പരിധിയിൽ ഒരാൾ കൈവശം വെയ്ക്കുന്ന എല്ലാ ഭൂമിയുടെയും വിവരങ്ങൾ ഒരു അപേക്ഷയിൽ ഉൾപ്പെടുത്തണം.
കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ ബ്ലോക്ക് തുറക്കും
കണ്ണൂർ:കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ ബ്ലോക്ക് തുറക്കും നവംബർ 14 ശിശുദിനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.ഇഷ്ട്ട കാർട്ടൂൺ കഥാപാത്രങ്ങളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഇവിടെ ഒരുക്കും.പരാതിയുമായി വരുന്നവർ,കേസുകളിൽ അകപ്പെട്ടവർ,പ്രത്യേക പരിഗണന കിട്ടേണ്ട കേസുകളിലെ കുട്ടികൾ തുടങ്ങിയവർക്ക് ഇനി പേടിക്കാതെ സ്റ്റേഷനിലേക്ക് വരാം.പുസ്തകങ്ങൾ വായിക്കാനും ടി.വി കാണാനുമുള്ള സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ഇതിനു പുറമെ കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കായി പഞ്ഞിക്കിടക്കയുമുണ്ട്.ഒപ്പം തൊട്ടിലും ശുചിമുറിയും വിശാലമായ വിശ്രമമുറിയും ഒരുക്കും.കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള പ്രത്യേക മുറിയും സജ്ജമാക്കും. ലൈബ്രറി സൗകര്യവും ഉണ്ടാകും.അരക്ഷിത സാഹചര്യങ്ങളിൽ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ടിവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണു ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കുന്നതിന് എസ്.ഐ ഷൈജു പറഞ്ഞു.കണ്ണൂർ കൂടാതെ സംസ്ഥാനത്തെ മറ്റ് ആറ് ടൌൺ സ്റ്റേഷനുകളും ശിശുസൗഹൃത സ്റ്റേഷനാകാൻ ഒരുങ്ങുന്നുണ്ട്. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്കിന്റെ സംസ്ഥാനതല ഉൽഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം.