ന്യൂഡൽഹി:ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.കേസിൽ പ്രതികളായ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ ആർ.ശിവദാസൻ,കസ്തൂരി രംഗ അയ്യർ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.എന്നാൽ സിബിഐ കൂടി കേസിൽ കക്ഷി ചേരുന്ന സാഹചര്യത്തിൽ എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കണമെന്ന ആർ.ശിവദാസന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് ആറാഴ്ചയിലേക്ക് മാറ്റിയത്.
മദ്യപസംഘം ബാർ ജീവനക്കാരനെ മർദിച്ചു
കണ്ണൂർ: മദ്യം ആവശ്യപ്പെട്ട് എത്തിയ സംഘം ബാറിലെ സുരക്ഷാജീവനക്കാരനെ ആക്രമിച്ചു. കവിതാ ബാറിലെ സുരക്ഷാ ജീവനക്കാരനായ വേശാല സ്വദേശി ശ്രീധരനാണ് (63)മർദനമേറ്റത്.ബാർ അടച്ചതിനാൽ മദ്യം നൽകാൻ ആവില്ലെന്ന് പറഞ്ഞതിനാലാണ് മദ്യലഹരിയിലായിരുന്ന ഇവർ ആക്രമിച്ചതെന്ന് ശ്രീധരൻ പറഞ്ഞു.ആക്രമണത്തിൽ കണ്ണിനും കൈയ്ക്കും സാരമായി പരിക്കേറ്റ ശ്രീധരനെ പോലീസ് എത്തി അഗ്നിശമനസേന വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എകെജി ആശുപത്രിയിലേക്ക് മാറ്റിയ ഇയാൾ ഇപ്പോൾ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.45ഓടെയാണ് സംഭവം.സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ നഗരത്തിൽ യുവാവിനെ ആക്രമിച്ചു കൊള്ളയടിച്ച മൂന്നുപേർ പിടിയിൽ
കണ്ണൂർ: നഗരത്തിൽ യുവാവിനെ ആക്രമിച്ചശേഷം കൊള്ളയടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. താഴെചൊവ്വയിലെ മുനവ്വിർ (27), മുണ്ടയാട്ടെ രാഹുൽ (26), എളയാവൂർ വാരത്തെ സൈനുദ്ദീൻ (23) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കുടിയാന്മലയിലെ പ്ലാക്കൽ നൈജിൻ ഫ്രാൻസിസാണ് (25) ആക്രമണത്തിനും കൊള്ളയ്ക്കും ഇരയായത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ പഴയ ബസ് സ്റ്റാൻഡിനടുത്തായിരുന്നു സംഭവം.ബൈക്കിലും ഓട്ടോയിലുമായെത്തിയ നാലംഗസംഘം നൈജിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, എടിഎം കാർഡുകൾ എന്നിവ കൈക്കലാക്കുകയായിരുന്നു. 10,000 രൂപ തന്നാൽ സാധനങ്ങൾ തിരികെ നൽകാമെന്നും പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കി സംഘം സ്ഥലംവിടുകയായിരുന്നു. കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനായ നൈജിൻ കുടിയാന്മലക്ക് പോകാൻ പഴയ ബസ്‌സ്റ്റാൻഡിൽ ബസിറങ്ങിയശേഷം റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പഴയ സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോൾ അണ്ടർ ബ്രിഡ്ജിനടുത്താണ് കൊള്ളയടിക്കപ്പെട്ടത്.തുടർന്ന് നൈജിൻ ടൗൺ പോലീസിൽ എത്തി പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ അറസ്റ്റിലായത്.
ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ തടയരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം
ന്യൂഡൽഹി:ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ വിഹിതം നിഷേധിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും ആധാർ ഇല്ലാത്തതിന്റെ പേരിൽ ആരുടെയും പേര് നീക്കം ചെയ്യരുതെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ജാർഖണ്ഡിൽ പതിനൊന്നുകാരി പട്ടിണി കിടന്നു മരിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്.റേഷൻ വാങ്ങുന്നയാൾ യഥാർത്ഥ വ്യക്തിയല്ലെന്നു തെളിഞ്ഞാൽമാത്രമേ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ പാടുള്ളൂ എന്നും കേന്ദ്ര സർക്കാരിന്റെ സർക്കുലറിൽ പറയുന്നു.അതോടൊപ്പം തന്നെ റേഷൻ നിഷേധിക്കുന്ന കാര്യം പ്രത്യേക ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യണം.ആധാർ ലഭ്യമാക്കുന്നതിനും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ലാവലിൻ കേസ്;ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ കുറ്റ വിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.മുഖ്യമന്ത്രി പിണറായി വിജയൻ,ഊർജ വകുപ്പ് മുൻ സെക്രെട്ടറി കെ.മോഹനചന്ദ്രൻ,മുൻ ജോയിന്റ് സെക്രെട്ടറി എ.ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി കേസിൽ കുറ്റ വിമുക്തരാക്കിയത്.എന്നാൽ വിചാരണ പോലും നടത്താതെ ഇവരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.എസ്എൻസി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിൽ ഭരണതലത്തിൽ നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥർക്ക് മാത്രം തീരുമാനമെടുക്കാനാകില്ലെന്നും അന്ന് വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അടക്കമുള്ളവർക്ക് ഈ വിഷയത്തിൽ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും സിബിഐ അപ്പീലിൽ പറഞ്ഞു.കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസൻ,കസ്തൂരി രംഗ അയ്യർ എന്നിവരുടെ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഐ എ എസ് ലഭിച്ചവരുടെ പട്ടികയിൽ കണ്ണൂരിൽ നിന്നും രണ്ടുപേർ
കണ്ണൂർ:ഐ എ എസ് ലഭിച്ച ഒൻപതു ഡെപ്യൂട്ടി കളക്റ്റർമാരുടെ പട്ടികയിൽ കണ്ണൂരിൽ നിന്നും രണ്ടുപേർ.പി.കെ സുധീർ ബാബു, ബി.അബ്ദുൽ നാസർ എന്നിവർക്കാണ് ഐഎഎസ് ലഭിച്ചത്. ധർമടം സ്വദേശിയായ സുധീർ ബാബു കണ്ണൂർ,കാസർകോഡ് ജില്ലകളിൽ എഡിഎം,വികലാംഗ ക്ഷേമ കോർപറേഷൻ എംഡി,സോഷ്യൽ ജസ്റ്റിസ് അസിസ്റ്റന്റ് ഡയറക്ടർ,തൃശൂർ ആർഡിഒ, റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്റ്റർ,തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.മന്ത്രി കെ.കെ ഷൈലജയുടെ പ്രൈവറ്റ് സെക്രെട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുൻപാണ് സ്ഥാനമൊഴിഞ്ഞത്.കണ്ണൂർ ഡിസാസ്റ്റർ മാനേജ്‌മെന്റ് സീനിയർ ഡെപ്യൂട്ടി കളക്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്ന അബ്ദുൽ നാസർ കാസർകോട്ടും വയനാട്ടിലും എ ഡി എമ്മായും തലശ്ശേരിയിൽ ആർ ഡി ഓ ആയും പ്രവർത്തിച്ചിട്ടുണ്ട്.കേന്ദ്ര ഹജ്ജ് സംഘത്തിന്റെ കോ ഓർഡിനേറ്ററായി രണ്ടു തവണ മെക്കയിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം അധ്യാപകൻ, ഹെൽത്ത് ഇൻസ്പെക്റ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.തലശ്ശേരി സ്വദേശിയാണ്.
