കണ്ണൂർ:ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യ സൂത്രധാരകൻ അടക്കം രണ്ടുപേർ കൂടി കണ്ണൂരിൽ അറസ്റ്റിൽ. തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഐഎസിന്‍റെ പരിശീലനം ലഭിച്ച മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കേരളത്തിൽ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്‍റ് ഹംസയാണെന്ന് പോലീസ് പറഞ്ഞു. താലിബാൻ ഹംസ എന്നറിയപ്പെടുന്ന ഇയാൾ 20 വർഷമായി ദുബായിലാണ് താമസം. ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ അന്താരാഷ്ട്ര നേതൃത്വവുമായി അടുത്തബന്ധം ഇയാൾക്കുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ബിരിയാണി ഹംസ എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയാറാക്കുന്നത്. തീവ്ര ഇസ്‌ലാം ചിന്താഗതികളും ജിഹാദി സന്ദേശങ്ങളും യുവാക്കളിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽമുജാഹിർ എന്ന പേരിൽ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.അറസ്റ്റിലായ മനാഫ് ഐഎസിൽ ചേരുവാൻ സിറിയയിലേക്ക് പോകുന്നവഴി മംഗലാപുരത്ത് വച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായിരുന്നു. പിന്നീട് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നു വരുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്.
പാപ്പിനിശ്ശേരി ശിവ ക്ഷേത്രത്തിൽ കവർച്ച
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി ശിവ ക്ഷേത്രത്തിൽ കവർച്ച.ചുറ്റമ്പലത്തിനുള്ളിൽ കടന്ന മോഷ്ട്ടാവ് സ്റ്റീൽ ഭണ്ഡാരം തകർത്ത് പണം കവർന്നു.ക്ഷേത്രം ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 3500 രൂപയും കവർന്നു.ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവർച്ച നടന്നതായി കണ്ടെത്തിയത്.ചുറ്റമ്പലത്തിലേക്ക് കടക്കുന്നതിനു മൂന്നു വാതിലുകൾ ഉണ്ടെങ്കിലും അതൊന്നും തകർക്കാതെയാണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്. ചുറ്റമ്പലത്തിന്റെ മേൽക്കൂര തകർത്താണ് അകത്തുകടന്നതെന്നാണ് സംശയിക്കുന്നത്. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.രണ്ടുവർഷം മുൻപും ക്ഷേത്രത്തിൽ മൂന്നു തവണ കവർച്ച നടന്നിരുന്നു.
താഴെചൊവ്വയിൽ പുതിയ പാലം;പൈലിങ് പണി പൂർത്തിയായി
കണ്ണൂർ:താഴെചൊവ്വയിൽ പുതിയതായി നിർമിക്കുന്ന പാലത്തിന്റെ പൈലിങ് പണി പൂർത്തിയായി.പഴയപാലത്തിൽ നിന്നും ഒന്നരമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് 20 മീറ്റർ നീളത്തിൽ പുതിയ പാലം നിർമിക്കുന്നത്.ഇരുവശങ്ങളിലുമായി എട്ടുവീതം പൈലിംഗാണ് നടത്തിയത്.പൈലിങ്ങിന് ക്യാപ് പണിയുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. നടപ്പാത ഉൾപ്പെടെ 9.80 മീറ്റർ വീതിയുള്ള പാലം നിലവിൽ വരുന്നതോടെ താഴെചൊവ്വ മുതൽ മേലേചൊവ്വ വരെ നീളുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും.കണ്ണൂർ ഭാഗത്ത് 70 മീറ്ററും തലശ്ശേരി ഭാഗത്ത് 30 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമിക്കും.നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള തിരക്കിട്ട ജോലികളാണ് നടക്കുന്നത്.
