കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ മുഖ്യപ്രതി അമീറുല്‍ ഇസ്‌ലാമിനെ ക്രിമിനല്‍ നടപടിക്രമമനുസരിച്ചുളള വിസ്താരത്തിനായി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി.കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.ജിഷാ വധക്കേസിലെ രഹസ്യ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 195 പേരുടെ സാക്ഷിപ്പട്ടികയിൽ പ്രോസിക്യൂഷൻ തിരഞ്ഞെടുത്ത 100 പേരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള വിസ്താരത്തിനായി അമീറുൽ ഇസ്‌ലാമിനെ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യംചെയ്യല്‍ നടപടികള്‍ കോടതി പൂര്‍ത്തീകരിച്ചു. ഇനി പ്രതിഭാഗം സാക്ഷി വിസ്താരമാണ് നടക്കാനുള്ളത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇതിന് കോടതി അനുമതി നല്‍കി.ഈ കേസിൽ പ്രതി കുറ്റം ചെയ്യുന്നത് കണ്ട ദൃക്‌സാക്ഷികളില്ല.കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങൾ, മുറിക്കുള്ളിൽ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎൻഎ പരിശോധന അടക്കമുള്ള ഫൊറൻസിക് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്‌ലാമിനെതിരെ പ്രോസിക്യൂഷൻ കുറ്റം ആരോപിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, രാസപരിശോധകര്‍ തുടങ്ങിയവരാണ് കേസിലെ മുഖ്യ സാക്ഷികള്‍.
എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച നാല് സ്വകാര്യ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
എറണാകുളം:എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച നാല് സ്വകാര്യ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.ആലുവ എറണാകുളം റൂട്ടില്‍ സ്വകാര്യബസ് അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പൊലീസ് സംഘം ആലുവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ജോലി സമയത്തെ മദ്യപാനം വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ ൪ സ്വകാര്യ ബസ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു.ഈ അപകടം ഉണ്ടാക്കിയ രണ്ടുബസുകളിലെയും ഡ്രൈവർമാർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.ഇത് കൊണ്ടുതന്നെ സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസുകളും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.
സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി
തിരുവനന്തപുരം:സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി.ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാകാത്തതാണ് അംഗീകാരണം റദ്ദാക്കാൻ കാരണമെന്ന് സംസ്ഥാന അപോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ വ്യക്തമാക്കി. നേരത്തെ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തിരുന്നു.
കോഴിക്കോട് മുക്കത്ത് വീണ്ടും സംഘർഷം; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേ സമരം നടത്തുന്നവരും പോലീസും തമ്മിൽ വീണ്ടും സംഘർഷം.സമരക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടിവന്നു.രാവിലെ പ്രദേശത്തുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് പിന്നാലെ അരങ്ങേറിയത്. സമരക്കാർ മുക്കം-അരീക്കോട് റോഡ് ഉപരോധിച്ചു. ഇതിനിടെയാണ് വീണ്ടും സംഘർഷം അരങ്ങേറിയത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഒരു മാസത്തോളമായി നിർത്തിവച്ച ജോലികൾ പുനരാരംഭിക്കുന്നതിനായി ഗെയിൽ അധികൃതർ ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തത്. ഗെയിലിന്‍റെ വാഹനത്തിന് നേരെ സമരക്കാർക്കിടയിൽ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്.
കാസർകോട് നിന്നും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി
കാസർകോഡ്:കാസർകോട് നിന്നും രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി.കാസർകോഡ് തായലങ്ങാടിയിലെ ഒരു ഗോഡൗണിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടിയത്.ക്രീം,ലോഷൻ,സോപ്പ്,പൗഡർ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. യുവാക്കൾക്കിടയിൽ വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിറ്റഴിക്കപ്പെടുന്നുവെന്ന വാർത്തയെ തുടർന്നാണ് പരിശോധന നടത്തിയത്.കമ്പനിയുടെ പേരോ വിലാസമോ ഇവയിലടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരങ്ങളോ ഒന്നും ഉത്പന്നങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല.വിദ്യാനഗർ സ്വദേശി ഇബ്രാഹിം ഖലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിടിച്ചെടുത്ത വസ്തുക്കൾ കാസർകോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
രാജസ്ഥാനിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു
ജയ്പുർ: രാജസ്ഥാനിൽ ട്രാൻഫോർമർ പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഇരുപതുപേർക്ക് പരിക്കേറ്റു.ജയ്പൂരിനടുത്ത ഖട്ടുലായ് ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ട്രാൻഫോർമറിന് അടുത്തുകൂടി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ട്രാൻഫോർമർ പൊട്ടിത്തെറിച്ചയുടൻ സമീപമുണ്ടായിരുന്നവരിലേക്കു തീ പടരുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്.ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ അറിയിച്ചു.
