കണ്ണൂർ:കണ്ണൂർ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾ നടത്താനിരുന്ന സമരം പിൻവലിച്ചു.മേയർ ഇ.പി ലതയുടെ സാനിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും പരിഗണിക്കുന്നില്ല എന്ന പരാതിയുമായി രാഷ്ട്രീയ ഭേതമില്ലാതെയാണ് യൂണിയനുകൾ സമരം ചെയ്യാൻ തീരുമാനിച്ചത്. രണ്ടുതവണ സൂചനസമരം നടത്തിയിട്ടും ചർച്ചയ്ക്കുപോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് രാപ്പകൽ സമരമെന്ന തീരുമാനത്തിൽ യൂണിയനുകൾ എത്തിയത്.തൊട്ടുപിന്നാലെ ഐഎൻടിയുസിയും രംഗത്തെത്തി.ഇതോടെയാണ് മേയർ ചർച്ചയ്‌ക്കെത്തിയത്.ശമ്പള കുടിശ്ശിക ഒരുമാസത്തിനകം നൽകും,ഡി എ കുടിശ്ശിക പിഎഫിലേക്ക് അടയ്ക്കും,തൊഴിലുപകരണങ്ങൾ നൽകും,മാലിന്യം കൊണ്ടുപോകാനുള്ള വാഹനങ്ങൾ ഉടനെ നന്നാക്കി നൽകും, തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകൾ നവീകരിക്കാനുള്ള നടപടിയെടുക്കും,യൂണിഫോം തുന്നിക്കാനുള്ള കൂലി ഉടൻ നൽകും എന്നിവയാണ് ചർച്ചയിൽ ഉണ്ടായ പ്രധാന തീരുമാനങ്ങൾ. ഈ മാസം പതിമൂന്നിന് രാപ്പകൽ സമരം തുടങ്ങാനായിരുന്നു സിഐടിയു തീരുമാനിച്ചിരുന്നത്. പന്ത്രണ്ടാം തീയതി കളക്റ്ററേറ്റ് മാർച്ച് നടത്തുവാൻ ഐഎൻടിയുസിയും തീരുമാനിച്ചിരുന്നു.ഈ രണ്ടുസമരങ്ങളും ചർച്ചയെ തുടർന്ന് പിൻവലിച്ചിരിക്കുകയാണ്.
കല്യാട് ചെങ്കൽപ്പണ ഇടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്
ഇരിക്കൂർ:ഖനനം നടന്നുകൊണ്ടിരിക്കെ ചെങ്കൽപ്പണ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് പരിക്കേറ്റു.കല്യാട് ചുങ്കസ്ഥാനത്ത് കെ.പി.ആർ പണയിലാണ് അപകടം നടന്നത്.രണ്ട് ചെങ്കൽ ഖനന യന്ത്രങ്ങളും ഒരു മിനി ലോറിയും മണ്ണിനടിയിൽപ്പെട്ടു.നൂറിലധികം തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്യുന്നുണ്ട്. ഉച്ചസമയമായതിനാൽ എല്ലാവരും ഊണുകഴിക്കാൻ പോയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.30 അടിയോളം ഉയരമുള്ള പണയുടെ ഭിത്തി തകർന്ന് ഖനന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു.സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെടുന്നതിനിടെ കല്ലുകൾ തെറിച്ചാണ് ഇവർക്ക് പരിക്കേറ്റത്.ഖനനം നടക്കുന്ന സ്ഥലത്തുതന്നെ നിർത്തിയിട്ടിരിക്കുകയായിരുന്ന ഖനന യന്ത്രങ്ങളും മിനിലോറിയും ഇതോടെ മണ്ണിനടിയിൽപ്പെട്ടു. മറ്റുസ്ഥലങ്ങളിൽ നിന്നും ജെസിബി എത്തിച്ചാണ് മണ്ണിനടിയിൽ മൂടിക്കിടന്ന ലോറികളും ഖനന യന്ത്രങ്ങളും പുറത്തെടുത്തത്.
