അമർനാഥ്:ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രത്തെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു.ദേശീയ ഹരിത ട്രിബ്യുണലാണ് പ്രഖ്യാപനം നടത്തിയത്.ക്ഷേത്രത്തിൽ മന്ത്രോച്ചാരണം,മണിയടി ശബ്‌ദം,പ്രവേശനകവാടത്തിൽ കാണിക്കയിടൽ എന്നിവ വിലക്കിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തകയായ ഗൗരി മൗലേഖിയുടെ ഹർജിയിലാണ് നടപടി.തീർത്ഥാടകർക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകണമെന്നും ട്രിബ്യുണൽ നിർദേശിച്ചിട്ടുണ്ട്.അതേസമയം ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിട്ടുണ്ട്.ശ്രീനഗറിൽ നിന്നും 136 കിലോമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും 3888 മീറ്റർ ഉയരത്തിൽ അമരണത്തിലെ ഒരു ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.മഞ്ഞിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.
പെരിങ്ങത്തൂർ ബസ് അപകടത്തിൽ മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു
പെരിങ്ങത്തൂർ:പാനൂർ പെരിങ്ങത്തൂരിൽ ചൊവ്വാഴ്ച രാവിലെ ബസ് പുഴയിൽ വീണുണ്ടായ അപകടത്തിൽ മരിച്ച പ്രേമലതയുടെയും മകൻ പ്രജിത്തിന്റെയും മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു.വൈകുന്നേരം നാലുമണിയോടെ ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ പൊതുദർശനത്തിനു വെച്ച ശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖർ സംസ്ക്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.പയ്യന്നൂരിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്നും മേനപ്രത്തേക്ക് പുറപ്പെട്ടതായിരുന്നു അമ്മയും മകനും.വീട്ടിലെത്താൻ മൂന്നു കിലോമീറ്റർ മാത്രം ബാക്കിയിരിക്കെയാണ് മരണം ഇവരെ തട്ടിയെടുത്തത്. അപകടത്തിൽ മരിച്ച ബസ് ജീവനക്കാരൻ കതിരൂർ സ്വദേശി ജിതേഷിന്റെ മൃതദേഹവും വൻ ജനാവലിയുടെ സാനിധ്യത്തിൽ ഇന്നലെ സംസ്‌ക്കരിച്ചു.നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജിതേഷിന്റെ പുതിയ വീടിനു സമീപത്തായാണ് സംസ്ക്കാരം നടത്തിയത്.
ജിഷ വധക്കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെട്ട കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.കേസിലെ ഏക പ്രതിയായ അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കൊലപാതകം,ബലാൽസംഗം,വീട്ടിൽ അതിക്രമിച്ചു കടക്കൽ,തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ ആവശ്യപ്പെട്ടു.അതേസമയം ദൃക്‌സാക്ഷികൾ പോലുമില്ലാത്ത കള്ളക്കേസാണിതെന്നും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ വിധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.ഇതോടെ ഗുജറാത്തിലെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും.ഈ മാസം പതിനെട്ടിനാണ് വോട്ടെണ്ണൽ നടക്കുക.851 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോഡി,അമിത് ഷാ,അരുൺ ജെയ്റ്റ്‌ലി,എൽ.കെ അദ്വാനി തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തും.ഈ മാസം ഒന്പതാം തീയതിയാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
തൃശ്ശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു
തൃശൂർ:തൃശൂർ കൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു.ഇന്ന് രാവിലെ ആറുമണിയോടെ ആണ് അപകടം നടന്നത്.സവാള കയറ്റി വരുകയായിരുന്ന ലോറി കൊരട്ടി ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ ടയർ മാറ്റുകയായിരുന്നു തമിഴ്‍നാട് സ്വദേശിയായാണ് മരിച്ചത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കാസർകോട്ട് മോഷ്ട്ടാക്കൾ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്തു കൊന്നു
കാസർകോഡ്:കാസർകോഡ് ചീമേനിയിൽ മോഷ്ട്ടാക്കൾ റിട്ടയേർഡ് അധ്യാപികയുടെ കഴുത്തറുത്തു കൊന്നു.പി.വി ജാനകിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടെയാണ് സംഭവം.ഇവരുടെ ഭർത്താവും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണനും വെട്ടേറ്റിരുന്നു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചീമേനി പുലിയന്നൂർ സ്കൂൾ പരിസരത്തു താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ രാത്രി 12.30 ഓടെ മൂന്നംഗ മോഷണസംഘമെത്തി കൊല നടത്തിയത്.മോഷ്ട്ടാക്കൾ ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല,വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ,50000 രൂപ എന്നിവ കവർന്നിട്ടുണ്ട്.
