പാനൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി

keralanews bombs were found in panoor

കണ്ണൂർ:പാനൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി.പോലീസ് നടത്തിയ പരിശോധനയിൽ ഏഴ് നാടൻ ബോംബുകളും ഒരു കൊടുവാളും കണ്ടെടുത്തു.പുത്തൂർ പുല്ലംപ്ര ദേവീക്ഷേത്രത്തിന് സമീപത്തുള്ള സ്വാമി മഠത്തിനടുത്തുള്ള പറമ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്.അടുത്ത കാലത്തു നിർമിച്ച ഉഗ്ര സ്ഫോടന ശേഷിയുള്ള നാടൻ ബോംബുകളാണ് കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകൾ പാനൂർ സ്റ്റേഷനിലേക്ക് മാറ്റി.ഈ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം തുടരുകയാണ്.കഴിഞ്ഞ ദിവസവും ഇവിടെ ഒരു സിപിഎം പ്രവർത്തകന് വെട്ടേറ്റിരുന്നു.സംഘർഷത്തെ തുടർന്ന് തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആണ് പോലീസ് പരിശോധന നടത്തിയത്.പതിനഞ്ചോളം പേരെ പോലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോടതിവളപ്പിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം

keralanews attack against journalists in court premises

കൊല്ലം:കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതി വളപ്പിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. കൊല്ലം ട്രിനിറ്റി സ്കൂളിൽ വിദ്യാർത്ഥിയായ ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ അദ്ധ്യാപികമാരുടെ ബന്ധുക്കളാണ് കോടതി പരിസരത്ത് അക്രമം നടത്തിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച അദ്ധ്യാപികമാർ ഇന്ന് കോടതിയിൽ ഹാജരാകാൻ എത്തിയിരുന്നു.ഇവരുടെ ചിത്രങ്ങൾ എടുക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചതാണ് സംഘത്തിനെ പ്രകോപിപ്പിച്ചത്.മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഘം ക്യാമറകൾ അടിച്ച് തകർക്കാനും ശ്രമം നടത്തി.പോലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം.സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കോടതിയിൽ ഹാജരായ അധ്യാപികമാർ ജാമ്യമെടുത്തു.

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ

keralanews dileep filed petition in the high court seeking relief from bail bond

ആലുവ:ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനത്തിന് പങ്കെടുക്കാൻ അനുവദിക്കണമെന്നും പാസ്പോർട്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്സ്‌പോർട് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.ഒരാഴ്ച ദുബായിൽ തങ്ങാൻ അനുവദിക്കണമെന്നാണ് താരത്തിന്റെ അപേക്ഷ.

കോഴിമുട്ടയുടെ വില ഉയരുന്നു

keralanews egg price is rising

കൊച്ചി:കോഴിമുട്ടയുടെ വില ഉയരുന്നു.മുട്ടയുടെ വിലനിലവാരം നിശ്ചയിക്കുന്ന നാമക്കൽ എഗ്ഗ് കോ ഓർഡിനേഷൻ കമ്മിറ്റി കോഴിമുട്ടയുടെ വില വ്യാഴാഴ്ച ആറുരൂപ ആറ് പൈസയായി നിശ്ചയിച്ചു.എന്നാൽ കേരളത്തിലെ ചെറുകിട കച്ചവടക്കാർ വിൽക്കുമ്പോൾ വില ഇനിയും കൂടും.തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിക്കാനുള്ള ലോറി വാടകയും തൊഴിലാളികളുടെ കൂലിയും കൂട്ടുമ്പോൾ ഒരു മുട്ടയ്ക്ക് മുപ്പതു പൈസ വർധിക്കും.ഉത്തരേന്ത്യയിൽ മഞ്ഞുകാലം തുടങ്ങിയതോടെ മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതാണ് വിലകൂടാനുള്ള ഒരു കാരണം.മാത്രമല്ല തമിഴ്‌നാട്ടിൽ ഉണ്ടായ കനത്ത മഴ ഉൽപ്പാദനം കുറയാൻ ഇടയാക്കി.കോഴിത്തീറ്റയുടെ വില വർധനയും ഒരു കാരണമാണ്.