റോഡ് നന്നാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവൃത്തി നിർത്തിവെച്ചു
തലശ്ശേരി:റോഡ് നന്നാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവൃത്തി നിർത്തിവെച്ചു.കേരളം-മാഹി അതിർത്തിയിൽ പാറാലിലാണ് ബോംബ് കണ്ടെത്തിയത്.15 മീറ്റർ മാത്രമേ പ്രവൃത്തി തീരാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ ബോംബ് കണ്ടെത്തിയതോടെ കരാറുകാർ പണി തുടരാൻ വിസമ്മതിക്കുകയായിരുന്നു. തൊഴിലാളികളും പണിയെടുക്കാൻ തയ്യാറായില്ല.പാറാൽ രാഷ്ട്രീയ സംഘർഷം നടക്കുന്ന സ്ഥലമാണെന്നും അതിനാൽ ഇനിയും ബോംബ് കണ്ടെത്തിയേക്കാമെന്ന് നാട്ടുകാർ പറഞ്ഞതായി കരാറുകാർ അറിയിച്ചു.തൊഴിലാളികൾക്ക് പണിയെടുക്കാൻ ഭയമുണ്ടെന്ന് ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും കരാറുകാർ പറഞ്ഞു.എന്നാൽ കിട്ടിയത് ബോംബാണെന്ന് ഉറപ്പിക്കാനാകില്ലെന്നും ചിലപ്പോൾ ടെന്നീസ് ബോളിനു മുകളിൽ ബോംബ് കെട്ടുന്ന മാതൃകയിൽ കെട്ടിയതായിരിക്കാമെന്നും പോലീസ് പറഞ്ഞു.കാസർകോഡ് തലപ്പാടി മുതൽ ഇടപ്പള്ളിവരെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരി-മാഹി ബൈപാസ്സ് നിർമിക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ദുരന്തനിവാരണ സേന വരുന്നു
കണ്ണൂർ:അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ആളുകളെ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനയെ നിയമിക്കുന്നു.യുവകർമ സേന എന്നപേരിലാണ് സേനയെ നിയമിക്കുക.പദ്ധതിയുടെ പ്രൊജക്റ്റും സാമ്പത്തിക സഹായവുമെല്ലാം ജില്ലാപഞ്ചായത്തിന്റേതാണ്.ട്രോമാ കെയർ,പ്രഥമ ശുശ്രൂഷ,പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനങ്ങൾ എന്നിവയാണ് പദ്ധതിയിലൂടെ നൽകുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ എല്ലാ പഞ്ചായത്തിൽ നിന്നുമുള്ള അഞ്ചുവീതം യുവാക്കൾക്ക് പരിശീലനം നൽകും.മൂന്നു യുവാക്കൾക്കും രണ്ടു യുവതികൾക്കുമാണ് പരിശീലനം നൽകുക.ഇങ്ങനെ പരിശീലനം നേടുന്നവരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലെയും പത്തുപേർക്ക് പരിശീലനം നൽകും.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണ് ഇവർക്കുള്ള പരിശീലന ചുമതല.മുനിസിപ്പൽ,പഞ്ചായത്ത് തലങ്ങളിൽ യുവജനക്ഷേമ ബോർഡിന്റെ യൂത്ത് കോ-ഓർഡിനേറ്റർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.അതോടൊപ്പം എല്ലാ കുടുംബശ്രീ യൂണിറ്റുകൾ വഴിയും അടിയന്തിര സാഹചര്യം നേരിടാനുള്ള പരിശീലനവും ബോധവൽക്കരണവും നൽകും.ഡിസംബറിൽ ജില്ലാതലത്തിലും ജനുവരിയിൽ പഞ്ചായത്തു തലത്തിലും പരിശീലനം പൂർത്തിയാക്കി ഫെബ്രുവരിയോടെ സേനയെ അണിനിരത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ചേർത്തലയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം
ചേർത്തല:ചേർത്തല ദേശീയപാതയിൽ പതിനൊന്നാം മൈലിൽ വോൾവോ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.ഇന്ന് രാവിലെയാണ് അപകടം നടന്നത്.തണ്ണീർമുക്കം സ്വദേശി ഹരീഷ്,കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്.
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളിൽ നിന്നും സംഭാവന തേടും
തിരുവനന്തപുരം:ഓഖി ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു.ഇതിലേക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു ദിവസത്തെ വേതനമെങ്കിലും എല്ലാ ജീവനക്കാരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മൽസ്യബന്ധനത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിർമിക്കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഓഖി ദുരന്തത്തിൽ കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ്ങിന്‍റെ വസതിയിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കുടിക്കാഴ്ച. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്തണമെന്ന സർവ്വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീരദേശ പോലീസിൽ 200 പേരെ നിയമിക്കുന്നതിൽ ഇവർക്ക് മുൻഗണന നൽകും.കടൽക്ഷോഭം കാരണം കടലിൽ പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് ആഴ്ചയിൽ 2000 രൂപ നൽകും.ദുരന്തത്തിൽ മാനസികാഘാതം നേരിട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകും.അടുത്ത വാർഷിക പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.
ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്
അഹമ്മദാബാദ്:ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്.സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലെ 89 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 977 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക.കോൺഗ്രസിന്റെയും ബിജെപിയുടെയും അഭിമാന പോരാട്ടമാണ് ഗുജറാത്തിൽ നടക്കുന്നത്.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പതിവിലേറെ രാഷ്ട്രീയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.മുഖ്യമന്ത്രി വിജയ് രൂപാണി(രാജ്കോട്ട് വെസ്റ്റ്),കോൺഗ്രസിലെ ശക്തി സിംഗ് ഗോഹിൽ(മാണ്ഡവി),പരേഷ് ധനാനി(അംറേലി) എന്നിവരാണ് ഇന്ന് മത്സര രംഗത്തുള്ള പ്രമുഖർ.
വെളിച്ചെണ്ണയുടെയും മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില കുതിക്കുന്നു
തിരുവനന്തപുരം:ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തിയതോടെ വെളിച്ചെണ്ണയുടെയും ഒപ്പം മറ്റ് ഭക്ഷ്യഎണ്ണകളുടെയും വില ഉയരുന്നു.ചില്ലറവിപണിയിൽ 240 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വില.വെളിച്ചെണ്ണ വില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിൽ മറ്റ് ഭക്ഷ്യ എണ്ണയുടെയും വില ഉയർന്നു.സൂര്യകാന്തി,കടുക്,സോയാബീൻ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതമാണ് ഉയർത്തിയത്.പത്തുശതമാനം വർധനവാണ് ശുദ്ധീകരിക്കാത്ത പാം ഓയിലിനുണ്ടായത്.ഇതോടെ സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് 15 രൂപയുടെയും പാം ഓയിലിന് 10 രൂപയുടെയും വർദ്ധനവുണ്ടായിട്ടുണ്ട്.തേങ്ങയുടെ വില കിലോയ്ക്ക് അൻപതുരൂപയായി.എന്നാൽ മണ്ഡലകാലം കഴിയുന്നതോടെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലകുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
മുഴക്കുന്ന് മാമ്പറത്ത് നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു
ഇരിട്ടി:മുഴക്കുന്ന് മാമ്പറത്ത് നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു .മുഴക്കുന്ന് എസ്.ഐ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിജനമായ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ,സ്റ്റീൽ കണ്ടയ്നറുകൾ,ആണികൾ, വെടിമരുന്ന്, നൂൽ,തുടങ്ങിയവ കണ്ടെത്തിയത്.ആൾപ്പാർപ്പില്ലാത്ത വീടിനു സമീപത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകൾ.ഇവ സമീപകാലത്ത് നിർമിച്ചതും ഉഗ്രസ്ഫോടന ശേഷി ഉള്ളതുമാണെന്ന് പോലീസ് പറഞ്ഞു.പോലീസിനൊപ്പം കണ്ണൂർ ബോംബ് സ്ക്വാർഡും തിരച്ചിലിൽ പങ്കെടുത്തു.
സംസ്ഥാനത്തെ നോൺ എ സി തീയേറ്ററുകളിൽ ജനുവരി മുതൽ സിനിമ റിലീസ് ഇല്ല
കൊച്ചി:സംസ്ഥാനത്തെ നോൺ എ സി തീയേറ്ററുകളിൽ ജനുവരി മുതൽ സിനിമ റിലീസ് ഇല്ല.ഇത് സംബന്ധിച്ചുള്ള സർക്കുലർ ഫിലിം ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ പുറത്തിറക്കി.ഇതോടെ കേരളത്തിലെ എഴുപത്തഞ്ചോളം തിയ്യേറ്ററുകളിൽ റിലീസിംഗ് ഉണ്ടാകില്ല.വയനാട്,കോഴിക്കോട്,മലപ്പുറം,കണ്ണൂർ, കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ നോൺ എ.സി തീയേറ്ററുകൾ ഉള്ളത്.അതേസമയം ബി ക്ലാസ് തീയേറ്റർ ഉടമകളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ,ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവർ പ്രതിഷേധവുമായി രംഗത്തുവന്നു.എന്നാൽ നോൺ എ.സി തീയേറ്ററുകളിലേക്ക് ആളുകൾ കയറുന്നില്ലെന്നും തീയേറ്ററുകളിൽ റിലീസിംഗ് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായും വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.