കോഴിക്കോട്:പ്രശസ്ത സാഹിത്യകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.ഇന്ന് രാവിലെ 7.40 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.75 വയസായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കേരള,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.കോഴിക്കോട് വടകരയിൽ ജനിച്ച അദ്ദേഹം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നും എംബിബിഎസും നേടിയിട്ടുണ്ട്.അലീമയാണ് ഭാര്യ.മൂന്നു മക്കളുണ്ട്.
തളിപ്പറമ്പ് സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസ്;പ്രധാന പ്രതി പിടിയിൽ
കണ്ണൂർ:കണ്ണൂർ ജില്ല സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പോലീസ് പിടിയിലായി.ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ടി.വി രമയാണ് പിടിയിലായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്നിലെ വീട്ടിലെത്തിയ ഇവർ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.മൂന്നാഴ്ചയായി ഇവർ ഒളിവിലായിരുന്നു.ബാങ്കിലെ ഇടപാടുകാരുടെ സ്വർണ്ണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കേസ്.കേസിലെ മറ്റൊരു പ്രതി അപ്രൈസർ ഷഡാനനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം
മുംബൈ:മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം.സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.ബാന്ദ്രയിലെ ബേഹ്റംപാടയിലെ ചേരിയിലാണ് തീപിടിത്തം ആരംഭിച്ചത്.നിരവധി വീടുകൾ കത്തി നശിച്ചു.റെയിൽവെ സ്റ്റേഷനിലെ നടപ്പാലം കത്തിനശിച്ചു. തീയും പുകയും ഉയർന്നത് ട്രെയിൻ സർവീസിനെയും ബാധിച്ചു.നിരവധി ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.20 നായിരുന്നു സംഭവം.
ഗൗരിയുടെ ആത്മഹത്യ;മാതാപിതാക്കൾ അനിശ്ചിതകാല സമരത്തിലേക്ക്
കൊല്ലം:സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി പത്താം ക്ലാസ്സുകാരി ആത്മഹത്യാ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമരത്തിനൊരുങ്ങുന്നു.സ്കൂളിലെ അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ഗൗരി ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.എന്നാൽ അതിനു ശേഷം രണ്ടു അധ്യാപികമാരും ഒളിവിലാണ്.ഇവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മാതാപിതാക്കൾ സമരത്തിനിറങ്ങുന്നത്.തന്റെ മകളുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മരണം വരെ സ്കൂളിന് മുമ്പിൽ കുടുംബത്തോടെ സത്യാഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി പറഞ്ഞു.ഇളയ മകൾക്ക് നൽകിയ തെറ്റായ ശിക്ഷണത്തെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നൽകണമായിരുന്നൊ എന്നും ശാലി ചോദിച്ചു.അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്ന് ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിവരം സ്കൂൾ അധികൃർ വൈകിയാണ് അറിയിച്ചതെന്നും ശാലി പറഞ്ഞു.ഗൗരിയെ 2 മണിക്കൂർ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാൻ സാധിച്ചിരുന്നുവെങ്കിൽ മകളെ ജീവനോടെ ലഭിക്കുമായിരുന്നെന്നും ശാലി പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.ഈ സംഭവത്തിന് തൊട്ടു മുൻപായി അദ്ധ്യാപികയായ സിന്ധു കുട്ടിയെ ക്ലാസ്സിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നതിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് ഗൗരി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്നതിന്റെ ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്.
കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി
കണ്ണൂർ:കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി.യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ കമ്മിറ്റിക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചത്.യൂത്ത് കോൺഗ്രസ് കണ്ണൂർ പാര്ലമെന്റ് മണ്ഡലം കമ്മിറ്റി പ്രെസിഡന്റായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രെട്ടറിയായ ജോഷി കണ്ടത്തിലിനെ നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് മൂന്നു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രെട്ടറിമാർ രാജി വെച്ചു.യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറിമാരായ നിസാർ മുല്ലപ്പള്ളി,നബീൽ വളപട്ടണം,നികേത് നാറാത്ത് എന്നിവരാണ് സംസ്ഥാന പ്രസിഡന്റിന് രാജിക്കത്ത് നൽകിയത്. പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പരസ്യമായി മാടിനെ അറുത്ത സംഭവത്തിൽ റിജിൽ മാക്കുറ്റിയെയും ജോഷി കണ്ടത്തിലിനെയും അഴീക്കോട് നിയജക മണ്ഡലം പ്രസിഡന്റ് ശറഫുദ്ധീൻ കാട്ടാമ്പള്ളിയേയും ജസ്റ്റിസൻ ചാണ്ടിക്കൊള്ളിയെയും പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ജോഷിയുടെ സസ്‌പെൻഷൻ പാർട്ടി പിൻവലിച്ചിരുന്നു. എന്നാൽ ഒരേ സമരത്തിൽ റിജിലിനൊപ്പം പാർട്ടി നടപടി നേരിട്ടയാളാണ് ജോഷിയെന്നും റിജിലിന്റെയും ഷറഫുദീന്റെയും ജസ്റ്റിസൻറെയും സസ്‌പെൻഷൻ പിൻവലിക്കാതെ ജോഷിയെ പുതിയ പ്രസിഡന്റായി നിയമിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം.
ജില്ലയില്‍ പോലീസുകാരുടെ കായിക ക്ഷമതാപരിശോധന തുടങ്ങി
കണ്ണൂർ:കണ്ണൂര്‍ ജില്ലയില്‍ പോലീസുകാരുടെ കായിക ക്ഷമതാപരിശോധന തുടങ്ങി.തളിപ്പറമ്പ് സബ് ഡിവിഷനിൽ തളിപ്പറമ്പ് സ്റ്റേഷനിലെ പോലീസുകാര്‍ക്കായി മാങ്ങാട് കെഎപി ക്യാമ്പിലാണ് പരിശോധന നടന്നത്.കേരളത്തില്‍ പോലീസുകാരുടെ കായിക ക്ഷമതാപരിശോധന ആദ്യമായി നടപ്പിലാക്കിയത് കണ്ണൂര്‍ ജില്ലയിലാണ്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരുടെ കായിക ക്ഷമത പരിശോധിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. 35 വയസിനു താഴെയുളളവരേയും 35 മുതല്‍ 50 വയസുവരെയുളളവരേയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, പുഷ് അപ്പ്, പുള്‍ അപ്പ്, ലോംഗ് ജംപ്, ഹൈജംപ് എന്നീ കായിക ഇനങ്ങളില്‍ പങ്കെടുപ്പിച്ചാണ് പരിശോധന. രാവിലെ ഏഴ് മുതല്‍ 10 വരെ മാങ്ങാട് കെഎപി പരേഡ് ഗ്രൗണ്ടിലാണ് പരിശോധന നടന്നത്.
പാനൂർ കല്ലിക്കണ്ടിയിൽ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം
പാനൂർ:പാനൂർ കല്ലിക്കണ്ടിയിൽ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗത്തിലുംപെട്ട ആറുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവിൽ പ്രതിഷേധിച്ച് എം എസ എഫിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇതിനിടെ ടൗണിലുണ്ടായിരുന്ന സിപിഎം പ്രവർത്തകരും പ്രകടനക്കാരും തമ്മിൽ വാക്കേറ്റം നടന്നു.കല്ലേറും ഉണ്ടായി.ടൗണിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു.ഇതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് നിർവാഹക സമിതി അംഗവും കൈരളി സ്റ്റീൽസ് ഉടമയുമായ കളരിയുള്ളതിൽ അസീസിന് മർദനമേറ്റു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കല്ലിക്കണ്ടിയിൽ ഹർത്താൽ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.പ്രദേശത്ത് ഡിവൈഎസ്പി പ്രിൻസ് എബ്രഹാം,ഇൻസ്പെക്റ്റർ എം.കെ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കണ്ണൂരിൽ എബിവിപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എബിവിപി പ്രവർത്തകന് വെട്ടേറ്റു.എബിവിപി കണ്ണൂർ നഗർ ഖജാൻജി ഒറ്റത്തെങ്ങിലെ അക്ഷയ്‌ക്കാണ്(19) വെട്ടേറ്റത്.കൂടെയുണ്ടായിരുന്ന നീർക്കടവിലെ ആദർശിന്(20) മർദനമേറ്റു.ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തരയോടെ കണ്ണൂർ മുനീശ്വരൻകോവിലിനു മുൻപിലുള്ള ടാക്സി സ്റ്റാൻഡിന്റെ പരിസരത്തുവെച്ചായിരുന്നു ആക്രമണം.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിലെ സ്കൂളുകളിൽ ഇന്ന് എബിവിപി പഠിപ്പുമുടക്കും.
പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ പുത്തരിവെള്ളാട്ടം ഇന്ന് തുടങ്ങും
പറശ്ശിനിക്കടവ്:പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ഈ വർഷത്തെ പുത്തരിവെള്ളാട്ടം ഇന്ന് തുടങ്ങും.രാവിലെ വെള്ളാട്ടത്തിന്റെ ഭാഗമായുള്ള അരിയിടൽ ചടങ്ങും ഉച്ചയ്ക്ക് ഒരുമണിക്ക് മലയിറക്കൽ ചടങ്ങും നടക്കും.പുത്തരി വെള്ളാട്ടത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് ക്ഷേത്രത്തിൽ പുത്തരി സദ്യയും ഒരുക്കും.വൈകുന്നേരം മൂന്നു മണിക്കാണ് പുത്തരി വെള്ളാട്ടം ആരംഭിക്കുക. ഒക്ടോബർ 17 ന് നടന്ന കഴിഞ്ഞുകൂടൽ ചടങ്ങിന് ശേഷം ഇത്രയും ദിവസം ക്ഷേത്രത്തിൽ ആചാരപ്രകാരമുള്ള പയംകുറ്റി സമർപ്പണം മാത്രമാണ് നടന്നിരുന്നത്. ഇന്നാരംഭിക്കുന്ന പുത്തരി വെള്ളാട്ടം നവംബർ 30 വരെ തുടരും.ഡിസംബർ രണ്ടിന് ക്ഷേത്രത്തിൽ പുത്തരി തിരുവപ്പന മഹോത്സവം തുടങ്ങും.തുടർന്ന് എല്ലാ ദിവസവും രാവിലെ തിരുവപ്പനയും വൈകുന്നേരം വെള്ളാട്ടവും ഉണ്ടാകും.
തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം മോഷ്ടിച്ചവർ പിടിയിൽ
പയ്യന്നൂർ: കോടതി കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചവർ പിടിയിൽ. ചൂരലിലെ രാജൻ(36),മന്മഥൻ(36)എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.പയ്യന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്‍റെ പ്രോപ്പർട്ടി മുറിയിൽ സൂക്ഷിച്ച മദ്യം ഗ്രിൽസിന്‍റെ പൂട്ട് തകർത്തായിരുന്നു മോഷണം. ഫൈൻ അടച്ചതും അദാലത്തുകളിൽ തീർത്തതും വിധിയായതുമായ കേസുകളിലെ തൊണ്ടുമുതലുകളാണ് ഈ മുറിയിൽ സൂക്ഷിച്ചിരുന്നത്.അബ്കാരി കേസുകളിൽ പിടിക്കപ്പെട്ട നാടൻ ചാരായവും വിദേശമദ്യവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് കന്നാസുകൾ ഉൾപ്പെടെയാണ് എടുത്തുകൊണ്ടുപോയത്. ഇതിനുശേഷം പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് അടിപിടി നടക്കുന്നതറിഞ്ഞെത്തിയ പോലീസാണ് രാജനെ പിടികൂടിയത്.പരസ്യമദ്യപാനത്തിന് കേസെടുക്കാൻ എത്തിയ പോലീസ് ഇവരുടെ കയ്യിൽ നിന്നും 15 കുപ്പി മദ്യം പിടിച്ചെടുത്തു. പോലീസ് ഇയാളെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചുവച്ചിരുന്ന മദ്യമാണ് ഇയാളും കൂട്ടാളികളും കുടിച്ചു പ്രശ്നമുണ്ടാക്കിയതെന്ന് മനസിലായത്.ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.പിന്നീടാണ് മന്മഥനെ പിടികൂടിയത്.