പരിയാരം:പരിയാരം മുണ്ടൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾക്ക് 10000 രൂപ അടിയന്തിര സഹായം നല്കാൻ കല്കട്ടർക്ക് നിർദേശം നൽകി.മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുന്നത് കല്കട്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിൽ വൈദ്യുതി നിലച്ചത് രോഗികളുടെ ബന്ധുക്കളെ പരിഭ്രാന്തരാക്കി
പരിയാരം:പരിയാരം മെഡിക്കൽ കോളേജിൽ വൈദ്യുതി നിലച്ചത് രോഗികളുടെ ബന്ധുക്കളെ പരിഭ്രാന്തരാക്കി.ഇന്നലെ വൈകുന്നേരം മൂന്നു മണിക്കാണ് ഒരു മണിക്കൂർ നേരത്തേക്ക് വൈദ്യുതി നിലച്ചത്.വെന്റിലേറ്ററിലേക്കുള്ള ഓക്സിജൻ എത്താൻ വൈദ്യുതി ആവശ്യമാണെന്ന് പറഞ്ഞതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതു വരെ ഒരു മണിക്കൂറോളം സംഘർഷാവസ്ഥയിലായിരുന്നു ആശുപത്രി.സാധാരണ നിലയിൽ വൈദ്യുതി ബന്ധം നിലച്ചാൽ ഉടനെ ജനറേറ്റർ പ്രവർത്തിക്കുമായിരുന്നു.എന്നാൽ ഇത്തവണ ജനറേറ്റർ പ്രവർത്തിച്ചില്ല.ഇത് മനസിലാക്കിയ ഉടനെ മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് വെന്റിലേറ്ററിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.പിന്നീട് പുതിയ ബാറ്ററി ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചപ്പോഴേക്കും വൈദ്യുതിയും വന്നു.ഇതിനുമുൻപ് 2002 ലാണ് ഇവിടെ ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുള്ളത്.അതിനു ശേഷം ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും പരിഷ്‌ക്കരിച്ചിരുന്നുവെന്നും ഇലക്ട്രിക്കൽ വിഭാഗം അറിയിച്ചു.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കുക,വാതില്‍പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.മെയ് 30ന് വേതന പാക്കേജ് പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. നിലവിലെ വേതനവും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.സംസ്ഥാനത്തെ 14328 റേഷന്‍ കടകളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും.അതേസമയം അടച്ചിടുന്ന റേഷൻ കടകൾ കുടുംബശ്രീകൾക്ക് കൈമാറാൻ സർക്കാർ ആലോചിക്കുന്നു.കട അടച്ചിട്ടാൽ അവ കേരള റേഷനിങ് കൺട്രോൾ ആക്ട് പ്രകാരവും ആവശ്യസാധന നിയന്ത്രണ നിയമ പ്രകാരവും ഏറ്റെടുക്കാനാണ് തീരുമാനം.ഇവയുടെ നടത്തിപ്പ് താൽക്കാലിക ലൈസൻസിലൂടെ കുടുംബശ്രീകൾക്കും വനിതാ സ്വയം സഹായ സംഘങ്ങൾക്കും കൈമാറും.കുടുംബശ്രീയും സ്വയം സഹായ സംഘങ്ങളും ഇല്ലെങ്കിൽ മാവേലിസ്റ്റോറിലൂടെയും സപ്പ്ളൈക്കോ വിതരണ കേന്ദ്രം വഴിയും വിതരണം ചെയ്യും.
മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്:മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വാർത്ത അവതാരകനായ നിതിൻ ദാസിനെയാണ് കോഴിക്കോട് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തൃശൂർ സ്വദേശിയാണ്.ഇന്നലെ വൈകുന്നേരത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല.തുടർന്ന് സുഹൃത്തുക്കൾ ഓഫീസിനടുത്തുള്ള നിതിന്റെ റൂമിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തൃശൂർ സ്വദേശിയായ നിതിൻ തിരുവനന്തപുരത്ത് നഴ്സിംഗ് പഠനം പൂർത്തിയാക്കി സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കിയിരുന്നു.തുടർന്നാണ് കാക്കനാട്ടെ പ്രസ് അക്കാദമിയിൽ നിന്നും മാധ്യമ പ്രവർത്തനം പഠിച്ച ശേഷം 2015 ഇൽ മീഡിയ വണ്ണിൽ ജോലിയിൽ പ്രവേശിച്ചത്.
ഗെയിൽ വിരുദ്ധ സമരം;സർവകക്ഷിയോഗം ഇന്ന്
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് സ്ഥാപിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിനു എതിരായുള്ള സമരം ഒത്തു തീർക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും.ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, സമര സമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ വകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമര സമിതിയെ ആദ്യം യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായതോടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജി അക്ബര്‍, അബ്ദുല്‍ കരീം എന്നിവര്‍ സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വ്വകക്ഷി യോഗത്തിനെത്തും.പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമെന്ന നിര്‍ദേശമാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവിലെ സമരഭൂമി സന്ദര്‍ശിക്കും.
