സേലം:വിദ്യാർത്ഥിനികൾ ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഒരു പെണ്‍കുട്ടി മരിച്ചു, ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തമിഴ്നാട്ടിലെ സേലത്താണു സംഭവം.നഗരത്തിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് കെട്ടിടത്തിൽനിന്നു ചാടിയത്. വെള്ളിയാഴ്ച സ്കൂൾ വിട്ടശേഷവും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് ഇവരുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടികൾ കെട്ടിടത്തിൽനിന്നു ചാടിയതായി പോലീസിനു വിവരം ലഭിച്ചത്.ഇവർ കെട്ടിടത്തിൽനിന്നു ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.
കട്ടപ്പനയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നത് തന്റെയോ ഭർത്താവിന്റെയോ നിറമില്ലെന്ന കാരണത്താലെന്ന് കുഞ്ഞിന്റെ അമ്മ
കട്ടപ്പന:കട്ടപ്പന കാഞ്ചിയാർ മുരിക്കാട്ടുകുടിയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നത് തന്റെയോ ഭർത്താവിന്റെയോ നിറം കുഞ്ഞിനില്ലാത്തതിനാലെന്ന് കുഞ്ഞിന്റെ മാതാവ് സന്ധ്യയുടെ വെളിപ്പെടുത്തൽ.കുഞ്ഞിന്റെ നിറം വെള്ളയാണ്.താനും ഭർത്താവും കറുത്തിരിക്കുന്നതിനാൽ ഭർത്താവ് ബിനുവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവംബർ മുപ്പതിനാണ് സന്ധ്യ ആൺകുഞ്ഞിന് ജന്മം നൽകിയത്.ആറുദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ബുധനാഴ്ചയാണ് ഇവർ വീട്ടിലെത്തിയത്.പിറ്റേദിവസം കുഞ്ഞിനെ കുളിപ്പിച്ച ശേഷം സന്ധ്യയുടെ അമ്മ തുണി കഴുകാൻ പോയി.ഈസമയത്താണ് സന്ധ്യ കട്ടിലിലുണ്ടായിരുന്ന വെള്ളത്തുണി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.പിന്നീട് ഭർത്താവിനെ ഫോണിൽ വിളിച്ചു കുഞ്ഞിന് അനക്കമില്ലെന്നു അറിയിക്കുകയായിരുന്നു.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.കുഞ്ഞിന്റെ കഴുത്തിലെ പാടുകളും ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്ധ്യ കൊലപാതകകുറ്റം സമ്മതിക്കുകയായിരുന്നു.
ഓഖി ചുഴലിക്കാറ്റ്;രക്ഷപ്പെട്ട 32 മൽസ്യത്തൊഴിലാളികൾ മടക്കര തീരത്തെത്തി
ചെറുവത്തൂർ:ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിലകപ്പെട്ട 32 മത്സ്യത്തൊഴിലാളികൾ കർണാടക വഴി ചെറുവത്തൂർ മടക്കര തുറമുഖത്ത് എത്തി.തീരദേശ സേനയുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കാണ് ഇവർ എത്തിയത്. 22 ദിവസം മുൻപ് മൂന്നു ബോട്ടുകളിലായാണ് ഇവർ കടലിൽ പോയത്.കന്യാകുമാരി ജില്ലയിലെ തൂത്തൂർ സ്വദേശികളായ 27 പേർ, കൊല്ലം ജില്ലയിൽനിന്നുള്ള നാലുപേർ,ഒരു ആസാം സ്വദേശി എന്നിവരാണ് രക്ഷപ്പെട്ട് എത്തിയവരുടെ കൂട്ടത്തിലുള്ളത്.ഓഖി ചുഴലിക്കാറ്റിൽപ്പെട്ടുപോയ ഇവർ ഗുജറാത്ത് തീരത്തേക്കു പോകുന്നതിനിടെ കർണാടകയിലെ കാർവാറിൽ എത്തിപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ കടൽ അസാധാരണമായി നിശബ്ദമായിരുന്നുവെന്നും പിന്നീട് തിരമാലകൾ ഇരമ്പിയാർത്തപ്പോൾ ബോട്ടുകൾ കാർവാർ തീരത്ത് അടുപ്പിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു .അവിടെ തങ്ങിയ ഇവർ സംസ്ഥാന സർക്കാർ വൃത്തങ്ങളെ വിവരം അറിയിച്ചു. കടൽ ശാന്തമാകുന്നതുവരെ അവിടെ കഴിച്ചുകൂട്ടിയ ഇവരെ തീരദേശ സേനയുടെ അഴിത്തല സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയോടെ മടക്കരയിലെത്തിച്ചത്. മടക്കര ഹാർബറിൽ എത്തിയ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്‍റെ അടിയന്തര സഹായമായി 2000 രൂപ വീതം നൽകി. ബോട്ടുകൾക്ക് 750 ലിറ്റർ വീതം ഇന്ധനവും സർക്കാർ ചെലവിൽ എത്തിച്ചുകൊടുത്തു.തൊഴിലാളികളെല്ലാം ഇന്നലെ വൈകുന്നേരത്തോടെ ബോട്ടിൽതന്നെ നാട്ടിലേക്ക് തിരിച്ചു.
