ചെന്നൈ:ചെന്നൈ നഗരത്തിൽ കനത്ത മഴ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഇടതടവില്ലാതെ പെയ്യുന്ന മഴ ചെന്നൈ നഗരത്തെ വെള്ളക്കെട്ടിലാക്കുകയാണ്. കനത്ത മഴയെ തുടർന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.തഞ്ചാവൂർ ജില്ലയിൽ മതിലിടിഞ്ഞു വീണ് ഒരു മരണം റിപ്പോർട് ചെയ്തിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട് ചെയ്തു.2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ പ്രളയത്തിൽ 150 പേർ മരിച്ചിരുന്നു.എന്നാൽ പ്രളയത്തെ നേരിടാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി.നഗരത്തിൽ ഗതാഗതവും താറുമാറായിരിക്കുകയാണ്.
വിളക്കോട് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം
ഇരിട്ടി:വിളക്കോട് ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. ഇന്നലെ രാവിലെ നിരവധി കുട്ടികളാണ് ഛർദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിയത്.സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്കൂളിൽ പരിശോധന നടത്തി.സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നാകാം വിഷബാധയേറ്റത് എന്ന സംശയത്തിൽ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.എന്നാൽ പാലാ ഗവ.സ്കൂളിന് സമീപത്തെ അംഗനവാടികളിലെ കുട്ടികൾക്കും ചില അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ വിളക്കോട് സ്കൂളിൽ നിന്നല്ല എന്ന നിഗമനത്തിലാണ് അധികൃതർ.അസ്വസ്ഥകൾ അനുഭവപ്പെട്ട കുട്ടികൾ ഇരിട്ടി,പേരാവൂർ എന്നീ ആശുപത്രികളിൽ ചികിത്സ തേടി.
പൊയിലൂരിലും മാമാക്കുന്നിലും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം
കണ്ണൂർ:പൊയിലൂരിലും മാമാക്കുന്നിലും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം.ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് പൊയിലൂരിലെ കേളോത്ത് പവിത്രന്റെ സ്മാരക സ്തൂപം തകർത്തതും വീട്ടുമുറ്റത്ത് മലം കൊണ്ടിടുകയും ചെയ്തത്.മുഴപ്പിലങ്ങാട് ലോക്കലിലെ മാമാക്കുന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് കെട്ടിടവും തകർത്തു.ഓഫീസിലെ ടി വി ഉൾപ്പെടെയുള്ള ഉപകരണങ്ങളും തകർത്തു.മേലൂരിലെ ബ്രാഞ്ച് ഓഫീസിനു നേരെ നടന്ന കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. കൂടാതെ പിണറായി വെണ്ടുട്ടായിയിലെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച പ്രജീഷിനെ മമ്പറം ഇന്ദിരാഗാന്ധി സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയി മർദിച്ചതായും സിപിഎം ചൂണ്ടിക്കാട്ടി.ആക്രമണങ്ങൾക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.
അഞ്ചരക്കണ്ടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ മോഷ്ടിച്ചു
അഞ്ചരക്കണ്ടി:അഞ്ചരക്കണ്ടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ മോഷ്ടിച്ചു.വെണ്മണൽ കുഞ്ഞമ്മടക്കണ്ടി ഹംസൂട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.സമീപത്തെ സ്കൂളിന്റെ ഉൽഘാടന ചടങ്ങിന് വീടുപൂട്ടി വീട്ടുകാർ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.തിങ്കളാഴ്ചയാണ് ആഭരങ്ങൾ കളവുപോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.പരാതിയിൽ കൂത്തുപറമ്പ് സി ഐ ടി.വി രതീഷ്,എസ്‌ഐ കെ.വി നിഷിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു
പേരാവൂർ:ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകത്തിൽപ്പെട്ടു. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോട് കൂടി തലശ്ശേരി-ബാവലി അന്തഃസംസ്ഥാന പാതയിൽ നെടുംപൊയിൽ ഇരുപത്തെട്ടാം വളവിൽ സെമിനാരി വിലയ്ക്ക് സമീപമാണ് അപകടം നടന്നത്.മൈസൂരുവിൽ നിന്നും കണ്ണൂരിലെ കാടാച്ചിറ വെയർഹൗസിലേക്ക് പോവുകയായിരുന്ന ഇന്ധന ഗ്യാസ് ഏജൻസിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്.നിയന്ത്രണം നഷ്ട്ടപെട്ട ലോറി റോഡരികിലെ മരത്തിൽത്തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