ഏഷ്യാകപ്പ് വനിതാ ഹോക്കി;ഇന്ത്യ ജേതാക്കൾ
കാകമിഗഹാര: ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ജേതാക്കൾ. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം കരസ്ഥമാക്കിയത്.ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ വിജയം.സ്കോർ: 5-4. 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ് ഹോക്കിയിൽ കിരീടം നേടുന്നത്. കിരീടനേട്ടത്തോടെ ഇന്ത്യ അടുത്ത വർഷം നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്ഥാനമുറപ്പിച്ചു.നിശ്ചിത മത്സര സമയത്ത് ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനില പാലിച്ചു.തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്കും ചൈനയ്ക്കും കഴിഞ്ഞു. ഇതോടെ കളി സഡൻഡെത്തിലേക്കു നീണ്ടു.സഡൻ ഡെത്തിൽ ഇന്ത്യക്ക് വേണ്ടി റാണി ലക്ഷ്യംകണ്ടു. ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയിൽ വിജയം ഉറപ്പിച്ചു.ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യൻ വനിതകൾ നേട്ടം സ്വന്തമാക്കിയത്.
ഗെയിൽ വിരുദ്ധ സമരം;സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം.സമര സമിതിയിൽ നിന്നും രണ്ടു പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാൻ മന്ത്രി എ.സി മൊയ്‌ദീൻ കളക്റ്റർക്ക് നിർദേശം നൽകി. കോഴിക്കോട് കളക്റ്ററേറ്റിൽ തിങ്കളാഴ്ചയാണ് യോഗം ചേരുന്നത്.പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാർ,എംഎൽഎമാർ,നഗരസഭാ ചെയർമാൻമാർ, പഞ്ചായത്തു പ്രെസിഡന്റുമാർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ചർച്ച വിജയിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എരഞ്ഞിമാവിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് മൂന്നു മാസമായി സമരം നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമരം സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.ഇതേ തുടർന്നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ-ടാക്‌സി പ്രീപെയ്ഡ് കൗണ്ടര്‍ തുടങ്ങുന്നു
അംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു
തിരുവനന്തപുരം:അംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു.കുട്ടികളടക്കം എല്ലാ അംഗനവാടി ഗുണഭോക്താക്കളുടെയും വിവരം നല്കാൻ കേന്ദ്ര സർക്കാർ അറിയിച്ചു. അല്ലാത്തപക്ഷം കേന്ദ്ര ഫണ്ട് കുറയുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.നിശ്ചിത സമയത്തിനുള്ളിൽ റാപ്പിഡ് റിപ്പോർട്ടിങ് സിസ്റ്റത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം.അംഗൻവാടി ഗുണഭോക്താക്കളായ ആറുവയസ്സുവരെയുള്ള കുട്ടികൾ,ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും,കൗമാരക്കാരായ പെൺകുട്ടികൾ,എന്നിവരുടെ ആധാറാണ് അപ്‌ലോഡ് ചെയ്യേണ്ടത്.ആധാർ ലിങ്ക് ചെയ്ത ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചു മാത്രമാണ് ഇനിമുതൽ കേന്ദ്ര ഫണ്ട് ലഭിക്കുക. ആധാർ നൽകുന്നതിലെ വീഴ്ചമൂലം കേന്ദ്ര ഫണ്ടിൽ കുറവ് വന്നാൽ ഉദ്യോഗസ്ഥർക്കെല്ലാം തുല്യ ബാധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പും ഡയറക്റ്ററേറ്റ് നൽകുന്നുണ്ട്. അംഗനവാടിയിലെത്തുന്ന ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഈ മാസം പത്തിനകം ശേഖരിച്ചു 25 നകം അപ്‌ലോഡ് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്.ആധാർ ഇല്ലാത്തവരെ പുതുതായി അത് എടുപ്പിച്ചു 25 നകം അപ്‌ലോഡ് ചെയ്യണം.
മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ക്യാമ്പൈനിൽ പിന്നോക്കം നിൽക്കുന്ന സ്കൂൾ അധികൃതരുടെ യോഗം വിളിച്ചുചേർക്കും
കണ്ണൂർ: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മീസിൽസ്-റുബെല്ല വാക്സിനേഷൻ പരിപാടിയിൽ പിന്നോക്കം നിൽക്കുന്ന സ്കൂൾ അധികൃതരുമായി സംസാരിക്കാൻ കളക്ടർ യോഗം വിളിച്ചു ചേർക്കുന്നു.നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.500 ഇൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ 70 ശതമാനത്തിൽ കുറവ് നേട്ടം കൈവരിച്ച വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ, പിടിഎ പ്രസിഡന്‍റുമാർ, സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികൾ എന്നിവരെയാണ് യോഗത്തിനു വിളിച്ചിരിക്കുന്നത്.നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.സ്കൂൾതല വാക്‌സിനേഷൻ പരിപാടിയിൽ ഇതുവരെ കൈവരിച്ച നേട്ടം അവലോകനം ചെയ്യുന്നതോടൊപ്പം പിന്നോക്കം നിൽക്കുന്ന സ്കൂളുകളിലെ വാക്സിനേഷനോട് എതിർപ്പ് കാണിക്കുന്ന രക്ഷകർത്താക്കളെ ബോധവത്കരിക്കാനുള്ള പ്രത്യേക കർമപദ്ധതിയും യോഗത്തിൽ ആവിഷ്കരിക്കും.15 വയസ് വരെയുള്ള മുഴുവൻ കുട്ടികളും 18 നകം എംആർ കുത്തിവയ്പെടുത്തുവെന്ന് സ്കൂൾ അധികൃതരും മുഖ്യാധ്യാപകരും രക്ഷിതാക്കളും ഉറപ്പു വരുത്തണം.