അഴീക്കോട്:അഴീക്കോട് എസ്‌ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. എസ്‌ഡിപിഐ അഴീക്കോട് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് പി.കെ നൗഫലിന്റെ കപ്പക്കടവിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
ബിഎസ്എൻഎൽ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
കണ്ണൂർ:സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ജീവനക്കാർ നടത്തുന്ന പണിമുടക്ക് കണ്ണൂർ എസ്എസ്എയിൽ ആരംഭിച്ചു.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടും പ്രത്യേക ടവർ കമ്പനി രൂപവൽക്കരണത്തിന് എതിരേയുമാണ് സമരം.പണിമുടക്കിയ ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി.ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസി.സെക്രെട്ടറി പി.മനോഹരൻ പണിമുടക്ക് ഉൽഘാടനം ചെയ്തു.പണിമുടക്ക് ഇന്നും തുടരും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി.വിമാനത്താവളത്തിലെ കരാർ ജീവനക്കാരന്റെ സഹായത്തോടെ കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ വിലമതിക്കുന്ന 1.23 കിലോഗ്രാം സ്വർണ്ണമാണ് ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് സംഘം പിടികൂടിയത്. സ്വർണ്ണം കടത്തിയ കാസർകോഡ് സ്വദേശി മുഹമ്മദ് അറഫാത്തിനെയും ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജോലികൾ ചെയ്യുന്ന വിസ്‌കാൻ ഏജൻസിയിലെ കരാർ ജീവനക്കാരൻ കൊണ്ടോട്ടി സ്വദേശി അഷ്‌റഫ് അഹ്‌റാഫിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻഡിഗോയുടെ ദുബായ് വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
ആലുവയിൽ കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞു;മൂന്നുപേർ മരിച്ചു
ആലുവ:ആലുവ മുട്ടത്ത് കാർ മെട്രോയുടെ തൂണിലിടിച്ചു മറിഞ്ഞ് അച്ഛനും മകനും അടക്കം മൂന്നുപേർ മരിച്ചു.കോട്ടയം കുമരനെല്ലൂർ സ്വദേശികളായ ടി.ടി രാജേന്ദ്രപ്രസാദ്,മകൻ ടി.ആർ അരുൺ പ്രസാദ്,മകളുടെ ഭർതൃപിതാവ് ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്.ചന്ദ്രൻ നായരുടെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങുബോഴായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്രപ്രസാദ് സംഭവ സ്ഥലത്തുവെച്ചും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജിഷ വധക്കേസ്;കോടതി വിധി ഇന്ന്
കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ കോടതി ഇന്ന് നിർണായക വിധി പറയും.ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് വിധി പ്രസ്ഥാപിക്കുക.കേസിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു.പ്രതി അമീറുൽ ഇസ്ലാം കുറ്റവാളിയാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാൽസംഗം,കൊലപാതകം,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ശാസ്ത്രീയമായി ശേഖരിച്ച അഞ്ചു തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.പെരുമ്പാവൂരിലുള്ള ജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ അതി ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നതാണ് കേസ്.
കീച്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു
കണ്ണൂർ:കീച്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു.തളിപ്പറമ്പ് സ്വദേശി ജയരാജനാണ്(41) മരിച്ചത്.ഇന്നലെ സന്ധ്യയ്ക്ക് ഉപക്ഷേത്രത്തിൽ വിളക്കുകൊളുത്തിയ ശേഷം കുളക്കടവിനു സമീപത്തു കൂടി നടന്നു പോകുമ്പോൾ കുളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. പൂജാരിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽമരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സ്വഛച്ച് ഭാരത് യാത്രക്കാർക്ക് തിരിച്ചടി
കോഴിക്കോട്: ഭാരതത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ വേണ്ടി പ്രധാന മന്ത്രി പ്രഖ്യാപിച്ച സ്വപന പദ്ധതി തകിടം മറിയുന്നു.
ജനങ്ങൾക്ക് സൗജന്യമായി ശൗച്യാലങ്ങൾ ഉപയോഗിക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനുകളിലും രാജ്യത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും സൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരത്തെ പണം കൊടുത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന റെയിൽവേ സ്റ്റേഷനുകളിലെ ബാത്ത് റൂമുകൾ സൗജന്യമായി ഉപയോഗിക്കാം എന്ന നില വന്നതോടെ അധികാരികളും ശുചീകരണ തൊഴിലാളികളും കൈയ്യൊഴിഞ്ഞിരിക്കുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലത്തിന്റെ ഇന്നത്തെ അവസ്ഥതന്നെയാണ് ഒട്ടുമിക്ക സ്റ്റേഷനുകളിലും. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന ഉത്തര കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേസ്റ്റേഷൻ ആയിട്ടു പോലും പ്രധാനമന്ത്രി നൽകിയ പ്രഖ്യാപനം വെറും പരസ്യ വീഡിയോ ആയി മാത്രം നിലനിൽക്കുന്നു.