കണ്ണൂർ വിമാനത്താവളം;നിർമാണപ്രവർത്തികൾ വേഗത്തിലായി
മട്ടന്നൂർ:മഴ മാറിയതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലായി.ഈ വർഷം അവസാനത്തോടെ പണികൾ കഴിയുന്നത്ര പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.മഴ,ദീപാവലി എന്നിവയെ തുടർന്ന് നാട്ടിലേക്ക് പോയ മറുനാടൻ തൊഴിലാളികൾ മിക്കവരും തിരിച്ചെത്തിയിട്ടുണ്ട്.മഴമൂലം മാറ്റിവെച്ച റൺവെ സുരക്ഷാ മേഖലയുടെയും സുരക്ഷാ മതിലിന്റെയും നിർമാണം ഉടൻ ആരംഭിക്കും.ടെർമിനൽ കെട്ടിടത്തിന്റെ അകത്തള ജോലി ഏതാണ്ട് പൂർത്തിയായി.മാർച്ചോടെ മുഴുവൻ പണികളും പൂർത്തിയാകും.പദ്ധതി പ്രദേശത്തെ അനുബന്ധ റോഡുകളുടെയും ചുറ്റുമതിലിന്റെയും നിർമാണം അവസാന ഘട്ടത്തിലാണ്.റൺവെ സുരക്ഷാ മേഖലയുടെ നിർമാണം ജനുവരിയിൽ പൂർത്തിയാക്കും.എയർ കാർഗോ കോംപ്ലക്സ്,സിഐഎസ്എഫ് കെട്ടിടം,കിയാൽ ഓഫീസ് കോംപ്ലക്സ്,അനുബന്ധ ലൈറ്റിംഗ് സംവിധാനം എന്നിവയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്. വിമാനത്താവളത്തോടനുബന്ധിച്ചുള്ള കാർ പാർക്കിങ്,ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ,മൾട്ടിപ്ലെക്സ്,വൈ ഫൈ എന്നിവയ്ക്കായുള്ള ടെണ്ടർ നടപടികളും ആരംഭിച്ചു. വിമാനത്താവളത്തിന്റെ സമീപന ലൈറ്റ് സ്ഥാപിക്കുന്നതിനായി കല്ലേരിക്കര,പറോപ്പൊയിൽ എന്നിവിടങ്ങളിൽ 7.5 ഏക്കർ സ്ഥലം ഏറ്റെടുക്കും.
ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനി മരിച്ചു
കാസർകോഡ്:സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനി മരിച്ചു.ബദിയടുക്ക കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥിനി ഉഷാലതയാണ്(21) മരിച്ചത്.ചെടിക്കാനത്തെ പരേതനായ ചുക്രപ്പയുടെയും മീനാക്ഷിയുടെയും മകളാണ്.നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസിൽ നിന്നും മുൻവാതിൽ തുറന്ന് റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു.പരിക്കേറ്റ ഉഷയെ തൊട്ടുപിന്നാലെ വന്ന കാറിൽ ബദിയടുക്കയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നെക്രാജെക്കും പൊയ്യക്കണ്ടത്തിനും ഇടയിലുള്ള വളവിലെത്തിയപ്പോൾ ബസിന്റെ വാതിൽ തുറന്നു പോവുകയായിരുന്നു.അശ്രദ്ധമായി ഓടിച്ചു ജീവഹാനിയുണ്ടാക്കിയതിനു ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ബസും കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് ശേഷമാണ് ഉഷയ്ക്ക് ക്ലാസ്.ഉച്ചവരെ ബദിയടുക്കയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജോലിചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഉഷ പഠിച്ചിരുന്നത്.മാർച്ചിൽ ബാറഡുക്കയിലെ ഒരു യുവാവുമായി വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.മൃതദേഹം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം വീട്ടു വളപ്പിൽ സംസ്‌ക്കരിച്ചു.
മുത്തലാഖ് ഇനി മുതൽ ക്രിമിനൽ കുറ്റം;ഐപിസി ഭേദഗതി ചെയ്യും
ന്യൂഡൽഹി:ഇസ്ലാം സമുദായത്തിൽ നിലനിൽക്കുന്ന മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ ശിക്ഷ നിയമം ഭേദഗതി ചെയ്യുന്നു.മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്രം ഇനി പുതിയ നിയമം ഉണ്ടാക്കില്ല.ഐപിസി 497 ആം വകുപ്പിന് തുടർച്ചയായി പുതിയൊരു ഉപവകുപ്പ് 497(എ) കൂട്ടിച്ചേർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.ഇത് പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയാൽ മൂന്നു വർഷത്തെ തടവ് ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഓഗസ്റ്റ് 22 ന് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചതിനു ശേഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ക്രിമിനൽ കുറ്റമാക്കുന്നത്. ഇതിനുള്ള ബിൽ മന്ത്രിസഭയുടെ അനുമതിക്ക് ശേഷം പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും. മറ്റൊരാളുടെ ഭാര്യയുമായി അവിഹിത വേഴ്ച നടത്തുന്നത് കുറ്റകരമാക്കുന്ന വകുപ്പാണ് ഐപിസി 497.ഈ വകുപ്പ് പുരുഷന്മാർക്ക് മാത്രമാണ് ബാധകം.ഈ വകുപ്പിന് അനുബന്ധമായി 497 എ എന്ന ഉപവകുപ്പ് ഉണ്ടാക്കുന്നതാണ് പുതിയ ഭേദഗതി നിർദേശം. ഇതനുസരിച്ച് ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.
