കോട്ടയം:കോട്ടയത്തെ പ്രമുഖ ബേക്കറിയുടെ ഗോഡൗണിൽ വൻ തീപിടിത്തം.ഗോഡൗണിന്റെ രണ്ടുനിലകൾ പൂർണ്ണമായും കത്തിനശിച്ചു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.പത്തോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പരശുറാം എക്സ്പ്രസ്സിന്റെ സമയമാറ്റം പുനഃക്രമീകരിക്കുക എന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം തുടങ്ങി
കണ്ണൂർ:പരശുറാം എക്സ്പ്രസ്സിന്റെ സമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് കാസർഗോഡ് മുതൽ പരപ്പനങ്ങാടി വരെ ട്രെയിൻ യാത്രക്കാരുടെ ഇടയിൽ നിന്നു ഒപ്പുശേഖരണം തുടങ്ങി. റെയിൽവേ ഡിവിഷൻ പാസഞ്ചേർസ് അസോസിയേഷൻ, മലബാർ റെയിൽവേയൂസേർസ് ഫോറം, റെയിൽവേ യൂസേർസ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്നാണ് ഒപ്പ് ശേഖരണം നടത്തുന്നത്. വടകരയിൽ മലബാർ റെയിൽവേ യൂസേർസ് ഫോറം നടത്തിയ പരിപാടിക്ക് പ്രസിഡന്‍റ് മോഹനൻ, ജയേഷ്, സന്തോഷ് കുമാർ, സിനോജ്, പ്രജിഷ്, ദീലഷ്, ജിസിൻ, ബിജു, അർജുൻ, കാഷ്മ എന്നിവർ നേതൃത്വം നൽകി.
വടകരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
വടകര:വടകരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കോട്ടയത്ത് നിന്നും വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസ് നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഇടതു ഭാഗം പൂർണ്ണമായും തകർന്നു.ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്
കണ്ണൂർ:കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്.പിലാത്തറ മണ്ടൂർ പള്ളിക്ക് സമീപം രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ടയർ കേടായതിനെ തുടർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന ബസിൽ അമിത വേഗതയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഏഴോം സ്വദേശിനി സുബൈദ,ഇവരുടെ മകൻ മുഫീദ്,ചെറുകുന്ന് സ്വദേശി സുജിത്,പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതിൽ ഉത്തർപ്രദേശ് സ്വദേശി സുപ്പിയറിന്റെയും തോട്ടട സ്വദേശി നീരജിന്റേയും നില ഗുരുതരമാണ്.ടയർ കേടായതിനെ തുടർന്ന് ഇത് മാറ്റാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പൂമാല ബസ്.ഇതിനിടെ ബസിലെ ഏതാനും യാത്രക്കാർ ബസ് മാറിക്കയറാനായി റോഡിലേക്കിറങ്ങി. അപ്പോഴേക്കും വിഗ്നേശ്വര എന്ന ബസ് വന്നു.ബസ് കാത്തു നിന്നവർ ഈ ബസിനു കൈനീട്ടി. എന്നാൽ അമിത വേഗതയിലായിരുന്ന ഈ ബസ്സ് അവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അതേസമയം അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെങ്കൽ സ്വദേശി പ്രതീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് കേസെടുത്തു
മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് നടത്തിയ ലാത്തിചാർജിലും ജലപീരങ്കി പ്രയോഗത്തിലും പാറശാല മണ്ഡലം ജനറൽ സെക്രെട്ടറി വിപിൻ,സജി മണിനാട് എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ജില്ലാ കമ്മിറ്റി മെമ്പർ സുമി പ്രശാന്തിനും പരിക്കേറ്റിട്ടുണ്ട്.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. പോലീസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതർ
കോഴിക്കോട്:കോഴിക്കോട് എരഞ്ഞിമാവിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കില്ലെന്നു ഗെയിൽ അധികൃതർ അറിയിച്ചു.സർക്കാരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ പദ്ധതി നിർത്തി വെയ്ക്കാനുള്ള നിർദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നും ഗെയിൽ വ്യക്തമാക്കി.സർക്കാർ ഗെയിൽ വിരുദ്ധ സമരക്കാരുമായി തിങ്കളാഴ്ച്ച ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് സമരസമിതി അറിയിച്ചത്.ഇതിനു പിന്നാലെയാണ് ഗെയിൽ അധികൃതർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകന്റെ ഓട്ടോ ടാക്സി തകർത്തു
മട്ടന്നൂർ:മട്ടന്നൂർ നെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകന്റെ ഓട്ടോ ടാക്സി തകർത്തു. ഓട്ടോയുടെ മുൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർത്തു.ഓട്ടോയിൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു.നെല്ലൂന്നിയിലെ ആർഎസ്എസ് ശാഖാ മുഖ്യ ശിക്ഷക് കെ.ശരത്തിന്റെ ഓട്ടോയാണ് തകർത്തത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.
