കൊച്ചി:കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇരുനൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ തീരദേശം ആശങ്കയിൽ.ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്നും കടലിൽ പോയിരിക്കുന്നത്.ഒരു തവണ കടലിലിറങ്ങിയാൽ പത്തു മുതൽ പതിനഞ്ചു ദിവസം വരെ കഴിഞ്ഞേ ഇവർ മടങ്ങിയെത്താറുള്ളൂ. ഇതിനിടയിൽ ഇവർ തീരവുമായി ബന്ധപ്പെടാറുമില്ല. എന്നാൽ കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകൾ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്.അതേസമയം കൊച്ചി ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായി.പല ഭാഗത്തും കടൽ കരയിലേക്ക് കയറി.ഇതിനെ തുടർന്ന് പ്രദേശവാസികളെ സമീപത്തെ സ്കൂളുകളിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. തീരപ്രദേശത്ത് അറുപതിലേറെ വീടുകൾ വെള്ളത്തിനടിയിലായി.പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണുള്ളത്.
ഡോക്റ്റർ അറ്റ് ഓഫീസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
കണ്ണൂർ:സർക്കാർ ജീവനക്കാർക്ക് ജോലിക്ക് തടസ്സം നേരിടാതെ ഡോക്റ്ററുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയായ ഡോക്റ്റർ അറ്റ് ഓഫീസ് പദ്ധതിക്ക് കണ്ണൂരിൽ തുടക്കം.ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം കണ്ണൂർ കളക്റ്ററേറ്റ് ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ആദ്യഘട്ടമായി കണ്ണൂർ സിവിൽ സ്റ്റേഷനും അനുബന്ധ ഓഫീസുകൾക്കും ഡോക്റ്ററുടെ സേവനവും മരുന്നും ലഭ്യമാക്കുന്ന സ്ഥിരം മെഡിക്കൽ യുണിറ്റ് പ്രവർത്തനമാരംഭിച്ചു. രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ ഈ കേന്ദ്രത്തിൽ സേവനം ലഭ്യമാകും.രാവിലെ ഒന്പതുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഡോക്റ്ററുടെ സേവനം ലഭ്യമാകുക.രോഗ പരിശോധന,മരുന്ന് വിതരണം, നെബുലൈസേഷൻ, ഡ്രസിങ്,സ്യുച്ചറിങ്,ഇസിജി എന്നീ സേവനങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാകും.കളക്റ്ററേറ്റിലും പരിസരത്തുമായി ജോലി ചെയ്യുന്ന മൂവായിരത്തോളം ജീവനക്കാർക്ക് ഈ സേവനം ലഭിക്കും.
ഡിഫ്തീരിയ ബാധയെ തുടർന്ന് പേരാവൂരിൽ വിദ്യാർത്ഥിനി ആശുപത്രിയിൽ
പേരാവൂർ:ഡിഫ്തീരിയ ബാധയെ തുടർന്ന് പേരാവൂരിൽ വിദ്യാർത്ഥിനി ആശുപത്രിയിൽ. അവശനിലയിലായ വിദ്യാർത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാംക്ലാസ്സ് വിദ്യാർത്ഥിനിയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചുദിവസം മുൻപ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്ന കുട്ടി പനിബാധിച്ചതിനെ തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.മാറ്റമില്ലാത്തതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡിഫ്ത്തീരിയയ്‌ക്കെതിരെ കൃത്യമായി പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത കുട്ടിക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.എന്നാൽ രോഗപ്രതിരോധ ശേഷി കുറവായതിനാലാണ് കുത്തിവെയ്പ്പ് എടുത്തിട്ടും രോഗം വരാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഡിഫ്തീരിയ രോഗം സ്ഥിതീകരിച്ചിരിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലുള്ളവരെല്ലാം പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം.വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കുത്തിവെയ്പ്പ് നൽകുമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
കതിരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനെട്ടുപേർക്ക് പരിക്ക്
കൂത്തുപറമ്പ്:കതിരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനെട്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് ശേഷം കാരക്കുന്ന്,പുല്ല്യോട്, അഞ്ചാംമൈൽ, കുറ്റ്യേരിച്ചാൽ, പൊക്കായിമുക്ക്എന്നിവിടങ്ങളിൽവെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. കുറ്റ്യേരിച്ചാൽ സ്വദേശികളായ വി.രാജൻ(65),മാധവി(85),കതിരൂരിലെ റമീസ്(25),രാഘവൻ(75),മോഹനൻ(55),അജിത(45),അതുല്യ(17),മിനാൻ (15),പുല്ല്യോട് സ്വദേശി പ്രവീണ (35),കാരക്കുന്ന് സ്വദേശികളായ മുഹമ്മദ്(68),അഫ്സത്ത്(60),സി.കെ രാധ (53),ഷാഹിന(30),ഷാമിൽ(12),കെ.പി നിർമല(48),സതി(69),ബംഗാൾ സ്വദേശിയായ ബാബു സേട്ട്(20),മേലെ ചൊവ്വ കോട്ടനാട്ടിൽ ബാബു(60) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.മുഖത്തു കടിയേറ്റ മാധവിയെയും രാഘവനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുറ്റത്തും വഴിയിലും വെച്ചാണ് എല്ലാവർക്കും കടിയേറ്റത്. പെയിന്റിങ് തൊഴിലാളിയായ ബാബു സേട്ടിന് പണിസ്ഥലത്തുവെച്ചാണ് കടിയേറ്റത്.നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു
തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. വേളി സെയിന്റ് ആൻഡ്രുസ് പള്ളിക്ക് സമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.അതേസമയം കടലിൽ കാണാതായ 33 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യബന്ധനത്തിനു പോയ എഴുപതോളം പേരുമായി രക്ഷാപ്രവർത്തകർ ബന്ധപ്പെട്ടെന്നും മന്ത്രി അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഇവരെ രക്ഷിക്കുന്നതിനായി കോസ്റ്റ് ഗാർഡും നേവിയുടെ കപ്പലുകളും തിരിച്ചതായും അധികൃതർ അറിയിച്ചു. വ്യോമസേനയും നാവികസേനയും തെരച്ചിലിന് ഇറങ്ങിയെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഓഖി ചുഴലിക്കാറ്റ്;നൂറോളം മൽസ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് വിഴിഞ്ഞം,പൂന്തുറ,വലിയതുറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൽസ്യബന്ധനത്തിനുപോയ നൂറോളം മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തിയില്ല.29 വള്ളങ്ങളിലായി നൂറ്റമ്പതോളംപേർ കടലിൽ പോയിട്ടുണ്ടെന്നാണ് കൺട്രോൾ റൂമിലെ കണക്ക്.അതേസമയം പൂന്തുറയിൽ നിന്നും പോയ പതിമൂന്നുപേർ വ്യാഴാഴ്ച രാത്രിയോടെ തീരത്ത് തിരിച്ചെത്തിയിരുന്നു.ഓഖി ചുഴലിക്കാറ്റിന്റെ ഉൾക്കടലിലെ സ്ഥിതി അതിഭീകരമാണെന്ന് രക്ഷപ്പെട്ട മൽസ്യത്തൊഴിലാളികളായ മുത്തപ്പൻ,ശെൽവൻ എന്നിവർ പറഞ്ഞു.തങ്ങൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. കന്യാകുമാരിയിൽനിന്നുള്ള ബോട്ടുകളാണ് തങ്ങളെ കരയ്‌ക്കെത്തിച്ചത്.മറ്റുള്ളവരെ കുറിച്ച് ഒന്നുമറിയില്ലെന്നും ഇവർ പറഞ്ഞു. കടലിൽ പലരും നീന്തിപ്പോകുന്നത് കണ്ടതായും കന്നാസിലും മറ്റും പിടിച്ച് കടലിൽ പൊങ്ങിക്കിടക്കാൻ പലരും ശ്രമിക്കുന്നതായും രക്ഷപ്പെട്ടവർ പറഞ്ഞു.നാവികസേനയുടെ നാല് കപ്പലുകളും രണ്ടു ഹെലികോപ്റ്ററുകളും ഡോണിയർ വിമാനങ്ങളും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. Read more
‘ഓഖി’ കേരളതീരം വിട്ട് ലക്ഷദ്വീപിലേക്ക് കടക്കുന്നു
തിരുവനന്തപുരം:’ഓഖി’ ചുഴലിക്കാറ്റ് കേരളതീരം വിട്ട് ശക്തിപ്രാപിച്ചു ലക്ഷദ്വീപിലേക്ക് കടക്കുന്നു.മണിക്കൂറിൽ 91 കിലോമീറ്ററാണ് കാറ്റിന്റെ വേഗത.കാറ്റിന്‍റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെയാണ്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരളത്തിൽ കാറ്റ് ആഞ്ഞ് വീശിയേക്കാം. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണം ഉണ്ടായി.നിരവധി ബോട്ടുകൾ തകർന്നു.കേരളത്തിൽ ഇടവിട്ട ശക്തമായ കാറ്റും മഴയും ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കേരളത്തിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.ലക്ഷ്യദ്വീപിൽ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് 150ഓളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിലും പേമാരിയിലും പെട്ട് തിരുവനന്തപുരത്ത് 150ഓളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി.കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി.ആറ് മൽസ്യബന്ധന ബോട്ടുകളെയും മറൈൻ എൻജിനീയറിങ് കപ്പലിനെയുമാണ് കാണാതായിരിക്കുന്നത്.നാവികസേനാ കപ്പലുകളായ ഷാർദുൽ,നിരീക്ഷക്, കബ്രാ,കൽപ്പേനി എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സംസ്ഥാനത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിലും ചുഴലിക്കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി.വിഴിഞ്ഞത്ത് മരം വീണു പരിക്കേറ്റ വീട്ടമ്മയായ സ്ത്രീ മരിച്ചു.നേരത്തെ കൊല്ലത്ത് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.കാട്ടാക്കടയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് രണ്ടുപേരും മരിച്ചു.ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിച്ചു വരികയാണ്.മൽസ്യത്തൊഴിലാളികളോട് അടുത്ത 48 മണിക്കൂറിൽ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നാലുപേർ മരിച്ചു.ചുഴലിക്കാറ്റ് തിരുവനന്തപുരം തീരത്തിന് അറുപതു കിലോമീറ്റർ അകലെയെത്തി. മണിക്കൂറിൽ 75 കിലോമീറ്ററാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ വേഗത.
ഇരിട്ടിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഇരിട്ടി:ഇരിട്ടി മാടത്തിയിൽ റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു.പശ്ചിമബംഗാൾ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്.മാടത്തി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടം നടന്നത്.മണ്ണിനടിയിൽപെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.പള്ളിയുടെ കൊടിമരവും മറിഞ്ഞുവീണു.റോഡ് നിർമാണത്തിനായി കലുങ്ക് പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത്.