കോഴിക്കോട്:പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ ക്യാബിനിൽ കയറി യാത്രക്കാരൻ ലോക്കോപൈലറ്റിനെ മർദിച്ചു.ഇന്നലെ വൈകുന്നേരം 5.55 നു കോയമ്പത്തൂർ-കണ്ണൂർ പാസ്സന്ജർ തിരൂരിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ലോക്കോപൈലറ്റിനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അസ്സിസ്റ്റന്റ് ലോക്കോ പൈലറ്റിനും മർദനമേറ്റു.സീനിയർ ലോക്കോപൈലറ്റ് കൊയിലാണ്ടി സ്വദേശി പി.കെ ഉണ്ണികൃഷ്ണൻ(52),അസിസ്റ്റന്റ് ലോക്കോപൈലറ്റ് കോഴിക്കോട് തായാട്ടുപറമ്പ് സ്വദേശി അമൽ കൃഷ്ണൻ(30) എന്നിവർക്കാണ് മർദനമേറ്റത്.ഇവരെ കോഴിക്കോട് പി വി എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം നടത്തിയ പാലക്കാട് തെക്കേപ്പറ്റ സ്വദേശി ശ്രീനാഥിനെ(22) റെയിൽവേ പോർട്ടർമാരെത്തി കീഴ്‌പ്പെടുത്തി പോലീസിലേൽപ്പിച്ചു.ട്രെയിൻ എന്തുകൊണ്ടാണ് വൈകിയോടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ശ്രീനാഥ് ക്യാബിനിലേക്ക് കയറിയതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കി
തൊടുപുഴ:ഏറെക്കാലമായി വിവാദത്തിൽ നിൽക്കുന്ന കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കി.ജോയ്‌സ് ജോർജിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്.കൊല്ലം,മൂന്നാർ സ്വദേശികളായ രണ്ടുപേരുടെ പേരിലുള്ള 5.4 ഏക്കർ ഭൂമിയുടെ പട്ടയവും കലക്റ്റർ വി.ആർ പ്രേംകുമാർ റദ്ദാക്കിയിട്ടുണ്ട്.സർക്കാർ തരിശുഭൂമിയാണെന്നാണ് ദേവികുളം സബ്കലക്ടറുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ഏഴാം തീയതി ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യുന്നതിനായി നിർണായക ഇടതുമുന്നണി യോഗം ഇന്ന് ചേരും
തിരുവനന്തപുരം:തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യുന്നതിനായി നിർണായക ഇടതുമുന്നണി യോഗം ഇന്ന് ചേരും.ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം എ കെ ജി സെന്ററിലാണ് യോഗം ചേരുന്നത്.ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളിക്കളയാൻ കഴിയുന്നതല്ലെന്നു അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദ് ഗവണ്മെന്റിനു നിയമോപദേശം നൽകിയിരുന്നു. കളക്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും എ ജി വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയോട് രാജിവെയ്ക്കാൻ നേതൃയോഗം ആവശ്യപ്പെട്ടേക്കും.എ ജി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നും തോമസ് ചാണ്ടി രാജി വയ്ക്കണമെന്നും സിപിഐ ആവശ്യപ്പെട്ടുകഴിഞ്ഞു.അതേസമയം ഇടതുമുന്നണി യോഗത്തിനായി തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടി രാജി ആവശ്യത്തെ പരിഹസിച്ചു തള്ളി.ചിലപ്പോൾ രണ്ടുവർഷം കഴിഞ്ഞ് ഒരു രാജി ഉണ്ടായേക്കാം എന്നും തോമസ് ചാണ്ടി പറഞ്ഞു.എന്നാൽ തോമസ് ചാണ്ടി രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് എൻസിപി.അഥവാ തോമസ് ചാണ്ടി രാജി വെച്ചാൽ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്നും എൻസിപി ആവശ്യപ്പെടും.മാർത്താണ്ഡം കായൽ കയ്യേറ്റത്തിലും ലേക്‌പാലസ് റോഡ് നിർമാണത്തിലും കയ്യേറ്റം നടന്നയിട്ടുണ്ടെന്നു ആലപ്പുഴ കലക്റ്റർ സർക്കാരിന് റിപ്പോർട് നൽകിയിരുന്നു.കൂടാതെ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.മന്ത്രി നിയമത്തിനതീതനാണോ എന്നും സാധാരണക്കാരൻ ഒരുതുണ്ട് ഭൂമി കയ്യേറിയാൽ ബുൾഡോസർ കൊണ്ടായിരിക്കില്ലേ മറുപടി എന്നും കോടതി ചോദിച്ചിരുന്നു.
