സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു;രണ്ടു ജില്ലകളിൽ ജാഗ്രതാ നിർദേശം;ജലക്ഷാമം രൂക്ഷമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു.സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രണ്ടു ജില്ലകളിൽ ഇന്നും നാളെയും മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം താപനില ക്രമാതീതമായി വർദ്ധിച്ചതോടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകി.വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. ഇതേ രീതിയിൽ അന്തരീക്ഷ താപനില വർദ്ധിക്കുകയാണൈങ്കിൽ ജല ഉപഭോഗത്തിൽ നിയന്ത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യമായി വന്നേക്കാം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ഭൂഗർഭ ജലത്തിന്റെ തോത് ക്രിട്ടികൽ നിലയിലാണ്.മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നും ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കണ്ണൂരിൽ തെരുവ് നായ ആക്രമണം, വിദ്യാർത്ഥികടക്കം 20 പേർക്ക് കടിയേറ്റു

കണ്ണൂർ:കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥികടക്കം 20 പേർക്ക് നായയുടെ കടിയേറ്റു.കാലത്ത് 9.15 ന് സ്കൂളിൽ പോകാൻ തയാറെടുക്കുകയായിരുന്ന മൂന്ന് വിദ്യാർഥികൾക്കും, വീട്ടമ്മമാർ ഉൾപ്പെടെ നിരവധിപേർക്കുമാണ് കടിയേറ്റത്. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. പരിക്കേറ്റവർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് നൽകുകയും മൂന്നു പേരെ പരിയാരത്തേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രദേശത്തുകാർ ഭീതിയിലായിരിക്കെ, എല്ലാവരെയും കടിച്ചത് ഒരൊറ്റ നായയാണെന്നും ആ നായയെ പിടികൂടുന്നതിനുള്ള നടപടികൾ ഞങ്ങൾ ആരംഭിച്ചതായും കോർപ്പറേഷൻ അധികൃതർ വെളിപ്പെടുത്തി.

കാസര്‍കോട് ഗവ. കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതി;പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധം ശക്തം;ശനിയാഴ്ച സർവ്വകക്ഷി യോഗം

കാസര്‍കോട്:കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ട സംഭവത്തില്‍ കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നില നില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാന്‍ സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു.കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ എം രമയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടത്. പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതായും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറയുന്നു.വാട്ടർ പ്യൂരിഫയറിളെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്ഐ പ്രിൻസിപ്പലിനെ കണ്ടത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതി തനിക്കു സമയമില്ലെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയത്. ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്നതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നാണ് പരാതി. 15ൽ പരം വിദ്യാർഥികളെയാണ് പൂട്ടിയിട്ടത്.കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇത് പരിശോധിച്ച് പരിഹാരം കാണണമെന്നാണ് ആവശ്യം. എന്നാല്‍, പരിശോധന നടത്തിയപ്പോള്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഉപയോഗശൂന്യമല്ലെന്നുമാണ് പ്രിൻസിപ്പാള്‍ പറയുന്നത്.

പ്രശസ്ത സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു;അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

എറണാകുളം: പ്രശസ്ത സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.കരൾ രോഗത്തെ ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ വൃക്കയില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് മറ്റു അവയവങ്ങളിലേക്കും പടര്‍ന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി.പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. സിനിമാല എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.

ആകാശ് തില്ലങ്കേരിക്ക് എതിരെ സർക്കാർ; ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ;നീക്കം വിശദീകരണയോഗത്തിന് തൊട്ടുമുമ്പ്

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്, ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്നാവിശ്യപ്പെട്ടാണ് സർക്കാർ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേനയാണ് ഹർജി നൽകിയത്.ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പ്രോസിക്യൂഷൻ റിപ്പോർട്ട്. ആകാശിനെതിരെ മുഴക്കുന്ന്, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സർക്കാർ നിർദേശപ്രകാരം ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നീക്കമാരംഭിച്ചത്.മുഴക്കുന്ന് സ്‌റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ച കേസും മട്ടന്നൂരില്‍ പ്രകോപനപരവും സ്പര്‍ധയുമുണ്ടാക്കുന്ന പ്രസംഗം നടത്തുകയും ഫെയ്‌സ്ബുക് പോസ്റ്റിടുകയും ചെയ്ത കേസുമാണുള്ളത്.തില്ലങ്കേരിയില്‍ ആകാശ് തില്ലങ്കേരിക്കെതിരേ തിങ്കളാഴ്ച വൈകീട്ട് പാര്‍ട്ടി വിശദീകരണം നടത്തുന്നതിനു തൊട്ടുമുന്‍പാണ് സര്‍ക്കാര്‍ നീക്കം.