ഉയർന്ന ടിക്കറ്റ് എടുത്ത യാത്രകാർക്ക് മാത്രം ഉപയോഗിക്കുവാൻ എന്ന മുന്നറിയിപ്ബോർഡ് കണ്ട് വരുന്ന എസി സ്ലീപ്പർ ക്ലാസുകളിലെ യാത്രക്കാർ ശൗചാലയത്തിന്റെ അകത്ത് കടന്നാൽ കാണാൻ സാധിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ടൈൽസിന് മുകളിലൂടെ കുത്തിയൊലിച്ച് പോകുന്ന വാഷ് ബേസിനുകളിലെ മലിനജലമാണ്. യൂറി നലുകൾ മിക്കവയും നിറഞ്ഞ് കവിഞ്ഞിരിക്കുകയുമാണ്.
റെയിൽവേ സ്വഛ് ഭാരതി നോട് പുറം തിരിഞ്ഞ് നിൽക്കുമ്പോഴും പെട്രോൾ പമ്പുകളിൽ ശുചിയായ ബാത്ത് റൂം സൗകര്യം നൽകുന്നുണ്ട് എന്നത് ഏറെ ആശ്വാസം നൽകുന്നതാണ്.
തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊല;ആറ് പ്രതികൾക്ക് വധശിക്ഷ
തിരുപ്പൂർ:തമിഴ്നാട്ടിലെ തിരിപ്പൂരിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറുപ്രതികൾക്ക് വധശിക്ഷ വിധിച്ചു.പെൺകുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ, മൈക്കിൾ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തിരിപ്പൂർ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.യുവതിയുടെ അമ്മയും അമ്മാവനും അടക്കം മൂന്നുപേരെ കോടതി വെറുതെ വിട്ടു.ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യയെ ദളിത് വിഭാഗക്കാരനായ ശങ്കർ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണം.പൊള്ളാച്ചിയിൽ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു ശങ്കർ.ഭാര്യയോടൊപ്പം ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ശങ്കറിനെ ബൈക്കിലെത്തിയ സംഘം ഉദുമൽപേട്ട ബസ്സ്റ്റാൻഡിന് സമീപത്തുവെച്ച് ജനങ്ങൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അക്രമത്തിൽ കൗസല്യയ്ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ കൂടുതൽ വിലയീടാക്കിയാൽ ഇനി മുതൽ തടവും പിഴയും
ന്യൂഡൽഹി:കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ കൂടുതൽ വിലയീടാക്കിയാൽ ഇനി മുതൽ പിഴയും തടവുശിക്ഷയും വരെ നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ കുപ്പിവെള്ളത്തിനു എം ആർ പിയേക്കാൾ അധികവിലയാണ് ഈടാക്കുന്നത്.ഇത് ഉപഭോക്താക്കളുടെ അവകാശത്തിന് വിരുദ്ധവും നികുതി വെട്ടിപ്പും കൂടിയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കുപ്പിവെള്ളത്തിനു കൂടിയ വില ഈടാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹോട്ടലുടമകളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.അമിത വില ഈടാക്കിയാൽ 25,000 രൂപ വരെ ആദ്യം പിഴ ഈടാക്കാം.കുറ്റം ആവർത്തിച്ചാൽ ഇത് 50,000 ആകും.മൂന്നാമതും കുറ്റം അവർത്തിക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയോ ഒരു വർഷം തടവ് ശിക്ഷയോ ഇത് രണ്ടും കൂടിയോ നൽകാമെന്നും വ്യവസ്ഥയുണ്ട്.
ഓഖി ദുരന്തം;എട്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലികാറ്റിൽപ്പെട്ട് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ തിരച്ചിലിൽ കോഴിക്കോട് പുറംകടലിലാണ് ഇവ കണ്ടെത്തിയത്..ഇതോടെ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 55 ആയി.ഇതുവരെ ആര് മൃതദേഹങ്ങൾ കരയ്‌ക്കെത്തിച്ചു.മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത അവസ്ഥയിലാണുള്ളത്.ഇവ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ആളെ തിരിച്ചറിയുന്നതിനായി ഡി എൻ എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.