പഴയങ്ങാടി:മാടായിപ്പാറയിൽ തീപിടുത്തം.തെക്കിനാക്കീൽ കോട്ടയ്ക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോട് കൂടി തീപിടുത്തമുണ്ടായത്.അഞ്ചേക്കറോളം സ്ഥലത്തെ പുൽമേടുകൾ കത്തിനശിച്ചു. പയ്യന്നൂരിൽ നിന്നുമെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
‘അക്ഷയപാത്രം’ ഈ മാസം 17 മുതൽ;ലക്‌ഷ്യം വിശപ്പില്ലാത്ത കണ്ണൂർ
കണ്ണൂർ:വിശപ്പില്ലാത്ത കണ്ണൂർ എന്ന ലക്ഷ്യവുമായി ‘അക്ഷയപാത്രം’ പദ്ധതിക്ക് കണ്ണൂരിൽ ഈമാസം 17 ന് തുടക്കമാകും.മന്ത്രി കെ.കെ ശൈലജ പദ്ധതി ഉൽഘാടനം ചെയ്യും.കണ്ണൂർ ജില്ലാ പൊലീസാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.പദ്ധതി ആരംഭിച്ചാൽ നഗരത്തിൽ അലഞ്ഞു നടക്കുന്നവർക്കും വിശന്നു തളർന്നു വരുന്നവർക്കും കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷന്റെ മുന്നിൽ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലെത്തി വിശപ്പടക്കാം.ഇതിനായി സ്റ്റേഷന്റെ മുറ്റത്ത് ഫുഡ് ഫ്രീസർ സ്ഥാപിച്ച് അതിലായിരിക്കും ഭക്ഷണം സൂക്ഷിക്കുക.എല്ലാ ദിവസവും രാവിലെ മുതൽ ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.വിശക്കുന്നവർക്ക് ഇവിടെയെത്തി ഫ്രീസറിൽ നിന്നും ഭക്ഷണം എടുത്തു കഴിക്കാം.പോലീസുകാർക്ക് പുറമെ വ്യക്തികൾക്കോ സംഘടനകൾക്കോ ഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ്. അത്താഴക്കൂട്ടം കൂട്ടായ്‌മയ്‌ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.പദ്ധതിയുടെ ദുരുപയോഗം തടയാൻ ഭക്ഷണ കേന്ദ്രത്തിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് 9544594444,9447670322 തുടങ്ങിയ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആത്മഹത്യ കുറിപ്പ് വാട്ട്സ് ആപ്പ് ചെയ്ത് ബാങ്ക് ട്രേഡ് യൂണിയൻ മുൻ നേതാവ് ആത്മഹത്യ ചെയ്തു
കൊച്ചി:ആത്മഹത്യ കുറിപ്പ് സുഹൃത്തുക്കൾക്ക് വാട്ട്സ് ആപ്പ് ചെയ്ത് ബാങ്ക് ട്രേഡ് യൂണിയൻ മുൻ നേതാവ് ആത്മഹത്യ ചെയ്തു.എളമക്കര സ്വദേശി വി.പ്രേമചന്ദ്ര കമ്മത്താണ് വീട്ടിൽ തൂങ്ങി മരിച്ചത്.ബുധനാഴ്ച രാത്രി 12.30 ഓടെയാണ് പ്രേമചന്ദ്ര കമ്മത്ത് ‘അന്ത്യയാത്ര’ എന്ന തലക്കെട്ടോടെ തന്റെ ആത്മഹത്യ കുറിപ്പ് സുഹൃത്തുക്കൾക്ക് വാട്ട്സ് ആപ്പ് ചെയ്തത്.ബാങ്കിങ് യൂണിയൻ രംഗത്തെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് കീഴിലുള്ള ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവായിരുന്ന കമ്മത്തിനെ ബാങ്കിൽ നിന്നും പുറത്താക്കിയിരുന്നു.ബാങ്കിലെ കള്ളക്കളികൾ റിസർവ് ബാങ്കിനെ അറിയിച്ചതിനാലാണ് തന്നെ ബാങ്കിൽ നിന്നും പുറത്താക്കിയതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ ജോലിയിലുള്ളപ്പോഴും അതിനു ശേഷവും പോരാട്ടം നടത്തിയ വ്യക്തിയാണ് വി.പി കമ്മത്ത്.
അഴീക്കോട് സിപിഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം
അഴീക്കോട്:അഴീക്കോട് സിപിഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം.മൂന്നുനിരത്ത് കള്ളുഷാപ്പിന് സമീപം ഒ.സജിത്ത്,കപ്പക്കടവിലെ പി.പി ഹരിദാസ്,കരിക്കൻ സുനി,സഹോദരൻ ഷാജി എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.സജിത്തിന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഓട്ടോയുടെയും കാറിന്റെയും ചില്ലുകൾ തകർന്നു.മറ്റുള്ളവരുടെ വീടിന്റെ ജനൽച്ചില്ലുകളാണ് തകർന്നത്.എസ്‌ഡിപിഐ പ്രവർത്തകരാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് സിപിഎം-എസ്‌ഡിപിഐ സംഘർഷം നിലനിൽക്കുകയാണ്.വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടയൊരുക്കം സമാപന വേദിയിൽ ഗ്രൂപ് തിരിഞ്ഞ് ആക്രമണം;രണ്ടുപേർക്ക് കുത്തേറ്റു
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന വേദിയിൽ ഗ്രൂപ് തിരിഞ്ഞ് ആക്രമണം.ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സെക്രെട്ടെറിയേറ്റിന് മുൻപിലാണ് അക്രമം നടന്നത്.അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകരായ അദേഷ്,നജീം എന്നിവർക്ക് കുത്തേറ്റു.കോൺഗ്രസ് ഐ ഗ്രൂപ്പുകാരനായ കെഎസ്‌യു സംസ്ഥാന സെക്രെട്ടറി നബീലിന്റെ നേതൃത്വത്തിൽ അക്രമിച്ചുവെന്നാണ് ആരോപണം. സംഘർഷത്തിനിടയിൽ നജീമിന്റെ ക്യാമറ തകർന്നു.ഇരുവരെയും കുത്തിയ ശേഷം നബീൽ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ സെക്രെട്ടെറിയേറ്റിനു മുൻപിൽ തമ്മിൽ തല്ലിയതിനെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ആക്രമണത്തിന് പിന്നിൽ ഗ്രൂപ് തിരിവില്ലെന്നും ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട തകർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ഡിസിസി ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.