മണൽ ലോറി ആക്രിക്കാരന് മറിച്ചു വിറ്റ സംഭവത്തിൽ അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ

keralanews five policemen were suspended

തളിപ്പറമ്പ്:തളിപ്പറമ്പിൽ അനധികൃത മണൽ കടത്തുകാർ ഉപേക്ഷിച്ച ലോറി  ആക്രികച്ചവടക്കാർക്ക് മറിച്ചു വിറ്റ സംഭവത്തിൽ അഞ്ചു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ മാത്യു,സിവിൽ പോലീസ് ഓഫീസർ റിജോ നിക്കോളാസ്,ഡ്രൈവർമാരായ രമേശൻ, നവാസ്,സജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ആണ് ഇവർക്കെതിരെ നടപടിയെടുത്തത്.ഗുരുതരമായ കൃത്യ വിലോപമാണ് സംഭവത്തിൽ പോലീസുകാരിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ലോറി അപകടത്തിൽപ്പെട്ടതും കത്തിയതും സ്റ്റേഷന്റെ ചാർജുള്ള എഎസ്ഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയോ പോലീസ് സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കത്തി നശിച്ച ലോറി പോലീസ് സ്റ്റേഷനിലോ യാർഡിലോ എത്തിക്കുന്നതിന് പകരം ആക്രിക്കടക്കാരനെ ഏൽപ്പിച്ചത് പൊലീസിന് നാണക്കേടുണ്ടാക്കി.വിദഗ്ദ്ധർ വാഹനം പരിശോധിച്ചുള്ള അന്വേഷണമാണ് ഇനി നടക്കുകയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പാപ്പിനിശ്ശേരിയിൽ ചൈന ക്ലേ ആൻഡ് സിറാമിക്സ് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു

keralanews the strike of china clay and ceramic workers in pappinisseri has been withdrawn

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരിയിൽ ചൈന ക്ലേ ആൻഡ് സിറാമിക്സ് തൊഴിലാളികൾ കഴിഞ്ഞ ഒരുമാസമായി പാപ്പിനിശ്ശേരി കേന്ദ്ര ഓഫീസിന് മുൻപിൽ നടത്തിവന്ന സമരം പിൻവലിച്ചു. വ്യാഴാഴ്ച വൈകുന്നേരം വ്യവസായ മന്ത്രി എ.സി മൊയ്ദീനുമായി സംയുക്ത സമര സമിതി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.തൊഴിലാളികൾക്ക്  2018 മാർച്ച് വരെ ആഴ്ചയിൽ നാല് ദിവസം തൊഴിൽ നൽകാനും തുടർന്ന് വൈവിധ്യവൽക്കരണം പൂർത്തിയാക്കിയ ശേഷം മുഴുവൻ ദിവസവും തൊഴിൽ നൽകാനും ചർച്ചയിൽ തീരുമാനമായി. ഇതേ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.

പുത്തൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured in puthoor

പാനൂർ:പുത്തൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.ഇന്നലെ രാത്രി പത്തുമണിയോടെ മടപ്പുര ബസ്‌സ്റ്റോപ്പിന് സമീപമാണ് അക്രമം നടന്നത്.കുണ്ടുംകരവയൽ തച്ചാറമ്പത്ത് റിയ മൻസിലിൽ അശ്രഫിനാണ് വെട്ടേറ്റത്.അക്രമത്തിൽ രണ്ടു കാലുകൾക്കും ഇടതു കൈക്കും വയറിനും പരിക്കേറ്റ അഷ്‌റഫിനെ പാനൂർ പോലീസ് എത്തിയാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അക്രമം നടന്ന സ്ഥലത്ത് രണ്ടു തവണ ബോംബ് സ്ഫോടനവുമുണ്ടായി.അക്രമത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

ഷെറിൻ മാത്യൂസിന്റെ മരണം;വളർത്തമ്മ അറസ്റ്റിൽ

keralanews the death of sherin mathews adoptive mother arrested

ഡാളസ്:അമേരിക്കയിലെ ടെക്സസിൽ മൂന്നു വയസുകാരി ഷെറിൻ മാത്യൂസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്‌ലി മാത്യൂവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ മദർ തെരേസ അനാഥ് സേവാ ആശ്രമത്തിൽ നിന്നാണ് ഷെറിനെ ദത്തെടുത്ത്.ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഷെറിനെ കാണാതാവുന്നത്.വളർച്ചാപ്രശ്നം നേരിടുന്ന കുട്ടി പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്‌ലി പോലീസിന് നല്‍കിയ മൊഴി.എന്നാൽ  രണ്ടാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ച കുഞ്ഞിന്‍റേതെന്നു കരുതുന്ന മൃതദേഹം വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തി.എന്നാൽ പിനീടുള്ള ചോദ്യം ചെയ്യലിൽ നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.‌

