ഗുരുവായൂർ:ഗുരുവായൂർ നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകൻ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ഫാഹിസ്,ജിതേഷ്,കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായ ഫാഹിസിന്റെ സഹോദരൻ ഫാസിലിനെ കൊന്നകേസിൽ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്.ഈ പകയാണ് കൊലയ്ക്ക് കാരണം.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇന്ന് പുലർച്ചെയാണ് ഗുരുവായൂരിൽ നിന്നും പിടികൂടിയത്.അതേസമയം സംഘർഷ സാധ്യത നിലനിൽക്കുന്ന ഗുരുവായൂരിലെ വിവിധ സ്ഥലങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.
തിരുവിതാംകൂർ ദേവസ്വം ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി രണ്ടു വർഷമായി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇതേത്തുടർന്ന് സർക്കാർ നിയമ സെക്രട്ടറി വഴി മറുപടി നൽകിയിരുന്നു.കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സർക്കാർ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീർഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവർണറുടെ ചോദ്യത്തിന്, ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ അറിയിച്ചിരുന്നു.കഴിഞ്ഞ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് ദേവസ്വം ഓർഡിനൻസ് ഇറക്കിയത്. എന്നാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണുകൾ ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്‍റിനെയും ദേവസ്വം ബോർഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓർഡിനൻസിനെതിരേ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ
പയ്യന്നൂർ:ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ.വെങ്ങര വെള്ളച്ചാലിലെ സി.കെ യദുകൃഷ്ണൻ(29),തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ബി.മുബാറക്(19) എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം ഏഴാം തീയതി മാടായിക്കാവിൽ ദർശനം നടത്തി വരികയായിരുന്ന അതിയടത്തെ ചേണിച്ചേരി സുമതിയുടെ മൂന്നരപവന്റെ മാല പൊട്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.എരിപുരം റെസ്റ്റ്‌ഹൗസിനടുത്തു വെച്ച് ബൈക്കിലെത്തിയ ഇവർ മാല പൊട്ടിക്കുകയായിരുന്നു.പിടിവലിക്കിടയിൽ മാലയുടെ ഒരുകഷ്ണം റോഡിൽ വീണിരുന്നു.പിന്നീട് ബൈക്കിൽ രക്ഷപ്പെട്ട ഇവർ രണ്ടുപേരും പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ ഈ മാല വിറ്റു.ആലക്കോട് വാടക ക്വർട്ടേഴ്‌സിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ നിരവധി കേസുകളിൽ പ്രതിയാണെന്നറിഞ്ഞത്. നീലേശ്വരം ഉപ്പിലക്കൈയ്യിലെ അദ്ധ്യാപികയുടെ അഞ്ചു പവന്റെ മാല കവരാൻ ശ്രമിച്ചിരുന്നു.അതുപോലെ കഴിഞ്ഞ മാസം ആലക്കോട് കുട്ടാപ്പറമ്പിൽ പള്ളിയിൽ പോവുകയായിരുന്ന സ്ത്രീയുടെ രണ്ടുപവന്റെ മാലയും വായാട്ടുപറമ്പ് അങ്കണവാടി ഹെൽപ്പറുടെ സ്വർണ്ണമാല കവർന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു.തൃക്കരിപ്പൂരിലെ പെട്രോൾ പമ്പ് ഉടമയുടെ കയ്യിൽ നിന്നും മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇവർ പ്രതിയാണ്.കഴിഞ്ഞ സെപ്റ്റംബർ 30 ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിക്ക് സമീപത്തു നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിരുന്നു.ഈ ബൈക്കിന്റെ നമ്പർ മാറ്റിയാണ് ഇവർ പിടിച്ചുപറി നടത്തിയിരുന്നത്.