കോഴിക്കോട് വൻ കുഴൽപ്പണവേട്ട
കോഴിക്കോട്:കോഴിക്കോട് വൻ കുഴൽപ്പണവേട്ട.99 ലക്ഷം രൂപ പിടികൂടി.കസബ പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌ക്വാഡാണ് കുഴൽപ്പണം പിടികൂടിയത്.സംഭവത്തിൽ മലപ്പുറം സ്വദേശികളായ സൽമാൻ,ശംസുദ്ധീൻ എന്നിവർ പിടിയിലായിട്ടുണ്ട്.
ഐഎസ് ബന്ധം; കണ്ണൂർ സ്വദേശികളുടെ കൂടുതൽ ഫോൺ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തു
കണ്ണൂർ:ഐ എസ് ബന്ധമുള്ള കണ്ണൂർ സ്വദേശികളുടെ കൂടുതൽ ഫോൺ സന്ദേശങ്ങൾ പോലീസ് കണ്ടെത്തി.ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി സിറിയയിലേക്ക് പോയവരുടെ വാട്സ് ആപ്പ് ഓഡിയോ സന്ദേശങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.എച്ചൂരിനടുത്ത കമാൽപീടികയിലെ കൊല്ലപ്പെട്ട ഷാജിലിന്റെ ഭാര്യയുടെ ശബ്ദരേഖയിൽ ഇവർ യുദ്ധഭൂമിയിലാണ് ഉള്ളതെന്നാണ് അറിയിക്കുന്നത്.ഭർത്താക്കന്മാർ മരിച്ച കുറേപേർ കൂടെയുണ്ടെന്നും അവർ പറയുന്നതായി ശബ്ദരേഖയിലുള്ളതായി കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ പറഞ്ഞു.കൂടാതെ ഇപ്പോൾ സിറിയയിലുള്ള അബ്ദുൽ മനാഫ് ബാങ്ക് അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ട് മറ്റൊരാളെ വിളിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.ഷാജിലിന്റെ കടബാധ്യത തീർക്കുന്നതിനായാണ് ഇയാൾ ഗൾഫിലുള്ള ചക്കരക്കൽ സ്വദേശിയോട് അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടത്.കൂടാതെ സിറിയയിലേക്ക് പോയവരുടെയും അവിടെ നിന്നും തിരിച്ചയക്കപ്പെട്ടവരുടെയും പാസ്സ്പോർട്ടുകളും കണ്ടെടുക്കാൻ കഴിഞ്ഞതായും പോലീസ് പറഞ്ഞു. തലശ്ശേരിയിലെ ഫോർച്യൂൺ,അക്ബർ ട്രാവൽസുകൾ മുഖേന ഇവർക്ക് വിസ അടിച്ചു കിട്ടിയതിന്റെയും ടിക്കെറ്റ് ബുക്ക് ചെയ്തതിന്റെയും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഗെയിൽ പദ്ധതി;ഭൂമി വിട്ടുനല്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി
തിരുവനന്തപുരം:ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നല്കുന്നവർക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി.മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമായത്.പുതുക്കിയ ന്യായവിലയുടെ പത്തു മടങ്ങായി വിപണി വില നിജപ്പെടുത്തിയാകും നഷ്ടപരിഹാരം നൽകുക.പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് അഞ്ചു ലക്ഷം രൂപ അധികം നൽകാനും ധാരണയായി.മൊത്തം 116 കോടിയുടെ വർധനയാണ് ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്.പത്തു സെന്റോ അതിൽ കുറവോ താഴെ ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാൻ ഉപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും.അങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുകൾ സംരക്ഷിക്കും.വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടുകൾ വയ്ക്കാൻ പറ്റുന്ന തരത്തിൽ അലൈൻമെൻറ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും.വീട് വെയ്ക്കാനുള്ള സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നൽകും.വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതിയെ തുടർന്ന് കണ്ണൂരിൽ നടപ്പിലാക്കിയ പാക്കേജ്(ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പിലാക്കാനും തീരുമാനമായി.
തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവല്ല:തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ആത്മഹത്യ ശ്രമം.ഒരു വിദ്യാർത്ഥി കൈത്തണ്ട മുറിക്കുകയും രണ്ടു വിദ്യാർഥികൾ ആത്മഹത്യ ഭീഷണിയുമായി കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറുകയും ചെയ്തു. ബി ഫാം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം ക്ലാസ് മുറിക്ക് സമീപത്തു വെച്ച് കൈത്തണ്ട മുറിച്ചത്.അദ്ധ്യാപകർ തന്നെ ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.മുറിവ് സാരമുള്ളതല്ല.അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചുവെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.സംഭവമറിഞ്ഞ് പോലീസും വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും ഇവിടെയെത്തി. ഇതിനിടെ രണ്ടാം വർഷത്തിലും നാലാം വർഷത്തിലും പഠിക്കുന്ന രണ്ടു കുട്ടികൾ ആത്മഹത്യ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി.ആദ്യ വിദ്യാർത്ഥി ആരോപിച്ച കാര്യങ്ങളാണ് ഇവരും ആരോപിച്ചത്. മാനേജ്‌മെന്റും പോലീസും വിദ്യാർത്ഥി നേതാക്കളും തമ്മിൽ ചർച്ച നടത്തി.പിന്നീട് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രെട്ടറി എം.സി അനീഷ് കുമാർ മുകളിലെത്തി കുട്ടികളെ അനുനയിപ്പിച്ചു.അതേസമയം വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതികരിച്ചു.ആക്ഷേപങ്ങളെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായും പുഷ്‌പഗിരി സി ഇ ഓ ഫാ.ഷാജി വാഴയിൽ അറിയിച്ചു.
കണ്ണൂർ ജില്ലാ സ്കൂൾ ശാസ്ത്രമേള തുടങ്ങി
കണ്ണൂർ:കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ മേയർ ഇ.പി ലത മേള ഉൽഘാടനം ചെയ്തു.15 ഉപജില്ലകളിൽ നിന്നായി 7000 ത്തോളം പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും.അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ മേയർ ഇ.പി ലത മേള ഉൽഘാടനം ചെയ്തു..മേള ശനിയാഴ്ച സമാപിക്കും.
കണ്ണൂർ കൂത്തുപറമ്പിൽ സ്കൂൾ പരിസരത്തു നിന്നും ബോബുകൾ കണ്ടെത്തി
കൂത്തുപറമ്പ്:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്കൂൾ പരിസരത്തു നിന്നും ബോംബുകളും മാരകായുധങ്ങളും കണ്ടെത്തി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബോംബ് സ്ക്വാർഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സരിതയുടെ ലൈംഗികാരോപണങ്ങളുടെ പിന്നിൽ ഗണേഷ് കുമാർ;അഡ്വ.ഫെനി ബാലകൃഷ്ണൻ
തിരുവനന്തപുരം:ഗണേഷ് കുമാറിനും സോളാര്‍ കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍.പത്തനംതിട്ട ജയിലില്‍ വെച്ച് സരിത എഴുതിയ കത്തില്‍ ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നാല് പേജ് കൂട്ടിച്ചേര്‍ത്തുവെന്ന് ഫെനി പറഞ്ഞു.യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി.ഇക്കാര്യം കമ്മീഷനോട് പറയാന്‍ ശ്രമിച്ചപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ തടഞ്ഞുവെന്ന് ഫെനി ആരോപിച്ചു.നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം വന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന യുഡിഎഫ് വാദം ശരിവെക്കുകയാണ് ഫെനി ബാലകൃഷ്ണന്റെ ഈ ആരോപണങ്ങൾ.സരിത എഴുതിയ 21 പേജില്‍ ഒരിടത്തും ലൈംഗിക ആരോപണം ഇല്ലായിരുന്നുവെന്നാണ് ഫെനി പറയുന്നത്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സഹായികളായിരുന്ന ശരണ്യ മനോജും പ്രദീപും ചേര്‍ന്നാണ് നാല് പേജ് അധികമായി ചേര്‍ത്തത്.ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് എഴുതി ചേര്‍ത്ത് യുഡിഎഫ് നേതാക്കളെ ഭീഷണിപ്പെടുത്തി മന്ത്രിസ്ഥാനത്ത് തിരികെ വരാനായിരുന്നു ഗണേഷ് കുമാറിന്റെ നീക്കങ്ങളെന്നാണ് ഫെനിയുടെ വാദം. ഇക്കാര്യം സരിതക്ക് അറിയാമായിരുന്നുവെന്നും ഫെനി പറഞ്ഞു.