മട്ടന്നൂർ:മട്ടന്നൂർ നെല്ലൂന്നിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഇന്ന് രാവിലെ പത്തു മണിയോട് കൂടിയാണ് വെട്ടേറ്റത്.സൂരജ്,ജിതേഷ് എന്നിവർക്കാണ് വെട്ടേറ്റത്.കള്ള് ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പിൽ കയറി വെട്ടുകയായിരുന്നു.അക്രമി സംഘം തിരിച്ചു പോകുന്ന വഴിയാണ് ജിതേഷിനെ വെട്ടിയത്.ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സൂചന.
ഉൽപ്പാദനം വർധിച്ചു;അരിവില അഞ്ചു രൂപവരെ കുറഞ്ഞു
തൃശൂർ:അരിയുടെ ഉത്പാദനം വർധിച്ചതോടെ വിലയിൽ അഞ്ചു രൂപയുടെ വരെ കുറവ്.അരി ഉൽപ്പാദക സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ചതാണ് ഉത്പാദനം കൂടാൻ കാരണം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വടിമട്ടയുടെ വിലയാണ് അഞ്ചു രൂപ കുറഞ്ഞത്.നേരത്തെ 46 രൂപയുണ്ടായിരുന്ന ഈ അരിക്ക് ഇപ്പോൾ 41 രൂപയായി.ഇതോടെ മുപ്പതു രൂപയ്ക്ക് ഇപ്പോൾ നല്ല അരി വാങ്ങാം.അരി ഉത്പാദക സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാപ്രദേശ്, ബീഹാർ,ഒഡിഷ,തമിഴ്‌നാട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.ഇത് മൂലം അരി ഉത്പാദനം വർധിച്ചു.അരിയുടെ കയറ്റുമതിയും കൂടി.ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാം അരി കേരളത്തിലേക്ക് എത്തുന്നുണ്ട്.കഴിഞ്ഞ വർഷം നെല്ലായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്.അതിനാൽ കേരളത്തിലെ മില്ലുകാരായിരുന്നു അരി വില നിശ്ചയിച്ചിരുന്നത്.
എ ടി എം കാർഡ് നമ്പർ ചോർത്തി അക്കൗണ്ടിൽ നിന്നും 45,000 രൂപ തട്ടിയെടുത്തു
കണ്ണൂർ:എ ടി എം കാർഡ് നമ്പർ ചോർത്തി കണ്ണൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 45000 രൂപ കവർന്നു.കണ്ണൂർ കുറുവ സ്വദേശിയും കോൺട്രാക്റ്ററുമായ കണ്ടിയിൽ ഹൗസിൽ അശോകന്റെ പണമാണ് കവർന്നത്.മൂന്നു തവണയായാണ് പണം കവർന്നത്.ബാങ്കിൽ നിന്നും നൽകിയ വിവരമനുസരിച്ച് രണ്ടു തവണ മുംബൈയിൽ നിന്നും ഒരുതവണ തൃശ്ശൂരിൽ നിന്നുമാണ് പണം പിൻവലിച്ചിരിക്കുന്നത്.ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി അശോകന്റെ ഫോണിൽ ഒരു കാൾ വരികയും താങ്കളുടെ എ ടി എം ബ്ലോക്ക് ചെയ്യുകയാണെന്ന് അറിയിക്കുകയൂം ചെയ്തു.ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതിനാലാണ് ഇതെന്നായിരുന്നു വിശദീകരണം.എന്നാൽ താൻ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അശോകൻ പറഞ്ഞെങ്കിലും വിളിച്ചയാൾ സമ്മതിച്ചില്ല.എ ടി എം ബ്ലോക്കാവാതിരിക്കാൻ എ ടി എം കാർഡിന് മുകളിലുള്ള നമ്പർ വെളിപ്പെടുത്തണമെന്നായിരുന്നു ആവശ്യം.അശോകൻ ഈ നമ്പർ വെളിപ്പെടുത്തിയ ഉടൻ ഫോൺ കട്ടാകുകയും ചെയ്തു.വിജയ ബാങ്കിലാണ് അശോകന്റെ അക്കൗണ്ട്.തുടർന്ന് മൂന്നു തവണയായി അശോകന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടു.അവസാനം തുക പിൻവലിച്ചതിന്റെ മെസ്സേജ് മാത്രമാണ് അശോകന് കിട്ടിയത്.തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ രണ്ടു തവണ പണം പിൻവലിക്കപ്പെട്ടതായി വിവരം ലഭിച്ചത്.സംഭവത്തിൽ സൈബർ സെല്ലിലും കണ്ണൂർ ടൌൺ പോലീസിലും അശോകൻ പരാതി നൽകി.അശോകന് കാൾ വന്ന ഫോൺ നമ്പറിലേക്ക് ആദ്യം വിളിച്ചു നോക്കിയപ്പോൾ ഫോൺ റിങ് ചെയ്തുവെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി. .