രാഹുൽ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദർശിച്ചു
തിരുവനന്തപുരം:നിയുക്ത കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പൂന്തുറയിലും വിഴിഞ്ഞത്തും ഓഖി ദുരന്തത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സംഭവിച്ച നഷ്ട്ടം നികത്താനാകുന്നതല്ല.പക്ഷെ കുടുംബങ്ങൾക്കൊപ്പം ഉണ്ടാകും.കാണാതായവരുടെ കുടുംബങ്ങൾക്ക് എല്ലാ വിധ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തിയത്.പൂന്തുറ,വിഴിഞ്ഞം,കന്യാകുമാരി മേഖലയിലെ സന്ദർശനത്തിന് ശേഷം വൈകുന്നേരം 3.40 ന് തൈക്കാട് പോലീസ് മൈതാനത്ത് നടക്കുന്ന ബേബി ജോൺ ജന്മശതാബ്തി സമ്മേളനത്തിലും പങ്കെടുക്കും.വൈകിട്ട് 5.30 ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കൊച്ചിയിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു
കൊച്ചി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കൊച്ചിയിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു. റൺവെ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെ പത്തു വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല.ഗൾഫിൽ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സർവീസുകളെയുമാണ് മൂടൽമഞ്ഞ് ബാധിച്ചത്.ഇതേ തുടർന്ന് ഈ വിമാനങ്ങൾ കോഴിക്കോട്, തിരുവനന്തപുരം,ചെന്നൈ എന്നീ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.
ജിഷ കൊലക്കേസ്;വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.ആളൂർ
കൊച്ചി:ജിഷ കൊലക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഡ്വക്കേറ്റ് ബി.എ ആളൂർ പറഞ്ഞു.സർക്കാരിനെയും ജനങ്ങളെയും പേടിച്ചാണ് ജഡ്ജിമാർ വിധി പ്രസ്ഥാപിക്കുന്നതെന്നും ഇത്തരത്തിൽ വികാരത്തിന് അടിമപ്പെട്ട ജഡ്ജിമാർ വിധിപുറപ്പെടുവിച്ചാൽ നിയമസംവിധാനം അപകടത്തിലാകുമെന്നും ആളൂർ പറഞ്ഞു. ജിഷാവധക്കേസിൽ പ്രതി അമീറുൽ ഇസ്ലാം നിരപരാധിയാണെന്നും അമീരുളിന് വധശിക്ഷ നൽകരുതെന്നും കേസിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയായതിനാൽ തുടരന്വേഷണം വേണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂരിന്റെ വാദങ്ങൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്നില്ല.തുടർന്ന് തന്റെ കക്ഷിക്ക് മാനുഷിക പരിഗണന നൽകി പ്രായമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് പരമാവധി ശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി പരിഗണിച്ചില്ല.
ജിഷ കൊലക്കേസ്;ആഗ്രഹിച്ച ശിക്ഷ തന്നെ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി
കൊച്ചി: ജിഷ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് താൻ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി.നീതിപീഠം ദൈവത്തെപോലെയാണ്. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. തന്റെ മകൾക്ക് വേണ്ടി നിലകൊണ്ട എല്ലാവർക്കും നന്ദിയെന്നും രാജേശ്വരി പറഞ്ഞു.
ജിഷ വധക്കേസ്;പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ
കൊച്ചി:പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ.എറണാകുളം സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, പത്തുവർഷം,ഏഴുവർഷം എന്നിങ്ങനെ തടവ് അഞ്ചുലക്ഷം രൂപ പിഴ എന്നിവയും വിധിച്ചിട്ടുണ്ട്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴുവർഷം കഠിന തടവും ഒപ്പം ആറുമാസം തടവും അന്യായമായി തടഞ്ഞു വെച്ചതിന് 342 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും പിഴയും,376 എ പ്രകാരം പത്തുവർഷം കഠിന തടവും പിഴയും,376 പ്രകാരം ബലാൽസംഘത്തിന് ജീവപര്യന്തം കഠിന തടവും പിഴയും 302 പ്രകാരം കൊലപാതകക്കുറ്റത്തിന് വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപ പിഴയും ഈടാക്കും.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ.അനിൽകുമാർ വിധി പ്രസ്താപിച്ചത്.2016 ഏപ്രിൽ 28 നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിൽ വെച്ച് നിയമവിദ്യാർത്ഥിനിയായ ജിഷയെ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയത്.