കാസർകോട്ടെ വീട്ടമ്മയുടെ കൊലപാതകം;പ്രതി പിടിയിൽ

Hands in Handcuffs

കാസർകോഡ്:കാഞ്ഞങ്ങാട് വീട്ടമ്മയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി.ലീലയുടെ വീട്ടിൽ തേപ്പുപണിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി അപുൽഷെയ്ക്കാണ്(20) അറസ്റ്റിലായത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.മൂന്നു ദിവസം മുൻപാണ് ഇയാൾ മറ്റു തൊഴിലാളികൾക്കൊപ്പം ഇവിടെ ജോലിക്കെത്തിയത്. അപുൽഷെയ്ക്ക് പണിയെടുക്കുന്നില്ലെന്നും ഇയാളെ പണിക്ക് വേണ്ടെന്നും ലീല കരാറുകാരനോട് പറഞ്ഞിരുന്നത്രെ. മറ്റുള്ളവർ പണിയെടുക്കുമ്പോൾ ഇയാൾ വെറുതെ നടക്കുന്നതിനു ലീല ഇയാളെ വഴക്കുപറയാറുണ്ടായിരുന്നു.സംഭവദിവസമായ ബുധനാഴ്ചയും പണിയെടുക്കാത്തതിന് ലീല ഇയാളെ വഴക്കു പറഞ്ഞിരുന്നു.പിന്നീട് ലീല കുളിമുറിയിലെത്തിയപ്പോൾ ഇയാളും അവിടെയെത്തി.എന്തിനാണ് കുളിമുറിയിൽ വന്നതെന്ന് ചോദിച്ചു ലീല ഇയാളെ വഴക്കുപറയുന്നതിനിടയിൽ ഇയാൾ ലീലയുടെ കഴുത്തിൽ ശക്തമായി കുത്തിപ്പിടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ലീലയുടെ കഴുത്തിലെ എല്ലു നുറുങ്ങുകയും കുഴഞ്ഞു വീഴുകയും ചെയ്തു.പിന്നീട് ഇയാൾ ലീലയുടെ കഴുത്തിൽ കിടന്ന മാല ഊരിയെടുത്തു ടൗവ്വലിൽ പൊതിഞ്ഞു.ആശുപത്രിയിൽ നിന്നും തിരികെയെത്തിയ ലീലയുടെ മകനും ബന്ധുക്കളും മാല തിരയുന്നതിനിടയിൽ ആരും കാണാതെ പ്രതി ടൗവ്വലിൽ പൊതിഞ്ഞ മാല പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ലീലയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ആദ്യം കരുതിയത്.എന്നാൽ കഴുത്തിൽ കണ്ട പാടുകളും മാല കാണാതായതും സംശയത്തിനിടയാക്കി.തുടർന്നാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം രാജ്ഭവന് മുൻപിൽ നടന്ന കാറപകടത്തിൽ യുവാവ് മരിച്ചു;നാലുപേർക്ക് പരിക്കേറ്റു

keralanews one died in a car accident in thiruvananthapuram and four injured

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ രാത്രി നടന്ന കാറപകടത്തിൽ യുവാവ് മരിച്ചു.നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു അപകടം.വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പുതിയ കാറുമായി നടത്തിയ മത്സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെള്ളയമ്പലം ഭാഗത്തു നിന്നും കാവടിയാറിലേക്ക് ബെൻസ് കാറുമായി മത്സരയോട്ടം നടത്തിയ പുത്തൻ സ്കോഡ ഒക്റ്റാവിയ കാറാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ ദിവസം എറണാകുളത്ത് താൽക്കാലിക രെജിസ്ട്രേഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അനന്യ,ഗൗരി,എറണാകുളളം സ്വദേശിനി ശില്പ, ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പോലീസെത്തി പുറത്തെടുത്തെങ്കിലും ആദർശ് ഡ്രൈവിംഗ് സീറ്റിനുള്ളിൽ കുടുങ്ങി  പോയി.പിന്നീട് ഫയർ ഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്.