ആരോഗ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ;തുടയെല്ല് പൊട്ടിയ മറുനാടൻ തൊഴിലാളിക്ക് ചികിത്സ

keralanews emergency intervension of health minister treatment for other state worker

കണ്ണൂർ:ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു തുടയെല്ല് പൊട്ടിയ മറുനാടൻ തൊഴിലാളിക്ക് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ ഇടപെടലിൽ ചികിത്സ.മലപ്പുറം വളാഞ്ചേരിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി സലീമിനാണ് പരിക്കേറ്റത്.പരിക്ക് പറ്റിയതോടെ കരാറുകാരൻ ചികിത്സപോലും നൽകാതെ ഇയാളെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.ഇതേ നാട്ടിലുള്ള ഹനീഫ എന്നയാളെ കൂടെ അയക്കുകയും 2500 രൂപ നൽകുകയും ചെയ്തത് മാത്രമാണ് കരാറുകാരൻ നൽകിയ സഹായം.നാട്ടിലേക്ക് പോകാനായി മംഗള എക്സ്പ്രെസ്സിൽ കയറിയതാണ് ഇരുവരും.രക്തം വരുന്ന മുറിവുമായി വേദനകൊണ്ടു പുളയുന്ന സലീമിനെ കുറിച്ചുള്ള വിവരം ഈ ട്രെയിനിലെ യാത്രക്കാർ കൈമാറുകയായിരുന്നു.വിവരം അറിഞ്ഞ മന്ത്രി കണ്ണൂർ റെയിൽവേ പൊലീസിന് അടിയന്തിര ചികിത്സ നൽകാനുള്ള നിർദേശം കൈമാറുകയായിരുന്നു.തുടർന്ന് സലീമിനെ ട്രെയിനിൽ നിന്നും ഇറക്കി അഗ്നിശമന സേനയുടെ വാഹനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.സലീമിന് ചികിത്സ നല്കാൻ മന്ത്രി നേരിട്ട് ആശുപത്രി അധികൃതരെയും അറിയിച്ചിരുന്നു.

ഒരു വിഭാഗം വ്യാപാരികൾ ഇന്ന് കടകളടച്ച് സമരം ചെയ്യും

keralanews a group of merchants conduct strike today

കണ്ണൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും.സമരത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതി താവക്കര ബസ്സ്റ്റാൻഡ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യും.എന്നാൽ സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു.ചിക്കൻ  മെർച്ചന്റ്സ് ഓണേഴ്‌സ് അസോസിയേഷൻ, ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് അസോസിയേഷൻ,ഹോട്ടൽ ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ കീഴിലുള്ള മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും.കടകൾക്ക് പോലീസ് സംരക്ഷണം നല്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് മലയാളി ഐ പി എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

keralanews malayalee ips officer arrested for cheating in civil service exam

ചെന്നൈ:സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു.എറണാകുളം ആലുവ കുന്നുകര സ്വദേശി സഫീർ കരീമിനെയാണ്(29) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.ഇയാളുടെ ഭാര്യ കോട്ടയം സ്വദേശിനി ജോയ്സി ജോയ്,സുഹൃത്ത് പി.രാമബാബു എന്നിവരെയും ചൊവ്വാഴ്ച ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച എഗ്മൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷമാണ് സഫീറിനെ അറസ്റ്റ് ചെയ്തത്.ജോയ്‌സിയെയും സുഹൃത്തിനെയും ചെന്നൈയിൽ എത്തിച്ചു റിമാൻഡ് ചെയ്യും.ചെന്നൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കിടെ സഫീർ ബ്ലൂ ടൂത്ത് ഉപയോഗിച്ച് ഭാര്യയിൽ നിന്നും ഉത്തരങ്ങൾ കേട്ടെഴുതി എന്നതാണ് കേസ്.ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച ബ്ലൂ ടൂത്ത് ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രം പകർത്തി ഭാര്യക്ക് അയച്ചുകൊടുത്ത ശേഷം ഭാര്യയിൽ നിന്നും ഉത്തരങ്ങൾ കേട്ടെഴുത്തുകയായിരുന്നു.പരീക്ഷ ആരംഭിച്ച അന്ന് തന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർക്ക് സംശയം തോന്നിയിരുന്നു.ഇതേ തുടർന്ന് ഇയാളെയും ഭാര്യയെയും ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു.ദേഹപരിശോധന നടത്തിയ പോലീസിനെയും കബളിപ്പിച്ച് ഇയാൾ തിങ്കളാഴ്ചയും ഇതേ രീതിയിൽ പരീക്ഷയ്‌ക്കെത്തി. പിടികൂടിയപ്പോൾ അടിവസ്ത്രത്തിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മൊബൈൽ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തുകയായിരുന്നു.സഫീറും ഭാര്യയും നടത്തുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ഡയറക്റ്റർമാരിൽ ഒരാളാണ് അറസ്റ്റിലായ രാമബാബു.2014 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഐപിഎസിന് സഫീറിനു ഉയർന്ന റാങ്ക് ലഭിച്ചിരുന്നു.ഉയർന്ന റാങ്ക് നേടി ഐഎഎസ് നേടാനാണ് സഫീർ വീണ്ടും പരീക്ഷയെഴുതിയത്.