കണ്ണൂർ ജനസേവന കേന്ദ്രം കാര്യക്ഷമമാക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു
കണ്ണൂർ:സംസ്ഥാന ഐ.ടി മിഷന് കീഴിൽ തുടങ്ങിയ ‘ഫ്രണ്ട്‌സ്’ ജനസേവനകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.കൂടാതെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താനും നിർദേശമുണ്ട്.കംപ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഓഫീസിനകത്തുണ്ട്.എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നിലവിൽ മിക്ക കൗണ്ടറുകളും പ്രവർത്തനരഹിതമാണ്. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ബില്ലുകൾ,നികുതികൾ,തുടങ്ങിയവ ഒരിടത്തു അടയ്ക്കാനുള്ള സൗകര്യമാണ് ജനസേവനകേന്ദ്രത്തിലുള്ളത്.ഞായറാഴ്ചയും ബില്ലടയ്ക്കാനുള്ള സൗകര്യമുള്ളത് ജനത്തിന് വളരെയധികം ഉപകാരപ്രദമായിരുന്നു.2009 ലാണ് എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങൾ തുടങ്ങിയത്.കലക്റ്റർ ചെയർമാനായ സമിതിയുടെ മേൽനോട്ടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.കെഎസ്ഇബി,ജലസേചന വകുപ്പ് എന്നിവയിൽ നിന്നും രണ്ടുവീതം ജീവനക്കാരെ ജനസേവന കേന്ദ്രത്തിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.തിരക്കുള്ള ദിവസങ്ങളിൽ ആയിരത്തോളം ഇടപാടുകൾ ഇവിടെ നടക്കുന്നുണ്ട്.കോർപറേഷൻ നികുതി ഉൾപ്പെടെ സ്വീകരിക്കുന്നതിനുള്ള സൗകര്യം എടുത്തു കളഞ്ഞത് ജനത്തിന് തിരിച്ചടിയായി.
മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായകം; കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി:മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായക ദിനം.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട നാല് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കയ്യേറ്റത്തിനെതിരെ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജികളും കയ്യേറ്റം സ്ഥിതീകരിച്ച് കലക്റ്റർ അനുപമ സമർപ്പിച്ച റിപ്പോർട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയുമാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.ഇതിൽ ഒരു കേസിൽ ഹൈക്കോടതി നേരത്തെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.മന്ത്രിക്കും സാധാരണക്കാരനും ഇവിടെ രണ്ടുതരം നീതിയാണോ എന്ന് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് കോടതി ചോദിച്ചിരുന്നു. കേസിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ മന്ത്രി സ്ഥാനത്ത് പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി. അതേസമയം വി.എസ് അച്യുതാനന്ദൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പല മുതിർന്ന നേതാക്കളും തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.ചാണ്ടി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്നായിരുന്നു വി.എസ് അഭിപ്രായപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിലാണ് പന്ന്യൻ പരസ്യമായി രാജി ആവശ്യപ്പെട്ടത്.പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുന്നണിയുടെ ഭാഗമായി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാനൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം;രണ്ടുപേർക്ക് വെട്ടേറ്റു
തലശ്ശേരി:പാനൂരിൽ ആർഎസ്എസ്-സിപിഎം സംഘർഷം.സംഘർഷത്തിൽ ഇരുപാർട്ടിയിലും പെട്ട ഓരോ പ്രവർത്തകർക്ക് വെട്ടേറ്റു.പാലക്കൂലിൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹക് സുജീഷ്,സിപിഎം പ്രവർത്തകൻ കെ.പി ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്.ആക്രമണത്തിൽ ഇടതു കൈക്ക് വെട്ടേറ്റ സുജീഷിനെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായണ്. സിപിഎം പ്രവർത്തകൻ താവിൽ ഭാസ്കരൻ,ബ്രാഞ്ച് സെക്രെട്ടറി പി.എം മോഹനൻ എന്നിവരുടെ വീടിനു നേരെയും അക്രമം ഉണ്ടായി.സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയും സിപിഎമ്മും പാനൂർ നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി കണ്ണൂരിൽ പിടിയിൽ
കണ്ണൂർ:വില്പനക്കാർക്ക് കൈമാറാനായി കഞ്ചാവുമായി ട്രെയിനിലെത്തിയ തിരുവനന്തപുരം സ്വദേശി കണ്ണൂരിൽ പിടിയിലായി.ചിറയിൻകീഴ് സ്വദേശി മണികണ്ഠനാണ് പിടിയിലായത്.കോയമ്പത്തൂർ മംഗലാപുരം പാസ്സന്ജർ ട്രെയിനിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൌൺ പോലീസും ഷാഡോ പോലീസും ആർപിഎഫ് ഷാഡോ ടീമും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.രണ്ടു പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കണ്ണൂർ നഗരത്തിലെ ചില്ലറ വില്പനക്കാർക്ക് കൈമാറാനാണ് ഇയാൾ കഞ്ചാവുമായി എത്തിയത്.ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മണികണ്ഠനെ റിമാൻഡ് ചെയ്തു.
