കാഞ്ഞങ്ങാട്:രാത്രിയിൽ മദ്യപിച്ച് ലേഡീസ് ഹോസ്റ്റലിലെത്തിയ എ.ആർ ക്യാമ്പിലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു.കയ്യൂരിലെ ശ്രീജിത്തിനെയാണ്(40)സസ്‌പെൻഡ് ചെയ്തത്.കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഡ്രൈവറാണ് ഇയാൾ.കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല നീലേശ്വരം പാലാടത്തടത്തെ ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ കയറിയ ഇയാൾ കാന്റീൻ ജനാലയിലൂടെ കൈയ്യിടുകയായിരുന്നു.കാന്റീനിലുള്ള പെൺകുട്ടികൾ ഒച്ചവെച്ചതോടെ ആളുകൾ ഓടിക്കൂടി.പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരനാണെന്നു മനസ്സിലായത്.നീലേശ്വരം പോലിസെത്തി കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി.എന്നാൽ വീട്ടിലേക്ക് പോകുന്ന വഴി നാട്ടുകാർ തടഞ്ഞു നിർത്തി മർദിച്ചുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
എ.കെ.ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
കണ്ണൂർ:കണ്ണൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ എ.കെ.ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ ഉൽഘാടനവും ശിലാസ്ഥാപനവും മാവിലായിയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.എ കെ ജി സി എച് എസ് ചെയർമാൻ എം.പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പി.കെ ശ്രീമതി എം.പി,കെ.കെ രാഗേഷ് എം.പി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.പുതുതായി തുടങ്ങുന്ന ഇൻസ്റ്റിട്യൂട്ടിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളായ ഡയാലിസിസ് ടെക്നോളജി,ന്യുറോ ടെക്നോളജി,ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി,കാർഡിയോ വാസ്ക്കുലാർ ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളും ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജി,ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബിഎസ്‌സി മെഡിക്കൽ ബയോ കെമിസ്ട്രി തുടങ്ങിയ ഏഴു ഡിഗ്രി കോഴ്സുകളുമാണ് ആരംഭിക്കുക.
‘വില്ലൻ’ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
കണ്ണൂർ:മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ വില്ലൻ മൊബൈൽ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി.ചെമ്പന്തൊട്ടി സ്വദേശിയായ യുവാവാണ് പിടിയിലായത്.മോഹൻലാലിൻറെ കടുത്ത ആരാധകനായ ഇയാൾ അതിരാവിലെ തന്നെ ഷോ കാണാനായി തീയേറ്ററിലെത്തിയിരുന്നു.വെള്ളിയാഴ്ച രാവിലെ കണ്ണൂർ സവിത ഫിലിം സിറ്റിയിൽ നടന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്കിടെ ആയിരുന്നു സംഭവം.യുവാവ് മൊബൈലിൽ സിനിമ പകർത്തുന്നത് കണ്ടവർ വിതരണക്കാരുടെ പ്രതിനിധിയെ വിവരമറിയിക്കുകയായിരുന്നു.പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോൾ പടത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ ഒന്നരമിനിറ്റ് ദൃശ്യങ്ങൾ മാത്രമാണ് ഇയാൾ പകർത്തിയതെന്ന് തെളിഞ്ഞു.ചോദ്യം ചെയ്യലിൽ മോഹൻലാലിൻറെ കടുത്ത ആരാധകനാണ് ഇയാൾ എന്ന് മനസ്സിലായി.തുടർന്ന് പോലീസ് സിനിമയുടെ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണയുമായി ബന്ധപ്പെട്ടു.പിന്നീട് മോഹൻലാലിനോടും നിർമാതാവിനോടും ആലോചിച്ച ശേഷം പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും അറിയിക്കുകയായിരുന്നു.
എരുവട്ടിയിൽ ദമ്പതിമാർ ആത്മഹത്യക്ക് ശ്രമിച്ചു;ഭാര്യ മരിച്ചു,ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തലശ്ശേരി:എരുവട്ടി പൈനാങ്കിമെട്ടയിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യ മരിച്ചു.ഭർത്താവിനെ ഗുരുതരാവസ്ഥയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെയിന്റിങ് തൊഴിലാളിയായ ജൂനാസിൽ അശോകൻ,ഭാര്യ ഷിജ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അശോകൻ തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചതിനു ശേഷമാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.സുഹൃത്ത് വിളിച്ചറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും വീടിന്റെ രണ്ടു മുറികളിലായി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിജ മരണപ്പെടുകയായിരുന്നു.കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സ് ബിരുദ വിദ്യാർത്ഥിനി ജൂന ഏകമകളാണ്.ഷൈജയുടെ ശവസംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വലിയവെളിച്ചം പൊതുശ്മശാനത്തിൽ നടക്കും.
പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതി നിർമാണം ഉടൻ ആരംഭിക്കും
ഇരിട്ടി:പഴശ്ശി പദ്ധതിപ്രദേശത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതി നിർമാണത്തിന് മുന്നോടിയായി പദ്ധതി പ്രദേശത്ത് ഭൂമി പൂജ നടത്തി.കരാർ കമ്പനിയായ തമിഴ്‌നാട് ഈറോഡിലെ ആർ എസ് ഡെവലപ്പേഴ്‌സാണ് ഭൂമിപൂജ നടത്തിയത്.നിർമാണ കമ്പനിക്കായി പഴശ്ശി പദ്ധതി പ്രദേശത്ത് നൽകിയ 3.5 ഹെക്റ്റർ ഭൂമിയിലാണ് പൂജ നടന്നത്. ഒരുമാസത്തിനുള്ളിൽ പ്രവൃത്തി ഉൽഘാടനം നടക്കും.ഈ സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി കഴിഞ്ഞ ദിവസം ലേലം നടന്നുവെങ്കിലും ഉറപ്പിക്കാനായില്ല.7.5 മെഗാവാട്ടിന്റെ പദ്ധതിയാണ് പഴശ്ശി സാഗർ ലക്ഷ്യമിടുന്നത്.79.85 കോടിയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.50 കോടിയുടെ സിവിൽ പ്രവൃത്തി ടെണ്ടറായിട്ടുണ്ട്.ട്രാൻസ്മിഷൻ പ്രവൃത്തിയും യന്ത്രങ്ങളുടെ വാങ്ങലും രണ്ടാം ഘട്ടത്തിൽ ടെൻഡർ ചെയ്യാനാണ് തീരുമാനം.സംഭരണിയിൽ 19.50 മീറ്റർ വെള്ളം ഉണ്ടെങ്കിൽ പോലും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് കെഎസ്ഇബി ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സംഭരണിയിൽ നിന്നും 80 മീറ്റർ നീളത്തിൽ വലിയ തുരങ്കം നിർമിച്ചു അവിടെ നിന്നും മൂന്നു ചെറിയ തുരങ്കം വഴി പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുക.ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസക്കാലത്ത് വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഉപയോഗിച്ച് പ്രതിവർഷം 25.16 മില്യൺ യുണിറ്റ് വൈദ്യുതി നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
ആലക്കോട്:കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്.ആലക്കോട് പാത്തൻപാറ കുട്ടിപ്പുല്ലിൽ ആണ് സംഭവം.രാവിലെ എട്ടരയോടെ വാഴത്തോട്ടത്തിലെത്തിയ കാട്ടുപന്നി ജോയിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഇയാളുടെ മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുറച്ചകലെ തോട്ടത്തിൽ തന്നെ ഉണ്ടായിരുന്ന ജോയിയുടെ ഭാര്യ ഒച്ചവെച്ച് ആളെകൂട്ടിയപ്പോഴാണ് പന്നി ഓടിപ്പോയത്.സമീപത്തെ ജോസ് കുന്നുംപുറം,ജോസ് പുളിക്കൽ,കൃഷ്ണൻ കടമാംതയ്യിൽ എന്നിവരുടെ വാഴത്തോട്ടത്തിലും പന്നി നാശം വരുത്തിയിട്ടുണ്ട്.
വയനാട് ചുരത്തിൽ കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി
വയനാട്:വയനാട് ചുരത്തിൽ കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി.ഇതേ തുടർന്ന് ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.രാവിലെ ആറുമണിയോടെ ബംഗളൂരുവിലേക്ക് പോയ വോൾവോ ബസാണ് ഏഴാം വളവിൽ വളവ് തിരിക്കാനാകാതെ കുടുങ്ങിയത്.ഇന്ന് പുലർച്ചെ ഇവിടെ ഓട്ടത്തിനിടെ ഒരു കാർ കത്തിയിരുന്നു.ഈ കാർ റോഡിനു സമീപത്താണ് കിടന്നിരുന്നത്. ഇതിനാലാണ് ബസിനു വളവ് തിരിച്ചെടുക്കാൻ സാധിക്കാഞ്ഞത്.കയറ്റത്തിലേക്ക് ബസിന്റെ മുൻചക്രങ്ങൾ കയറിയതോടെ ബസിന്റെ പിൻഭാഗം റോഡിൽ ഉറച്ചുപോവുകയായിരുന്നു.വാഹനം നീക്കം ചെയ്യുന്നതിനായി താമരശ്ശേരിയിൽ നിന്നും കെഎസ്ആർടിസിയുടെ താമരശ്ശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ എത്തിയിട്ടുണ്ട്.
