കൊച്ചി:കൊച്ചിയിൽ നാവികസേനയുടെ ആളില്ല വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നു വീണു.ഇസ്രായേൽ നിർമിതമായ വിമാനമാണ് യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്. വെല്ലിങ്‌ടൺ ഐലൻഡിൽ രണ്ടു ഇന്ധന ടാങ്കുകൾക്ക് ഇടയിലേക്കാണ് വിമാനം തകർന്നു വീണത്.എന്നാൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവാകുകയായിരുന്നു.കടലിൽ നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന ഈ ഡ്രോൺ വിമാനം റിമോട്ട് കൺട്രോളിലൂടെ തുടർച്ചയായി എട്ടു മണിക്കൂർ നിയന്ത്രിക്കാൻ കഴിയുന്നതാണ്.സംഭവത്തിൽ നാവിക സേന ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശനത്തിനെത്തുന്നതിനാൽ കൊച്ചി വിമാനത്താവള മേഖല വൻ സുരക്ഷാ നിയന്ത്രണത്തിലായിരുന്നു.ഇതിനിടെ ഉണ്ടായ അപകടം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി അനുമതി നൽകി
ആലുവ:നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് വിദേശത്തു പോകാൻ അനുമതി തേടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദിലീപിന് അനുകൂല വിധി.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉൽഘാടനം ചെയ്യുന്നതിനായി ദുബായിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന് കാണിച്ചു ദിലീപ് നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.നാല് ദിവസത്തിനുള്ളിൽ വിദേശത്തു പോയി തിരിച്ചു വരണമെന്നാണ് ദിലീപിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്സ്‌പോർട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.അതേസമയം ദിലീപിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകരുതെന്നും വിദേശത്തേക്ക് പോയാൽ താരം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ദിലീപിനെ വിദേശത്ത് പോകാൻ അനുവദിച്ചാൽ അത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ദിലീപിന് വിദേശത്തു പോകാൻ അനുമതി നൽകിയത്.അതോടൊപ്പം എന്തിനാണ് ദുബായിൽ പോകുന്നതെന്നും എന്തൊക്കെയാണ് പരിപാടികളെന്നും ആരെയൊക്കെയാണ് കാണുകയെന്നും മറ്റുമുള്ള വിശദമായ വിവരങ്ങൾ വിദേശത്തേക്ക് പോകുന്നതിനു മുൻപ് അങ്കമാലി മജിസ്‌ട്രേറ്റിനു മുൻപിൽ നൽകണമെന്നും ദിലീപിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം വിസയുടെ വിശദാംശങ്ങളും വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും നല്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ ബാങ്കിലെ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം;അന്വേഷണം തുടങ്ങി
കണ്ണൂർ:കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 12 ജീവനക്കാർ സ്ഥാനക്കയറ്റം നേടിയത് അംഗീകാരമില്ലാത്ത ബിരുദത്തിന്റെ മറവിലെന്നു സംശയം.ഇതേ തുടർന്ന് ബാങ്കിന്റെ എച് ആർ വിഭാഗം അന്വേഷണം തുടങ്ങി.ഇവർക്ക് ശെരിയായ രേഖ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും പലർക്കും ഇതുവരെ സമർപ്പിക്കാനായിട്ടില്ല.പുതുതായി നിലവിൽ വരുന്ന കേരള ബാങ്ക് രൂപവൽക്കരണത്തിനു മുന്നോടിയായി നടക്കുന്ന ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് പന്ത്രണ്ടുപേരുടെ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയത്.യഥാർത്ഥ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവർ സ്ഥാനക്കയറ്റം നേടിയത്.സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നും വാങ്ങാൻ വിട്ടതാണെന്നും അതിനു സമയമനുവദിക്കണമെന്നും ഇവർ വിശദീകരണം നൽകിയിട്ടുണ്ട്.ഇവിടുത്തെ മൂന്നു മാനേജർമാരും ഡി ജി എമ്മും സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം ബിരുദങ്ങൾ അംഗീകരിക്കണമെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള തുല്യത സർട്ടിഫിക്കറ്റും ഹാജരാക്കണം.എന്നാൽ ഇവർ ഇതും ഹാജരാക്കിയിട്ടില്ല.ഈ വിഷയത്തിൽ ഒരു ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മാനേജർ തസ്തികലയിലേക്ക് സ്ഥാനക്കയറ്റം നേടാൻ ബിരുദം നിർബന്ധമാണ്.ഇതാണ് ഇവരെ മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പ് സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടാൻ നിർബന്ധിതരാക്കിയത്.