കെ എസ് ആർ ടി സി യുടെ 1690 വൈദ്യുതി ബസുകൾ ഉടൻ സർവീസിന്

കെ.എസ്.ആര്‍.ടി.സി.യുടെ 1690 വൈദ്യുതബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കേന്ദ്രസര്‍ക്കാരിന്റെ രണ്ടുപദ്ധതികളിലൂടെ ആയിരം ബസുകള്‍ ലഭിക്കും. 1000 ബസുകള്‍ കേന്ദ്രം നല്‍കും, 690 എണ്ണം കിഫ്ബിയും.ഇതിൽ ദീര്‍ഘദൂരസര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലായിരിക്കും കേന്ദ്രം നല്‍കുന്നത്.ഈ ബസുകൾക്കു കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരുക…….

ശരാശരി ഒരുകോടി രൂപ വരുന്നതാണ് ഇത്തരം ബസുകള്‍.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററിലേറെ ഓടും.നഗരസര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ബസുകള്‍ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും.ബസുകള്‍ക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.

തുർക്കി-സിറിയ ഭൂകമ്പം: മരണം 8000 കടന്നു, ആയിരങ്ങൾക്കായി തിരച്ചിൽ

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലുമായി മരണ സംഖ്യ 8000ത്തിന് മുകളിൽ. തകർന്ന കെട്ടിടങ്ങൾക്കടയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസം അടിയന്തരാവസ്ഥ നിലനിൽക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

76 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു പറഞ്ഞു. അതിനിടെ ഡൽഹിയിലെ തുർക്കി എംബസിയിൽ പതാക പകുതി താഴ്ത്തിക്കെട്ടി. ഇന്ത്യയുടെ ദുരിതാശ്വാസ സഹായം തുടരുകയാണ്. വ്യോമസേനയുടെ രണ്ടാമത്തെ സി17 വിമാനവും തുർക്കിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ പ്രതികരണ സംഘം തുർക്കിയിലെത്തിയിട്ടുണ്ട്. 150 ഓളം ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്, അവർ രക്ഷാപ്രവർത്തനങ്ങളിലും മെഡിക്കൽ പ്രവർത്തനങ്ങളിലും സഹായ വിതരണത്തിലും സഹായിക്കും. തുർക്കി, സിറിയ ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നൽകിയിരിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.

സംസ്ഥാന ബജറ്റ്;വാഹനനികുതി വർധിപ്പിച്ചു; സെസ് ഇരട്ടിയാക്കി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും

തിരുവനന്തപുരം:ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചും സംസ്ഥാന ബജറ്റ്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുുടെ നികുതി രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്.ഇരുചക്ര വാഹനങ്ങൾക്ക് പുറമെ, പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയിൽ രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്‌ക്ക് ഒരു ശതമാനവും നികുതി വർദ്ധനവാണ് വരുത്തുന്നത്. ഇത് വഴി 340 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് വാഹന വിലയുടെ ആറ് മുതല്‍ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കുന്നത്. എന്നാല്‍, ഇത്തരം വാഹനങ്ങളുടെ നികുതി സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായ വാഹന വിലയുടെ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്ന വാഹനങ്ങളുടെ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതിനാല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് നല്‍കുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂർ പഴയങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു

കണ്ണൂര്‍: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കണ്ണൂർ പഴയങ്ങാടി പാലത്തിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച വീണയുടെ ഭര്‍ത്താവ് മധുസൂദനന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. പഴയങ്ങാടിയിൽനിന്ന് ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഫാത്തിമയ്‌ക്കൊപ്പം കാറില്‍ ഭര്‍ത്താവ് സാക്കി, മകള്‍, മാതാവ് എന്നിവരും ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരെ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെ കാസർകോട് പെരിയയിലുണ്ടായ മറ്റൊരു അപകടത്തിൽ യുവാവ് മരിച്ചു. കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാസർകോട് പെരിയയിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്.വൈശാഖിനൊപ്പം കാറിലുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.