തലശേരിയിൽ രണ്ടു കോടിയുടെ കുഴൽപ്പണം പിടികൂടി
തലശേരി: കർണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴൽപ്പണം തലശേരിയിൽ പിടികൂടി.ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കുഴൽപ്പണം പിടികൂടിയത്.തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിൽ പൊൻപാറയ്ക്കൽ ഇഖ്ബാൽ (30), പെരുന്തോട്ടത്തിൽ മുഹമ്മദ് (21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
പറവൂരിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള പൈപ്പ് ഇറക്കുന്നത് തടയാൻ ശ്രമിച്ച സമരനേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി
കണ്ണൂർ:ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ മുണ്ടേരി പറവൂരിൽ നടക്കുന്ന സമരത്തിൽ പോലീസ് നടപടി.പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായുള്ള പൈപ്പുകൾ ഇറക്കാൻ ശ്രമിച്ചത് സമരക്കാർ തടഞ്ഞതോടെയാണ് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.ഇവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുടുക്കിമൊട്ടയിൽ പ്രതിഷേധ പ്രകടനവും നടന്നു.ജനകീയ സമരങ്ങളെ പോലീസിനെയും കുത്തകകളെയും ഉപയോഗിച്ച് തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് പറഞ്ഞു..
രാജീവ് വധം;അഡ്വ.ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന വി.എ രാജീവ് ചാലക്കുടിയിൽ വെച്ച് കൊല്ലപ്പെട്ട കേസിൽ അഡ്വ.ഉദയഭാനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി തള്ളി.കൊലപാതകം നടന്ന സെപ്റ്റംബർ 29 ന് കേസിലെ അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനു പലതവണ ഫോണിൽ സംസാരിച്ചതായി കോടതിയിൽ സമർപ്പിക്കപ്പെട്ട കേസ് ഡയറിയിലും ഫോൺ രേഖകളിൽ കൂടിയും വ്യക്തമാകുന്നതായി ഹൈക്കോടതി പറഞ്ഞു.അതിനാൽ ഇതേ കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്ക് ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.അഭിഭാഷകനായ ഉദയഭാനുവിന്റെ കക്ഷിയായിരുന്നു രാജീവ്.ഉദയഭാനു വൻതോതിൽ ഭൂമി വാങ്ങാൻ രാജീവുമായി ധാരണയുണ്ടാക്കിയതായി രേഖകളിലുണ്ട്.പിന്നീട് ഇവർ രണ്ടുപേരും തമ്മിൽ തെറ്റി എന്നും കിട്ടാനുള്ള പണം തിരികെ ചോദിച്ചു ഉദയഭാനു നിരവധി തവണ രാജീവിനെ സമീപിച്ചിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്.എന്നാൽ താൻ പണമൊന്നും നല്കാൻ ഇല്ലെന്നായിരുന്നു രാജീവിന്റെ നിലപാട്..
വിദേശ മദ്യം,ബിയർ എന്നിവയ്ക്ക് വില വർധിപ്പിച്ചു
തിരുവനന്തപുരം:ഇന്ത്യൻ നിർമിത വിദേശ മദ്യം,ബിയർ,വൈൻ എന്നിവയ്ക്ക് വില വർധിപ്പിച്ചു. 30 രൂപ മുതൽ അൻപതു രൂപവരെയാണ് വർദ്ധനവ്.വില വർദ്ധനവിന് ആനുപാതികമായി നികുതിയും ചേർക്കുമ്പോൾ മുന്തിയ ഇനം മദ്യത്തിന് 80 രൂപ വരെ അധികം നൽകേണ്ടി വരും.പുതുക്കിയ വില ഈടാക്കാനുള്ള നടപടികൾ പൂർത്തിയായതായി ബീവറേജ്‌സ് കോർപറേഷൻ അധികൃതർ അറിയിച്ചു.മദ്യക്കുപ്പികളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ മാറ്റം വരുത്തിയിട്ടില്ല.എന്നാൽ ബില്ലിൽ അധിക വില ഈടാക്കും.പുതുക്കിയ വില നിലവിൽ വരുന്നതിനാൽ ഇന്നലെ ഷോപ്പുകളിലെ സ്റ്റോക്കുകൾ എണ്ണി തിട്ടപ്പെടുത്തി.ഇന്ന് മുതൽ പുതിയ വില ഈടാക്കാൻ ബില്ലിംഗ് മെഷീനിലും മാറ്റം വരുത്തിയിട്ടുണ്ട്.