ജിഷ വധക്കേസിൽ വാദം പൂർത്തിയായി;ശിക്ഷാവിധി നാളെ
കൊച്ചി:ജിഷ വധക്കേസിൽ വാദം പൂർത്തിയായി.ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.കേസിൽ തുടരന്വേഷണം വേണമെന്ന അമീറുൽ ഇസ്ലാമിന്റെ ആവശ്യം കോടതി തള്ളി.നിർഭയ കേസിനു സമാനമായ കേസാണിതെന്നു പ്രോസിക്യൂഷൻ പറഞ്ഞു.കൊലപാതകം,മാനഭംഗം,മാരകമായി മുറിവേൽപ്പിക്കൽ,വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള വകുപ്പുകൾ.ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഈ നാല് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ അമീറുൽ ഇസ്ലാം നിരപരാധിയാണെന്ന് പ്രതിഭാഗം വാദിച്ചു.കേസിൽ ദൃക്‌സാക്ഷികളില്ല.ഊഹാപോഹങ്ങൾ കണക്കിലെടുത്ത് ശിക്ഷിക്കരുത്.കേസിനു പിന്നിൽ ഭരണകൂട താല്പര്യമാണെന്നും പോലീസ് അതിനൊത്ത് പ്രവർത്തിച്ചെന്നും പ്രതിഭാഗം വാദിച്ചു.
ഓഖി ചുഴലിക്കാറ്റ്;ഇന്ന് അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിൽപെട്ട് കാണാതായ അഞ്ച് മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ബേപ്പൂർ തീരത്തു നിന്നും 3 മൃതദേഹങ്ങളും പൊന്നാനി തീരത്തു നിന്നും 2 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാർഡും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ ഒൻപതു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മൽസ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.ഉൾക്കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ്.ബേപ്പൂർ തുറമുഖത്തിനടുത്തു നിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ ഈ മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
പാനൂരിൽ സിപിഎം-ബിജെപി സംഘർഷം; അഞ്ചുപേർക്ക് വെട്ടേറ്റു
പാനൂർ:പാനൂരിന് സമീപം കണ്ണംവെള്ളിയിൽ സിപിഎം-ബിജെപി സംഘർഷം.സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനും വെട്ടേറ്റു.ബിജെപി പ്രവർത്തകൻ കണ്ണംവെള്ളിയിലെ മൂത്തേടത്ത് റോജിൻ(19),സിപിഎം പ്രവർത്തകരായ കണ്ണംവെള്ളിയിലെ റിജിൽ,ശ്രീരാഗ്,വിബിൻ,ഷൈൻ എന്നിവർക്കാണ് വെട്ടേറ്റത്.പരിക്കേറ്റ ബിജെപി പ്രവർത്തകനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കണ്ണംവെള്ളി കല്ലുള്ളപുനത്തിൽ മടപ്പുരയുടെ പരിസരത്താണ് സംഘർഷം നടന്നത്.ഇവിടെ ഉത്സവത്തിനെത്തിയതാണ് ഇവർ.ഏതാനും ദിവസങ്ങളായി പാനൂർ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം.
ഡൽഹിയിൽ കനത്ത പുകമഞ്ഞ്;പത്തു ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി:ഡൽഹിയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് പത്തു ട്രെയിനുകൾ റദ്ദാക്കി.ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ട്രെയിനുകൾ വൈകുന്ന വിവരങ്ങൾ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും അറിയിക്കുന്നുണ്ട്.കഴിഞ്ഞ ഒരു മാസമായി ഡൽഹി പുകമഞ്ഞിന്റെ പിടിയിലാണ്.