വിസ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി
കണ്ണൂർ:വിസ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി.കൂത്തുപറമ്പ് പാറാൽ സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൽ റഷീദിനെയാണ് പെരിങ്ങോം എസ്‌ഐ മഹേഷ്.കെ.നായരും സംഘവും ചേർന്ന് കോഴിക്കോട് വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്.മസ്‌ക്കറ്റിൽ നിന്നും മടങ്ങി വരുമ്പോഴാണ് ഇയാൾ പിടിയിലായത്. മാത്തിൽ, കുണ്ടയം കൊവ്വൽ,പാടിയോട്ടുചാൽ,സ്വദേശികളായ സജീഷ്,പ്രജിൻ,അബ്ദുൽ സലാം എന്നിവരിൽ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായാണ് കേസ്.കൊല്ലം ജില്ലയിലെ ചടയമംഗലത്തെ അഞ്ചുപേരിൽ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ കേസിലും ഇയാൾ പ്രതിയാണ്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.
തെറ്റായ വിവരങ്ങൾ നൽകി റേഷൻ മുൻഗണനപ്പട്ടികയിൽ ഇടം നേടിയവർക്കെതിരെ ഭക്ഷ്യവകുപ്പ് പ്രോസിക്യൂഷൻ നടപടിക്ക്
തിരുവനന്തപുരം:തെറ്റായ വിവരങ്ങൾ നൽകി റേഷൻ മുൻഗണനാ പട്ടികയിൽ ഇടം നേടിയവർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്.തെറ്റായ വിവരങ്ങൾ നൽകിയവർക്ക് പട്ടികയിൽ നിന്നും പുറത്തു പോകാൻ ഭക്ഷ്യവകുപ്പ് നേരത്തെ സൗകര്യമൊരുക്കിയിരുന്നു.ഈ സൗകര്യം പ്രയോജനപ്പെടുത്താത്തവർക്കെതിരെ ആണ് നടപടിക്കൊരുങ്ങുന്നത്.ആഡംബര കാറുകൾ സ്വന്തമായുള്ളവർ പോലും റേഷൻ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.നിലവിലെ നിയമമനുസരിച്ച് നാലുചക്ര വാഹനങ്ങൾ ഉള്ളവർക്ക് സൗജന്യ റേഷന് അർഹതയില്ല.റേഷൻ കാർഡ് പുതുക്കുമ്പോൾ കാർഡുടമകൾ സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് നൽകിയത്.ഈ വിവരങ്ങൾ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.പട്ടികയിൽ കടന്നു കൂടാനാകാത്ത ആറരലക്ഷത്തോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.നവംബർ അവസാനത്തോടെ പരാതികൾ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.നിലവിൽ അനർഹരായി കടന്നുകൂടിയവരെ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തും.അതിനു ശേഷം മാത്രമായിരിക്കും പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ സ്വീകരിക്കുക.
ഗെയിൽ വിരുദ്ധ സമരം;സമരസമിതി ഇന്ന് യോഗം ചേരും
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്ന സമരസമിതി ഇന്ന് യോഗം ചേരും.സർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്.എം.എ ഷാനവാസ് എം പിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.സംസ്ഥാന സർക്കാർ തിങ്കളാഴ്ച കോഴിക്കോട് കളക്റ്ററേറ്റിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തി വെയ്ക്കാതെ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അലൈൻമെന്റ് മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നും സമരസമിതി വ്യക്തമാക്കുന്നു. പൈപ്പിടൽ ജനവാസ മേഖലയിൽ കൂടി ആകരുതെന്നും ഇവർ പറയുന്നു.അതേസമയം സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നല്കാൻ തങ്ങൾ തയ്യാറാണെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.ഭൂമിയുടെ ന്യായവിലയുടെ അൻപതു ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം.ഇത് ഉയർത്താൻ സർക്കാർ തയ്യാറായാൽ തങ്ങൾ അതിനും തയ്യാറാണെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.