ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണമുണ്ടായത്.അക്രമത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു.സെറ്റിൽ മദ്യപിച്ചെത്തിയ നെടുമുടി സ്വദേശി പ്രിൻസ്,പുന്നമട സ്വദേശി അഭിലാഷ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇതുതടഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് സെറ്റിൽ നിന്നും പോയ ഇവർ തിരിച്ചു വീണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു.അണിയറ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത പോലീസ് അഭിലാഷ്,പ്രിൻസ് എന്നിവരെ അറസ്റ്റ് ചെയ്തു.
അഴീക്കോട് ഒലാടതാഴയിൽ വീടുകൾക്ക് നേരെ ആക്രമണം
അഴീക്കോട്:ഒലാടതാഴയിൽ ഡിവൈഎഐ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.സംഘർഷത്തിന്റെ തുടച്ചയായി ഉപ്പായിച്ചാലിലെ എസ്‌ഡിപിഐ പ്രവർത്തകരായ അബ്ദുൽ ലത്തീഫ്,റിഷാൽ എന്നിവരുടെ വീടുകൾ എറിഞ്ഞു തകർത്തു.സിപിഐഎം പ്രവർത്തകൻ മൈലാടത്തടത്ത് ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി.അക്രമത്തിൽ ഫഹദിന്റെ വീടിന്റെ ചില്ലുകൾ തകർന്നു.ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴീക്കോട് നോർത്തിൽ സിപിഐഎം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറു മുതൽവൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു
പറശ്ശിനിക്കടവ്:ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്ന പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു.ഇതിനായി പുതിയ ബോട്ട് ഇന്നലെ മുതൽ സർവീസ് നടത്തിത്തുടങ്ങി.നിലവിലുണ്ടായിരുന്ന ബോട്ട് തകരാറായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി വരികയാണ്.പറശ്ശിനിക്കടവ് ഉത്സവത്തിന്റെ സമയത്ത് ബോട്ട് സർവീസ് ഇല്ലാതിരുന്നത് തീർത്ഥാടകരെ വലച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസും നിർത്തിവെച്ചിരുന്നു.ഇതോടെ ഈ റൂട്ടിനെ ആശ്രയിച്ചവരും യാത്രാക്ലേശം കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.ഈ റൂട്ടിലോടുന്ന ബോട്ട് നിരവധി തവണ അപകടത്തിൽപ്പെട്ടിരുന്നു.ചുഴലിക്കാറ്റ് സമയത്തും ഈ ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാത്ത ഇത്തരം ബോട്ടുകൾ പിൻവലിച്ച് ജലഗതാഗത വകുപ്പ് തന്നെ വളപട്ടണം പുഴയിൽ കൂടുതൽ ബോട്ടുകൾ ഓടിക്കണം എന്ന ആവശ്യം ശക്തമാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.കോതച്ചിറ വെളുത്തേടത്ത് ബാലകൃഷ്ണൻ നായരുടെ മകൻ സുഭാഷാണ്(37) മരിച്ചത്.ഞായറാഴ്ച്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിനിടെയായിരുന്നു സംഭവം.ഇടഞ്ഞ ശ്രീകൃഷ്ണൻ എന്ന ആന രണ്ടാം പാപ്പനായി സുഭാഷിനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം വയറിനു കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ അമല ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീകൃഷ്ണൻ ഇടഞ്ഞത് കണ്ട് തിടമ്പേറ്റിയിരുന്ന ഗോപീകണ്ണൻ എന്ന ആനയും രവികൃഷ്‍ണൻ എന്ന ആനയും വിരണ്ടോടി.ഗോപീകണ്ണന്റെ പുറത്തുണ്ടായിരുന്ന കീഴ്‌ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി തിടമ്പുമായി താഴെ വീണു.ആന വിരണ്ടത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽപെട്ട് നിരവധി ഭക്തർക്കും പരിക്കേറ്റു.
പാനൂർ ചെണ്ടയാട് നിന്നും ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു
പാനൂർ:ചെണ്ടയാട് നിന്നും ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു.ചെണ്ടയാട് കിഴക്ക് വയൽ സ്റ്റോൺ ക്രഷറിന് സമീപം പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗോവണിപ്പടിയിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.ഒരു ബോംബ് വീടിന്റെ സമീപത്ത് കാണപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പാനൂർ എസ്.ഐ വി.കെ ഷൈജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി.അടുത്തകാലത്ത് നിർമിച്ചവയും ഉഗ്രസ്ഫോടന ശേഷി ഉള്ളതുമാണ് ബോംബുകളെന്നു പോലീസ് പറഞ്ഞു.
