തമിഴ്‌നാട്ടിലെ വെല്ലൂരിൽ നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു

keralanews four plus one students from veloor tamilnadu committed suicide

തമിഴ്‌നാട്:തമിഴ്‍നാട്ടിലെ വെല്ലൂരിൽ അദ്ധ്യാപികയുടെ ശകാരത്തിൽ മനം നൊന്ത് നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു.ചെന്നൈയിൽ നിന്നും 88 കിലോമീറ്റർ അകലെ പനപക്കം ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള കിണറ്റിലാണ് വിദ്യാർത്ഥിനികൾ ഒരുമിച്ചു ചാടിയത്.പനപക്കം സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ രേവതി,ശങ്കരി,ദീപിക,മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഇവർ പഠനത്തിൽ മോശമായതിനെ തുടർന്ന്  അദ്ധ്യാപിക ശകാരിക്കുകയും രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇതിൽ രേവതി,ശങ്കരി,ദീപിക എന്നിവരുടെ മൃതദേഹം ഇന്നലെയും മനീഷ എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്.നാട്ടുകാരും അഗ്‌നിശമനസേനാംഗങ്ങളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.അതേസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളോട് കാണിക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഇവർക്കെതിരെ ഉണ്ടായിട്ടുള്ളതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.ഹാജർ നിലയും മാർക്കും കുറഞ്ഞ പതിനാലു വിദ്യാർത്ഥികളോട് രക്ഷിതാക്കളെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നു.ഇവരിൽ പത്തുപേരും വെള്ളിയാഴ്ച മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവന്നിരുന്നു.ഇതിൽ ഭയന്നാകാം വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.

ക​ണ്ണൂ​ർ മി​ൽ​മ ഡയറിയിൽ ഈ മാസം 26,27 തീയതികളിൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അനുവദിക്കും

keralanews public will be allowded to visit kannur milma diary on 26 and 27 of this month

കണ്ണൂർ: ഡോ.വർഗീസ് കുര്യന്‍റെ ജന്മദിനമായ നവംബർ 26ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് പൊടിക്കുണ്ടിലെ കണ്ണൂർ മിൽമയുടെ ആഭിമുഖ്യത്തിൽ 26, 27 തീയതികളിൽ സെമിനാറുകളും ഡയറി സന്ദർശന പരിപാടികളും സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മിൽമ ഡയറി സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്കു പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മിൽമയുടെ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കും.കണ്ണൂർ കളക്ടറേറ്റ് കോംബൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ മിൽമ ബൂത്തിനു സമീപം ഒരുക്കുന്ന സ്പെഷൽ സ്റ്റാളുകളിലൂടെയും 27, 28 തീയതികളിൽ ഉപഭോക്താക്കൾക്കു ഡിസ്കൗണ്ട് നിരക്കിൽ മിൽമ ഉത്പന്നങ്ങൾ ലഭ്യമാക്കും.ഇതിനു പുറമെ കണ്ണൂർ ഡെയറിയിൽ മൂന്ന് സ്പെഷൽ സ്റ്റാളുകളും പ്രവർത്തിക്കും.

കോട്ടയം ഭാരത് ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു

keralanews the strike by nurses in the bharath hospital withdrawn

കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.പിരിച്ചു വിട്ട നഴ്സുമാർക്ക് ഡിസംബർ 31 വരെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും.സമരം നടന്ന മൂന്നു മാസത്തെ ശമ്പളം നൽകാനും പരസ്പപരം നൽകിയ കേസുകൾ പിൻവലിക്കാനും ചർച്ചയിൽ ധാരണയായി. ശമ്പളവർദ്ധനവ്,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്.എന്നാൽ സമരത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരെയും കരാർ കാലാവധിയുടെ പേരുപറഞ്ഞ് മാനേജ്‌മെന്റ് പിരിച്ചു വിടുകയായിരുന്നു. ഇതോടെ സമരക്കാരുടെ പ്രധാന ആവശ്യം ഇവരെ തിരിച്ചെടുക്കുക എന്നുള്ളതായി. ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ചകളിലും ലേബർ ഓഫീസറുടെ സമവായ ചർച്ചയിലും ഫലം കണ്ടില്ല.പകരം പിരിഞ്ഞ് പോകുന്നവർക്ക് പ്രതിഫലം നൽകാമെന്ന നിലപാട് മാനേജ്‌മെന്റ് മുന്നോട്ടുവെച്ചു.എന്നാൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ നഴ്സുമാരും ഉറച്ചു നിന്നു.തുടർന്ന് ഒക്ടോബർ പതിനേഴു മുതൽ നഴ്സുമാർ നിരാഹാര സമരവും നടത്തിവരികയായിരുന്നു.

മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ നഴ്സിന് നേരെ അക്രമം;മൂന്നുപേർ അറസ്റ്റിൽ

Measles vaccination

മലപ്പുറം:വളാഞ്ചേരി എടയൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന മീസിൽസ്-റൂബെല്ല വാക്‌സിനേഷന് എത്തിയ നഴ്സിനെ ഒരു സംഘം ആക്രമിച്ചു.ഇന്നലെ ഉച്ചയോടെ സ്കൂളിൽ ക്യാമ്പ് നടക്കുന്നതിനിടെ ഒരു കൂട്ടം സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.അക്രമത്തിൽ പരിക്കേറ്റ ആരോഗ്യ പ്രവർത്തക ശ്യാമളാബായ് കുറ്റിപ്പുറം ആശുപത്രിയിൽ ചികിത്സയിലാണ്.വാക്സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്സിന്‍റെ കൈപിടിച്ച് വലിക്കുകയും മൊബൈൽ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇനിയും ഒമ്പതുപേരെ കൂടി പിടികൂടാനുണ്ടെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. അനാവശ്യ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് കുത്തിവെയ്പ്പ് തടസ്സപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് മെഡിക്കൽ ഓഫീസർ അലി അഹമ്മദ് പറഞ്ഞു.എന്നാൽ കുത്തിവെയ്‌പ്പെടുക്കാൻ താൽപ്പര്യമില്ലാത്ത രണ്ടുകുട്ടികളും കൂട്ടത്തിലുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് പ്രശനമുണ്ടായതെന്നുമാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.

തിരുവനന്തപുരത്ത് പാറമടയിൽ അപകടം;രണ്ടുപേർ മരിച്ചു

keralanews two died in a quarry accident in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം പാറശ്ശാല കുന്നത്തുകാലിലെ പാറമടയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.സേലം സ്വദേശി സതീഷ്,മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ എന്നിവരാണ് മരിച്ചത്.ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടർന്നു വീണാണ് അപകടമുണ്ടായത്.എഴുപ്പത്തഞ്ചോളം അടി മുകളിൽ നിന്ന് പാറകൾ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.പാറക്കടിയിൽ അകപ്പെട്ട എല്ലാവരെയും പുറത്തെടുത്തു.ക്വാറിയിൽ അപകടസമയത്ത് ഇരുപതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. സുധിന്‍ (23), അജി (45) എന്നിവരാണ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.അപകടമുണ്ടായ ക്വാറി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണുമാന്തി യന്ത്രം പൂർണമായി തകർന്നു.അതേസമയം അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാവിധ ശസ്ത്രക്രിയ ഇൻപ്ലാന്റും പരിശോധനകളും സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ഡോക്റ്റർക്ക് മർദനമേറ്റു

Malda: A government doctor on sunday was severely beaten up by angry locals at Manikchak in West Bengal's Malda district for referring a woman in labour to another hospital leading to the death of the new born.

തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ഡോക്റ്റർക്ക് മർദനമേറ്റു.ആശുപത്രിയെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ.രാജീവ് രാഘവനാണ് രോഗിയുടെ ബന്ധുക്കളുടെ  മർദനമേറ്റത്.സംഭവത്തിൽ കതിരൂർ അഞ്ചാം മൈലിലെ രമേശ്,രജീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ആശുപത്രി സംരക്ഷണ നിയമപ്രകാരവും ആശുപത്രിയിൽ അതിക്രമിച്ചു കടന്നതിനും ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം നടുവേദനയുമായി ചികിത്സയ്‌ക്കെത്തിയ കതിരൂർ സ്വദേശിനി നാരായണിയുടെ(78) ബന്ധുക്കളാണ് ഡോക്റ്ററെ മർദിച്ചത്.വാർഡിൽ രോഗിയുടെ ബന്ധുക്കൾ ബഹളം വെയ്ക്കുന്നതായി നഴ്സ് പറഞ്ഞപ്പോൾ അവരോട് തീയേറ്ററിലേക്ക് വരാൻ ഡോക്റ്റർ  പറയുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് തയ്യാറായി നിൽക്കുകയായിരുന്നു ഡോക്റ്റർ.എന്നാൽ തീയേറ്ററിലെത്തിയ ബന്ധുക്കൾ ഡോക്റ്ററോട് മോശമായി സംസാരിക്കുകയായിരുന്നു.നടന്നു വന്ന അമ്മയുടെ കയ്യും കാലും തളർന്നതായി ഇവർ ഡോക്റ്ററോട് പറഞ്ഞു.എന്നാൽ രോഗിക്ക് ക്ഷീണമുണ്ടെന്നും അതുകൊണ്ട് പിച്ചും പേയും പറയുകയാണെന്നും രോഗിയെ മെഡിക്കൽ വിഭാഗത്തിലേക്ക് മാറ്റാമെന്നും ഡോക്റ്റർ പറഞ്ഞു. രോഗിയുടെ ബന്ധുക്കൾ ഡോക്റ്ററെ കോളറിന് പിടിച്ചു അടിച്ചതായി തീയേറ്ററിലുണ്ടായിരുന്ന മറ്റൊരു ഡോക്റ്റർ പറഞ്ഞു.പരിക്കേറ്റ ഡോക്റ്ററെ ഐസിയു വിൽ പ്രവേശിപ്പിച്ചു.മൂന്നു രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞ് നാലാമത്തെ ശസ്ത്രക്രിയക്ക് ഡോക്റ്റർ തയ്യാറാകുമ്പോഴായിരുന്നു സംഭവം.നാലാമത്തെ രോഗിക്ക് അനസ്തേഷ്യ നൽകിയിരുന്നു.തുടർന്ന് ശബരിമലയിൽ സേവനത്തിനായി അവധിയിലായിരുന്ന ഡോ.ബിജുമോൻ എത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ബാക്കിയുള്ള നാല് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി.സംഭവത്തിൽ പ്രതിഷേധിച്ച്  ആശുപത്രി ജീവനക്കാർ യോഗം ചേർന്നു.ഇന്ന് ജീവനക്കാർ പ്രതിഷേധ ദിനം ആചരിക്കും.

കണ്ണവത്ത് വിദ്യാർത്ഥികളുൾപ്പെടെ പതിനെട്ടുപേർക്ക് കടന്നൽക്കുത്തേറ്റു

keralanews wasp bite 18 including students in kannavam

കൂത്തുപറമ്പ്:കണ്ണവത്ത് വിദ്യാർത്ഥികളുൾപ്പെടെ പതിനെട്ടുപേർക്ക് കടന്നൽക്കുത്തേറ്റു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.പഠനയാത്രയുടെ ഭാഗമായി പെരുവനത്തിൽ പോയി തിരിച്ചു വരികയായിരുന്ന കണ്ണവം യു.പി സ്കൂളിലെ 13 വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും സ്കൂളിലെ മറ്റു രണ്ട് ജീവനക്കാർക്കുമാണ് കടന്നൽ കുത്തേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.47 കുട്ടികളാണ് പഠനയാത്രയിൽ ഉണ്ടായിരുന്നത്.മറ്റുകുട്ടികൾ ഓടി മാറിയതിനാൽ  കുത്തേൽക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റവർ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