ഐ.എസ് ബന്ധം;മലയാളിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ:ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടർന്ന് ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശി മുഹമ്മദ് ഇസ്മായിൽ മൊഹിയുദ്ധീൻ എന്ന ഷാജഹാൻ വെള്ളുവ ക്കണ്ടിയെയാണ് ചോദ്യം ചെയ്യലിനായി എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്.നാലു ദിവസത്തേക്കാണ് കസ്റ്റഡി.വ്യാജപ്പേരിൽ ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ച ഇയാൾ തുർക്കിയിലേക്കും സിറിയയിലേക്കും പോയതായാണ് ആരോപണം.കഴിഞ്ഞ വർഷം ജൂണിൽ ഭാര്യയോടൊപ്പം തുർക്കിയിലേക്ക് പോയ ഇയാൾ അവിടെ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കവേ തുർക്കി അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.
ആലക്കോട് കോൺഗ്രസ് ഓഫീസിനു മുന്നിലെ നെഹ്‌റു പ്രതിമ തകർത്തു;കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
ആലക്കോട്:ആലക്കോട് കോൺഗ്രസ് ഓഫീസിനു മുന്നിലെ നെഹ്‌റു പ്രതിമ തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.വെള്ളാട് ആശാൻകവല ചെമ്പുവെച്ചമൊട്ട സ്വദേശി കാക്കല്ലിൽ റോയിയെയാണ് അറസ്റ്റ് ചെയ്തത്.ഐ ഗ്രൂപ്പുകാരനായ റോയിക്ക് എ ഗ്രൂപ്പിനോടുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.ഒരാഴ്ച മുൻപ് പ്രദേശത്തു സ്ഥാപിച്ച ഐ എൻ ടി യു സിയുടെ ബോഡുകളും കോൺഗ്രസ് ഓഫീസിനു മുന്നിലെ കൊടിമരങ്ങളും നശിപ്പിച്ചത് താനാണെന്ന് ഇയാൾ വെളിപ്പെടുത്തി.റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോകും വഴിയാണ് അക്രമം നടത്തിയത്.അതേസമയം മദ്യപാനിയായ ഇയാളെക്കൊണ്ട് കോൺഗ്രസിലെ ഒരു വിഭാഗം അക്രമം നടത്തിച്ചതാണെന്ന ആരോപണവുമുണ്ട്.റോയിക്ക് മാനസിക പ്രശ്നം ഉള്ളതായും പറയപ്പെടുന്നുണ്ട്.കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
ഡൽഹിയിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെയും കണ്ടെത്തി
ന്യൂഡൽഹി:ഡൽഹിയിൽ നിന്നും കാണാതായ മലയാളി ഉൾപ്പെടെ രണ്ടു വിദ്യാർത്ഥിനികളെ കണ്ടെത്തി.ഉത്തർപ്രദേശിലെ ധനാപൂരിൽ നിന്നാണ് അബോധാവസ്ഥയിൽ യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇവരെ കണ്ടെത്തിയത്.മലയാളിയായ അഞ്ജലി,സുഹൃത്ത് സ്തുതി എന്നിവരെയാണ് കാണാതായത്.പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് ഇവരുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.ഇതിനെ തുടർന്ന് ഡൽഹി-പട്ന റൂട്ടിൽ ധനാപൂർ സ്റ്റേഷനിൽ ഇരുവരും ഇറങ്ങിയ വിവരം പഴക്കച്ചവടക്കാർ യു.പി പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ധനാപൂർ ഗ്രാമത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇതിൽ ഒരു പെൺകുട്ടി തൃശൂർ സ്വദേശിനിയാണ്. കൂടെയുള്ള പെൺകുട്ടി ബീഹാർ സ്വദേശിനിയാണ്.ലഹരി സംഘത്തിന് ഇവരുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
തളിപ്പറമ്പ് എസ്ബിഐയിൽ ആധാര്‍ സേവനകേന്ദ്രം തുറന്നു
തളിപ്പറമ്പ്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തളിപ്പറമ്പ് ടൗണ്‍ ശാഖയില്‍ പുതിയ ആധാര്‍ എടുക്കാനും നിലവിലുള്ളതിന്‍റെ തെറ്റുതിരുത്താനും സ്ഥിരംസംവിധാനമായി ആധാര്‍ സേവനകേന്ദ്രം തുറന്നു.നഗരസഭാ കൗണ്‍സിലര്‍ കെ.വല്‍സരാജന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ബ്രാഞ്ച് മാനേജര്‍ വി.ഇ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ആധാറില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയതു കാരണം ലിങ്കിംഗ് പ്രക്രിയയ്ക്കു തടസം ഉണ്ടാകുന്നതു പരിഹരിക്കാനാണു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയെതന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു.തികച്ചും സൗജന്യമായ സേവനമാണ് എന്‍റോള്‍മെന്‍റിനു നല്‍കുന്നതെങ്കിലും തെറ്റുകള്‍ തിരുത്തുന്നതിനു 25 രൂപ ഈടാക്കും.രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഈ സേവനം ലഭ്യമാണ്. ഫോണ്‍: 9947975555.