കൂത്തുപറമ്പ് അയിത്തറയിൽ ബിജെപി പ്രവർത്തകന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ സ്ഫോടനം
കൂത്തുപറമ്പ്:അയിത്തറ കമ്പനിക്കുന്നിൽ ബിജെപി പ്രവർത്തകന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ സ്ഫോടനം.കല്ലാക്കുന്ന് ഹൗസിലെ രഘൂത്തമന്റെ വിറകുപുരയിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സ്ഫോടനം നടന്നത്.സ്‌ഫോടനത്തിൽ വിറകുപുരയുടെ ഓടിട്ട മേൽക്കൂരയും ജനലുകളും തകർന്നു.സംഭവ സ്ഥലത്ത് കൂത്തുപറമ്പ് പോലീസും ബോംബ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പാറക്കല്ലിനടിയിൽ പ്ലാസ്റ്റിക് ഡബ്ബയിൽ സൂക്ഷിച്ച നിലയിൽ അരകിലോഗ്രാമോളം വെടിമരുന്നും കണ്ടെത്തി.ബോംബ് നിർമാണത്തിനിടെയാകാം സ്ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
കണ്ണൂരിൽ യാത്രാ സുരക്ഷ ഉറപ്പാക്കാൻ ഇനി മുതൽ ‘കുരുവിപോലീസും’
കണ്ണൂർ:കണ്ണൂരിൽ ബസ്സുകളിൽ യാത്ര സുരക്ഷയ്ക്കായി ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ‘സ്പാരോ’ ഇന്ന് മുതൽ തുടങ്ങും.കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് ഉദ്യോഗസ്ഥർക്ക് ഐഡി കാർഡ് നൽകി പദ്ധതി ഉൽഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 25 റൂട്ടുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.കുരുവിയെ പോലെ പോലീസ് ഇടയ്ക്കിടെ ഓരോ ബസുകളിലും കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാലാണ് പദ്ധതിക്ക് സ്പാരോ എന്ന് പേരിട്ടിരിക്കുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.സ്കൂൾ പരിസരങ്ങളിലാണ് സ്പാരോ പോലീസിന്റെ സാന്നിധ്യം കൂടുതലായി ഉണ്ടാകുക.തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളിൽ കയറുന്ന സ്പാരോ പോലീസ് നിശ്ചയിക്കപ്പെട്ട സ്റ്റോപ്പിൽ ഇറങ്ങി എതിർദിശയിൽ നിന്നും വരുന്ന ബസിൽ കയറി ആദ്യത്തെ സ്റ്റോപ്പിൽ തിരിച്ചെത്തും. ബസുകളുടെ അമിത വേഗത, യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം തുടങ്ങിയവ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കും.
പാക്കിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്
ലാഹോർ:പാക്കിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു.എൺപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.കൊഹാട്ടിൽ നിന്നും റായിവിന്ദിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു
തളിപ്പറമ്പ്:ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യേരി പുഴക്കര സ്വദേശി രാമചന്ദ്രന്റെ ഭാര്യ തങ്കമണിയാണ്(46) ആത്മഹത്യ ചെയ്തത്.ടൈഫോയിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമണി. സഹോദരിയായിരുന്നു തങ്കമണിയുടെ ഒപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത്.പുലർച്ചയെ രണ്ടുമണിയോട് കൂടി ശുചിമുറിയിൽ കയറിയ തങ്കമണിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് സഹോദരി സരോജിനി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ എത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് തങ്കമണിയെ അകത്ത് രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.തളിപ്പറമ്പ് കെഎസ്ഇബി കരാർ ജീവനക്കാരൻ രാമചന്ദ്രന്റെ ഭാര്യയാണ്.മക്കൾ:ശരത്ത്,ശ്രുതി.
ഷാർജയിൽ ചരക്ക് ബോട്ടിന് തീപിടിച്ചു
ഷാർജ:ഷാർജ ഖാലിദ് പോർട്ടിൽ നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിനു തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.തീപിടുത്തതിനുള്ള കാരണം അറിവായിട്ടില്ല.സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരും പോർട്ട് അധികൃതരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഷാർജ കോർണീഷ് റോഡിനു സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്ന ബോട്ടിൽ തീ കാണപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിക്കത്തി.ബോട്ടിൽ എന്താണ് ലോഡ് ചെയ്തിരുന്നതെന്ന് അറിവായിട്ടില്ല.ആളപായമില്ല.
പയ്യാവൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ശ്രീകണ്ഠപുരം:പയ്യാവൂർ പാറക്കടവിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തോണിപ്പാറയിൽ ബാബുവിന്‍റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പോലീസ് സർജൻ പി.ഗോപാലകൃഷ്ണപിള്ള ഇന്നു രാവിലെ ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന് കൈമാറി.ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.കഴുത്തിൽ മുറിവേറ്റതിന്‍റെ പാടുമുണ്ട്. നാവ് കടിച്ച നിലയിൽ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ ജാൻസിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം:ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കുട്ടികളുടെ അവകാശ നിഷേധമാണിതെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി വി.കെ വിനോദാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ സ്കൂൾ കുട്ടികളെ അണിനിരത്തി എസ്എംവി സ്കൂൾ മൈതാനത്ത് സമ്മേളനവും റാലിയും സംഘടിപ്പിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ രക്ഷിതാവുകൂടിയായ വിനോദ് കോടതിയെ സമീപിച്ചിരിക്കുന്നത്.രാവിലെ ഏഴുമണിക്ക് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി രാത്രി ഏഴുമണിയോടെ വീട്ടിലെത്തുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊരിവെയിലത്ത് കുട്ടികളെ മൈതാനത്ത് അണിനിരത്തുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇവരുടെ പ്രാഥമിക സൗകര്യങ്ങളെ കുറിച്ച് പോലും ആരും ചിന്തിക്കാറില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.