ഇരിട്ടിയിൽ സിപിഎം പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ഇരിട്ടി:മീത്തിലെപുന്നാട് സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബെറിയുകയും ബ്രാഞ്ച് സെക്രെട്ടറി കെ.രജീഷിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു. നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഈ മേഖലയിൽ സിപിഎം ആഹ്വാനം നൽകിയ ഹർത്താൽ പൂർണ്ണമായിരുന്നു.കടകൾ അടഞ്ഞു കിടന്നിരുന്നെങ്കിലും വാഹന ഗതാഗതത്തിനു തടസ്സമുണ്ടായില്ല.
അനധികൃത ചെങ്കൽ ഖനനം;കല്യാട്ട് 36 ലോറികൾ പിടികൂടി
ഇരിക്കൂർ:പടിയൂർ പഞ്ചായത്തിലെ കല്യാട്.ഊരത്തൂർ മേഖലകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് കയറ്റിയ 36 ലോറികൾ പിടികൂടി.ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ,ജില്ലാ ജിയോളജിസ്റ്റ് ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഈ മേഖലകളിൽ 1500 ഏക്കറോളം വരുന്ന സ്ഥലത്ത് ഖനനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.ലോറികൾ പിടികൂടിയതോടെ തൊഴിലാളികൾ സംഘടിച്ചെത്തി പരിശോധന സംഘത്തെ തടയാൻ ശ്രമിച്ചു.വാക്കേറ്റം ശക്തമായതോടെ തഹസിൽദാർ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇത്രയും ലോറികൾ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പിഴയടച്ചാൽ ലോറി വിട്ടു നല്കാമെന്നുള്ള തഹസിൽദാരുടെ നിർദേശം ഒരു വിഭാഗം തൊഴിലാളികൾ അംഗീകരിക്കുകയായിരുന്നു.എന്നാൽ മറ്റു വിഭാഗം ജീവനക്കാർ പിഴയടക്കാൻ തയ്യാറായില്ല.പിഴയടച്ചില്ലെങ്കിൽ ലോറികൾ കസ്റ്റഡിയിലെടുക്കുമെന്ന് റെവന്യൂ വകുപ്പ് കർശന നിലപാടെടുത്തതോടെ പിഴയടക്കാൻ മറ്റുള്ളവരും തയ്യാറായി.ഇത്തരത്തിൽ നിയമലംഘനം തുടർന്നാൽ ഇനി മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഇവർക്ക് മുന്നറിയിപ്പും നൽകി.ചെറിയ ലോറികൾക്ക് 10000 രൂപയും വലിയ ലോറികൾക്കും ജെസിബിക്കും 25000 രൂപയുമാണ് പിഴ ഈടാക്കിയത്.
