തലശ്ശേരി:കഞ്ചാവ് കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി.വടക്കുമ്പാട് എടത്തട്ട വീട്ടിൽ പി.നാസറിനെ(50) യാണ് ഇരുനൂറു ഗ്രാം കഞ്ചാവുമായി തലശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്.നേരത്തെ ഏഴുകിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുന്നതിനായാണ് ഇയാൾ തിരുപ്പൂരിൽ നിന്നും കഞ്ചാവ് തലശ്ശേരിയിൽ കൊണ്ടുവന്നത്.തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
നടൻ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 86 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്,തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായാണ് സൂചന.കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്.
കരിവെള്ളൂരിൽ ടാങ്കർ ലോറിയിൽ നിന്നും പാചകവാതകം ചോർന്നു
കരിവെള്ളൂർ:കരിവെള്ളൂരിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്നും പാചകവാതകം ചോർന്നു.ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും പോലീസിന്റെയും ഉചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.പാലത്തേരയിലെ പഴയ ദേശീയ പാതയ്ക്കരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിൽ നിന്നും ഗ്യാസിന്റെ ഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാരാണ് ഗ്യാസ് ചോരുന്നത് കണ്ടെത്തിയത്.മംഗലാപുരത്തു നിന്നും കോഴിക്കോട് ചേളാരിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്നു ലോറി.ടാങ്കറിൽ ഗ്യാസ് നിറച്ചശേഷം വാൾവ് ശരിയായ വിധം അടയ്ക്കാത്തതാണ് കാരണമെന്നു ലോറി ഡ്രൈവർ പറഞ്ഞു.എന്നാൽ ഓടിക്കൊണ്ടിരിക്കെ വാൾവ് ഊരി തെറിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.സാധാരണ നിലയിൽ ഇത്തരം ലോറികളിൽ രണ്ടു ഡ്രൈവർമാർ വേണമെന്ന് നിയമമുണ്ടെങ്കിലും ഗ്യാസ് ചോർന്ന ലോറിയിൽ ഒരു ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വണ്ടി ഓടിച്ചതിന് രണ്ടായിരം രൂപ പിഴയും ഈടാക്കി.രണ്ടാമതൊരു ഡ്രൈവർ കൂടി വന്നശേഷമാണ് ലോറി വിട്ടുനൽകിയത്.
മന്ത്രിസഭാ യോഗത്തിൽ രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി
തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ തന്റെ രാജി സന്നദ്ധത അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അനുകൂല തീരുമാനം ഉണ്ടായാൽ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുന്നോട്ട് വെച്ചിരിക്കുന്നത്.മുന്നണി ഒന്നടങ്കം ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് ഇന്ന് രാവിലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.ഇതോടെ തല്ക്കാലം മന്ത്രിസഭയിൽ നിന്നും മാറിനിൽക്കാമെന്നുള്ള നിലപാടാണ് തോമസ് ചാണ്ടി സ്വീകരിച്ചിരിക്കുന്നത്.
തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നു
തിരുവനന്തപുരം:ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്ന സിപിഐ മന്ത്രിമാർ റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസിൽ ഒത്തുകൂടിയിരിക്കുകയാണ്.മുന്നണിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അതേസമയം തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്നു മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചിരുന്നു.എന്നാൽ ഹൈക്കോടതിയിൽ നിന്നും വിധി പകർപ്പ് വരും വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
നടൻ ദിലീപിനെതിരെ നടന്ന മാധ്യമ വിചാരണ അന്വേഷിക്കണമെന്ന് കേരളാ പോലീസിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണ അന്വേഷിക്കണമെന്ന് കേരള പോലീസിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.വയനാട് സ്വദേശിയായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.ദിലീപിന് കുടുംബത്തിനും എതിരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.അടുത്ത എട്ടാഴ്ചയ്ക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പോലീസ് കൈക്കൊണ്ട നടപടികളെ കുറിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും വയനാട് പോലീസ് സൂപ്രണ്ടിന് നൽകിയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തിൽ പറയുന്നു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവി എറണാകുളം റൂറൽ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
എ.പദ്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രെസിഡന്റാകും
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രെസിഡന്റായി മുൻ എംഎൽഎ എ.പദ്മകുമാറിനെയും ബോർഡ് അംഗമായി സിപിഐയിലെ ശങ്കർ ദാസിനെയും നിയമിക്കാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാക്കി വെട്ടിച്ചുരുക്കിക്കൊണ്ടുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും സഹകരണ ഗ്യാരന്റി ബോർഡ് വൈസ് ചെയർമാനുമാണ് എ.പദ്മകുമാർ.