മുണ്ടയാട് സ്പോർട്സ് കോംപ്ലക്സിൽ സ്പോർട്സ് കൗൺസിൽ ഹെൽത്ത് ക്ലബ് തുടങ്ങുന്നു

keralanews sports counsil wil start health club in mundayad sports complex

കണ്ണൂർ:മുണ്ടയാട് സ്പോർട്സ് കോംപ്ലക്സിൽ സ്പോർട്സ് കൗൺസിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹെൽത്ത് ക്ലബ് തുടങ്ങുന്നു.മുണ്ടയാട് സ്പോർട്സ് കോംപ്ലെക്സിന്റെ താഴത്തെ നിലയിൽ 4000 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം ഒരുങ്ങുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.ഒരു കോടി രൂപയാണ് നിർമ്മാണച്ചിലവ്.പൂർണ്ണമായും ശീതീകരിച്ച കോംപ്ലക്സിൽ ആധുനിക ഉപകരണങ്ങളും ഒരുക്കും.ഉപകരണങ്ങൾ ഡിസംബറോടെ ഇവിടെയെത്തിക്കും.അതിനുശേഷം ഫർണിഷിങ് പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ ഉൽഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.പരിശീലത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയക്രമമായിരിക്കും.ഫിറ്റ്നസ്,ബോഡി ബിൽഡിംഗ് തുടങ്ങിയവയിൽ താല്പര്യമുള്ള കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഇവിടെ പരിശീലനം നടത്താം.ഇതിനായി മാസത്തിൽ ഒരു നിശ്ചിത തുക ഈടാക്കും.രണ്ടു ട്രെയ്‌നർമാരെയും സ്പോർട്സ് കൗൺസിൽ നിയമിക്കും.കണ്ണൂരിനു പുറമെ കോഴിക്കോട്,തിരുവനന്തപുരം എന്നീ ജില്ലകളിലും സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹെൽത്ത് ക്ളബ്ബുകൾ തുടങ്ങുന്നുണ്ട്.

ചെറുപുഴ കൊട്ടത്തലച്ചി മലയിൽ തീപിടുത്തം

keralanews fire broke out in cherupuzha kottathalachimala

ചെറുപുഴ:ചെറുപുഴ കൊട്ടത്തലച്ചി മലയിൽ തീപിടുത്തം.വ്യാഴാഴ്ച ഉച്ചയോടെയാണ് അതി പരിസ്ഥിതിലോല പ്രദേശമെന്നറിയപ്പെടുന്ന കൊട്ടത്തലച്ചി മലയിലെ പുൽമേടുകൾക്ക് തീപിടിച്ചത്.തീപിടുത്തത്തിൽ മുപ്പതേക്കറോളം വരുന്ന പുൽമേടുകൾ കത്തിനശിച്ചു.ഉച്ച സമയമായതിനാൽ ചൂടും കാറ്റും തീ കൂടുതൽ പടരുന്നതിനിടയാക്കി.പെരിങ്ങോത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചെറുപുഴ പോലീസും നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും കൂടിയാണ് തീ അണച്ചത്.കൊട്ടത്തലച്ചി മലയുടെ മുകളിൽ എത്തിപ്പെടാൻ റോഡില്ലാത്തതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് മുകളിലെത്താൻ സാധിച്ചില്ല.പിന്നീട് ചൂരപ്പടവ് തട്ടിൽ എത്തി അവിടെനിന്ന് ജീപ്പിലാണ് സംഘം മലമുകളിലെത്തിയത്.വർഷങ്ങൾക്ക് മുൻപ് ഇവിടെയുണ്ടായ തീപിടുത്തത്തിൽ മലയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിനശിച്ചിരുന്നു.

പറശ്ശിനിക്കടവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു

keralanews 6 people injured when two cars collided with each other

പറശ്ശിനിക്കടവ്:പറശ്ശിനിക്കടവ് തവളപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഏഴരയോടുകൂടിയാണ് അപകടം നടന്നത്.പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന ടൊയോട്ട എറ്റിയോസ് കാറും എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് തവളപ്പാറ വളവിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ ഒഴുകി.ഇത് പിന്നീട് അഗ്നിശമന സേനയെത്തി വെള്ളംചീറ്റി കഴുകുകയായിരുന്നു.സ്വിഫ്റ്റ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നയാളെ വണ്ടി പൊളിച്ചാണ് പുറത്തെടുത്തത്.പുന്നാട് സ്വദേശി ശങ്കരൻ മാസ്റ്റർ(46),കൂടാളിയിലെ ശശി(51),എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ  കോഴിക്കോട് നടക്കാവിലെ അനൂപ് മോഹൻദാസ്(21),മാട്ടൂലിലെ മുഫാരിസ്(23),വൈറ്റിലയിലെ വിഷ്ണു(20),മാട്ടൂൽ സ്വദേശി ആത്തിഫ്(22) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ വിഷ്ണുവിന്റെ നില ഗുരുതരമാണ്.