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പത്തനംതിട്ട:അവധി ദിവസമായതിനാൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.മണിക്കൂറുകൾ നീണ്ട ക്യൂ ആണ് സന്നിധാനത്ത് തുടരുന്നത്.തിരക്കിനെ തുടർന്ന് പമ്പയിൽ ഭക്തരെ വടം കെട്ടിയാണ് നിയന്ത്രിക്കുന്നത്.ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച ശബരിമല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇതാണ് തിരക്ക് കൂടാൻ കാരണമായത്.നിലയ്ക്കലിൽ നിന്നും കാറുകൾ ഒഴികെയുള്ള വാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് കടത്തി വിടുന്നില്ല.ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.
ഓഖി ചുഴലിക്കാറ്റ്;ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേർ കൊച്ചിയിലെത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേരുകൂടി കൊച്ചിയിലെത്തി. ആറുബോട്ടുകളിലായാണ് ഇവർ തീരത്തെത്തിയത്.ഇവരിൽ പതിനൊന്നു പേർ മലയാളികളും ബാക്കിയുള്ളവർ തമിഴ്‌നാട് സ്വദേശികളുമാണ്.ചുഴലിക്കാറ്റിൽപ്പെട്ട് ലക്ഷ്ദ്വീപിൽ അകപ്പെട്ട ഇവർ അവിടെ ആശുപത്രികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. എന്നാൽ കടൽ ശാന്തമായതോടെ ഇവരിൽ ആരോഗ്യമുള്ളവരെ കൊച്ചിയിലേക്ക് കയറ്റിവിടുകയാണ് ലക്ഷദ്വീപ് അധികൃതർ.സ്വന്തം ബോട്ടുകളിൽ തന്നെയാണ് ഇവർ തീരമണഞ്ഞത്.ഇവരിൽ അവശരായവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മൽസ്യത്തൊഴിലാളികളുമായി വ്യോമസേനയും കോസ്റ്റ് ഗാർഡും തിരച്ചിലിനായി പുറപ്പെട്ടു. ചെറുബോട്ടുകളിൽ പോയ 95 പേരെ കൂടി ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.എന്നാൽ തിരുവനന്തപുരത്തു നിന്നും പോയ 285 പേർ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭ പറയുന്നു.
ഓഖി ദുരന്തം;ആലപ്പുഴയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു
കൊച്ചി:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴ തീരത്തു നിന്നും 40 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.രാത്രി പത്തുമണിയോടുകൂടി മൃതദേഹം ആലപ്പുഴ അഴീക്കൽ ഹാർബറിൽ എത്തിക്കുമെന്നാണ് വിവരം.ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് തിരച്ചിൽ നടത്തിയത്.
ഓഖി ദുരന്തം;കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പത്തു ദിവസം കൂടി തുടരണമെന്ന് സർക്കാർ
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്തുദിവസം കൂടി തുടരണമെന്ന് സർക്കാർ കോസ്റ്റ് ഗാർഡ്,വ്യോമ-നാവിക സേന എന്നിവരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രെട്ടറി നേവിക്കും കോസ്റ്റ് ഗാർഡിനും കത്തയച്ചിട്ടുണ്ട്.നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകൾ ഉപയോഗിച്ച് ആഴക്കടലിൽ തിരച്ചിൽ നടത്തണമെന്നും മത്സ്യത്തൊഴിലാളികളെ തിരച്ചിലിനു ഒപ്പം കൂട്ടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.രക്ഷപ്പെടുന്നവർക്ക് ചികിത്സ നൽകുന്നതിനും കണ്ടെത്തുന്ന മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് തീരദേശങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ആരോഗ്യ വകുപ്പിന് നിർദേശം നൽകും.പത്തു ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും ചീഫ് സെക്രെട്ടറി പറഞ്ഞു.
നോയിഡ ഇരട്ട കൊലപാതകം;അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 15 കാരൻ അറസ്റ്റിൽ
നോയിഡ: ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനഞ്ചുകാരൻ മകൻ അറസ്റ്റിലായി.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകം നടത്തിയതെന്നും അമ്മ വഴക്കുപറഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നും ഇയാൾ പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിൽ അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരുടെ മകനെ വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ മുഗൾസരായിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും പതിനഞ്ചുകാരൻ പിതാവിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.വീട്ടിൽ നിന്നും പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ കൗമാരക്കാരൻ ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണ് പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി. ഷിംലയിൽ നിന്നും വീണ്ടും ചണ്ഡിഗഡിൽ എത്തിയ ശേഷം റാഞ്ചിക്ക് പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുൾസാരായിയിൽ എത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.
കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
കട്ടപ്പന:കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. സംഭവത്തിൽ കട്ടപ്പന മുറിക്കാടുകുടി സ്വദേശിനി സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ കുഞ്ഞിന്റെ കഴുത്തിൽ പാടും മുറിവും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.പിന്നീട് നടന്ന പോസ്റ്റ്‌മോർട്ടത്തിലെ കുഞ്ഞു മരിച്ചത് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്ധ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
പാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു
കണ്ണൂർ:പാനൂരിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ പൈപ്പിടൽ നാട്ടുകാർ തടഞ്ഞു.അറിയിപ്പ് നൽകാതെ പണി തുടങ്ങിയെന്ന് ആരോപിച്ചാണ് നാട്ടുകാർ പണി തടഞ്ഞത്.64 കിലോമീറ്റർ ദൂരത്തേക്കുള്ള പൈപ്പിടൽ ജോലിയാണ് നാട്ടുകാർ നിർത്തിവെയ്പ്പിച്ചത്.പൈപ്പിടൽ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു.എന്നാൽ മാർച്ച് പോലീസ് തടഞ്ഞു.