അപകടത്തിൽപ്പെട്ട ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിരക്ഷപ്പെട്ടു;യാത്രക്കാർ പെരുവഴിയിലായി
കണ്ണൂർ:നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് അപകടത്തിൽപ്പെട്ട ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിരക്ഷപ്പെട്ടു.കണ്ണൂർ താണയിലാണ് സംഭവം.കോഴിക്കോട് നിന്നും വരികയായിരുന്ന സ്വകാര്യ ബസ് താണ ബസ്‌സ്റ്റോപ്പിന് സമീപത്തു വെച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇന്നലെ രാത്രി എട്ടുമണിയോട് കൂടിയാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരാണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകും എന്ന് തെറ്റിദ്ധരിച്ച ബസ് ജീവനക്കാർ ആക്രമണത്തെ ഭയന്ന് പുറകെ വന്ന ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും അപകടം കണ്ട് ഞെട്ടലിൽ നിൽക്കുമ്പോഴായിരുന്നു ജീവനക്കാരുടെ ഈ ഒളിച്ചോട്ടം.ബസ്സ് ഇടിച്ചതിന്റെ ശക്തി അനുസരിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേൽക്കേണ്ടതായിരുന്നു.എന്നാൽ ഇടിച്ചയുടനെ പുറത്തേക്ക് തെറിച്ചു വീണതിനാൽ ഇയാൾക്ക് കാലിനു നിസ്സാര പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അപകടത്തിൽ പരിക്കേറ്റ പള്ളിക്കുന്ന് സ്വദേശി അതുൽ കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടി.അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.ട്രാഫിക്,ടൌൺ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം;ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം:തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ആക്രമിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകനായ ആനന്ദ് അറസ്റ്റിൽ.പോലീസ് സ്റ്റേഷനിലെത്തി ഇയാൾ സ്വമേധയാ കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക നഗരസഭാ കൗൺസിൽ യോഗത്തിനിടെ മേയർ വി.കെ പ്രശാന്ത് ആക്രമിക്കപ്പെട്ടത്.ആനന്ദ് ഉൾപ്പെടെയുള്ളവർ തന്നെ അക്രമിച്ചുവെന്നാണ് മേയറുടെ പരാതി.പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതിൽ ഗൂഢാലോചയുണ്ടെന്നും മേയർ ആരോപിച്ചിരുന്നു.പുറത്തുനിന്നെത്തിയ പ്രധാന പ്രതിയാണ് ആനന്ദ് എന്ന് പറഞ്ഞ് സിപിഐഎമും രംഗത്തെത്തിയിരുന്നു.സംഭവത്തിൽ ബിജെപി കൗൺസിലർമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇടുക്കിയിൽ ഹർത്താൽ തുടങ്ങി;പരക്കെ ആക്രമണം
ഇടുക്കി:മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ റെവന്യൂ,വനം വകുപ്പ് അധികൃതർ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ മൂന്നാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിനിടെ ചിലയിടങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ വാഹനം തടഞ്ഞ് നിർത്തി ഹർത്താലനുകൂലികൾ ഡ്രൈവറെ മർദിച്ചതായി പരാതിയുണ്ട്. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസുകളെ തടഞ്ഞ് നിർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം ഗതാഗതവും സ്തംഭിച്ചു.സോഡാക്കുപ്പിയും മറ്റും റോഡിൽ പൊട്ടിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ട്ടിച്ചിരിക്കുകയാണ്. കയ്യേറ്റക്കാർക്ക് വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐയും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല.
സ്കൂൾ സമയത്ത് ഗെയിൽ ടിപ്പർ ലോറികൾ സർവീസ് നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ;ലോറി പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്:സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ ടിപ്പര്‍ ലോറികള്‍ കാരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മൂന്ന് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി വയല്‍ നികത്താന്‍ മണ്ണുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറികള്‍. രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ സ്കൂള്‍ ആരംഭിക്കുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ മൂന്ന് ടിപ്പര്‍ ലോറികളാണ് കാരശേരിയില്‍ നാട്ടുകാര്‍ തടഞ്ഞത്.പകല്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ലോഡ് കയറ്റിയ ടിപ്പറുകള്‍ സുരക്ഷയ്ക്കായി ഷീറ്റ് ഉപയോഗിച്ച് മൂടണമെന്ന നിയമവും പാലിച്ചിരുന്നില്ലെന്നാണ് പരാതി.എന്നാൽ ഇതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കരാർ എടുത്തയാളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതാണെന്നുമാണ് ഗെയിലിന്‍റെ നിലപാട്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നാം തീയതി വിജ്ഞാപനം ഇറങ്ങും.ഡിസംബർ നാല് വരെ നാമനിർദേശപത്രിക നൽകാം.എതിർ സ്ഥാനാർഥികളില്ലെങ്കിൽ 11ന് രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കും.എതിർ സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് വോട്ടെടുപ്പ് നടത്തുകയും 19ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി.അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി ഉപാധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.