തുണിക്കടകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി മുതൽ ഇരിക്കാം,ഇവരുടെ ജോലി സമയവും മാറുന്നു
കൊച്ചി:തുണിക്കടകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ഇനി ധൈര്യമായി ഇരിക്കാം.ഇത് സംബന്ധിച്ചുള്ള കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ പുതിയ ഭേദഗതികൾ തൊഴിൽ വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.ഇവ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ടെന്ന് തൊഴിൽമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതിനു ശേഷം നിയമസഭ പരിഗണിക്കും.സ്ത്രീകളുടെ ജോലി സമയങ്ങളിൽ മാറ്റമുൾപ്പെടെയുള്ള ഭേതഗതികളാണ് ആക്റ്റിൽ വിഭാവനം ചെയ്യുന്നത്.രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തെ അനുമതിയുണ്ടായിരുന്നത്.ഇത് ഒന്പതുമണിവരെയാക്കാനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്താൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.രാത്രി ജോലികളിൽ സ്ത്രീകളെ ഒറ്റയ്ക്ക് നിയോഗിക്കാതെ കൂട്ടമായിട്ട് വേണം ഇവരുടെ ജോലി സമയം ക്രമീകരിക്കാൻ. ജോലി സ്ഥലത്തു നിന്നും സുരക്ഷിതമായ യാത്ര സൗകര്യവും ഒരുക്കണം. വേണമെങ്കിൽ താമസ സൗകര്യവും ഉറപ്പു വരുത്തണം.ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജീവനക്കാർ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. മിനിമം വേതനം ഉറപ്പുവരുത്താനും നടപടികളുണ്ടാകും.മിനിമം വേതനം സംബന്ധിച്ച് പരാതിയുയർന്നാൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർക്ക് ഇടപെടാം.പണം ലഭിക്കാനുള്ള സാഹചര്യങ്ങളിൽ റെവന്യൂ റിക്കവറി വഴി ഇത് വാങ്ങി നൽകാനും കഴിയും.ഇത്തരം സാഹചര്യങ്ങളിൽ ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കാം.
ഐ എസ്സിൽ ചേർന്ന കണ്ണൂർ സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു
കണ്ണൂർ:ഐ എസ്സിൽ ചേർന്ന കണ്ണൂർ സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.ഇന്നലെ കണ്ണൂരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.ചാലാട് സ്വദേശി ഷഹനാദ്(25),വളപട്ടണം മൂപ്പൻപാറയിലെ റിഷാൻ(30),പാപ്പിനിശ്ശേരിയിലെ ഷമീർ (45),ഇയാളുടെ മൂത്തമകൻ സൽമാൻ (20),കമാൽ പീടികയിലെ മുഹമ്മദ് ഷാജിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്.കണ്ണൂരിൽ നിന്നും പതിനഞ്ചുപേരാണ് ഐ എസ്സിൽ ചേർന്നിട്ടുള്ളത്.ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.അഞ്ചുപേർ ഇന്നലെ പോലീസിന്റെ പിടിയിലായിരുന്നു.ഐ എസ് സംഘടനയിൽപെട്ടവർ പിടിയിലായതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ കണ്ണൂർ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.അറസ്റ്റിലായവരെ ഈ സംഘം കൂടുതൽ ചോദ്യം ചെയ്യും.ഇവരുടെ വീടുകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്‌ഡിൽ ഇറാക്ക്,തുർക്കി,ദുബായ് എന്നിവിടങ്ങളിൽ ഇവർ സഞ്ചരിച്ചതിന്റെ യാത്ര രേഖകൾ,തുർക്കിയിലെ കറൻസികൾ,ഐ എസ് ലഖുലേഖകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥിയടക്കം നാലുപേർ പിടിയിൽ
മംഗളൂരു:ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കോളേജ് വിദ്യാർത്ഥിയടക്കം നാലുപേർ പിടിയിൽ.മംഗളൂരു ആന്റി റൗഡി സ്ക്വാർഡാണ് ഇവരെ പിടികൂടിയത്.കാഞ്ഞങ്ങാട് സ്വദേശിയായ കെ.ബി നിഖിൽ(24),കണ്ണൂർ സ്വദേശി റോഷൻ വികാസ്(22),തൃശൂർ സ്വദേശി ബാഷിം ബഷീർ(22),കുലശേഖറിലെ ശ്രാവൺ പൂജാരി(23)എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാസ് സ്വദേശി നിഖിൽ മംഗളൂരുവിലെ എൻജിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.ശ്രാവൺ എൻജിനീയറിങ് പഠനം പൂർത്തിയാക്കി.റോഷനും ബഷീറും മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ്.ഇവരിൽ നിന്നും 900 ഗ്രാം എംഡിഎംഎ പൌഡർ,185 എൽഎസ്‌ഡി സ്‌റ്റാമ്പ്‌സ്,25 എംഡിഎം പിൽസ് എന്നിവ പിടിച്ചെടുത്തു.നിഖിലാണ് മയക്കുമരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതെന്നു പോലീസ് പറഞ്ഞു.