നെടുമ്പാശ്ശേരി:താൻ മുസ്ലീമാണെന്നും തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണമെന്നും ഹാദിയ.സുപ്രീം കോടതിയിൽ ഹാജരാക്കാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹാദിയ തന്റെ നിലപാട് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്.താൻ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ട്ടപ്രകാരമാണെന്നും തനിക്ക് നീട്ടി കിട്ടണമെന്നും ഹാദിയ വിളിച്ചു പറയുന്നുണ്ടായിരുന്നു.കനത്ത സുരക്ഷയിലാണ് ഹാദിയയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുവാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല.വിമാനത്താവളത്തിൽ എത്തിയപ്പോൾ പോലീസ് വിലക്ക് മറികടന്നാണ് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്.ഇന്ന് രാത്രി പത്തരയോടെ ഡല്ഹിയിലെത്തുന്ന ഹാദിയയും കുടുംബവും ഡൽഹി കേരളാ ഹൗസിലാണ് തങ്ങുക.കേരളഹൗസിൽ നാലുമുറികളാണ് ഹാദിയയ്ക്കും ഒപ്പമുള്ള പോലീസുകാർക്കുമായി അനുവദിച്ചിട്ടുള്ളത്. Read more
നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനെതിരെ പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനെതിരെ പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കുറ്റപത്രം ചർച്ച ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നു ആവശ്യപ്പെട്ട് സി ആർ പി സി 327(3) പ്രകാരമാകും പോലീസ് കോടതിയിൽ അപേക്ഷ നൽകുക. ചാനൽ ചർച്ചകളിൽ സാക്ഷികളുടെ പേര് ചർച്ചയാകുന്നതോടെ അവർ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണു പോലീസ് നിലപാട്.സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ചൊവ്വാഴ്ചയാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.കുറ്റപത്രം കോടതി സ്വീകരിക്കുന്നതിന് മുന്പാണ് ഇതിലെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മോഹനൻ വധം;രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി
കൂത്തുപറമ്പ്:സിപിഎം വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രെട്ടറി കുഴിച്ചാൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യം കോടതി റദ്ദാക്കി.ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് സി.സായൂജ്,എം.രാഹുൽ എന്നിവരുടെ ജാമ്യം റദ്ദാക്കിയത്.മറ്റൊരു ക്രിമിനൽ കേസുകളിലും പെടാൻപാടില്ല എന്ന വ്യവസ്ഥയോടെയാണ് ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ പടുവിലാക്കാവ് ക്ഷേത്ര പരിസരത്തു വെച്ച് സിപിഎം പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതിചേർക്കപ്പെട്ടു.ഇതിനെ തുടർന്നാണ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പോലീസ് ഇവർക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.ഇതുപ്രകാരം വിശദീകരണം നൽകാനായി കോടതി ഇവർക്ക് നോട്ടീസ് അയച്ചു.എന്നാൽ വക്കീൽ മുഖേന ഇവർ നൽകിയ വിശദീകരണം ത്യപ്തികരമല്ലാത്തതിനെ തുടർന്ന് കോടതി രണ്ടുപേർക്കും അറസ്റ്റ് വാറന്റ് ഉത്തരവിട്ടു.
കണ്ണൂർ നഗരത്തിലെ ആറ് പോലീസ് ക്വാർട്ടേർഴ്‌സുകളിൽ കള്ളൻ കയറി
കണ്ണൂർ:കണ്ണൂർ നഗരത്തിലെ സായുധ പോലീസ് ബറ്റാലിയൻ ക്വാർട്ടേഴ്‌സിൽ അസി.കമന്റിന്റേതടക്കമുള്ള ആറ് ക്വാർട്ടേഴ്‌സുകളിൽ കള്ളൻ കയറി.താഴ് മുറിച്ചാണ് എല്ലാ ക്വാർട്ടേർഴ്‌കളിലും കള്ളൻ കയറിയത്.സ്വർണ്ണവും പണവും മാത്രമാണ് കള്ളൻ അന്വേഷിച്ചത്.ഇത് എവിടെനിന്നും കിട്ടിയിട്ടില്ല.മറ്റ് ഉപകരണങ്ങളൊന്നും കളവുപോയിട്ടില്ല. ആളില്ലാത്ത ക്വാർട്ടേഴ്‌സുകളിൽ മാത്രമാണ് കള്ളൻ കയറിയത്.ഇത് കൊണ്ട് തന്നെ ക്വാർട്ടേഴ്‌സിനെ കുറിച്ചും ഇവിടെ താമസമുള്ളവരെ കുറിച്ചും വ്യക്തമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കുന്നു.ഇന്നലെ പുലർച്ചെയാണ് കള്ളൻ കയറിയ വിവരം പുറത്തറിഞ്ഞത്.അസി.കമാൻഡ് വിശ്വനാഥൻ, എസ്‌ഐ മാരായ കനകരാജ്,ഖാലിദ് എന്നിവരുടെയും മൂന്നു പോലീസുകാരുടെയും ക്വാർട്ടേഴ്‌സുകളിലാണ് കള്ളൻ കയറിയത്.എസ്‌ഐ ഖാലിദിന്റെ വീട്ടിലെ അലമാര മുഴുവൻ വലിച്ചുവാരി ഇട്ടിരിക്കുന്ന നിലയിലാണ്.ഇവിടെ നിന്നും സ്വർണ്ണമെന്നു തോന്നിക്കുന്ന പലതും പൊട്ടിച്ച ശേഷം സ്വർണ്ണമല്ലെന്നു ഉറപ്പാക്കിയ ശേഷം വലിച്ചെറിഞ്ഞ അവസ്ഥയിലായിരുന്നു.ഒരു ക്വാർട്ടേഴ്‌സിൽ നിന്നും കള്ളൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോർത്ത് കണ്ടെത്തിയിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
ഓട്ടോഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഓട്ടോയിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു
ചെറുവത്തൂർ:ഓട്ടോഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഓട്ടോയിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പീലിക്കോട് ഏക്കച്ചിയിലെ സന്തോഷ് കുമാറിന്റെ ഭാര്യ സവിതയ്ക്കാണ്(28) ഗുരുതരമായി പരിക്കേറ്റത്.തലയ്ക്ക് സാരമായി പരിക്കേറ്റ സവിതയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാതയിൽ സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഓഫീസിനു സമീപത്താണ് സംഭവം നടന്നത്. ചെറുവത്തൂർ ഭാഗത്തു നിന്നും കാലിക്കടവിലേക്ക് പോകുന്ന ഓട്ടോയിൽ തോട്ടം ഗേറ്റിനു സമീപത്തു നിന്നുമാണ് സവിത കയറിയത്.ഓട്ടോയിൽ കയറിയത് മുതൽ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി.ഇതിനെ തുടർന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഓട്ടോയുടെ വേഗം കൂട്ടുകയായിരുന്നു.ഇതോടെ ഭയന്ന സവിത റോഡിലേക്ക് ചാടുകയായിരുന്നു.അവശനിലയിൽ റോഡിൽക്കിടന്ന ഇവരെ അതുവഴി വന്ന കാർ യാത്രക്കാർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.മകൾ പഠിക്കുന്ന സ്കൂളിൽ പി ടി എ യോഗത്തിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു സവിത.
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
കൂത്തുപറമ്പ്:കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും.ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതു സമ്മേളനവും നടക്കും.ജില്ലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽ യുവജന പ്രകടനവും ബഹുജന റാലിയും സംഘടിപ്പിക്കും.ഇതോടൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പുതുക്കുടി പുഷ്പ്പന് കൈമാറുന്ന സഹായധനം ഇന്ന് മുഖ്യമന്തി പിണറായി വിജയൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറും.
ശ്രീകണ്ഠപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം
ശ്രീകണ്ഠാപുരം:ശ്രീകണ്ഠപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. ഏരുവേശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. അക്രമത്തിൽ യുഡിഎഫ് പ്രവർത്തകനായ സിറിയക്കിന്റെ കാലിന് പരിക്കേറ്റു.അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
ഈജിപ്തിൽ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു
കെയ്‌റോ:ഈജിപ്തിലെ വടക്കൻ സിനായി പ്രവിശ്യയിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു.120 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.പള്ളിക്ക് പുറത്തു സ്ഫോടനം നടത്തി പരിഭ്രാന്തി പരത്തിയ ശേഷം അകത്തുകടന്ന ഭീകരർ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.2014 ഇൽ ഐഎസുമായി ചേർന്ന സിനായിലെ തീവ്രവാദ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.സൂഫികളെയും ക്രിസ്തുമത വിശ്വാസികളെയും ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് സിനായിൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്.
ഇരിട്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി:ഇരിട്ടി ഉളിക്കല്ലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉളിക്കൽ കോക്കാടിലെ കുന്നുംപുറത്ത് അനിൽ കുമാർ-കനകവല്ലി ദമ്പതികളുടെ മകൻ അമൽ കുമാറിനെയാണ്(16) ഇന്നലെ സന്ധ്യയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസ്;ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു;കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായി അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.കൊച്ചിയിൽ നടന്ന അമ്മ താരനിശയിൽ വെച്ചായിരുന്നു സംഭവം. ദിലീപിന്റെ സുഹൃത്തും നടനുമായ സിദ്ദിക്കും ഇതിനു സാക്ഷിയാണ്.ഈ സംഭവത്തിന് ശേഷം സിദ്ദിക്കും നടിയെ വിളിച്ചു താക്കീത് ചെയ്തിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.താരനിശയ്ക്കിടെ ദിലീപും കാവ്യയുമായുള്ള രഹസ്യബന്ധം നടി ചിലരോട് പറഞ്ഞിരുന്നു.ഇതാണ് ദിലീപിന്റെ ഭീഷണിക്ക് കാരണമായത്.ഇതിനു പുറമെ ആക്രമണത്തിൽ ദിലീപിന് പങ്കുണ്ടാകുമെന്ന ആദ്യ സൂചന പൊലീസിന് നൽകിയത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ്. പിന്നീട് പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് കത്ത് അയച്ച വിവരങ്ങൾ പുറത്തുവന്നതോടു കൂടി സംശയം ബലപ്പെടുകയായിരുന്നു. കേസിൽ ദിലീപിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസിനോട് നടിയുടെ സഹോദരൻ ആവശ്യപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്.