തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രം.കേരള തീരത്തിന് പത്ത് കിലോമീറ്റർ ദൂരെ വരെയുള്ള മേഖലയിൽ ഇന്ന് രാത്രി വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം:കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്തെത്തി.ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തിയത്.കന്യാകുമാരിയിലെ സന്ദർശനത്തിന് ശേഷമാണ് മന്ത്രി തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആധുനിക സഹായങ്ങളും നൽകിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോൾ നടത്തിയതിനേക്കാൾ ശക്തമായ രക്ഷാപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.കടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയെ കാണുന്ന പ്രതിരോധ മന്ത്രി രക്ഷാപ്രവർത്തന നടപടികളെക്കുറിച്ചും ചർച്ചചെയ്തേക്കുമെന്നാണ് സൂചന.
താനൂരിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
മലപ്പുറം:മലപ്പുറം താനൂരിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.ഇന്നലെ താനൂർ ഉണ്ണ്യാലിൽ നബിദിന റാലിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.പാൽ,പത്രം,ശബരിമല തീർത്ഥാടകർ, താനൂരിലെ അമൃത മഠം പൊങ്കാല മഹോത്സവം എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇന്നലെ എ പി -ഇ പി സുന്നി പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ ആറുപ്രവർത്തകർക്ക് വെട്ടേറ്റു.തേവർകടപ്പുറത്തിന് സമീപം നടന്ന നബിദിന റാലിക്കിടെയാണ് ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി സംഘർഷം ഉണ്ടായത്.
ഓഖി ഗുജറാത്ത് തീരത്തേക്ക്;കേരളത്തിൽ പതിനഞ്ചു മരണം
തിരുവനന്തപുരം:കേരളത്തിലും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.കടലിൽ നിന്നും ഇനിയും ഇരുനൂറോളം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.തിരുവനന്തപുരത്തു മാത്രം കാണാതായത് 130 പേരെയാണ്.ചുഴലിയുടെ ശക്തി കുറഞ്ഞതോടെ കടലിൽ മൃതദേഹങ്ങൾ പൊന്തിവരാൻ തുടങ്ങിയിട്ടുണ്ട്. തിരുവന്തപുരത്തു മാത്രം ഇന്നലെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു.ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.കേരളത്തിൽ നിന്നും കാണാതായ ആയിരത്തോളം മൽസ്യത്തൊഴിലാളികൾ മഹാരാഷ്ട്രയിൽ സുരക്ഷിതായി എത്തിയിട്ടുണ്ടെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അറിയിച്ചു.
ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ:ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.ചാല പന്ത്രണ്ടുകണ്ടി തപ്പള്ളി ഹൗസിൽ അനുശ്രീ ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്യൂഷന് പോകാനായി ഒരുങ്ങുന്നതിനിടെ ഇസ്തിരിയിടുമ്പോഴാണ് അപകടം.ഷോക്കേറ്റ് തെറിച്ച അനുശ്രീയുടെ തല പുറകിലത്തെ ചുമരിൽ ഇടിക്കുകയായിരുന്നു.ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ രാജീവിന്റെയും ലസിതയുടെയൂം മകളാണ്.സഹോദരൻ:അമൽ.തോട്ടട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
കാസർകോഡ് കടൽക്ഷോഭത്തിൽ 3 വീടുകൾ തകർന്നു
ഉപ്പള:ഉപ്പള മുസോടിയിലുണ്ടായ കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ തകർന്നു.മുസോടിയിലെ അബ്ദുൽ ഖാദർ,ഇബ്രാഹിം,അബ്ദുൽ ഖാദർ എന്നിവരുടെ വീടുകളാണ് തകർന്നത്.വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.വീടിനുള്ളിൽ ഉണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ നശിച്ചിട്ടുണ്ട്.ഇവിടെയുള്ള മറ്റുവീടുകളും കടലാക്രമണ ഭീഷണിയിലാണ്.ഇന്നലെ രാത്രിയോടെയാണ് ഇവിടെ കടൽക്ഷോഭം ഉണ്ടായത്.
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു;മൽസ്യത്തൊഴിലാളികൾക്ക് ഒരാഴ്ച സൗജന്യ റേഷൻ
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മാത്രമല്ല പരിക്കേറ്റവർക്ക് 20000 രൂപ ധനസഹായം നൽകുമെന്നും ഇവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ചുഴലിക്കാറ്റിൽ ബോട്ടുകൾക്ക് തകരാർ സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകും.ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക. മാത്രമല്ല ചുഴലിക്കാറ്റ് നാശംവിതച്ച തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോഡ് ജില്ലകളിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഒരാഴ്ചത്തെ സൗജന്യ റേഷനും അനുവദിച്ചിട്ടുണ്ട്.
സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം:വ്യാജമേൽവിലാസം ഉപയോഗിച്ച് നികുതി വെട്ടിച്ച് ആഡംബര വാഹനം രജിസ്റ്റർ ചെയ്തതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ്‌ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സുരേഷ് ഗോപി നികുതിവെട്ടിപ്പ് നടത്തിയെന്ന വാർത്ത വന്നതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൽ വ്യാജമേൽവിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ട്ടമുണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.രണ്ടുവാഹനമാണ് സുരേഷ്‌ഗോപി ഇത്തരത്തിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ ഒരുവാഹനം എംപി ആയതിനു ശേഷമാണ് രജിസ്റ്റർ ചെയ്തത്.ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്ക്.പോണ്ടിച്ചേരിയിലെ എല്ലായ്‌പിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപാർട്മെന്റ് 3 സി എ എന്ന മേൽവിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.എന്നാൽ ഈ വിലാസത്തിൽ അപാർട്മെന്റ് ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റിൽ ആശങ്ക ഒഴിയാതെ കേരളം; തീരത്ത് കൂറ്റൻ തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ ആശങ്ക ഒഴിയാതെ കേരളം.കേരള തീരത്തിനടുത്ത് കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ആറുമീറ്റർ ഉയരെ വരെ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ,മലപ്പുറം,കണ്ണൂർ,കാസർകോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ദ്ധമാകും. കാറ്റും മഴയും മാറിനിന്നാലും മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിരദേശം നൽകി.
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ;കനത്ത നാശനഷ്ടം
കവരത്തി:ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ പ്രവേശിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെ തീവ്ര ശക്തി കൈവരിച്ച ഓഖി മണിക്കൂറിൽ 120-130 കിലോമീറ്റർ വേഗതയിലായിരിക്കും ലക്ഷദ്വീപിൽ വീശുക.ഇതേ തുടർന്ന് ദ്വീപുകളിൽ കനത്ത നാശനഷ്ട്ടങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇത് കണക്കിലെടുത്തു കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.കാറ്റും മഴയും തകർത്താടിയപ്പോൾ പലയിടങ്ങളിലും ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തരാറിലായി.കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എൻ ഐ ഓ ടി പ്ലാന്റ് കടൽക്ഷോഭത്തെ തുടർന്ന് തകാറിലായതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും.ഈ സംവിധാനം നന്നാക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.യന്ത്രത്തകരാറിനെത്തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് ഒരു ഉരു കടലിൽ ഒഴുകി നടക്കുന്നുണ്ട്.ഇതിൽ എട്ടുപേരുണ്ടെന്നാണ് വിവരം.മിനിക്കോയി,കൽപ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്.ചുഴലിക്കാറ്റ് ഭീഷണി നേരിടാൻ നാവികസേനാ ലക്ഷദ്വീപിലേക്ക് രണ്ടു കപ്പലുകൾ അയച്ചതായി ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ ആർ കാർവെ പറഞ്ഞു. Read more