ഗൗരി നേഹയുടെ ആത്മഹത്യ;അധ്യാപികമാർക്ക് ഹൈക്കോടതി മുൻക്കൂർ ജാമ്യം അനുവദിച്ചു
കൊല്ലം:കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ട്രിനിറ്റി സ്കൂളിലെ അധ്യാപികമാർക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.ഈ മാസം പതിനേഴാം തീയതി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നും കോടതി നിർദേശിച്ചു.18,19,20 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.മരിക്കുന്നതിന് തൊട്ടുമുൻപ് ഈ അദ്ധ്യാപികമാർ കുട്ടിയെ വിളിച്ചു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ടീച്ചർമാർ ഗൗരിയെ ചീത്തപറഞ്ഞെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഈ കുട്ടിയോട് അദ്ധ്യാപികമാർ കാണിച്ചത് ക്രൂരതയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.എന്നാൽ തങ്ങൾ നിരപരാധികളാണെന്നും കേസിൽ അറിയാതെ പ്രതികൾ ആകുകയായിരുന്നുവെന്നും അദ്ധ്യാപികമാർ കോടതിയെ അറിയിച്ചു.ഇതേ തുടർന്നാണ് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലാവധി വെട്ടിക്കുറച്ചു സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ മടക്കി
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ കാലാവധി വെട്ടിക്കുറച്ചു സർക്കാർ തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ മടക്കി.ബോർഡിന്റെ കാലാവധി രണ്ടുവർഷമാക്കി കുറച്ച തീരുമാനത്തിന്റെ അടിയന്തിര പ്രാധാന്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ ഓർഡിനൻസ് മടക്കിയത്.ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും ബിജെപിയും ഗവർണറെ കണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ബോർഡിന്റെ കാലാവധി മൂന്നു വർഷത്തിൽ നിന്നും രണ്ടുവർഷമായി കുറച്ചു സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. പ്രയാർ ഗോപാലകൃഷ്ണൻ പ്രെസിഡന്റായ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷം തികയുന്നതിന് തലേദിവസമാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്.
തലശ്ശേരി നഗരസഭാ ഉപാധ്യക്ഷയുടെ വീടിനു നേരെ അക്രമം
തലശ്ശേരി:തലശ്ശേരി നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിമിന്റെ വീടിനു നേരെ അക്രമം. അക്രമത്തിൽ നജ്മ ഹാഷിമിനും ഭർത്താവ് വി.സി ഹാഷിമിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു.ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്.അക്രമത്തിൽ വീടിന്റെ ജാനാലകൾ തകരുകയും അടുക്കളഭാഗത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടർ വെട്ടിക്കീറി നശിപ്പിക്കുകയും ചെയ്തു. ജനാലചില്ല് തെറിച്ചാണ് നജ്മയ്ക്കും ഭർത്താവിനും പരിക്കേറ്റത്.അക്രമികളെ കണ്ടെത്താൻ സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.അതേസമയം വീടിനു നേരെയുണ്ടായ അക്രമത്തിനു ശേഷം നജ്മയുടെ മകളുടെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന്റെ ചില്ലുകളും മറ്റും എറിഞ്ഞു തകർക്കുന്ന ശബ്ദം കേട്ട് ഭയന്ന് നിലവിളിച്ചതുകൊണ്ടാണ് കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് നജ്മയുടെ വീട് സന്ദർശിച്ചതിനു ശേഷം സിപിഎം ജില്ലാ സെക്രെട്ടറി പി.ജയരാജൻ പറഞ്ഞു.എന്നാൽ അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.