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.കഴിഞ്ഞ രണ്ടുമാസമായി നാലു മുതൽ എട്ടു മടങ്ങു വരെ പച്ചക്കറി വില ഉയർന്നു.സംസ്ഥാനത്തേക്ക് പ്രധാനമായും പച്ചക്കറി എത്തിക്കുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്,കർണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൃഷി നാശവുമാണ് വിലവർദ്ധനവിന്റെ പ്രധാന കാരണമായി അധികൃതർ പറയുന്നത്.സവാളയുടെയും ചെറിയ ഉള്ളിയുടെയും തക്കാളിയുടെയും വിലയാണ് ദിവസേന കൂടിക്കൂടി വരുന്നത്.ഇവ മൂന്നും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. ഓണത്തിന് മുൻപ് കിലോയ്ക്ക് മുപ്പതു രൂപ ആയിരുന്ന ചെറിയുള്ളിയുടെ വില ഇപ്പോൾ നൂറ്റി എൺപതു രൂപ വരെ ആയിരിക്കുകയാണ്.സവാള വിലയും അൻപതിലേക്ക് കടക്കുകയാണ്. കുറച്ചു നാൾ മുൻപുവരെ പന്ത്രണ്ടു രൂപയായിരുന്നു തക്കാളിയുടെ വിലയും ഇപ്പോൾ അമ്പതു രൂപവരെയായി.അതേസമയം ഇരുനൂറു രൂപയായിരുന്നു മുരിങ്ങക്കായുടെ വില ഇപ്പോൾ എഴുപതു രൂപയായി കുറഞ്ഞിട്ടുണ്ട്.
തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി
കൊച്ചി:കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരായി കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.നേരത്തെ ഹർജി പിൻവലിക്കാൻ തോമസ് ചാണ്ടിക്ക് കോടതി അവസരം നൽകിയിരുന്നു.എന്നാൽ ഹർജി പിൻവലിക്കേണ്ടതില്ലെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഡ്വ.വിവേക് തൻഖാ അറിയിച്ചത്.തുടർന്ന് ഉച്ചയ്ക്ക് വാദം കേട്ട ശേഷം കോടതി ഹർജി തള്ളുകയായിരുന്നു.തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് നല്ലതെന്നു വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.നിയമത്തെ മാനിക്കുന്നുവെങ്കിൽ സാധാരണക്കാരനെപ്പോലെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി സ്ഥാനത്തു ഇരുന്നുകൊണ്ടല്ല നിയമനടപടിക്ക് ഇറങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.മന്ത്രിയുടെ കേസിൽ സർക്കാരാണ് ഒന്നാമത്തെ എതിർകക്ഷിയെന്നും സർക്കാർ നിങ്ങൾക്കെതിരെ വാദിക്കുന്നത് സർക്കാരും നിങ്ങളെ വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി അഭിപ്രായപ്പെട്ടു.അതേസമയം, മന്ത്രിയായിട്ടല്ല, ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കളക്ടറുടെ റിപ്പോർട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം.
ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ തീയിട്ടു കൊന്നു
ചെന്നൈ:ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ തീയിട്ടു കൊന്നു.ചെന്നൈ ആഡംബക്കത്താണ് സംഭവം.ഇന്ദുജയെന്ന യുവതിയാണ് മരിച്ചത്.യുവതിയുടെ പുറകെ കാലങ്ങളായി പ്രണയാഭ്യർത്ഥനയുമായി നടക്കുന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പൊള്ളലേറ്റു.ഇവരെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.