നടിയെ ആക്രമിച്ച കേസ്;മുഖ്യ സാക്ഷി മൊഴിമാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴിമാറ്റിയതായി റിപ്പോർട്.കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൊഴി മാറ്റിയിരിക്കുന്നത്.നടി അക്രമിക്കപ്പെട്ടതിനു ശേഷം പൾസർ സുനി കാവ്യയെ തേടി ലക്ഷ്യയിൽ എത്തിയിരുന്നുവെന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാൽ പൾസർ സുനി ലക്ഷ്യയിൽ എത്തിയിട്ടില്ലെന്ന് ഇയാൾ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പറയുന്നു.ദിലീപ് ജയിലിൽ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്നുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ ശരിവെയ്ക്കുന്നതാണ് ഇതെന്നാണ് പോലീസ് നിലപാട്.കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോർട് പുറത്തുവന്നിരിക്കുന്നത്.മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ(അഖില) നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.നവംബർ 27 ന് വൈകിട്ട് മൂന്നു മണിക്ക് പിതാവ് അശോകൻ ഹാദിയയെ കോടതിയിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്.കേസിൽ ഹദിയയുടെ പിതാവ് അശോകന്റെയും എൻഐഎയുടെയും എതിർപ്പ് കോടതി തള്ളി.ഷഫിൻ ജഹാനുമായുള്ള വിവാഹം സമ്മതത്തോടെ ആയിരുന്നോ എന്നും ഹാദിയയുടെ ഇപ്പോഴത്തെ മാനസിക നിലയും കോടതി പരിശോധിക്കും.ഇങ്ങനെയുള്ള കേസുകളിൽ പെൺകുട്ടികളുടെ താൽപ്പര്യം പൂർണ്ണമായും കണക്കിലെടുക്കരുതെന്നു അശോകനും എൻഐഎയും വാദിച്ചു.ഇത് പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നും എൻ ഐ എ ക്ക് എന്ത് അന്വേഷണം വേണമെങ്കിലും നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്.കേസിന്റെ അന്വേഷണം എൻ ഐ എ ക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.കഴിഞ്ഞ മെയ് 24 നാണ് ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്.മകളെ നിർബന്ധിച്ച് മതം മാറ്റിയെന്ന അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജികൂടി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം കോടതി അയച്ചത്.
മാഹിയിൽ ഇന്ന് ബിജെപി ഹർത്താൽ
മാഹി:കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ഇന്ന് ഹർത്താൽ.ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.തീരദേശ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മർദിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ.രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി
കൊല്ലം;കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.കെഎംഎല്ലിലെ ജീവനക്കാരി ശ്യാമളാദേവി,ആൻസില,അന്നമ്മ എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ കൊല്ലത്തും ചാവറയിലും കരുനാഗപ്പള്ളിയിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെടിഎസ് കനാലിനു കുറുകെ കെഎംഎംഎൽഎംഎസ് യൂണിറ്റിലേക്ക് പോകാനുള്ള ഇരുമ്പു പാലമാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ തകർന്നത്.അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടമുണ്ടാകാൻ കാരണം.പൊന്മന ഭാഗത്തെ മൈനിങ് തൊഴിലാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരത്തിലായിരുന്നു.ഇന്ന് രാവിലെ തൊഴിലാളികളും മാനേജ്‌മന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടന്നിരുന്നു.ചർച്ചയ്ക്കു ശേഷം ജോലിക്ക് കയറേണ്ടവരും പുറത്തേക്കുപോയ സമരക്കാരുമായി നൂറോളം പേർ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്.തകർന്നു വീണ പാലം മുറിച്ചുമാറ്റാനുള്ള ശ്രമം നടക്കുകയാണ്.ദേശീയ ജലപാതയ്ക്ക് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചെറുകുന്ന്:ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു.കണ്ണപ്പള്ളി സ്വദേശി തായമ്പത്ത് പ്രജിത്ത്(23) ആണ് മരിച്ചത്.പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.