നവംബർ 9 മുതൽ കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെയ്ക്കും
കണ്ണൂർ:നവംബർ 9 മുതൽ കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെയ്ക്കും.ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അനുമതിയില്ലാതെ സർവീസ് നടത്തുന്നതായി കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റർസ് ഭാരവാഹികൾ പറഞ്ഞു.ഇത് ഇരുവിഭാഗങ്ങളിലെയും തൊഴിലാളികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമാകുന്നു.ഈ വിഷയം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ
തിരുവനന്തപുരം:രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ.ഉച്ചയ്ക്ക് 2.50 ന് പ്രത്യേക വിമാനത്തിൽ തിരുവനതപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 3.30 ന് പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.ഗവർണർ പി.സദാശിവം,മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് രാജ്ഭവനിലെത്തുന്ന രാഷ്‌ട്രപതി വൈകുന്നേരം 5.30 ന് വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ പുഷ്പ്പങ്ങൾ അർപ്പിക്കും.തുടർന്ന് ആറുമണിക്ക് ടാഗോർ തീയേറ്ററിൽ സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം നഗരസഭാ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ പങ്കെടുക്കും.രാത്രി എട്ടുമണിക്ക് ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാജ്ഭവനിൽ താമസിക്കും.28 ന് രാവിലെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി രാവിലെ 11 മണിക്ക് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും.ഉച്ചയ്ക്ക് 12.30 ഓട് കൂടി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
ബീവറേജ്‌സ് ഔട്‍ലെറ്റുകളിൽ ഇനി മുതൽ സ്ത്രീകളുടെ സാന്നിധ്യവും
തിരുവനന്തപുരം:പുരുഷന്മാരുടെ കുത്തകയായിരുന്ന ബീവറേജസ് ഔട്‍ലെറ്റുകളിൽ ഇനി മുതൽ സ്ത്രീ സാന്നിധ്യവും.എറണാകുളം പുത്തൻവേലിക്കര കണക്കൻകടവിലെ ബീവറേജസ് ഔട്ട്ലെറ്റിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഷൈനി രാജീവിന് നിയമനം ലഭിച്ചതോടെയാണിത്. കെയ്‌സുകളിൽ നിറച്ചു വരുന്ന വിവിധ ബ്രാൻഡഡ് മദ്യത്തിന്റെ സ്റ്റോക്കും വിൽപ്പനയും ഉൾപ്പെടെയുള്ള കൃത്യമായ രജിസ്റ്റർ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിക്കുള്ളത്. അധ്യാപികയാകാൻ ബി.എഡ് പാസായ ഷൈനി എച്.എസ്.എ പരീക്ഷ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാനായില്ല.ഇതിനിടെ മൂന്നു വർഷം മുൻപ് പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിൽ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചു.ആ ജോലി തുടർന്ന് വരവേ ആണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.2010-ഇൽ കേരളാ സ്റ്റേറ്റ് ബീവറേജസ് കോപ്പറേഷനിലേക്കായി നടത്തിയ എൽഡിസി പരീക്ഷയിൽ ഷൈനി 526 ആം റാങ്ക് നേടി.റാങ്കിൽ മുകളിലെത്തിയ കുറച്ചു വനിതകളെ കോർപറേഷന്റെ ഹെഡ് ഓഫീസിൽ നിയമിച്ചു.ഇതിനിടെ തന്നെക്കാൾ താഴെ റാങ്കുള്ള പുരുഷന്മാർക്ക് നിയമനം ലഭിച്ചതായി അറിഞ്ഞ ഷൈനിയുൾപ്പെടെയുള്ള ഏഴു വനിതകൾ ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ സേവനം അനുഷ്ഠിക്കാൻ സന്നദ്ധരാണെന്ന് ഇവർ ഹർജിയിൽ അറിയിച്ചിരുന്നു.കേരളാ അബ്‌കാരി നിയമപ്രകാരം വനിതകളെ ഔട്‍ലെറ്റുകളിൽ മദ്യവില്പനയ്ക്ക് നിയോഗിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിയമനം നടത്തുന്നതിൽ വിവേചനം പാടില്ലെന്ന 2017 ലെ കോടതി വിധിയോടെയാണ് ഷൈനിയുടെ നിയമനത്തിന് വഴി തെളിഞ്ഞത്.
കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ:കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ലോറി ഇടിക്കുകയായിരുന്നു.കാർ ഓടിച്ചിരുന്ന കണ്ണൂർ മാട്ടൂൽ സ്വദേശി വഹാബ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.