തളിപ്പറമ്പിൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തളിപ്പറമ്പ്:കരിമ്പത്തു നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കരിമ്പത്തെ വി.കെ സ്റ്റോർ ഉടമ അജീഷിന്റെ വീട്ടിൽ പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 1500 പാക്കറ്റ്(15 കിലോഗ്രാം) പാൻ ഉൽപ്പന്നങ്ങൾ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ഞായറാഴ്ച രാവിലെയാണ് പുകയില ഉൽപ്പന്നങ്ങൾ കരിമ്പത്തെത്തിച്ചത്.ഇയാളുടെ കടയിൽ ദിനംപ്രതി നിരവധി ആളുകൾ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്താറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
വടകരയിൽ നിന്നും കാണാതായ മൊബൈൽ ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കോഴിക്കോട് നിന്നും പിടികൂടി
വടകര:വടകര ഓർക്കാട്ടേരിയിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് കാണാതായ മൊബൈൽ ഷോപ്പ് ഉടമ അംജദ്(23), ജീവനക്കാരി പ്രവീണ(32) എന്നിവരെ കണ്ടെത്തി.കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്.ആഴ്ചകളായി ഫ്‌ളാറ്റിൽ രഹസ്യമായി കഴിയുകയായിരുന്ന ഇരുവരെയും അതിസമർത്ഥമായാണ് അന്വേഷണ സംഘം പിടികൂടിയത്. ഫ്ലാറ്റിൽ താമസിച്ച് ഓൺലൈനായി ബിസിനസ് നടത്തി വരികയായിരുന്നു ഇവർ.കംപ്യൂട്ടറിൽ അതിവിദഗ്ദ്ധനായ അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിക്കൊണ്ടിരുന്നത്.നാട്ടിൽ ആരുമായും ഇവർ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെ ഒരു ഫോൺ നമ്പറിലേക്ക് വന്ന വിളിയിൽ സംശയം തോന്നിയ പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.സെപ്റ്റംബർ പതിനൊന്നിനാണ് അംജാദിനെ കാണാതാകുന്നത്.ഇയാൾക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ രണ്ടുമാസം കഴിഞ്ഞപ്പോൾ പ്രവീണയെയും കാണാതായി.ഇവർക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസും ഫയൽ ചെയ്തിരുന്നു.ഇതിനിടെയാണ് രണ്ടുപേരും പിടിയിലാകുന്നത്.അംജാദ് നിർദേശിച്ച പ്രകാരമാണ് പ്രവീണ കടപൂട്ടി സ്ഥലം വിട്ടത്.കടപ്പൂട്ടി പ്രവീണ സ്കൂട്ടറുമായി വടകര സ്റ്റാന്റ് ബാങ്കിനടുത്ത് എത്തി സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അംജാദിനൊപ്പം പോവുകയായിരുന്നു.ഏഴുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പ്രവീണ.സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസ് നടത്തുന്നതും ഒക്കെ എന്നാണ് അംജാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ:അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.മിഥുൻ,റെനീസ് എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ ആദ്യം കണ്ണൂരിലെ സ്വകാര്യ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ധർമശാല ഏകദിനം;ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി;പരാജയം ഏഴുവിക്കറ്റിന്
ധർമ്മശാല:ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി.ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കൻ ബൗളർമാരുടെ സംഹാര താണ്ഡവത്തിൽ തകർന്നടിയുകയായിരുന്നു. ലങ്കയ്ക്കായി ഉപുൽ തരംഗ 49 റൺസ് എടുത്തു.താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്‌വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി.38.2 ഓവറിൽ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്‍റെ ക്രഡിറ്റ് ധോണിക്കു നൽകാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്. 17 ഓവറിൽ 29 റൺസ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ട്ടപെട്ട ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നൂറു കടത്തുകയായിരുന്നു.പത്തോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ലങ്കയുടെ ലക്മൽ നാല് വിക്കറ്റുകൾ പിഴുത്ത്.എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധോണി-കുൽദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിൽനിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 41 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.
പൊള്ളാച്ചിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ മരിച്ചു
പാലക്കാട്:മലയാളികൾ സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു.അങ്കമാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.മൂന്നുപേരുടെ മൃതദേഹം രാവിലെ തന്നെ കനാലിൽ നിന്നും കണ്ടെടുത്തിരുന്നു.വിശദമായ തിരച്ചിലിൽ വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം നാലായി.മൂന്നാറിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന അഞ്ചംഗ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.അങ്കമാലി സ്വദേശികളായ ജിതിൻ ജോയ്,ജാക്സൺ,അമൽ,ലിജോ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ആൽഫിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.