പാചക വാതക സിലിണ്ടറിന് വില കൂട്ടി

keralanews the price of cooking gas increased

കൊച്ചി:പാചക വാതക സിലിണ്ടറിന് വില കൂട്ടി.സിലിണ്ടറിന് 94 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 635 രൂപയിൽ നിന്നും 729 രൂപയായി.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയും വർധിപ്പിച്ചു.1143 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 1289 രൂപ നൽകണം.വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പാചക വാതകത്തിന്റെ വില വർധിപ്പിച്ചു കൊണ്ടുള്ള എണ്ണ കമ്പനികളുടെ അറിയിപ്പ് ഇന്ന് പുലർച്ചെയാണ് വിതരണക്കാർക്ക് ലഭിച്ചത്.എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടർ വില വർധിപ്പിക്കുന്ന പതിവ് എണ്ണ കമ്പനികൾക്ക് ഉണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും ഇല്ല.

വിചാരണ തടവുകാർക്കുള്ള ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരാൻ ആലോചന

keralanews plan to bring food for prisoners awaiting trial from their home

തിരുവനന്തപുരം:ജയിലിൽ കഴിയുന്ന വിചാരണ തടവുകാർക്കുള്ള ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരാൻ ആലോചന.ചെലവ് ചുരുക്കലിന് വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ജയിൽ ഡിജിപിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.അതിന്റെ ഭാഗമായാണ് ഈ നീക്കം. വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചു നല്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മാത്രം ജയിലിൽ നിന്നും ഭക്ഷണം ഏർപ്പെടുത്താനാണ് നീക്കം.വിചാരണ തടവുകാരുടെ ഭക്ഷണത്തിനായി കോടിക്കണക്കിനു രൂപയാണ് സർക്കാരിന് ചിലവാക്കുന്നത്.എന്നാൽ ഒരു വിഭാഗം മാത്രം പുറത്തു നിന്നും ഭക്ഷണമെത്തിച്ചു കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഈ നിർദ്ദേശത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നാലായിരത്തോളം വിചാരണ തടവുകാരാണ് നിലവിലുള്ളത്.

മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച ഐജി ജയരാജിനെ സസ്‌പെൻഡ് ചെയ്തു

keralanews crimebranch ig i j jayarajan suspended

തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക  വാഹനത്തിൽ അപകടകരമായ വിധത്തിൽ സഞ്ചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജനെ സസ്‌പെൻഡ് ചെയ്തു.സംഭവത്തിൽ ഐജിയുടെ ഡ്രൈവറായ പോലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം വൈദ്യപരിശോധന നടത്തി.ഇതിൽ ഇവർ രണ്ടുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന്  ഇരുവർക്കെതിരേയും അന്വേഷണം നടത്തി.പിന്നീട് രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി 24 മണിക്കൂർ കടയടപ്പ് സമരം നടത്തും

keralanews tomorrow 24hour strike of trade union co ordination committee

കണ്ണൂർ:വ്യാപാരി വ്യവസായി ഏകോപനം സമിതി നാളെ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും.ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കുക, വാടക-കുടിയാൻ നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്‍റെ ഭാഗമായി കടകൾ ഒഴിപ്പിക്കുമ്പോൾ ജോലി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ കടയടപ്പ് സമരം.സമരത്തോടനുബന്ധിച്ച് നാളെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും.

കൊല്ലത്ത് ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തു

keralanews the teacher and student of the same school committed suicide

കൊല്ലം:കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാർഥിനിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്.ഇവരുടെ ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്കൂൾ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് സംഭവത്തിൽ വിശദീകരണം പുറത്തുവന്നിട്ടില്ല.

വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ‌ ഇ​ള​കി വീടിന്റെ ടെറസിനു മുകളിൽ പതിച്ചു;തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

keralanews planes door fell on the top of the house

ഹൈദരാബാദ്:പരിശീലന പറക്കലിനിടയിൽ തെലുങ്കാനയിൽ പാർപ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്‍റെ വാതിൽ‌ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്‍റെ ടെറസിലേക്കാണ് വാതിൽ വന്നുപതിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.ടെറസിൽ പെയിന്‍റിംഗ് ജോലി ചെയ്തിരുന്നയാൾ സംഭവത്തിന് തൊട്ടുമുന്പ് താഴെ നിലയിലേക്ക് പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തെലുങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്‍റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം. വിമാനത്തിൽ പൈലറ്റും ട്രെയിനിയുമാണ് ഉണ്ടായിരുന്നത്.സംഭവത്തെക്കുറിച്ചു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎസ് ബന്ധം;കണ്ണൂരിൽ നാല് പേർ കൂടി അറസ്റ്റിൽ

Silhouette of soldier with rifle

കണ്ണൂർ:ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെകൂ‌ടി കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലിൽ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവർക്കു ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.നേരത്തെ അറസ്റ്റിലായവർക്ക് പാസ്പോർട്ട്, വീസ, യാത്രാരേഖകൾ എന്നിവ സംഘടിപ്പിച്ച് കൊടുത്തതിൽ കസ്റ്റഡിയിലായവർക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.ഇവർക്ക് യാത്രാ രേഖകളും പാസ്പോർട്ടും തയാറാക്കി നൽകിയ കണ്ണൂരിലെ ചില ട്രാവൽ ഏജൻസികളിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.അതേസമയം നേരത്തെ അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്‌മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ കസ്റ്റഡിയിൽവിട്ടുകിട്ടാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.