തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6468 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂർ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂർ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസർഗോഡ് 135 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 151 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,685 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5914 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 497 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1017, കൊല്ലം 517, പത്തനംതിട്ട 541, ആലപ്പുഴ 217, കോട്ടയം 546, ഇടുക്കി 362, എറണാകുളം 772, തൃശൂർ 854, പാലക്കാട് 259, മലപ്പുറം 282, കോഴിക്കോട് 616, വയനാട് 56, കണ്ണൂർ 341, കാസർഗോഡ് 88 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി
നാഗർകോവിൽ:നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, ചെന്നൈ എഗ്മോർ-ഗുരവായൂർ എക്‌സ്പ്രസ് ട്രെയിനുകൾ എന്നിവ പൂർണമായും റദ്ദാക്കി. കൂടാതെ പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ-കൊല്ലം അനന്തപുരി എക്‌സപ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ്, കൊല്ലം-ചെന്നൈ അനന്തപുരി എക്‌സപ്രസ്, തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇൻറർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്‌സ്പ്രസ്, നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി-ഹൗറ വീക്ക്‌ലി എക്‌സ്പ്രസ്, ചെന്നൈ എഗ്മോർ-കന്യാകുമാരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.
വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി
മാനന്തവാടി: വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി.മാനന്തവാടി( മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്ന് 15 ദിവസം മുൻപാണ് കുടുംബം അരി വാങ്ങിയത്. 50 കിലോ അരി രണ്ട് ചാക്കുകളിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചപ്പോൾ ദ്രവിച്ച നിലയിൽ പാമ്പിനെ കണ്ടെന്നാണ് ആക്ഷേപം. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം.
കണ്ണൂർ പേരാവൂരിൽ വൻ ലഹരി വസ്തു ശേഖരം പിടികൂടി;ഒരാൾ അറസ്റ്റിൽ
കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്തു ശേഖരം പോലീസ് പിടികൂടി. മുരിങ്ങോട് നമ്പിയോട് വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എം.എൻ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു ശേഖരം പിടികൂടിയത്.23 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്ന പാൻ പാക്കറ്റുകൾ. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്.വാടകയ്‌ക്കെടുത്ത വീട്ടിൽ നിരോധിക പാൻ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കബീർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാൻ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്കായി ശേഖരിച്ചതായിരുന്നു ഇയാൾ.
മണ്ണിടിച്ചിൽ;കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ധർമ്മപുരി: ട്രാക്കിലേക്ക് : മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പാളം തെറ്റിയ കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്. തമിഴ്‌നാട്ടിലെ ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തീവണ്ടിയുടെ ഏഴ് കോച്ചുകൾ പാളം തെറ്റിയിരുന്നു. മലയാളികൾ ഉൾപ്പെടെ 2348 യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 3.50 ഓടെയായിരുന്നു അപകടം.തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിനോട് ചേർന്ന മൺതിട്ട ഈർപ്പം തങ്ങിനിന്ന് ഇടിഞ്ഞ് വലിയ ഉരുളൻകല്ലുകൾ ഉൾപ്പെടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വീഴുകയായിരുന്നു. എസ് 6 മുതൽ എസ് 10 വരെയുളള സ്ലീപ്പർ കോച്ചുകളും ബി1, ബി 2 തേർഡ് എസി കോച്ചുകളുമാണ് അപകടത്തിൽ പെട്ടത്. ബംഗളൂരു ഡിആർഎം ശ്യാം സിംഗും ഡിവിഷണൽ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകടവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയിരുന്നു. 4.45 ഓടെ റെയിൽവേയുടെ മെഡിക്കൽ എക്യുപ്്‌മെന്റ് വാഹനവും സ്ഥലത്തെത്തി.അപകടത്തിൽപെടാത്ത ആറ് ബോഗികളും യാത്രക്കാരെയും ആദ്യം തൊപ്പുരുവിലേക്കും പിന്നീട് സേലത്തേക്കും ഇവർ മാറ്റി. തൊപ്പുരുവിൽ നിന്ന് യാത്രക്കാർക്ക് വേണ്ടി 15 ബസുകൾ ഏർപ്പാടാക്കി.ഹുബ്ബല്ലിയിലെ റെയിൽവേ ദുരന്ത നിവാരണ സെല്ലിന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.
വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
വയനാട്: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെറ്ററിനറി കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിദഗ്ദസംഘം സ്ഥലം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മുൻപും കേരളത്തിൽ നോറോ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണ്. അതിനാൽ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
മലിനമായ ജലത്തിലൂടേയും ഭക്ഷണത്തിലൂടേയുമാണ് നോറോ വൈറസ് പടരുക. വൈറസ് ബാധിതരിൽ നിന്ന് നേരിട്ടും പകർച്ചയുണ്ടാവാം. വയറിളക്കം, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിൻ്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അധികമായാൽ നിർജലീകരണം സംഭവിച്ച് ആരോഗ്യനില വഷളാവാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാവും. വൈറസ് ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കി വിശ്രമിക്കാനും ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ മാറാമെങ്കിലും അതു കഴിഞ്ഞുള്ള രണ്ട് ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്.
പുരാവസ്തു തട്ടിപ്പ് കേസ്;മോന്‍സണിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.വ്യാജ പുരാവസ്തുവിന്റെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുക. അന്വേഷണ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് പൊലീസിന് ഇ ഡി കത്തു നല്‍കി. മോന്‍സണ്‍ മാവുങ്കല്‍, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; അപകടകാരണം ഓഡി കാർ ചെയ്‌സ് ചെയ്തതെന്ന് ഡ്രൈവര്‍ അബ്ദുൾ റഹ്മാൻ
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനാണ് പൊലീസിന് മൊഴി നല്‍കിയത്. ഔഡി കാര്‍ ചേസ് ചെയ്തതാണ് അപകട കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.ഔഡി കാര്‍ പിറകെ പായുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം കാര്‍ അപകടസ്ഥലത്തെത്തി. കാറില്‍ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇരുവരും മത്സരയോട്ടം നടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം അപകടമരണം ആണെന്ന് പോലീസ് പറയുന്നു. എന്നാൽ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അതിനിടെയാണ് അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ച മാള സ്വദേശി അബ്ദുൾ റഹ്മാൻ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റഹ്മാൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം ഒന്നാം തീയതി പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ ആന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്പല്ലൂർ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് കനത്ത മഴ;നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു;വ്യാപക നാശനഷ്ടം;അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
തിരുവനന്തപുരം:തിരുവനന്തപുരത്ത് കനത്ത മഴ.ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ ഇന്ന് പുലര്‍ച്ചെയും തുടര്‍ച്ചയായി പെയ്യുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്.വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.നെയ്യാറ്റിൻകര നഗരസഭ സ്‌റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആണ്. ഇതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പോലീസ്, ഫയർഫോഴ്‌സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം നിരോധിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുണ്ടായതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 220 അടി ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ 60 അടി കൂടി ഉയർത്തുമെന്നും സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;47 മരണം;7638 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർകോട് 124 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 372 മരണങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,040 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6679 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 473 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7638 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1247, കൊല്ലം 509, പത്തനംതിട്ട 435, ആലപ്പുഴ 322, കോട്ടയം 600, ഇടുക്കി 102, എറണാകുളം 484, തൃശൂർ 1950, പാലക്കാട് 378, മലപ്പുറം 324, കോഴിക്കോട് 637, വയനാട് 289, കണ്ണൂർ 255, കാസർകേട് 106 എന്നിങ്ങനെയാണ് രോഗമുക്തിയായത്.